Follow KVARTHA on Google news Follow Us!
ad

ദേശസാത്ക്കരണത്തിന് ശേഷം ചരിത്രം കുറിച്ച് ലയനം; 10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലെണ്ണമാക്കുന്നു

ബാങ്കുകളുടെ ദേശസാത്ക്കരണത്തിന് ശേഷം സ്വതന്ത്ര ഇന്ത്യയിലെ ബാങ്കിംഗ് New Delhi, News, Banking, Bank, Trending, Business, National,
ന്യൂഡെല്‍ഹി: (www.kvartha.com 31.08.2019) ബാങ്കുകളുടെ ദേശസാത്ക്കരണത്തിന് ശേഷം സ്വതന്ത്ര ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി ചരിത്രം കുറിച്ച് ലയനം. 10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലെണ്ണമാക്കുന്നു. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഉത്തേജക നടപടികളുടെ ഭാഗമായാണ് ലയനം. ഇതോടെ രാജ്യത്ത് പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി കുറയും. ഒന്നാം മോഡി സര്‍ക്കാര്‍ വരും മുന്‍പ് 27 പൊതുമേഖലാ ബാങ്കുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്.

വിപണിയിലും ഉപഭോക്താക്കളിലും കൂടുതല്‍ ഇടപെടല്‍ നടത്തി വളര്‍ച്ച കൈവരിക്കലാണു ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവിലെ ശാഖകളുടെ പ്രവര്‍ത്തനത്തെയോ ജീവനക്കാരെയോ ലയനം ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ലയനം എന്നു പ്രാബല്യത്തിലാവുമെന്നു പ്രഖ്യാപിച്ചിട്ടില്ല.

Nirmala Sitharaman announces major bank merger: 27 PSBs will now become 12, New Delhi, News, Banking, Bank, Trending, Business, National

ലയിപ്പിക്കുന്ന ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡ് വേവ്വേറെ യോഗം ചേര്‍ന്ന് ലയന നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയും സര്‍ക്കാരിനെ അറിയിക്കുകയും വേണം. അതിനുശേഷം റിസര്‍വ് ബാങ്കുമായി ആലോചിച്ചാവും ലയന തീയതി തീരുമാനിക്കുക.

കഴിഞ്ഞകൊല്ലം ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേനാ ബാങ്ക് എന്നിവ ലയിപ്പിച്ചത് വിജയകരമായിരുന്നെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരെ ആരെയും ഒഴിവാക്കാതെ പൂര്‍ത്തിയാക്കിയ ലയനംവഴി ബാങ്ക് ഓഫ് ബറോഡ വളര്‍ച്ചയുടെ പാതയിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതിനിടെ വായ്പാ തട്ടിപ്പും മറ്റ് ക്രമക്കേടുകളും തടയാന്‍ ബാങ്കുകളില്‍ ചീഫ് റിസ്‌ക് ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു. ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്താന്‍ ബാങ്ക് ബോര്‍ഡ് കമ്മിറ്റി ശക്തിപ്പെടുത്താനുള്ള നിരവധി നടപടികളും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയും ഗ്രൂപ്പ് ബാങ്കുകളെയും ലയിപ്പിച്ചതിന് ശേഷമുള്ള രണ്ടാമത്തെ വന്‍ ലയന പദ്ധതിയാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. അഞ്ച് ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യം കൈവരിക്കാന്‍ ലയനം സഹായിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേനാ ബാങ്ക് എന്നീ ബാങ്കുകളെയും ലയിപ്പിച്ചിരുന്നു.

ലയന ലക്ഷ്യങ്ങള്‍

*ആഗോള തലത്തില്‍ കിടപിടിക്കാന്‍ ശക്തമായ ബാലന്‍സ് ഷീറ്റുള്ള ബാങ്കുകളെ സൃഷ്ടിക്കുക

*ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുക

*പ്രവര്‍ത്തനം കൂടുതല്‍ ശക്തവും സുതാര്യവുമാക്കുക

*വായ്പാ വിതരണം കൂട്ടുക

*കിട്ടാക്കടം കുറയ്ക്കുക

*കിട്ടാക്കട പ്രതിസന്ധി മാറ്റാന്‍ ബാങ്കുകള്‍ക്ക് മൂലധന സഹായമായി കേന്ദ്രം വന്‍ തുക നല്‍കുന്നുണ്ട്. ഈ ബാധ്യത കുറയ്ക്കുക

