Follow KVARTHA on Google news Follow Us!
ad

സ്വാതന്ത്ര്യ സമരങ്ങളിലൂടെ രാജ്യത്തിന്റെ നാഡീമിടിപ്പുകള്‍ അറിഞ്ഞ നേതാവ്; വെള്ളക്കാരെ കെട്ടുകെട്ടിച്ച് ഭരണം കറുത്തവര്‍ക്കു സ്വന്തമാക്കിയ മുന്‍ നിര പോരാളി, ഒടുവില്‍ സ്വേച്ഛാധിപതിയായി രാജ്യത്തിന്റെ തലപ്പത്തു നിന്നും പടിയിറക്കം, ഇരുണ്ട ഭൂഖണ്ഡത്തില്‍ ചരിത്രമെഴുതിയ മുഗാബെയെ ഓര്‍ക്കുമ്പോള്‍...

നാലു പതിറ്റാണ്ടോളം സിംബാബ്വെ ഭരിച്ച ഭരണാധികാരി. സ്വാതന്ത്ര സമരത്തിലൂടെ രാജ്യത്തിന്റെ നാഡീമിടിപ്പുകള്‍ അറിഞ്ഞ നേതാവ് Article, World, President, Freedom, Africa, Britain, Country, Vijin Gopal Bepu, Memmories about Robert Mugabe
വിജിന്‍ ഗോപാല്‍ ബേപ്പ്

(www.kvartha.com 07.09.2019)
നാലു പതിറ്റാണ്ടോളം സിംബാബ്വെ ഭരിച്ച ഭരണാധികാരി. സ്വാതന്ത്ര സമരത്തിലൂടെ രാജ്യത്തിന്റെ നാഡീമിടിപ്പുകള്‍ അറിഞ്ഞ നേതാവ്. വെള്ളക്കാരെ കെട്ടുകെട്ടിച്ച് ഭരണം കറുത്തവര്‍ക്കു സ്വന്തമാക്കിയ മുന്‍ നിര പോരാളി. ഒടുവില്‍ സ്വേച്ഛാധിപതിയായി രാജ്യത്തിന്റെ തലപ്പത്തു നിന്നും പടിയിറക്കം. വംശവെറിക്കെതിരെ സന്ധിയില്ലാ പോരാട്ടത്തിന് ആഹ്വാനം ചെയ്ത ആഫ്രിക്കയുടെ കരുത്തും സിംബാബ്വെ മുന്‍ പ്രസിഡന്റുമായ റോബര്‍ട്ട് മുഗാബെയുടെ മരണത്തിന് രാഷ്ട്രീയമാനങ്ങള്‍ ഏറെ.

ബ്രിട്ടിഷ് ഭരണത്തില്‍ നിന്നും രാജ്യം സ്വതന്ത്രമാകാന്‍ മുഗാബെയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ ശ്രദ്ധേയമാണ്. 1980 രാജ്യത്തിന്റെ തലപ്പത്തേറിയ മുഗാബെ ഭരണം 2017ലാണ് അവസാനിച്ചത്. പടിയിറങ്ങുമ്പോള്‍ എഴുതിവെക്കാന്‍ സ്വന്തം പേരില്‍ ഉണ്ടായിരുന്നത് അധികാര ദുര്‍വിനിയോഗത്തിന്റെ കഥകളായിരുന്നു. തന്റെ പേരില്‍ ചേര്‍ക്കപ്പെട്ട അഴിമതിയിലും പരാതികളിലും ഭാര്യയ്ക്കും പങ്കുണ്ടെന്ന ആരോപണം ശക്തമായി ഉയര്‍ന്നതും കരി നിഴലായി പിന്തുടര്‍ന്നു.


എന്നാല്‍ ആദ്യ കാലങ്ങളില്‍ ആഫ്രിക്ക കണ്ട ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാളായിരുന്നു ഇദ്ദേഹം. വംശവെറിക്കു വിധേയരാകുന്ന ജനങ്ങളുടെ ആകെ ശബ്ദം. വിപ്ലവ പോരാട്ട ചിന്തകള്‍ നെഞ്ചിലേറ്റിയ പോരാളി എന്നാണ് അന്നു ചരിത്രത്തില്‍ എഴുതപ്പെട്ടത്. 1990ല്‍ രാജ്യാന്തര ധാരണയ്ക്കുള്ള ജവാഹര്‍ലാല്‍ നെഹ്റു അവാര്‍ഡ് നേടിയ വ്യക്തിയാണ് മുഗാബെ. കാല്‍ നൂറ്റാണ്ടു പിന്നിട്ടപ്പോള്‍ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമായി. അധികാരഭ്രഷ്ടനായതും നാടകീയതയിലൂടെ തന്നെ.

