» » » » » » » » » » » » ലജ്ജിക്കുക കേരളമേ! പാമ്പ് കടിയേറ്റ് മരിച്ച രണ്ട് വയസ്സുക്കാരന്‍ ദീപകിന്റെ വീട്ടിലേക്ക് ഞങ്ങള്‍ ചെന്നു; കാണുക, അറിയുക ഈ സങ്കട കാഴ്ച്ചകള്‍


കാസര്‍കോട്: (www.kvartha.com 03.10.2019) കേരളം മരടിലെ ഫഌറ്റ് പൊളിക്കുന്ന ചര്‍ച്ചകളില്‍ മുഴുകിയിരിക്കുകയാണ്, ഒപ്പം ഉപതെരഞ്ഞെടുപ്പുകളുടെയും. പൊളിക്കപ്പെടുന്ന ഫഌറ്റിലെ താമസക്കാര്‍ക്ക് 25 ലക്ഷം നഷ്ടപരിഹാരം കൊടുക്കണം എന്നാണ് കോടതി വിധി. നഷ്ടപരിഹാര പാക്കേജും പുനരധിവാസവും പാലയിലെ തെരഞ്ഞെടുപ്പ് വിധിയും മറ്റിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുമെല്ലാം ചര്‍ച്ചയാകുമ്പോള്‍ കേരളത്തിന്റെ ഇങ്ങേയറ്റത്ത് കാസര്‍കോട്ടെ ഇല്ലായ്മകളും ദുരിതങ്ങളും മാത്രം പറയാനുള്ള ഒരു കോളനിയുണ്ട്. കാസര്‍കോട്ടെ മഞ്ചേശ്വരം ബ്ലോക്കിലെ എന്‍മകജെ പഞ്ചായത്തില്‍ പെടുന്ന എട്ടാം വാര്‍ഡിലെ കജംപാടി പട്ടികജാതി കോളനിയാണത്.

കോളനിയില്‍ 57 കുടുംബങ്ങളിലായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 250 ഓളം ആളുകളുണ്ട്. കഴിഞ്ഞ ആഴ്ച്ച ഈ കോളനിയിലെ ഒരു വീട്ടില്‍ രണ്ട് വയസുള്ള ആണ്‍കുട്ടി പാമ്പ് കടിയേറ്റ് മരണപ്പെട്ടു എന്ന വിവരം ഡോ. അംബികാസുതന്‍ മാങ്ങാടിന്റ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പുറംലോകം അറിയുന്നതും കോളനി ദുരിതങ്ങള്‍ ചര്‍ച്ചയാവുന്നതും.

കാന്തപ്പ - കുസുമ ദമ്പതികളുടെ മുലകുടി മാറാത്ത മൂന്നാമത്തെ കുട്ടിയായിരുന്നു മരിച്ച ദീപക്. ഈ മാസം അതായത് ഒക്ടോബര്‍ 25ന് രണ്ട് വയസ് പൂര്‍ത്തിയാകേണ്ടവന്‍. രാത്രി രണ്ട് സഹോദരിമാരടക്കം അച്ഛന്റെയും അമ്മയുടെയും കൂടെ ആ കുട്ടി ചാണകം മെഴുകിയ തറയില്‍ ചാക്കില്‍ പഴന്തുണി നിറച്ചുണ്ടാക്കിയ തലയണ വെച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. കിടക്കപ്പായിയേയും മഴവെള്ളത്തേയും വേര്‍തിരിച്ചിരുന്നത് നമ്മള്‍ മഴക്കാലങ്ങളില്‍ പാടത്ത് ചാല് വെട്ടി വരമ്പ് തിരിക്കുന്ന പോലെ. ഭിത്തിയാകട്ടെ ഓലയും പഴയ പ്ലാസ്റ്റിക്ക് ചാക്ക് കൊണ്ട് മറച്ചതും. അതിന്റെ വിടവിലൂടെ അനായാസേന നുഴഞ്ഞുക്കയറിയ പാമ്പാണ് കുഞ്ഞിന്റെ ജീവനെടുത്തത്.


മുലകുടിച്ച് ഉറങ്ങിയിരുന്ന കുഞ്ഞ് പെട്ടെന്ന് അമ്മേ എന്ന് വിളിച്ച് എഴുന്നേറ്റു. എല്ലാവരും എഴുന്നേറ്റ് നോക്കിയപ്പോള്‍ കുട്ടീടെ ഭാഗത്ത് നിന്ന് ഒരു പാമ്പ് ഇഴഞ്ഞു പോയി. അച്ഛന്‍ നോക്കിയപ്പോള്‍ കുഞ്ഞിന്റെ കയ്യില്‍ പാമ്പ് കടിച്ച രണ്ട് പാടുകള്‍ കണ്ടു.

