ഐക്യപ്പെടേണ്ടിടത്ത് ഐക്യപ്പെട്ടേ തീരൂ, വാണിയമ്പലം മഹല്‍ ശ്രദ്ധാകേന്ദ്രമാകുന്നതങ്ങിനെയാണ്

അസ്ലം മാവിലെ 

(www.kvartha.com 31.07.2019) യോജിക്കേണ്ടിടത്ത് യോജിക്കണം. ഒന്നിച്ചിരിക്കേണ്ടിടത്ത് ഒന്നിച്ചിരിക്കുക തന്നെ വേണം. ഒന്നായി പ്രവര്‍ത്തിക്കേണ്ട അവസരം വന്നാല്‍ കൈ മെയ് മറന്ന് വര്‍ത്തിക്കണം. അതിനായി മുന്‍കൈ എടുക്കണം. അത് പറയാന്‍, പറഞ്ഞ് ഫലിപ്പിക്കാന്‍ 'അരപ്പസെ' മടി കാണിക്കുകയുമരുത്.

മുമ്പൊക്കെ മാസപ്പിറവി വിഷയത്തില്‍ എന്തോരം അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഒരേ മഹല്ലില്‍, ഒരേ ജില്ലയില്‍, ഒരേ സംസ്ഥാനത്ത് വ്യത്യസ്ത ദിവസങ്ങളില്‍ നോമ്പും പെരുന്നാളും വന്നിരുന്ന കാലം. വന്ന് വന്ന് അത് ഒരേ വീട്ടില്‍ വ്യത്യസ്ത ദിനങ്ങളില്‍ റമളാന്‍ തുടങ്ങുകയും ഈദ് ആഘോഷിക്കുകയും ചെയ്യുന്ന പരിതാപകര അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അന്നങ്ങനെ. ഇന്നോ?

എത്ര കൊല്ലങ്ങളായി മലയാളിക്ക് കേരളക്കരയില്‍ നോമ്പും ഒരേ നാള്‍ വരുന്നു. പെരുന്നാളും ഒരേ ദിവസം തന്നെ. ആര്‍ക്കും ഒരു പ്രശ്‌നമില്ല.അന്നത്തെ പോലെ തന്നെ സൂര്യനും ചന്ദ്രനും അതിന്റെ സമയത്ത് തന്നെയാണ് ഇപ്പഴും ഉദിക്കുന്നതും അസ്തമിക്കുന്നതും. ഇങ്ങനെ റമദാന്‍ തുടങ്ങിയത് കൊണ്ടോ ഐക്യപ്പെരുന്നാള്‍ ആഘോഷിച്ചത് കൊണ്ടോ ഒരാകാശവും ഇതുവരെ ഇടിഞ്ഞു വീണില്ല. ഒരു അനിഷ്ടസംഭവവും എവിടെയും നടന്നതായി കേട്ടുമില്ല. വിമര്‍ശിക്കാന്‍ ഓങ്ങിയവരൊക്കെ, കാര്യങ്ങള്‍ മനസ്സിലാക്ക് പിന്നോട്ട് പോയി. അവര്‍ക്കിതിന്റെ ആവശ്യകത ബോധ്യമായി.

ഇപ്പോഴും മുസ്ലിംകളിലെ എല്ലാ വിഭാഗങ്ങളും കേരളമെമ്പാടും പ്രസംഗങ്ങള്‍ നടത്തുന്നു, ആദര്‍ശ വിശദികരണങ്ങള്‍ നടത്തുന്നു. ഖണ്ഡന മണ്ഡനങ്ങള്‍ വേണ്ടിടത്തും വേണ്ടാത്തിടത്തും ചെയ്യുന്നു. എല്ലാ കൂട്ടരും അവരവരുടെ വഴിയില്‍  പ്രവര്‍ത്തനങ്ങള്‍ അഭംഗുരം തുടരുകയും ചെയ്യുന്നു.

ഐക്യപ്പെരുന്നാളിന്റെ സത്ത ഉള്‍ക്കൊണ്ട് കൊണ്ട് ഇതാ ഒരു വര്‍ത്തമാനം വാണിയമ്പലത്തു നിന്നും അന്തരീക്ഷത്തില്‍ സുഗന്ധം പരത്തുകയാണിപ്പോര്‍. കാര്യമിതാണ്. ബലിപെരുന്നാളിലെ, ഉദുഹിയ്യത്ത് (ബലി കര്‍മ്മം) എല്ലാവരും ഒന്നിച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

സുന്നി വിഭാഗം നേതൃത്വം നല്‍കുന്ന വാണിയമ്പലം വലിയ ജുമുഅത്ത് പള്ളി ഭാരവാഹികളാണ് ഈ സംയുക്ത ബലികര്‍മ്മമെന്ന ആശയം പൊതുമനസ്സിന്റെ മുന്നിലേക്ക് വെച്ചത്. മഹല്ലിലെ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി മസ്ജിദ് കമ്മറ്റികള്‍ വിഷയം ഗൗരവത്തില്‍ ചര്‍ച്ച ചെയ്ത് ഈ ആശത്തോട് യോജിക്കുകയും ഈ സത്കര്‍മ്മത്തിന് ഒന്നിക്കാമെന്നറിയിച്ചതോടെ ഈ വര്‍ഷത്തെ ബലികര്‍മ്മം വാണിയമ്പലത്തുകാര്‍ക്ക്  ഒരുമയുടെ കൂടിയാകുന്നു.

