Follow KVARTHA on Google news Follow Us!
ad

കണ്ടെത്തിയത് വളരെ കുറച്ച് തെളിവുകള്‍ മാത്രം; കൂടത്തായി കൊലപാതക പരമ്പരയില്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യം; കേസന്വേഷണം ഒരു നദി പോലെയാണെന്നും അതിന് പല ശാഖകള്‍ ഉണ്ടാകുമെന്നും ഡി ജി പി

കൂടത്തായി കൊലപാതകപരമ്പരയില്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുകVadakara, News, Trending, Media, Murder, Crime, Criminal Case, Police, Kerala,
വടകര: (www.kvartha.com 12.10.2019) കൂടത്തായി കൊലപാതകപരമ്പരയില്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണെന്നും പോലീസിന് ഏറെ വെല്ലുവിളിയാണെന്നും ഡിജിപി ലോക്നാഥ് ബെഹ്‌റ.

വളരെ കുറച്ച് തെളിവുകള്‍ മാത്രമാണ് കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ എത്ര മാത്രം വിഷാംശമുണ്ടെന്ന് കണ്ടെത്തുക പ്രയാസമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകങ്ങള്‍ നടന്ന പൊന്നാമറ്റം വീട് സന്ദര്‍ശിച്ച ശേഷം വടകര എസ് പി ഓഫീസില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തില്‍ മേല്‍നോട്ടം വഹിക്കുന്നതിന്റെ ഭാഗമായാണ് ഡിജിപി കോഴിക്കോട്ടെത്തിയത്.

Koodathai murder case is a challenging one, says DGP Behera,Vadakara, News, Trending, Media, Murder, Crime, Criminal Case, Police, Kerala

സയനൈഡുകള്‍ ശരീരത്തില്‍ നിന്നും കണ്ടെത്താന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് താന്‍ ഒരു വിദഗ്ദ്ധന്‍ അല്ലെന്നും അത് അവരോട് തന്നെ ചോദിക്കണമെന്നുമായിരുന്നു ഡി ജി പിയുടെ മറുപടി. ആവശ്യമെങ്കില്‍ ഫോറന്‍സിക് ഫലങ്ങള്‍ വിദേശത്ത് അയക്കുമെന്നും ഡിജിപി അറിയിച്ചു.

പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ഒരു കേസ് അന്വേഷിച്ച് കണ്ടെത്തിയ അന്വേഷണ സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇതുവരെയുള്ള അന്വേഷണത്തില്‍ തങ്ങള്‍ സംതൃപ്തരാണെന്നും ഡിജിപി അറിയിച്ചു.

ആറ് കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. ഒരോന്നും പ്രത്യേകമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 17 വര്‍ഷം മുമ്പാണ് ആദ്യ കൊലപാതകം നടക്കുന്നത്. അവസാന കൊലപാതകം നടന്നത് മൂന്ന് വര്‍ഷം മുമ്പും. അതിനാല്‍ തെളിവുകള്‍ കണ്ടെത്തുക എന്നത് ഒരു വെല്ലുവിളിയാണ്. ഇത്രയും കാലമെടുത്തതിനാല്‍ കേസില്‍ ദൃക്സാക്ഷികള്‍ ഒന്നും ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതുകൊണ്ടുതന്നെ സാഹചര്യ തെളിവുകള്‍, ശാസ്ത്രീയ തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കേണ്ടി വരും. അതിനാല്‍ വലിയൊരു സംഘമാണ് കേസ് അന്വേഷിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ആറ് കേസുകള്‍ക്കും പ്രത്യേകം അന്വേഷണ സംഘങ്ങള്‍ ഉണ്ടാകും. കേരളാ പോലീസിലെ മിടുക്കരായ ഉദ്യോഗസ്ഥരാകും സംഘത്തില്‍ ഉണ്ടാകുക. ഇവര്‍ക്കൊപ്പം കേസില്‍ സഹായിക്കാന്‍ സാങ്കേതിക വിദഗ്ധരുമുണ്ടാകും. കേരളത്തിലേതുള്‍പ്പെടെ രാജ്യത്തെ മികച്ച ഫോറന്‍സിക് വിദഗ്ധരേയും അന്വേഷണത്തിന്റെ ഭാഗമാക്കും.

കേസിന്റെ വിവിധ വശങ്ങള്‍ നിയമ വിദഗ്ധരുമായി സംസാരിച്ചിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. കൂടുതല്‍ ആവശ്യമാണെങ്കില്‍ അത് വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസന്വേഷണം ഒരു നദി പോലെയാണെന്നും അതിന് പല ശാഖകള്‍ ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജോളിയില്‍ നിന്ന് കസ്റ്റഡി കാലാവധിക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് പോലീസിന്റെ ലക്ഷ്യം. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെളിവുകള്‍ കണ്ടെത്തണമെന്നും ഡിജിപി പറഞ്ഞു. അതേസമയം അന്വേഷണത്തിന്റെ മറ്റ് കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഡിജിപി തയ്യാറായില്ല.

കൃത്യം 10 മണിക്ക് തന്നെ വടകര റൂറല്‍ എസ് പി ഓഫീസില്‍ ഡിജിപി ലോക്നാഥ് ബെഹ്‌റ എത്തി. ഡിജിപി നേരിട്ട് എത്തി ജോളിയില്‍ നിന്നും മൊഴിയെടുക്കും. ഇതിനായി ജോളിയെ എസ് പി ഓഫീസില്‍ എത്തിച്ചു.

അന്വേഷണ ഉദ്യോഗസ്ഥന്‍ റൂറല്‍ എസ് പി സൈമണിനൊപ്പം ഡിജിപി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി അന്വേഷണ പുരോഗതി വിലയിരുത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Koodathai murder case is a challenging one, says DGP Behera,Vadakara, News, Trending, Media, Murder, Crime, Criminal Case, Police, Kerala.