Follow KVARTHA on Google news Follow Us!
ad

കാറിന്റെ ഡോര്‍ തകര്‍ത്ത് മോഷണം ഹരമാക്കിയ മുജീബ് സമ്പന്നനായ കള്ളന്‍, കേരളത്തിന് പുറത്ത് തോട്ടങ്ങളും റസ്റ്റോറന്റുകളും, മോഷണം തുടങ്ങിയത് ഗള്‍ഫുകാരന്റെ ഭാര്യയായ കാമുകിയുമായി ദുബൈയില്‍ അടിച്ചുപൊളിക്കാന്‍, ഒമ്പത് മാസമായി തുടരുന്ന മോഷണത്തില്‍ പ്രതിയെ കണ്ടെത്താന്‍ തുമ്പായത് വീണുകിട്ടിയ മൊബൈല്‍ ഫോണ്‍

കാര്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ എം പി അബ്ദുല്‍ മുജീബ് അതീവസമ്പന്നനായ കവര്‍ച്ചക്കാരനെന്ന് പോലിസ്. ഇയാള്‍ക്ക് Kannur, Kerala, News, Car, Robbery, Case, Accused, Mobile Phone, Hotel, Thalipparamb robbery series; Big Story behind accused
കണ്ണൂര്‍: (www.kvartha.com 15.09.2019) കാര്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ എം പി അബ്ദുല്‍ മുജീബ് അതീവസമ്പന്നനായ കവര്‍ച്ചക്കാരനെന്ന് പോലിസ്. ഇയാള്‍ക്ക് മോഷണം ഹരമാണെന്നാണ് പോലിസിന്റെ നിഗമനം. ഇയാളുടെ പേരില്‍ കേരളത്തിന്റെ പുറത്ത് തോട്ടങ്ങളും റസ്‌റ്റോറന്റുകളുമുണ്ടെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വീണുകിട്ടിയ മൊബൈല്‍ ഫോണ്‍ തുമ്പായി

ഒമ്പത് മാസമായി തളിപ്പറമ്പില്‍ നടന്നുവരുന്ന കാര്‍ തകര്‍ത്തുള്ള കവര്‍ച്ചകളില്‍ ഒരു തുമ്പും ലഭിക്കാതെ ഉഴലുകയായിരുന്ന പോലിസിന് തുണയായത് കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണ്‍. ഒരാഴ്ച മുമ്പ് തളിപ്പറമ്പില്‍ നിന്നും കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണ്‍ ആണ് കാര്‍ തകര്‍ത്തുള്ള കവര്‍ച്ചാ കേസിലേക്ക് പോലിസിനുള്ള ആദ്യ സൂചനയായി മാറിയത്.

തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരത്തിന് സമീപത്ത് നിന്നാണ് ചുമട്ട് തൊഴിലാളികള്‍ക്ക് വില കുറഞ്ഞ മൊബൈല്‍ ഫോണ്‍ വീണ് കിട്ടിയത്. തുടര്‍ന്ന് ഇവര്‍ ഉടമയെ കണ്ടെത്താനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ആ മൊബൈലിലേക്ക് കൂടുതല്‍ തവണ വിളിച്ച നമ്പറിലേക്ക് തിരിച്ചുവിളിച്ചെങ്കിലും എടുത്തില്ലെന്ന് ഫോണ്‍ ലഭിച്ച ചുമട്ടുതൊഴിലാളി സുരേഷ് പറഞ്ഞു.

സുരേഷ് ഈ നമ്പര്‍ ട്രൂ കോളറില്‍ ഇട്ട് പരിശോധിച്ചപ്പോള്‍ മില്‍മ മുജീബ് എന്ന പേരായിരുന്നു വന്നത്. തുടര്‍ന്ന് ഈ ഫോണ്‍ എഎസ്‌ഐ എം രഘുനാഥിനെ ഏല്‍പ്പിച്ചു. ഫോണ്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ പോലിസ് അന്ന് മുതല്‍ മുജീബിനെ നിരീക്ഷിച്ചുവന്നിരുന്നു.