ശരിക്കും പറഞ്ഞാല്‍, നന്മയിലേക്കുള്ള വാതായനങ്ങള്‍ ഇങ്ങനെയൊക്കെയാണ് തുറക്കുന്നത്. ആദര്‍ശത്തിലും, നിലപാടുകളിലുമുള്ള വീക്ഷണ വ്യത്യാസങ്ങളും പാഠഭേദങ്ങളും ഇത്തരം ഐക്യപ്പെടലുകള്‍ക്ക് ഒരു വിലങ്ങു തടിയേ അല്ല എന്നതാണ് വലിയ പാഠം. മഹല്ലു സംവിധാനങ്ങളില്‍ വലിയതോതില്‍  വിവിധങ്ങളായ വിഷയങ്ങളില്‍ ഐക്യമുണ്ടാകേണ്ടതിന്റെയും അവയ്ക്ക് വേണ്ടി നിലയുറപ്പിക്കുന്നവരുടെ എണ്ണമേറെയുണ്ടാകേണ്ടതിന്റെയും ആവശ്യകതയിലേക്ക് കൂടിയാണ് ഈ ഒരൊറ്റ സംഭവം വെളിച്ചമേകുന്നത്.

കേരളത്തിലെ പല മഹല്ലുകളിലും ഫിതര്‍ സക്കാത്ത് ശേഖരണവും വിതരണവും വര്‍ഷങ്ങളായി ഇതേ പോലെ ഒന്നിച്ചു നടക്കുന്നതും ഇതോടൊപ്പം കൂട്ടി വായിക്കുക. അത്‌കൊണ്ട് ഗുണമല്ലാതെ അവിടങ്ങളില്‍ ദോഷമുണ്ടായിട്ടില്ല. ഒരു മഹല്ലിലെ പാവപ്പെട്ടവരുടെ സാമ്പത്തികപോരായ്മ തിരിച്ചുള്ള കണക്കെടുക്കാനും അതിനനുസരിച്ച് അളന്ന് തിട്ടപ്പെടുത്തി ഫിത്‌റ് സക്കാത്ത് അര്‍ഹര്‍ക്ക് വേണ്ട അനുപാതത്തില്‍  എത്തിക്കുവാനും ഇതുകൊണ്ടായിട്ടുണ്ട്. അധികം വരുന്ന ധാന്യങ്ങള്‍ മറ്റു മഹല്ലുകളിലേക്ക് കാലവിളംബം കൂടാതെ എത്തിക്കാനുമിതുകൊണ്ടാകും.

വാണിയമ്പലം മാതൃക മറ്റു മഹല്ലുകള്‍ പിന്‍പറ്റണം. ഒപ്പം നിര്‍ബന്ധസക്കാത്ത് ശേഖരിച്ച്  അവ അര്‍ഹരില്‍ എത്തിക്കുന്ന കാര്യത്തിലും എല്ലാ മഹല്ലുകളും ഉത്സാഹിക്കുകയും വേണം. എല്ലാ വിഭാഗങ്ങളിലെയും പരിചിത പ്രജ്ഞരായ കര്‍മ്മശാസ്ത്ര പണ്ഡിതരുടെ അഭിപ്രായങ്ങള്‍ കൂടി ഉണ്ടായാല്‍ മലയാളക്കരയില്‍ ഈ ഒരൊറ്റ സംയുക്ത സംഘടിത സക്കാത്ത് സംവിധാനം കൊണ്ട് മാത്രം  മുസ്ലിംകള്‍ക്കിടയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കും.

സാമുദായിക സ്‌നേഹികളുടെയും പൊതുനന്മ ആഗ്രഹിക്കുന്ന മനുഷ്യസ്‌നേഹികളുടെയും ഒപ്പം പണ്ഡിത ശ്രേഷ്ടരുടെയും സജീവ ശ്രദ്ധ നടേ പറഞ്ഞ വിഷയങ്ങളില്‍ ഉണ്ടാകുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ, എന്റെ മാത്രമല്ല എല്ലവരുടെയും. കാലമാഗ്രഹിക്കുന്നതുമത് തന്നെ. പുതിയ സന്തോഷവാര്‍ത്തകള്‍ക്കായി നമുക്ക് കാതോര്‍ക്കാം. പ്രാര്‍ഥിക്കാം.


Keywords: Kerala, Aslam Mavilae, Article, Islam, Religion, Be united on Religious matter 
Previous Post Next Post