Follow KVARTHA on Google news Follow Us!
ad

സൗദിയിലെ എണ്ണ പ്ലാന്റുകള്‍ക്ക് നേരെയുള്ള ആക്രമണം; ഗള്‍ഫ് മേഖല വീണ്ടും യുദ്ധഭീതിയില്‍; സൈനിക നടപടികള്‍ക്കൊരുങ്ങി യു എസ്; എടുത്തുചാടരുതെന്ന് റഷ്യയും ചൈനയും

സൗദിയിലെ എണ്ണ പ്ലാന്റുകള്‍ക്കു നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തോട് London, News, Trending, attack, America, Russia, China, World,
ലണ്ടന്‍: (www.kvartha.com 17.09.2019) സൗദിയിലെ എണ്ണ പ്ലാന്റുകള്‍ക്കു നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തോട് യുഎസ് സൈനികമായി പ്രതികരിച്ചേക്കുമെന്ന സൂചന നല്‍കി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. യുഎസ് സംവിധാനങ്ങള്‍ സര്‍വ സജ്ജമാണെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന സൗദിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

ഇക്കഴിഞ്ഞ സപ്തംബര്‍ 14 ന് ആണ് സൗദി അറേബ്യയിലെ എണ്ണ പ്ലാന്റുകളായ അബ്‌ഖൈഖ് ഖുറൈസ് എന്നീ കേന്ദ്രങ്ങളില്‍ ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് തീപിടുത്തമുണ്ടായത്. ഇതോടെ എണ്ണ വില കുതിച്ചുയര്‍ന്നിരുന്നു.

US military plans new war-fighting concept in response to threat from China, Russia, London, News, Trending, Attack, America, Russia, China, World

യെമനിലെ ഹൂതികള്‍ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെങ്കിലും പ്രധാന ഉത്തരവാദിത്തം ഇറാനു തന്നെയാണെന്ന നിലപാടിലാണ് യുഎസ്. എന്നാല്‍, ഇറാന്‍ ആരോപണം നിഷേധിക്കുകയാണ്. ഈ മേഖലയിലുള്ള യുഎസ് സൈനികത്താവളങ്ങള്‍ തങ്ങളുടെ മിസൈല്‍ പരിധിയിലാണെന്നും തങ്ങള്‍ പൂര്‍ണയുദ്ധത്തിനു സജ്ജരാണെന്നും ഇറാന്‍ മുന്നറിയിപ്പു നല്‍കി. അതേസമയം ആക്രമണം നടത്തിയത് ആരാണെന്ന കാര്യത്തില്‍ പൂര്‍ണ വിവരം കിട്ടാതെ എടുത്തുചാടരുതെന്നും നിയന്ത്രണം പാലിക്കണമെന്നും റഷ്യയും ചൈനയും യുഎസിനോട് ആവശ്യപ്പെട്ടു.

അതേസമയം ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യയ്ക്കു തങ്ങളുടെ തെക്കന്‍ മേഖലയില്‍ യെമന്‍ ദുര്‍ബലമാവുകയോ അസ്ഥിരമാവുകയോ ചെയ്യുന്നത് ഭീഷണിയാണ്. ഇറാന്‍ ഇവിടെ ശക്തിയോ സ്വാധീനമോ നേടുന്നതും സൗദിക്ക് അംഗീകരിക്കാനാവില്ല. വടക്കന്‍ഭാഗത്ത് ഇറാഖ് അസ്ഥിരമാകുന്നതും സൗദിക്ക് ആശങ്ക ഉണ്ടാക്കും.

യെമനിലെ സൈനിക, രാഷ്ട്രീയ പ്രതിസന്ധിയുടെ ഫലമാണ് സൗദിക്കു നേരെയും തിരിച്ചും ജനവാസ മേഖലകള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങളെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. ആക്രമണത്തിനു മറുപടിയായി യുഎസ് ചിന്തിക്കുന്ന രീതിയിലുള്ള സൈനിക നടപടി ഒട്ടും സ്വീകാര്യമല്ലെന്നും റഷ്യ വ്യക്തമാക്കി. ഇറാനെതിരെ സൈനിക നടപടിയക്കുറിച്ചുള്ള ആലോചനകള്‍ ശരിയല്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.

ട്രംപിന്റെ പ്രതികരണത്തില്‍ ഇറാനെ പേരെടുത്തു പറഞ്ഞിട്ടില്ലെങ്കിലും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ കഴിഞ്ഞ ദിവസം ഇറാനാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തമെന്നു പറഞ്ഞിരുന്നു. ആക്രമണത്തെ അപലിച്ച കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ ഫോണില്‍ ബന്ധപ്പെട്ടു പിന്തുണ പ്രഖ്യാപിച്ചു.

ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആക്രമണത്തെ അപലപിച്ചു. ഫ്രാന്‍സ് സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഹൂതി ആക്രമണം മേഖലയുടെ സുരക്ഷിതത്വത്തിനു ഭീഷണിയാണെന്ന് യൂറോപ്യന്‍ യൂണിയനും അഭിപ്രായപ്പെട്ടു.

ഇതിനിടെ, എണ്ണ പ്ലാന്റുകള്‍ ലക്ഷ്യമിട്ട ഡ്രോണ്‍ വിക്ഷേപിച്ചത് തങ്ങളുടെ അതിര്‍ത്തിയില്‍ നിന്നല്ലെന്ന് ഇറാഖ് വിശദീകരിച്ചു. ഇറാഖിന്റെ പ്രധാനപ്പെട്ട രണ്ട് സഖ്യരാജ്യങ്ങളാണ് യുഎസും ഇറാനും. പുതിയ സംഭവത്തോടെ ഇറാഖും പ്രതിസന്ധിയിലായിരിക്കയാണ്. ഇറാഖില്‍നിന്ന് കുവൈത്തിനു മുകളിലൂടെയാണ് ഡ്രോണ്‍ സൗദി അതിര്‍ത്തിയിലെത്തിയതെന്നു സംശയിച്ചിരുന്നു.

എന്നാല്‍, ഇറാഖ് അതിര്‍ത്തിയില്‍ നിന്നല്ല ഡ്രോണ്‍ പുറപ്പെട്ടതെന്നു തങ്ങള്‍ക്ക് മനസ്സിലായതായി യുഎസ് അധികൃതര്‍ തങ്ങളെ അറിയിച്ചതായി ഇറാഖ് വ്യക്തമാക്കി. അരാംകോ ആക്രമണത്തോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായെങ്കിലും ന്യൂയോര്‍ക്കില്‍ അടുത്തയാഴ്ച നടക്കുന്ന യുഎന്‍ സമ്മേളനത്തില്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തുമെന്ന സൂചന വൈറ്റ് ഹൗസ് നല്‍കിയെങ്കിലും സാധ്യത കുറവാണെന്ന മട്ടിലാണ് ഇറാന്റെ പ്രതികരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: US military plans new war-fighting concept in response to threat from China, Russia, London, News, Trending, Attack, America, Russia, China, World.