Follow KVARTHA on Google news Follow Us!
ad

ചാമ്പ്യന്‍സ് ബോട്ട് ലീഗിന് തുടക്കമായി; 67ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ജലരാജാക്കന്മാരായി നടുഭാഗം ചുണ്ടന്‍

ചാമ്പ്യന്‍സ് ബോട്ട് ലീഗിന് ശനിയാഴ്ച തുടക്കമായി. പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) മുഖ്യമന്ത്രി പിണറായി വിജയന്‍ Kerala, Alappuzha, News, Sports, Boats, Champions League, Grand start to Kerala’s Champions Boat League Races
ആലപ്പുഴ: (www.kvartha.com 31.08.2019) ചാമ്പ്യന്‍സ് ബോട്ട് ലീഗിന് ശനിയാഴ്ച തുടക്കമായി. പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുഖ്യാതിഥിയായി. നെഹ്‌റു ട്രോഫി വള്ളം കളിയും ഇതോടൊപ്പം നടന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 67ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്തു.

പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ വള്ളംകളിയില്‍ ജലരാജാക്കന്മാരായി. ചമ്പക്കുളം ചുണ്ടനാണ് രണ്ടാംസ്ഥാനം. പ്രഥമ മല്‍സരത്തില്‍ കിരീടമണിഞ്ഞ നടുഭാഗം ചുണ്ടന്‍, 67 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും വിജയതീരമണിഞ്ഞത്. രാവിലെ 11നു ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെയാണ് ജലമേളയ്ക്കു തുടക്കം കുറിച്ചത്. ഉച്ചയ്ക്ക് ഒന്നുമുതല്‍ രണ്ട് വരെ നാവികസേനയുടെ അഭ്യാസപ്രകടനങ്ങളും തുടര്‍ന്ന് മാസ്ഡ്രില്ലും നടന്നു.


അടിക്കടി ഉണ്ടായ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന കേരള ടൂറിസം തിരിച്ചു വരവിന്റെ പാതയിലാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ വള്ളംകളിയുടെ രീതി തന്നെ മാറാന്‍ പോവുകയാണ്. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായ വള്ളംകളികളൊഴികെയുള്ള പ്രാദേശിക വള്ളംകളികളും സിബിഎല്ലിന്റെ ഭാഗമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇക്കുറി വള്ളംകളിയില്‍ പ്രൊഫഷണലിസം കൈവന്നതില്‍ സിബിഎല്ലിനുള്ള പങ്ക് ചെറുതല്ലെന്ന് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി. ജെറ്റ്‌സ്‌കീ ഫ്‌ളൈബോര്‍ഡ്, പാരാഗ്ലൈഡിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങളും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു.

ബോട്ട് ക്ലബുകള്‍, ഉടമസ്ഥര്‍, തുഴക്കാര്‍ തുടങ്ങി വള്ളം കളിയുടെ സമസ്ത മേഖലകളിലും സാമ്പത്തികമായി നേട്ടമുണ്ടാക്കാന്‍ സിബിഎല്‍ കാരണമാകുമെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് പറഞ്ഞു.

രാജ്യത്തെ ആദ്യ ജലവിനോദ ലീഗായ സിബിഎല്ലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സിബിഎല്ലിന്റെ പ്രധാന സ്‌പോണ്‍സറായ കന്‍സായി നെരോലാക് പെയന്റ്‌സിന്റെ മാര്‍ക്കറ്റിംഗ് എവിപി പീയൂഷ് ബച്ച്‌ലൗസ് പറഞ്ഞു. വര്‍ഷങ്ങളായുള്ള ബന്ധമാണ് കേരളവുമായുള്ളത്. കേരളത്തിന്റെ തനതു വിനോദമായ വള്ളംകളി അന്താരാഷ്ട്ര തലത്തിലേക്ക് ഉയരുന്നതിലും അതിന്റെ അനന്ത സാധ്യതകളിലും ആവേശഭരിതരാണെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന മൂന്നു മാസം കേരളത്തില്‍ ജലോത്സവത്തിന്റെ നാളുകളായിരിക്കുമെന്ന് ചടങ്ങില്‍ നന്ദി പറഞ്ഞ ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. ആലപ്പുഴ ജില്ലാകളക്ടര്‍ അദീല അബ്ദുല്ല സ്വാഗതം പറഞ്ഞു. ആലപ്പുഴ എംപി എ എം ആരിഫ് മുഖ്യമന്ത്രിക്ക് ഉപഹാരം നല്‍കി. പി ബാല കിരണ്‍, ആലപ്പുഴ സബ്കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ ഐഎഎസ് എന്നിവര്‍ ചേര്‍ന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.


Keywords: Kerala, Alappuzha, News, Sports, Boats, Champions League, Grand start to Kerala’s Champions Boat League Races