Follow KVARTHA on Google news Follow Us!
ad

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം പുരസ്‌കാരം; പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളി

ഭാരതത്തിലെ ഉന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠ പുരസ്‌കാരം New Delhi, News, Award, Malayalees, Writer, National,
ന്യൂഡെല്‍ഹി: (www.kvartha.com 29.11.2019) ഭാരതത്തിലെ ഉന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠ പുരസ്‌കാരം കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക്. പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. സരസ്വതീ ദേവിയുടെ വെങ്കല ശില്പവും, പ്രശസ്തി പത്രവും 11 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ജി ശങ്കരക്കുറുപ്പ്, എസ് കെ പൊറ്റക്കാട്, തകഴി ശിവശങ്കരപ്പിള്ള, എം ടി വാസുദേവന്‍ നായര്‍, ഒഎന്‍വി കുറുപ്പ് എന്നിവരാണ് ജ്ഞാനപീഠം നേടിയിട്ടുള്ള മറ്റ് മലയാളികള്‍.

1926 മാര്‍ച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ ജനനം. അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനവുമാണ് മാതാപിതാക്കള്‍. 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Akkitham Achuthan Namboothiri honoured with Jnanpith Award,New Delhi, News, Award, Malayalees, Writer, National

1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975-ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായി. 1985-ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു. അദ്ദേഹത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതിയില്‍ നിന്നാണ് വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം എന്ന വരികള്‍.

ബാല്യത്തില്‍ സംസ്‌കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. പിന്നീട് ഇംഗ്ലീഷും കണക്കും തമിഴും പഠിച്ചു. കുമരനെല്ലൂര്‍ സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് സാമൂതിരി കോളജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നു. പഠനം തുടരാനായില്ല. ചിത്രകല, സംഗീതം, ജ്യോതിഷം എന്നിവയിലായിരുന്നു ആദ്യം താല്‍പര്യം.

എട്ടാം വയസ്സു മുതല്‍ കവിത എഴുതിത്തുടങ്ങി. ഇടശ്ശേരി, വി ടി ഭട്ടതിരിപ്പാട്, ഉറൂബ്, നാലപ്പാട്ട് നാരായണമേനോന്‍ തുടങ്ങിയ വലിയ പ്രതിഭകള്‍ക്കൊപ്പം പൊന്നാനിക്കളരിയില്‍ അംഗമായത് അക്കിത്തത്തിലെ കവിയെ ഉണര്‍ത്തി. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാകാനും അദ്ദേഹത്തിനു കഴിഞ്ഞു.

വി ടി ഭട്ടതിരിപ്പാടിനൊപ്പം സമുദായ നവീകരണ യജ്ഞത്തില്‍ പങ്കാളിയായ അക്കിത്തം കേരളീയ നവോത്ഥാന ചരിത്രത്തിന്റെ ഭാഗംകൂടിയാണ്. ചെറുകഥകളും ലേഖനങ്ങളും നാടകവും വിവര്‍ത്തനങ്ങളുമടക്കം മലയാളത്തിലെ എണ്ണം പറഞ്ഞ രചനകളുടെ സ്രഷ്ടാവായ അദ്ദേഹത്തിന് 2008-ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2017 ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു.

ഭാര്യ: ശ്രീദേവി അന്തര്‍ജനം. മക്കള്‍: പാര്‍വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്‍. ലോകപ്രശസ്ത ചിത്രകാരന്‍ അക്കിത്തം നാരായണന്‍ സഹോദരനാണ്.

ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഒരു കുല മുന്തിരിങ്ങ, ഒരു കുടന്ന നിലാവ് മനഃസാക്ഷിയുടെ പൂക്കള്‍, മധുവിധു, അരങ്ങേറ്റം, മനോരഥം, വെണ്ണക്കല്ലിന്റെ കഥ,കടമ്പിന്‍ പൂക്കള്‍, സഞ്ചാരികള്‍, മാനസപൂജ, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണക്കിളികള്‍ (കവിതാ സമാഹാരം), ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം , ബലിദര്‍ശനം, കുതിര്‍ന്ന മണ്ണ്, ധര്‍മ സൂര്യന്‍, ദേശസേവിക (ഗ്രന്ഥകാവ്യം), ഈ എട്ടത്തി നുണയേ പറയൂ (നാടകം). അവതാളങ്ങള്‍, കാക്കപ്പുള്ളികള്‍ (ചെറുകഥാ സമാഹാരം). ഉപനയനം, സമാവര്‍ത്തനം (ലേഖനസമാഹാരം) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍, വള്ളത്തോള്‍ സമ്മാനം, ജ്ഞാനപ്പാന പുരസ്‌കാരം തുടങ്ങിയ ശ്രദ്ധേയ പുരസ്‌കാരങ്ങളും നേടി.


Keywords: Akkitham Achuthan Namboothiri honoured with Jnanpith Award,New Delhi, News, Award, Malayalees, Writer, National.