കീറത്തുണിക്കൊണ്ട് മുറിവിന് മുകളിലായി കെട്ടി, എന്നിട്ട് പാമ്പിനെ നോക്കാന്‍ തിരിഞ്ഞപ്പോള്‍ കുഞ്ഞും കൂടെ എഴുന്നേറ്റ് പോയി പാമ്പിനെ നോക്കി. തിരിച്ച് വന്ന് പാല്‍കുടിച്ച കുട്ടി മുഴുവന്‍ ഛര്‍ദ്ദിച്ചതോടെ രംഗം മാറി. വായില്‍ നിന്ന് നുരയും പതയും വന്നു. സംഭവം കണ്ട് പിതാവ് ബോധംകെട്ട് വീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ യാതൊരു സൗകര്യവും ഇവിടെ ഇല്ലായിരുന്നു. പെര്‍ളയിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിക്കുമ്പോഴേക്കും അല്പം വൈകിയിരുന്നു. അപ്പോഴേക്കും അവന്‍ എന്നന്നേക്കുമായി കണ്ണു ചിമ്മി.

ഓട്ടാറിക്ഷയിലാണ് ഇവര്‍ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയില്‍ എത്തിയത്. തിരിച്ച് കൊണ്ട് പോയിക്കോളൂ.. കുഞ്ഞ് മരിച്ചു കഴിഞ്ഞെന്ന് ആശുപത്രിയില്‍ നിന്ന് പറഞ്ഞിട്ടും നൊന്തു പ്രസവിച്ച ആ അമ്മയ്ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. നെഞ്ചില്‍ പറ്റി ചേര്‍ന്ന് ഉറങ്ങിയ കുഞ്ഞിന്റെ ചൂട് അപ്പോഴും ആറിയിരുന്നില്ല.

ഇവിടെ ചികിത്സ സൗകര്യമോ സഞ്ചാര യോഗ്യമായ പാതയോ ഇല്ല. ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ആ കുഞ്ഞിന് ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ല. സ്വന്തം പേരില്‍ പട്ടയമില്ലാത്ത സ്ഥലത്ത് താമസിക്കുന്നുണ്ടെങ്കിലും റേഷന്‍ കാര്‍ഡോ, ഇഴജന്തുക്കള്‍ കയറി വരാത്ത അടച്ചുറപ്പുള്ള വീടോ ഇല്ലാത്ത കുടുംബമാണിത്. രണ്ട് പെണ്‍കുട്ടികള്‍ അടങ്ങുന്ന കുടുംബം ഈ കുടുസുമുറിയില്‍ തന്നെയാണ് താമസം.

വാര്‍ഡ് മെംമ്പര്‍, കാസര്‍കോട് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, എസ് സി ഡി ഒ (Scheduled Caste Development Officer), തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, പട്ടിക ജാതി ഉപദേശക സമിതി പ്രതിനിധി തുടങ്ങിയവര്‍ കുട്ടിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇവിടെ എത്തിയിരുന്നു. ഇഴജന്തുക്കള്‍ കയറാതിരിക്കാന്‍ കഴിഞ്ഞ ദിവസം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം പ്രവര്‍ത്തകര്‍ വീടിന് ചുറ്റും ഇരുമ്പുപാളി കൊണ്ട് മറ നിര്‍മിച്ച് കൊടുത്തിട്ടുണ്ട്.

അധികാരികളോട് നിങ്ങളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് ഈ കോളനിയിലെ പ്രദീപിനോട് ചോദിച്ചപ്പോള്‍ മറുപടി ഇതായിരുന്നു;

വീടിന് പഞ്ചായത്തിലേക്ക് അപേക്ഷ മൂന്ന് പ്രാവശ്യം കൊടുത്തു, എം എല്‍ എ ഫണ്ട് ഒരു കോടി ഉണ്ടെന്ന് പറയുന്നു ഇതുവരെ ഒന്നും കിട്ടിയില്ല. തെരഞ്ഞെടുപ്പ് സമയം ആവുമ്പോള്‍ മാത്രം വോട്ടിനായി ആളുകളെയും കൂട്ടി വരും. കുട്ടി മരിച്ചതിന് ശേഷം മാത്രമാണ് ചില ഉദ്യോഗസ്ഥര്‍ ഇവിടെ എത്തിയത്.

ആരോഗ്യവകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വരാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത്, അംഗനവാടി ടീച്ചര്‍ വരും എന്നാണ്. കുടുംബം പോറ്റാന്‍ കൂലിപ്പണിയാണ് ചെയ്യുന്നത്. അസുഖം വന്നാല്‍ ആശുപത്രിയില്‍ പോകണമെങ്കില്‍ അവധിയെടുക്കണം. ആ ദിവസം കുടുംബം പട്ടിണിയിലാകും.