രാജ്യത്ത് പ്രക്ഷോഭം ശക്തമായതോടെ നിയമനടപടികളില്‍നിന്ന് ഒഴിവാക്കാമെന്ന ഉറപ്പിലാണു മുഗാബെ രാജിക്കു തയാറായത്. മുഗാബെയ്ക്കും കുടുംബത്തിനും പൂര്‍ണ സുരക്ഷ ഉറപ്പാക്കാമെന്നും ഒരു തരത്തിലുള്ള നിയമനടപടികളിലൂടെയും വയോധികനായ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കില്ലെന്നും മധ്യസ്ഥര്‍ ഉറപ്പുനല്‍കി. നാടകീയത തുടര്‍ന്നു. ഭരണകക്ഷിയായ മുഗാബെ തന്നെ വളര്‍ത്തിയ സന പിഎഫ് പാര്‍ട്ടി മുഗാബെയെ പുറത്താക്കി. പാര്‍ട്ടിയുടെ വിശ്വസ്ത നേതാവായ നന്‍ഗഗ്വയെ പുതിയ തലവനായി തിരഞ്ഞെടുത്തു.

അധ്യാപകവൃത്തിയില്‍ തുടങ്ങി ജനകീയ സമരങ്ങളുടെ നേതാവായി സ്വാതന്ത്യസമര നായകനായി, പിന്നീട് സ്വേച്ഛാധിപത്യത്തിന്റെ ലഹരി നുണഞ്ഞു. അധികാരത്തിന്റെ ഹുങ്കുമായി നടന്നുകയറിയ ജീവിതം. വെള്ളക്കാരെ കെട്ടുകെട്ടിച്ച് ഭരണം കറുത്തവര്‍ക്കു സ്വന്തമാക്കിയത് തന്നെ ചരിത്രം. അതിന്റെ മാറ്റു കുറയാതെ കാല്‍ നൂറ്റാണ്ടു പിടിച്ചു നിന്നു.

റൊഡേഷ്യയുടെ തീഷ്ണമായ സമരങ്ങളുടെ ചരിത്രമാണ് മുഗാബെയുടെ നടന്നു വന്ന വഴികള്‍. 1924 ഫെബ്രുവരി 21ന് തെക്കന്‍ റൊഡേഷ്യയിലെ (സിംബാബ്വെയുടെ ആദ്യപേര്) കാര്‍പെന്ററായ ഗബ്രിയേല്‍ മാറ്റിബിലിയുടെയും ബോനയുടെയും മകനായാണു മുഗാബെ ജനിച്ചത്. ബിരുദപഠനത്തിനുശേഷം 15 വര്‍ഷം റൊഡേഷ്യയിലും ഘാനയിലും അധ്യാപകനായി. ഘാനയില്‍ വച്ചായിരുന്നു ആദ്യവിവാഹം. വധു സാലി ഹേഫ്രോണ്‍. അവരുടെ മരണശേഷം 1996ല്‍ ഗ്രേസ് മാറുഫുവിനെ വിവാഹം ചെയ്തു. ആദ്യഭാര്യയിലെ മകന്‍ നാലാംവയസില്‍ മരിച്ചു. ഇപ്പോഴത്തെ വിവാഹത്തില്‍ മൂന്നുമക്കള്‍.

വംശവെറിക്കെതിരെ പോരാടിയ കാലത്തെല്ലാം മുഗാബെ തീ ആയിരുന്നു. വെള്ളക്കാരന്റെ കാറ്റില്‍ അതങ്ങനെ കത്തിപ്പടര്‍ന്നു. മുഗാബെയുടെ ഒരു കവിത വിശ്വപ്രസിദ്ധമാണ്...

''വെളുത്ത നിറമുള്ള കാറിന്
കറുത്ത നിറമുള്ള ടയര്‍
ഉപയോഗിക്കുന്ന കാലമത്രയും
വംശീയത തുടര്‍ന്നുകൊണ്ടേയിരിക്കും.

വെളുപ്പ് സമാധാനത്തിന്റേയും
കറുപ്പ് അശാന്തിയുടേയും
പ്രതീകമായി ജനങ്ങള്‍
ഉപയോഗിക്കുന്ന കാലത്തോളം
വംശീയത അവസാനിക്കുകയില്ല.

മംഗല്യത്തിനു വെളുത്ത വസ്ത്രങ്ങളും
ദുഃഖ സൂചകമായി കറുപ്പ് തൂവാലയും
ഉപയോഗിക്കുന്നിടത്തോളം
വംശീയത അതിന്റെ പാരമ്യതയില്‍
നില്‍ക്കുക തന്നെ ചെയ്യും.

ബ്ലാക്ക് മണിയും ബ്ലാക്ക് ലിസ്റ്റും ബ്ലാക്ക് മാര്‍ക്കും
നെഗറ്റീവ് അര്‍ഥം കയ്യാളുന്ന കാലത്തോളം
വംശീയത അവസാനിക്കുമെന്ന്
പ്രത്യാശിക്കാന്‍ ആവുകയില്ല.

പക്ഷെ,
എന്റെ കറുത്ത ചന്തി ശുദ്ധിയാക്കാന്‍
വെളുത്ത ടോയ്ലെറ്റ് പേപ്പര്‍
ഉപയോഗിക്കുന്ന കാലത്തോളം
ഞാനതൊന്നും കാര്യമാക്കുന്നില്ല''

ഈ വരികള്‍ കൊണ്ടു വിലയിരുത്താം നമുക്കു മുഗാബെയുടെ ജീവിതം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Article, World, President, Freedom, Africa, Britain, Country, Vijin Gopal Bepu, Memmories about Robert Mugabe