പറശ്ശിനിയില്‍ മോഷണം നടന്ന സ്ഥലത്തുനിന്നും തളിപ്പറമ്പ് പോലിസ് ശേഖരിച്ച സിസിടിവി കാമറ ദൃശ്യങ്ങളില്‍ നിന്നും മുജീബാണ് മോഷണങ്ങള്‍ക്കു പിന്നിലെന്ന് ഉറപ്പിക്കാനായതോടെയാണ് മുജീബിനെ എളുപ്പത്തില്‍ വലയിലാക്കാന്‍ പോലിസിന് സാധിച്ചത്.

എല്ലാം കാമുകിക്കായി

പുഷ്പഗിരി സ്വദേശി മാടാളന്‍ പുതിയ പുരയില്‍ അബ്ദുല്‍ മുജീബ്(42) ഗള്‍ഫിലെ ഒരു വ്യവസായിയുടെ ഭാര്യയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. ഇവരോടൊപ്പം ഗള്‍ഫിലേക്ക് പറന്ന് അടിപൊളി ജീവിതം നയിക്കാനാണ് ഇയാള്‍ നാട്ടില്‍ കവര്‍ച്ച ആസൂത്രണം ചെയ്തിരുന്നത്. തളിപ്പറമ്പ് ഡിവൈഎസ്പി കെ ടി രത്‌നകുമാറിന്റെ നേതൃത്വത്തിലാണ് മുജീബിനെ പിടികൂടിയത്. കഴിഞ്ഞ ഒമ്പത് മാസത്തിനിടയില്‍ 20തോളം കവര്‍ച്ചാ സംഭവങ്ങളാണ് തളിപ്പറമ്പിലെ വാഹന ഉടമകളെയും ജനങ്ങളെയും ഞെട്ടിച്ചുകൊണ്ട് അരങ്ങേറിയത്.

കരിമ്പം സ്വദേശി മൊയ്തീന്റെ സ്വിഫ്റ്റ് കാറിന്റെ ചില്ല് തകര്‍ത്ത് മുന്‍ സീറ്റില്‍ വച്ചിരുന്ന ബാഗ് മോഷ്ടിച്ചായിരുന്നു പരമ്പരയുടെ തുടക്കം. പിന്നീട് സമാന രീതിയില്‍ തളിപ്പറമ്പിന്റെ പല ഭാഗങ്ങളിലായി 20തോളം സംഭവങ്ങള്‍ നടന്നു. ഇതില്‍ 5,96,000 രൂപയും 74 ബഹറിന്‍ ദിനാറും മുന്നരപവന്‍ സ്വര്‍ണവുമാണ് മോഷ്ടിക്കപ്പെട്ടത്. ഇതില്‍ ബഹറിന്‍ ദിനാര്‍ തളിപ്പറമ്പിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്നും ഇന്ത്യന്‍ കറന്‍സിയായി മാറ്റിയിരുന്നു. മൂന്നര പവന്‍ സ്വര്‍ണം ഒരു പ്രമുഖ ജ്വല്ലറിയില്‍ വില്‍പ്പന നടത്തുകയും ചെയ്തു. ഇവ പോലിസ് കണ്ടെടുത്തു.

കഴിഞ്ഞ വ്യാഴാഴ്ച സ്‌നേക്ക് പാര്‍ക്കിന് സമീപത്ത് നിര്‍ത്തിയിട്ട ചുഴലി ചാലുവയല്‍ സ്വദേശി കുറ്റിയത്ത് ഹൗസില്‍ കെ തോമസിന്റെ കാര്‍ തകര്‍ത്ത് മോഷണം നടത്താനുള്ള ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് പറശിനിക്കടവ് പാലത്തിന് സമീപം നിര്‍ത്തിയിട്ട കാടാച്ചിറ സ്വദേശി പ്രവീണ്‍കുമാറിന്റെ കാര്‍ തകര്‍ത്ത് 18,000 രൂപ മോഷ്ടിച്ചു. മൊബൈല്‍ കിട്ടിയതിന് പിന്നാലെ മുജീബിനെ നിരീക്ഷിച്ചുവരുന്നതിനിടെയാണ് പറശ്ശിനിയില്‍ മോഷണം നടന്നത്.