ഇവിടത്തെ അംഗനവാടിയുടെ സ്ഥിതി എന്താണ്?
മെച്ചപ്പെട്ട കെട്ടിടത്തില്‍ അംഗനവാടി പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ ഒരു കുട്ടി മാത്രമേ ഉള്ളു. ആവശ്യത്തിന് കളിപ്പാട്ടങ്ങള്‍ ഒന്നും ഇവിടെ ഇല്ല. തൊട്ടടുത്ത് തന്നെ കജംപാടി എ എല്‍ പി സ്‌കൂളില്‍ പ്രീ െ്രെപമറി വിഭാഗം തുടങ്ങിയതിനെത്തുടര്‍ന്നാണ് കുട്ടികളുടെ എണ്ണം ഒന്നായി കുറഞ്ഞതെന്നാണ് അംഗനവാടി ടീച്ചര്‍ ഭാഗ്യലക്ഷ്മിയും ഹെല്‍പ്പര്‍ ശാരദയും പറയുന്നത്.

തൊട്ടടുത്ത് തന്നെ ആള്‍ താമസമുണ്ടെന്ന് തോന്നിക്കുന്ന ഒരു ഒറ്റമുറി ഷെഡില്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ചെന്നു. ഇവിടെ ആരും ഉണ്ടായിരുന്നില്ല. കാന്തപ്പയുടെ വീടിനേക്കാള്‍ മോശമായ സാഹചര്യമായിരുന്നു ഇവിടെ. ഒരു വൃദ്ധയാണ് താമസമെന്നും അവര്‍ പണിക്ക് പോയിരിക്കുകയാണെന്നും അയല്‍വാസി പറഞ്ഞു.

ആള്‍മറയില്ലാത്ത ചില കിണറുകളും കാണാന്‍ ഇടയായി. സാമൂഹ്യപ്രവര്‍ത്തകന്‍ രാജശേഖരന്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അദ്ദേഹം പറയുന്നത് കോളനിക്കാര്‍ക്ക് വേണ്ടി പുതിയ വീട് കെട്ടാന്‍ എന്ന് പറഞ്ഞാ ണ് എംഎല്‍എ ഫണ്ട് ഒരു കോടി പാസായത്, എന്നാല്‍ ഇപ്പോള്‍ അത് വീടിന്റെ അറ്റകുറ്റപണികള്‍ക്ക് മാത്രമാണ് കൊടുക്കുന്നത് എന്നാണ്.

പഞ്ചായത്തില്‍ നിന്ന് കുടിവെള്ളത്തിന് പൈപ്പ് ലൈന്‍ സംവിധാനം ഉണ്ട്, എന്നാല്‍ വേനല്‍ക്കാലത്ത് ജലക്ഷാമം ഉണ്ടാവുമ്പോള്‍ ഇതുവഴി കാറ്റ് മാത്രമാണ് വരാറുള്ളത്. ഇവിടെ ഉള്ളവര്‍ ദൂരെ നിന്നും തുരങ്കങ്ങളില്‍ നിന്നുമൊക്കെ തലച്ചുമടായി വെള്ളം ശേഖരിക്കേണ്ടി വരുന്നു.

കെ എസ് ആര്‍ ടി സി ഓട്ടം നിര്‍ത്തിയിട്ട് അഞ്ച് വര്‍ഷമായി, ഒരു സ്വകാര്യ ബസ് മാത്രമാണ് ഇപ്പോള്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായതും കാട് പിടിച്ച് കിടക്കുന്നതുമായ ഹെല്‍ത്ത് സെന്റര്‍ ഇതുവരെ പ്രവര്‍ത്തനം തുടങ്ങാനുള്ള നടപടി ആയിട്ടില്ല. രോഗികള്‍ പെര്‍ളയിലെ സ്വകാര്യ ആശുപത്രിയെ തന്നെയാണ് ആശ്രയിക്കുന്നത്. ടിവി, വായന സൗകര്യം, ഇരിപ്പിടങ്ങള്‍ എന്നിവയൊക്കെ ഉണ്ടായിരിക്കേണ്ട ഇവരുടെ കമ്യൂണിറ്റി ഹാളാകട്ടെ ഏതോ പ്രേതാലയം പോലെ വൃത്തികേടായി കാട് പിടിച്ചും വൃത്തിഹീനമായും കിടക്കുന്നു.

എല്ലാ വീട്ടിലും പ്ലസ് ടു, ഡിഗ്രി പഠിക്കുന്നവരും പഠിച്ചവരും ഉണ്ട്. എന്നാല്‍ ആര്‍ക്കും ജോലി കിട്ടുന്നില്ല. ബിപി പരിശോധിക്കാന്‍ അംഗനവാടിയില്‍ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വരും. അതേസമയം പ്രായമായവര്‍ പോലും അങ്ങോട്ട് പോയി പരിശോധിക്കേണ്ട അവസ്ഥയാണ്. പാലിയേറ്റീവ് സേവനങ്ങള്‍ ഈ ഭാഗത്ത് ഉള്ളവര്‍ക്ക് അന്യമാണ്. കോളനിയിലെ ബാലകൃഷ്ണന്‍ പറയുന്നു.

