Follow KVARTHA on Google news Follow Us!
ad

പഴകി ജീര്‍ണിച്ച കീഴ് വഴക്കങ്ങളില്‍ നിന്നും മുക്തി നേടാനാകാതെ സമുദായം; കാസര്‍കോട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ അബ്രാഹ്മണനോ? - രണ്ട്

1982ല്‍ ഏറണാകുളത്തുവെച്ചു നടന്ന വിശാല ഹിന്ദു സമ്മേളനത്തിന്റെ ഉദ്ഘ്ടനം കുറിച്ചുകൊണ്ട് നടന്ന ഗണപതി ഹോമത്തില്‍ മുഖ്യ കാര്‍മികത്വം വഹിച്ചത് നമ്പൂതിരിയല്ലാത്ത പറവൂര്‍ ശ്രീധരന്‍ തന്ത്രിയായിരുന്നു. Article, Prathibha-Rajan, Kerala,
നേര്‍ക്കാഴ്ച / പ്രതിഭാരാജന്‍

1982ല്‍ ഏറണാകുളത്തുവെച്ചു നടന്ന വിശാല ഹിന്ദു സമ്മേളനത്തിന്റെ ഉദ്ഘ്ടനം കുറിച്ചുകൊണ്ട് നടന്ന ഗണപതി ഹോമത്തില്‍ മുഖ്യ കാര്‍മികത്വം വഹിച്ചത് നമ്പൂതിരിയല്ലാത്ത പറവൂര്‍ ശ്രീധരന്‍ തന്ത്രിയായിരുന്നു. നമ്പൂതിരി കുലത്തില്‍ ജനിച്ച സൂര്യകാലടി സൂര്യന്‍ നമ്പൂതിരിപ്പാട് എന്ന ബ്രാഹ്മണന്‍ ആ ഹോമത്തിന്റെ പരികര്‍മ്മി മാത്രമാവുകയായിരുന്നു. അതോടെ സവര്‍ണതയുടെ പ്രചാരകരെന്ന ദുഷ്പേരില്‍ വന്നുപെട്ട ആര്‍എസ്എസിന്റെ ചിന്തയില്‍ നിന്നും ജാതി ഐക്യ ഹൈന്ദവ മുന്നേറ്റമെന്ന പുതിയ ചിന്ത പ്രകാശം പരത്തുന്നത് കാണാനായി. ആ സംഘടന അടിമുടി മാറിയിരിക്കുന്നു എന്ന ഖ്യാതി പരന്നു.

ഏതു സമുദായത്തില്‍ ജനിച്ചാലും ബ്രഹ്മജ്ഞാനം നേടിയവരെ ബ്രാഹ്മണരായി കാണാനുള്ള മാനസിക വളര്‍ച്ചയിലേക്ക് ആര്‍എസ്എസും, കൂടാതെ പൊതുസമൂഹം ആകമാനം മെല്ലെ നടന്നുതുടങ്ങി. സ്വജാതിയിലും, കുടുംബത്തിലും, തറവാട്ടു ക്ഷേത്രങ്ങളിലും സ്വസമുദായത്തില്‍പ്പെട്ട ശാന്തിക്കാരെ പൂജാദികര്‍മ്മങ്ങളില്‍ നിയമിക്കാറുണ്ടെങ്കിലും പൊതുപരീക്ഷ എഴുതി താന്ത്രിക വിദ്യാപീഠവും, ശാന്തി രത്നവും കരസ്ഥമാക്കിയ ബ്രാഹ്മണരെ നമ്മുടെ ജില്ലക്ക് ഇതേവരെ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അത് കൈവന്നിരിക്കുന്നതിന്റെ ചരിത്രപശ്ചാത്തലം ഇങ്ങനെ പോകുന്നു. അതിനുള്ള ഉദാഹരണം കൂടിയാണ് ശ്രീനീഷിന്റെ നിയമനം.

ക്ഷേത്രങ്ങളിലും മറ്റും ഇനി നടക്കാനിരിക്കുന്ന ബ്രഹ്മ കലശാദി ചടങ്ങുകളിലും, ധ്വജ പ്രതിഷ്ഠകളിലും, സഹസ്ര കലശാദി പൂജകള്‍ക്കും നമ്പൂതിരി കുടുംബത്തില്‍പെട്ട ബ്രാഹ്മണന്‍ തന്നെ നിര്‍ബന്ധമെന്ന വാശി ജാതിജ്വരം പിടിപെട്ടവര്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം. സവര്‍ണതയ്ക്കു പിന്നാലെ വാലും ചുരുട്ടി പോകുന്ന സാമുഹ്യ പരിഷ്‌ക്കര്‍ത്താക്കളെന്ന വേഷം കെട്ടുകാരെ തിരിച്ചറിയണം. ശ്രീനിഷിന്റെ
ശാന്തിരത്നം എന്ന പദവി നമ്മെ പരിശീലിപ്പിക്കുന്നത് അതാണ്.


കാലം മാറിയിരിക്കുന്നു. ഹൈന്ദവതയുടെ മതില്‍ക്കെട്ടില്‍ സവര്‍ണതയുടെ കൈയ്യേറ്റത്തിനു തടയിടാന്‍ അനുകൂല സാഹചര്യം ഉരുത്തിരിഞ്ഞുവന്നിരിക്കുന്നു. ഇത്തരം ചിന്തകള്‍ വെച്ചുപുലര്‍ത്തുന്നവരോട് പിണറായി സര്‍ക്കാര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരിക്കുന്നു. ഇനി ഈ ദൗത്യം ഏറ്റെടുക്കേണ്ടത് പൊതുസമുഹത്തിനു പുറമെ, താഴ്ത്തിക്കെട്ടപ്പെട്ട ജാതിയുടെ സന്ദേശവാഹകര്‍ കൂടിയാണ്. നമ്പൂതിരി സമുദായം കുത്തകയാക്കിവെച്ച ശാന്തി-തന്ത്രിക ചുമതലകള്‍ നമ്പൂതിരിത്വത്തെ വിട്ട് മറ്റെല്ലാ സമുദായങ്ങളിലേക്കും സമത്വവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞതിന്റെ ആനുകുല്യം നാം സ്വന്തമാക്കണം. ജന്മമെന്നും കോയ്മയെന്നും പറഞ്ഞ് കൈവിടാതെ സൂക്ഷിച്ച അമിതാധികാരങ്ങള്‍ തിരിച്ചുപിടിക്കണം. അതിനായി നമുക്കിടയില്‍ ഇനിയും പുതിയ തന്ത്രിമാരും, ശാന്തിരത്നവും പിറവി കൊള്ളേണ്ടിയിരിക്കുന്നു. അതിനുള്ള നിമിത്തം കൂടിയാണ് കാസര്‍കോട്ടെ നെല്ലിക്കുന്നു സുബ്രഹ്മണ്യ ക്ഷേത്രത്തിലുണ്ടായത്.

ഗുരു ഉയര്‍ത്തിക്കൊണ്ടുവന്ന 'നമുക്ക് ജാതിയില്ല' വിളമ്പരത്തിന്റെ 103ാം വാര്‍ഷികം അഘോഷിക്കുന്ന ഈ വേളയില്‍ കാസര്‍കോട് ജില്ലക്ക് ലഭിച്ച ബഹുമതി കൂടിയാണിത്. വിശാല ഹൈന്ദവതയില്‍ അവര്‍ണ- സവര്‍ണമെന്ന വേര്‍തിരിവില്ലാതെ പഠിച്ചു പാസായവര്‍ക്കെല്ലാം ശ്രീകോവലിന്റെ സംരക്ഷകരാവാന്‍ ചുമതല നല്‍കാന്‍ കഴിയുമെന്ന് ആരും കരുതിയതായിരുന്നില്ല. അങ്ങനെ ചുമതല ലഭിച്ച ആദ്യ പുലയ സമുദായംഗമായിരുന്നു സുധികുമാര്‍. കൊല്ലത്തായിരുന്നു നിയമനം. ശാന്തിക്കായി ചാര്‍ജ്ജെടുക്കാന്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍ സവര്‍ണ ഹൈന്ദവത സംഘം ചേര്‍ന്ന് അദ്ദേഹത്തെ പുലയനെന്ന് അധിക്ഷേപിച്ച്  ആട്ടിയോടിച്ചു. ഓടിച്ചുവിടുക മാത്രമല്ല, താണജാതിക്കാരന്‍ തൊട്ട് അശുദ്ധമാക്കി എന്ന് കാണിച്ച് ക്ഷേത്രം അടിച്ചു തളിച്ചു ശുദ്ധം ചെയ്തു. പടിയടച്ചു പിണ്ഡം വെച്ചു. 1982ല്‍ ഏറണാകുളത്തു വെച്ചു നടന്ന വിശാല ഹിന്ദു സമ്മേളനവും, 1985ലെ പാലിയം വിളമ്പരവും സുധിയെ രക്ഷിക്കാനെത്തിയില്ല. സുധികുമാറിന് ഒരു കൈത്താങ്ങായി ആര്‍എസ്എസിന്റെ ഐക്യ ഹൈന്ദവ സിദ്ധാന്തങ്ങളൊന്നും വഴികാട്ടിയായതുമില്ല.