ബാങ്ക് ബോര്‍ഡിന്റെ അധികാരങ്ങള്‍

*എല്ലാ പൊതുമേഖലാ ബാങ്കുകള്‍ക്കും നോണ്‍ എക്സിക്യൂട്ടിവ് ചെയര്‍മാന്‍

*ബാങ്കുകളുടെ ബോര്‍ഡുകള്‍ വിപുലമായ അധികാരങ്ങള്‍ നല്‍കി പുനഃസംഘടിപ്പിക്കും

*ജി എം മുതല്‍ എം ഡി വരെയുള്ളവരുടെ പ്രവര്‍ത്തനമികവും പ്രകടനവും ബോര്‍ഡ് വിലയിരുത്തും

*ബിസിനസ് മേധാവിയായി സി ജി എമ്മിനെ നിയമിക്കാം

*ജി എം മുതല്‍ മുകളിലോട്ടുള്ളവര്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷം കാലാവധി

*അനൗദ്യോഗിക ഡയറക്ടര്‍മാരുടെ ശമ്പളം തീരുമാനിക്കാം

*വായ്പാ തട്ടിപ്പ് അടക്കം തടയാന്‍ ചീഫ് റിസ്‌ക് ഓഫീസറെ നിയമിക്കാം

*വലിയ ബാങ്കുകളില്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരുടെ എണ്ണം നാലായി ഉയര്‍ത്തും

ലയിക്കുന്ന ബാങ്കുകള്‍

രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്ക് എന്ന ഖ്യാതിയോടെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ലയിക്കുമ്പോള്‍ 17.94 ലക്ഷം കോടി രൂപയുടെ ബിസിനസാണ് ഒരു കുടക്കീഴിലാകുക. ആകെ ശാഖകള്‍: 11,437. 1,00,649 ജീവനക്കാരുണ്ടാവും. രാജ്യത്തെ രണ്ടാം വലിയ പൊതുമേഖലാ ബാങ്കായിരിക്കുമിത്. പുതിയ ബാങ്കില്‍ 10,43,659 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടാവുക.

ദക്ഷിണേന്ത്യയിലെ പ്രമുഖ ബാങ്കായ കാനറാ ബാങ്ക് മറ്റൊരു പ്രമുഖ ബാങ്കായ സിന്‍ഡിക്കേറ്റ് ബാങ്കുമായി ചേരുമ്പോള്‍ 15.20 ലക്ഷം കോടി രൂപയുടെ ബിസിനസുമായി രാജ്യത്തെ നാലാമത്തെ വലിയ ബാങ്കാവും. 8,58,930 കോടി രൂപയുടെ നിക്ഷേപവും 10,342 ശാഖകളിലായി 89,885 ജീവനക്കാരും ഉണ്ടാവും.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്ര ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് എന്നിവ ഒന്നിക്കുമ്പോള്‍ 14.6 ലക്ഷം കോടി രൂപയുമായി ബിസിനസില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയരും. പുതിയ ബാങ്കിന് യൂണിയന്‍ ബാങ്കിന്റെ രണ്ടിരട്ടി വലിപ്പം. ആകെ ശാഖകള്‍: 9,609. 1,84,568 കോടി രൂപയടെ നിക്ഷേപം ഉണ്ടാവും. 75,384 ജീവനക്കാര്‍.

ഇന്ത്യന്‍ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയുടെ സംയുക്ത ബിസിനസ് 8.08ലക്ഷം കോടിയായിരിക്കും. ദക്ഷിണ, വടക്കന്‍, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സാന്നിധ്യം. ഏഴാം വലിയ പൊതുമേഖലാ ബാങ്ക്. 4,56,411 കോടി രൂപയുടെ നിക്ഷേപവും. 6,104 ശാഖകളിലായി 42,814 ജീവനക്കാര്‍.

ഈ പത്ത് ബാങ്കുകള്‍ ലയിക്കുമ്പോള്‍ അഖിലേന്ത്യാ സാന്നിധ്യമുള്ള ബാങ്ക് ഓഫ് ഇന്ത്യയും സെന്‍ട്രല്‍ ബാങ്ക് ഇന്ത്യയും അതേപടി തുടരും. പ്രാദേശികമായി ശക്തമായ സാന്നിധ്യമുള്ള ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയും അതത് പ്രദേശങ്ങളില്‍ തുടരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nirmala Sitharaman announces major bank merger: 27 PSBs will now become 12, New Delhi, News, Banking, Bank, Trending, Business, National.