കോളനിക്കാരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി നിയമിക്കപ്പെട്ട പട്ടികജാതി പ്രോമോട്ടര്‍ ശശിധര പറയുന്നത്, കോളനിയില്‍ പട്ടയം, വൈദ്യുതി, റേഷന്‍ കാര്‍ഡ് എന്നിവയില്ലാത്ത വീടുകള്‍ പോലും ഉണ്ടെന്നാണ്. നല്ലൊരു റോഡ് പോലും ഗതാഗതത്തിന് ഇല്ലെന്നുള്ളതും എടുത്ത് പറയുന്നു.

അവകാശങ്ങളെക്കുറിച്ച് അറിയാത്തവരും, അറിയുന്നവര്‍ക്ക് ഇതിന് വേണ്ടി എവിടെ പരാതി ബോധിപ്പിക്കണം എന്ന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കാത്ത കുറെ മനുഷ്യര്‍.. ഇവിടെയുള്ളവരെ പലരും ചൂഷണം ചെയ്യുന്നു. ഇങ്ങനെയെല്ലാമാണെങ്കിലും നല്ല ഭാവിക്ക് വേണ്ടി മക്കളെ സ്‌കൂളിലേക്ക് അയക്കുന്നു.പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ മൂത്രപ്പുരയില്ലാത്ത, ഉള്ളതാണെങ്കില്‍ തന്നെ കീറത്തുണിക്കൊണ്ട് മറച്ചതും. ഒരു വീടിരിക്കേണ്ടുന്ന സ്ഥലത്ത് രണ്ടും മൂന്നും വീടുകള്‍ തൊട്ടുരുമ്മി നില്‍ക്കുന്നു. തകരം, കീറത്തുണി, ഓല, തുടങ്ങിയവ കൊണ്ട് വേര്‍തിരിച്ച വീടുകളില്‍ ആറും ഏഴും മനുഷ്യജീവനുകള്‍ കൂടാതെ പട്ടി, പൂച്ച, കോഴികള്‍ എന്നിവയും താമസക്കാരാണ്.

സര്‍ക്കാരുകള്‍ മാറി മാറി ഭരിച്ചാലും ചില കാര്യങ്ങളില്‍ മാത്രം മാറ്റമില്ല. അതില്‍ ഉള്‍പ്പെടുന്നതാണ് കാസര്‍കോട് പോലുള്ള പിന്നോക്ക ജില്ലകളിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ, ആദിവാസി, സാമ്പത്തികമായി താഴ്ന്ന ജനവിഭാഗങ്ങളുടെ ദുരിതങ്ങള്‍. ഇവര്‍ക്ക് വേണ്ടി സര്‍ക്കാരുകള്‍ ചെലവിടുന്ന ഭീമമായ തുകകള്‍ ഇവരുടെ കൈകളില്‍ തന്നെ എത്തിച്ചേരുന്നുണ്ടോ? കൃത്യമായും അത് വിനിയോഗിക്കപ്പെടുന്നുണ്ടോ? എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

എന്‍മകജെയില്‍ കണ്ട നേര്‍ചിത്രങ്ങള്‍ പ്രേക്ഷകരില്‍ എന്ത് വികാരമാണ് ഉണ്ടാക്കാന്‍ പോകുന്നത് എന്ന് അറിയില്ല. പക്ഷേ ഈ കുടുംബങ്ങള്‍ക്ക് തല ചായ്ക്കാന്‍ ഒരിടവും ശൗചാലയം ഉള്‍പ്പെടെയുള്ള ഭൗതികസാഹചര്യങ്ങളും ഒരുക്കി ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് ഭരണാധികാരികള്‍ തന്നെയാണ്. ആ ഉത്തരവാദിത്വം അവര്‍ നിറവേറ്റുമെന്ന് തന്നെ വിശ്വസിക്കാം. കാന്തപ്പ-കുസുമ ദമ്പതികളുടെ കുടുംബത്തിനുണ്ടായ ദുരന്തം കണ്ടെങ്കിലും അധികാരികളുടെ കണ്ണ് തുറക്കേണ്ടതാണ്. ഈ സന്ദേശം ബന്ധപ്പെട്ടവരില്‍ എത്തട്ടെ നിങ്ങളിലൂടെ..
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, kasaragod, Dies, Baby, Family, Snake, Scheduled Caste, Poverty, Officers,Tribal, Colony, Government, Two Year Old Baby Dies in Snake Bite

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal