Follow KVARTHA on Google news Follow Us!
ad

സയനൈഡ് കൊലപാതകങ്ങള്‍ ഓരോന്നായി പുറത്തുവരുന്നു; 22 കാരിയായ ഭാര്യയെ പഴത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസ് 9 വര്‍ഷത്തിന് ശേഷം തെളിഞ്ഞു; ക്ലൈമാക്‌സിലെത്തിയത് ഇങ്ങനെ

Kerala, Kannur, Woman, Murder, News, Husband, Suicide, Case, Police, Death, Murder of 22-year-old woman ate cyanide has been proved 9 years later, Husband is guilty സയനൈഡ് നല്‍കി പിഞ്ചുകുഞ്ഞടക്കം നിരവധി പേരെ കൊലപ്പെടുത്തിയ ജോളിയെ കുറിച്ച് കേരളം ചര്‍ച്ച ചെയ്യുന്നതിനിടെ കണ്ണൂരില്‍ നിന്ന് മറ്റൊരു സയനൈഡ് കൊലപാതകം കൂടി പുറത്തുവരുന്നു.
കണ്ണൂര്‍: (www.kvartha.com 09/10/2019) സയനൈഡ് നല്‍കി പിഞ്ചുകുഞ്ഞടക്കം നിരവധി പേരെ കൊലപ്പെടുത്തിയ ജോളിയെ കുറിച്ച് കേരളം ചര്‍ച്ച ചെയ്യുന്നതിനിടെ കണ്ണൂരില്‍ നിന്ന് മറ്റൊരു സയനൈഡ് കൊലപാതകം കൂടി പുറത്തുവരുന്നു. കണ്ണൂര്‍ കൊളവല്ലൂരിലെ സാബിറയെന്ന 22കാരിയുടെ മരണമാണ് ഒമ്പത് വര്‍ഷത്തിന് ശേഷം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.


ആദ്യം ആത്മഹത്യയാണെന്ന് പ്രചരിപ്പിക്കുകയും അതിനിടെ ഹൃദയാഘാതം മൂലമാണ് മരണമെന്ന് പ്രചരിപ്പിക്കാന്‍ ശ്രമം നടത്തുകയുമൊക്കെ ചെയ്ത സംഭവമാണ് ഒടുവില്‍ കൊലപാതകമെന്ന നിഗമനത്തിലെത്തിയത്. സ്വന്തം ഭര്‍ത്താവ് തന്നെയാണ് പ്രതിസ്ഥാനത്തുള്ളത്. രാവിലെ സയനൈഡ് കലര്‍ത്തിയ പഴം കഴിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞവര്‍ഷം തന്നെ കോടതിക്ക് കൈമാറിയെങ്കിലും പക്ഷേ പ്രതിക്ക് എങ്ങനെ സയനൈഡ് ലഭിച്ചുവെന്ന കാര്യത്തില്‍ കൃത്യമായ ഉത്തരം കണ്ടെത്താന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ലായിരുന്നു. ഭാര്യയെ മടുത്തതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് ഭര്‍ത്താവ് അബ്ദുല്‍ ലത്വീഫിന്റെ മൊഴി.

22 കാരിയായ സാബിറ അബ്ദുല്‍ ലത്വീഫിന്റെ രണ്ടാം ഭാര്യയായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒമ്പത് മാസം ആയപ്പോഴേക്കും നിറം പോരാ, സൗന്ദര്യം കുറവ്, അങ്ങനെ പല കാരണങ്ങള്‍ പറഞ്ഞ് സാബിറയെ മര്‍ദിക്കാന്‍ തുടങ്ങിയിരുന്നു. ഇതാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പറയുന്നത്.

2006 ഓഗസ്റ്റ് രണ്ടിനായിരുന്നു സംഭവം. രാവിലെ 6.45 മണിയോടെയാണ് ചെറുപ്പറമ്പിലെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ സാബിറ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചുവീഴുന്നത്. ഭര്‍ത്താവ് അബ്ദുല്‍ ലത്വീഫ് ഈ വിവരം പുറത്തറിയിച്ചത് ഭാര്യ ആത്മഹത്യ ചെയ്‌തെന്ന നിലയിലായിരുന്നു.

എന്നാല്‍, സാബിറയുടെ വീട്ടുകാര്‍ നിരന്തരം പരാതിയുമായി നീങ്ങിയതിനെ തുടര്‍ന്നാണ് കേസ് വഴിമാറിയത്. കൊളവല്ലൂര്‍ പോലീസ് ദുരൂഹമരണം സംബന്ധിച്ച് അന്വേഷണം നടത്തുകയും ഇതിന്റെ ഭാഗമായി ആന്തരാവയവങ്ങള്‍ പരിശോധിച്ചപ്പോള്‍ സയനൈഡ് അകത്തുചെന്നാണ് മരണമെന്ന് കണ്ടെത്തുകയുമായിരുന്നു. എന്നാല്‍ ആ അന്വേഷണത്തില്‍ ഒരിക്കലും ഒരു സാധാരണ വീട്ടമ്മയായ സാബിറയ്ക്ക് എങ്ങനെ സയനൈഡ് ലഭിച്ചുവെന്നതുള്‍പ്പെടെയുള്ള സംശയങ്ങള്‍ ബാക്കിയായിരുന്നു.

അതിനിടെ സ്ത്രീധന പീഡനം മൂലം ആത്മഹത്യ ചെയ്തതാണോ എന്ന നിലയില്‍ പോലീസ് അന്വേഷണം ഗതിമാറിയതോടെ ഭര്‍ത്താവ് അബ്ദുല്‍ ലത്വീഫിനെ പോലീസ് അറസ്റ്റുചെയ്തു. എന്നാല്‍ ഒരു കൊലപാതകത്തിനുള്ള തെളിവൊന്നും അന്ന് കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ കേസ് അവസാനിപ്പിക്കാനുള്ള നീക്കവും പോലീസ് ആരംഭിച്ചു.

ഇതില്‍ അതൃപ്തി തോന്നിയ സാബിറയുടെ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥനെ കേസന്വേഷണത്തിനായി നിയോഗിക്കുകയുമായിരുന്നു. കണ്ണൂര്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയായിരുന്ന വി എന്‍ വിശ്വനാഥനായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ പുതിയ സംഘം അന്വേഷണമാരംഭിക്കുമ്പോള്‍ അബ്ദുല്‍ ലത്വീഫ് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.

തുടര്‍ന്ന് നിരന്തരം ചോദ്യം ചെയ്തപ്പോള്‍ സംഭവത്തിന് ഒരു വര്‍ഷം മുമ്പ് താനാണ് സയനൈഡ് വാങ്ങി വീട്ടില്‍ സൂക്ഷിച്ചതെന്നും തൃശൂരില്‍ നിന്നാണ് സയനൈഡ് വാങ്ങിയതെന്നും അബ്ദുല്‍ ലത്വീഫ് വെളിപ്പെടുത്തി. തന്റെ ആദ്യഭാര്യ തൃശൂരില്‍ സുഖമില്ലാതെ ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ താനും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്നും അതിനായി സയനൈഡ് സംഘടിപ്പിച്ചതാണെന്നുമാണ് ലത്വീഫ് പറഞ്ഞത്. ഇത് താനറിയാതെ സാബിറ എടുത്ത് കഴിച്ചതാണെന്നും പഴത്തില്‍ സയനൈഡ് കലര്‍ത്തിയ ശേഷം കഴിക്കുകയായിരുന്നുവെന്നും ലത്വീഫ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.

മരണസമയത്ത് സാബിറ ധരിച്ചിരുന്ന വസ്ത്രമുള്‍പ്പെടെ നീക്കം ചെയ്തിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. മാത്രമല്ല, വീട്ടില്‍ പരിശോധന നടത്തിയ പോലീസിന് സാബിറ പഴം കഴിച്ചതിന്റെ അവശിഷ്ടങ്ങളൊന്നും കാണാനും സാധിച്ചിട്ടില്ല. കുളിമുറിയില്‍ ബോധരഹിതയായി വീണ സാബിറയെ ആശുപത്രിയിലെത്തിക്കാന്‍ അബ്ദുല്‍ ലത്വീഫ് ശ്രമിച്ചതുമില്ല. മരണം സ്ഥിരീകരിക്കാനായി രണ്ട് ഡോക്ടര്‍മാരെ ഇയാള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതെല്ലാം കൂട്ടിവായിച്ച അന്വേഷണ സംഘം സാബിറയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിലെത്തുകയും അബ്ദുല്‍ ലത്വീഫിനെ കൂടുതല്‍ ചോദ്യം ചെയ്യുകയുമായിരുന്നു.

സംഭവത്തിന് ശേഷം ഇങ്ങനെയൊക്കെ ചെയ്തത് എന്തിനെന്ന പോലീസ് ചോദ്യത്തിന് മുന്നില്‍ ലത്വീഫിന് ഉത്തരം പറയാനായില്ല. പിന്നീട് എല്ലാം തുറന്നുസമ്മതിച്ച അബ്ദുല്‍ ലത്വീഫ് ഭാര്യയ്ക്ക് വയറില്‍ ചില അസ്വസ്ഥതകള്‍ തോന്നിയിരുന്നതായും രാവിലെ വെറുംവയറ്റില്‍ പഴം കഴിക്കുന്നത് ഉചിതമാണെന്ന് വിശ്വസിപ്പിച്ചാണ് പഴം നല്‍കിയതെന്നും അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. കഴിച്ച ഉടന്‍ അസ്വസ്ഥതകളുമായി സാബിറ ബാത്ത്‌റൂമിലേക്ക് ഓടുകയും അവിടെ മരിച്ചുവീഴുകയുമായിരുന്നു. തുടര്‍ന്ന് പഴത്തിന്റെ അവശിഷ്ടങ്ങള്‍ അബ്ദുല്‍ ലത്തീഫ് തന്നെ നീക്കം ചെയ്യുകയായിരുന്നു.

എല്ലാം സമ്മതിച്ചെങ്കിലും തൃശൂരില്‍ നിന്നാണ് സയനൈഡ് വാങ്ങിയതെന്ന മൊഴിയില്‍ ലത്വീഫ് ഉറച്ചുനില്‍ക്കുകയായിരുന്നു. ഇക്കാര്യത്തിലുള്ള ചോദ്യങ്ങളോട് ഇയാള്‍ സഹകരിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. നേരത്തെ ഗള്‍ഫില്‍ സ്വര്‍ണവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തിട്ടുള്ളയാളാണ് അബ്ദുല്‍ ലത്വീഫ് എന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നാര്‍ക്കോട്ടിക് സെല്ലില്‍ നിന്ന് ഡിവൈഎസ്പി വി എന്‍ വിശ്വനാഥന്‍ സ്ഥലം മാറിപ്പോയ ശേഷം പുതുതായി ചാര്‍ജ്ജെടുത്ത ഡിവൈഎസ്പി എം കൃഷ്ണനാണ് കേസില്‍ തുടരന്വേഷണം നടത്തി കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kannur, Woman, Murder, News, Husband, Suicide, Case, Police, Death, Murder of 22-year-old woman ate cyanide has been proved 9 years later, Husband is guilty