നാണം കെട്ട സുധികുമാറിനു ശ്രീകോവിലിന്റെ താക്കാല്‍ തിരിച്ചു വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാരിനു വീണ്ടും ഏറെകാലം കോടതിവരാന്ത നിരങ്ങേണ്ടി വന്നു. അദ്ദേഹത്തിനു പിന്തുണ നല്‍കാന്‍ കീഴ്ജാതി എന്നു സ്വയം വിശേഷിപ്പിക്കുന്ന ജാതി പരിഷ്‌കര്‍ത്താക്കളാരും തന്നെ മുന്നോട്ടു വന്നില്ല.

തെക്കന്‍ ജില്ലകളിലെന്ന പോലെ ഇവിടെ കാസര്‍കോട്ടും ഒരുകാലത്ത് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാണിരുന്നു. അവ നിയമം മൂലം നിരോധിച്ചിട്ടും നിര്‍ബാധം തുടര്‍ന്നു.  താഴ്ന്ന ജാതിക്കാര്‍ എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടിരുന്നവര്‍ പരിഷ്‌ക്കരണം വേണം എന്നു പറയുന്നതല്ലാതെ പ്രവര്‍ത്തിക്കാന്‍ ധൈര്യമില്ലാത്തവരായി ഇരുട്ടിലൊളിച്ചു. ജാതി ജാതിയുടെ  പരിമിതികള്‍ക്കുള്ളില്‍ മാത്രമായി അടയിരുന്നു. മത്സ്യ - മാംസം കഴിക്കുന്ന നമ്പൂതിരിമാരെ വരെ  ബ്രാഹ്മണരായി തന്നെ അംഗീകരിച്ചു കൊണ്ടിരുന്നു. നമ്പൂതിരി ഇല മറിച്ചിട്ടു ഉണ്ടാല്‍, അവരോട് ഭവ്യത വിട്ടു സംസാരിച്ചാല്‍, വാക്കില്‍ പിഴച്ചാല്‍.. തീര്‍ത്താല്‍ തീരാത്ത ബ്രാഹ്മണശാപം എഴു തലമുറകളെ വരെ ബാധിക്കും എന്ന് ജനത്തെ വിശ്വസിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അത്തരം വിശ്വാസമെന്ന മണ്ടത്തരത്തിനു ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല.

ബ്രാഹ്മണനെന്നാല്‍ കേവലം നമ്പൂതിരി മാത്രമല്ല, കര്‍മ്മം കൊണ്ട് ആര്‍ക്കും ബ്രാഹ്മണനാവാമെന്ന വാദം കോടതി കേറി വിജയക്കൊടി നാട്ടിയിട്ടും പൊതുസമുഹത്തിനുവേണ്ടത്ര ഉള്‍ക്കാഴ്ച ഉണ്ടായിട്ടില്ല. പഴയ കീഴ് വഴക്കങ്ങളിലും ആചാരങ്ങളും മാറ്റമില്ലാതെ തുടരുന്നു.

വേട്ടക്കാരനോട് ഇരക്ക് കണക്കറ്റ വിധേയത്വം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ നമ്പൂതിരി സമൂഹം ചെറുത്തുനില്‍പ്പ് തുടര്‍ന്നു കൊണ്ടേയിരുന്നു. അവര്‍ കാറ്റിനനുകൂലമായി തൂറ്റിനോക്കി. നമ്പൂതിരി സമുദായത്തില്‍ പെടാത്തവരെ ആരെയും പൂജക്കു നിയോഗിക്കരുതെന്നും, അങ്ങനെ ചെയ്താല്‍  ദൈവകോപമുണ്ടാകുമെന്നും, നാടുനശിച്ചു പോകുമെന്നും, ഷോഡശകര്‍മ്മം അനുകരിക്കുന്നവരെ മാത്രമേ താന്ത്രിക-ശാന്തി കര്‍മ്മങ്ങള്‍ക്കായി ചുമതലപ്പെടുത്താവു എന്നും ക്ഷേത്ര തന്ത്രിമാര്‍ക്കു വേണ്ടി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി വാദമുയര്‍ത്തി. ഉപനയനത്തില്‍ തുടങ്ങി ജാതകര്‍മ്മം, നാമകരണം, അന്നപ്രാശം, പ്രാത-സന്ധ്യാ വന്ദനം തുടങ്ങിയ കര്‍മ്മങ്ങളിലൂടെ കടന്നു വന്നവരാണോ ക്ഷേത്ര തന്ത്രി - ശാന്തി പരീക്ഷ പാസായവരെന്ന് നിശ്ചയമായും, കര്‍ക്കശമായും പരിശോധിക്കണമെന്ന് അദ്ദേഹം വാദിച്ചു.