കേസുകളില്‍ വേഗത്തില്‍ പ്രതികളെ പിടികൂടുന്നതില്‍ സമര്‍ത്ഥരായ തളിപ്പറമ്പ് പോലിസിന് ഏറെ തലവേദനയുണ്ടാക്കിയാണ് മോഷണ പരമ്പരകള്‍ അരങ്ങേറിയത്. ഡിവൈഎസ്പി ടി കെ രത്‌നകുമാറിനോടൊപ്പം സിഐ എന്‍ കെ സത്യനാഥന്‍, എസ്‌ഐ കെ പി ഷൈന്‍, എഎസ്‌ഐ എം രഘുനാഥ്, സീനിയര്‍ സിപിഒ എ ജി അബ്ദുര്‍ റൗഫ്, സിപിഒമാരായ സ്‌നേഹേഷ്, ബിനീഷ്, രാജീവന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

മുജീബ് പിടിയിലായതോടെ ഇയാള്‍ നടത്തിയ മറ്റ് ചില കവര്‍ച്ചകളും പോലിസ് അന്വേഷണത്തില്‍ പുറത്തുവന്നു. പറശിനിക്കടവ് ക്ഷേത്രത്തിന് സമീപം നിര്‍ത്തിയിട്ട രാമന്തളി സ്വദേശി രേഷ്മയുടെ കാറില്‍ നിന്നും ഓഗസ്റ്റ്  18ന് മൂന്നര പവന്‍ സ്വര്‍ണമാല കവര്‍ന്നത് മുജീബാണെന്ന് സമ്മതിച്ചിട്ടുണ്ട്. ഈ സംഭവത്തില്‍ പോലിസ് സ്വമേധയാ കേസെടുത്തിരിക്കയാണ്. രേഷ്മയോട് രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടതായി പോലിസ് പറഞ്ഞു. ഇത് കൂടാതെ ദന്തരോഗ വിദഗ്ധന്‍ ഡോ. ടി അബ്ദുല്‍ സമദിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് രണ്ടുമാസം മുമ്പ് 40,000 രൂപ കവര്‍ന്നതും പരിയാരം മെഡിക്കല്‍ കോളജിന് സമീപം നിര്‍ത്തിയിട്ട പയ്യന്നൂരിലെ കമ്മാരപൊതുവാളുടെ കാറില്‍ നിന്നും 40,000 രൂപ കവര്‍ച്ച ചെയതും മുജീബ് തന്നെയാണെന്ന് പോലിസിനോട് സമ്മതിച്ചിട്ടുണ്ട്.

പറശിനിക്കടവ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ദൂരദേശങ്ങളില്‍ നിന്നുള്ളവരുടെ നിര്‍ത്തിയിട്ട കാറുകളില്‍ നിന്നും സ്‌കെയില്‍ ഉപയോഗിച്ച് ഡോര്‍ വിദഗ്ധമായി തുറന്ന് വ്യാപകമായി കവര്‍ച്ച നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. എന്നാല്‍ ഇതില്‍ ഒട്ടുമിക്ക സംഭവങ്ങളിലും പരാതികള്‍ ലഭിച്ചിട്ടില്ല. മറ്റു ജില്ലകളിലെ സ്‌റ്റേഷനുകളില്‍ ഇത്തരത്തിലുളള പരാതികള്‍ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. ശബ്ദം കേള്‍ക്കാതെ സ്‌കെയില്‍ ഉപയോഗിച്ച് കാറിന്റെ ഡോര്‍ എളുപ്പത്തില്‍ തുറക്കാനുള്ള വിദ്യ യൂട്യൂബ് വഴിയാണ് മനസിലാക്കിയതെന്നും പ്രതി പോലിസിനോട് പറഞ്ഞു. തളിപ്പറമ്പ് മജിസ്‌ട്രേട്ടിന്റെ ചുമതലയുള്ള തലശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ മുജീബിനെ കോടതി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി തിങ്കളാഴ്ച ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്‌ഐ കെ പി ഷൈന്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kannur, Kerala, News, Car, Robbery, Case, Accused, Mobile Phone, Hotel, Thalipparamb robbery series; Big Story behind accused