ഇത്തരം വാദങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ കീഴ്ജാതിക്കാരുടെ പ്രായോജകര്‍ മെനക്കെട്ടതുമില്ല. ഈ സാഹചര്യത്തിലാണ് കീഴ്ജാതിക്കാരനാണെന്ന് സവര്‍ണത വിളമ്പരം ചെയ്ത് വകഞ്ഞുമാറ്റപ്പെട്ട ഈഴവ കൂടുംബാംഗമായ പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ മകന്‍ രാകേഷ് ഇതിനെതിരെ സുപ്രീം കോടതിയില്‍ പോയത്. കോടതി രാകേഷിന്റെ പക്ഷത്ത് ന്യായം കണ്ടു. മേലാസകലം ആഢ്യത്വം വാരിപ്പുണര്‍ന്നിരുന്ന സാവര്‍ണ്യത്തിന്റെ താക്കോല്‍ അവര്‍ക്ക് താഴെ വെക്കേണ്ടി വന്നു. അധികാരങ്ങളും അവകാശങ്ങളും മടിശീലയില്‍ നിന്നും ഊര്‍ന്നുവീണു. ഹാര്‍ഷ സംസ്‌കാരം പല നൂറ്റാണ്ടുകളായി സ്വരുക്കൂട്ടിവെച്ച അറിയാനുള്ള അവകാശം അറിവ് തേടുന്നവര്‍ക്കു മുമ്പില്‍ തുറന്നു വെക്കപ്പെട്ടു. അതാണ് സുപ്രീം കോടതിയുടെ വിധിയുടെ ഉള്‍ക്കാമ്പ്. നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് സി കെ ജാനുവിനോടൊപ്പം  പന്തിഭോജനത്തിനു വരെ സമ്പന്ധിക്കാന്‍ യോഗക്ഷേമ സഭയുടെ അമരക്കാരനായ അക്കാരമണ്‍ നമ്പൂതിരിപ്പാട് തയ്യാറായത്.

കുലമോ ജാതിയോ നോക്കാതെ പൂജാരിമാരെ ക്ഷേത്രത്തിലേക്ക് റിക്രൂട്ട് ചെയ്യണമെന്ന സുപ്രീം കോടതി വിധി നമ്പൂതിരിമാര്‍ ഉയര്‍ത്തികൊണ്ടുവന്ന ഷോഡശ്ശ സംസ്‌കാരത്തിന്റെ മരണമണിയായി മാറുകയായിരുന്നു. 2002 ലെ ആദിത്യന്‍ കേസില്‍ സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ നമ്പൂതിരിമാരുടെ വാദങ്ങളെല്ലാം തകിടം മിറയുകയായിരുന്നു. ആ തോല്‍വിയില്‍ നിന്നുമാണ് ജാതി നോക്കാതെയുള്ള നിയമന ഉത്തരവുകള്‍ പിറന്നു വീഴുന്നത്. ഏതുകുലത്തില്‍ പിറന്നവനാണെങ്കിലും ശരി ബ്രാഹ്മണനായി ജീവിക്കുന്ന പക്ഷം ശാന്തിക്കാരനും, തന്ത്രിയുമാവാന്‍ വിലക്കുണ്ടാവില്ലെന്ന അന്നത്തെ കോടതി വിധിയുടെ പരിണിതഫലമാണ് കാസര്‍കോട് അടക്കം കേരളത്തില്‍ നടന്ന ശാന്തിനിയമനം. അത് പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനം കൂടിയാണ്.

പിണറായി ഉയര്‍ത്തിപ്പിടിച്ച നവോത്ഥാന മുന്നേറ്റത്തിന്റെ നാഴികക്കല്ലായി ആ പ്രഖ്യാപനത്തെ നമുക്ക് വിലയിരുത്താം.

തുടരും..

Related: കാസര്‍കോട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ അബ്രാഹ്മണനോ? - 1

Keywords: Article, Prathibha-Rajan, Kerala, Nerkazhcha by Prathibharajan