Follow KVARTHA on Google news Follow Us!
ad

ഡെറാഡൂണില്‍ കൊല്ലപ്പെട്ട ഷുക്കൂറിന്റെ പക്കലുള്ളത് 485 കോടിയുടെ ബിറ്റ്‌കോയിന്‍, കൊലപാതകം ക്രൂരമര്‍ദനത്തിനിരയാക്കി ബിറ്റ്‌കോയിന്‍ പാസ് വേഡ് സ്വന്തമാക്കാനുള്ള ശ്രമത്തിനിടെ, സിനിമാ കഥയെ വെല്ലുന്ന ഗൂഡാലോചന നടത്തിയത് ഡെറാഡൂണില്‍ വിദ്യാര്‍ത്ഥിയായ മലപ്പുറത്തെ യാസീന്റെ സഹായത്തോടെ, ഒരുമാസം നീണ്ട ഗൂഡാലോചനയ്‌ക്കൊടുവില്‍ ഷുക്കൂറിനോടൊപ്പം മുങ്ങിനടന്നിരുന്ന അടുത്ത കൂട്ടാളികളും പ്രതികള്‍ക്കൊപ്പം കൂടി

ഇക്കഴിഞ്ഞ 28ന് രാത്രി ഡെറാഡൂണില്‍ കൊല്ലപ്പെട്ട മലപ്പുറം പെരിന്തല്‍മണ്ണ പുലമന്തോള്‍ സ്വദേശിNews, Police, Student, Arrest, Hospital, CCTV,
ഡെറാഡൂണ്‍:(www.kvartha.com 31/08/2019) ഇക്കഴിഞ്ഞ 28ന് രാത്രി ഡെറാഡൂണില്‍ കൊല്ലപ്പെട്ട മലപ്പുറം പെരിന്തല്‍മണ്ണ പുലമന്തോള്‍ സ്വദേശി ഷുക്കൂറി(27)ന്റെ പക്കലുള്ളത് 485 കോടിയുടെ ബിറ്റ്‌കോയിനെന്ന് പ്രതികളുടെ വെളിപ്പെടുത്തല്‍. ക്രൂരമര്‍ദനത്തിനിരയാക്കി ബിറ്റ്‌കോയിന്‍ പാസ് വേഡ് സ്വന്തമാക്കാനുള്ള ശ്രമത്തിനിടെയാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടതെന്നാണ് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയത്. ഡെറാഡൂണില്‍ വിദ്യാര്‍ത്ഥിയായ മലപ്പുറത്തെ യാസീന്റെ സഹായത്തോടെയാണ് ഷുക്കൂറിനെ വലയിലാക്കാന്‍ സിനിമാ കഥയെ വെല്ലുന്ന ഗൂഡാലോചന നടത്തിയത്.


സംഭവത്തില്‍ അഞ്ച് മലപ്പുറം സ്വദേശികളെ ഡെറാഡൂണ്‍ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി കറുവമ്പരം ശബാന മന്‍സിലില്‍ ഫാരിസ്, മഞ്ചേരി ചെന്നൈ കത്തോടിയിലെ അരവിന്ദന്‍ സി, മഞ്ചേരി കറുവമ്പരം പാലായി പുത്തങ്കലിത്തയിലില്‍ അന്‍സിഫ് പുത്ര, മലപ്പുറം പുല്‍പ്പറ്റ പുത്തൈക്കളത്തെ സുഫൈല്‍ മുഖ്താര്‍, മഞ്ചേരി കറുവമ്പരം പാലായി പുത്തങ്കലിത്തയിലില്‍ അഫ്താബ് മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.

മലപ്പുറം മഞ്ചേരി നിലിപ്പുറത്തെ ആഷിഖ്, വേങ്ങര സ്വദേശികളായ അര്‍ഷാദ്, റഹീബ്, മഞ്ചേരിയിലെ യാസീന്‍, അക്കൗണ്ടന്റായ മറ്റൊരു മഞ്ചേരി സ്വദേശി എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ഡെറാഡൂണ്‍ പോലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ 28ന് രാത്രി 11:30 ഓടെയാണ് മര്‍ദനമേറ്റ് കൊല്ലപ്പെട്ട നിലയില്‍ ഷുക്കൂറിനെ ഒരു സംഘം മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരിച്ച വിവരം മനസിലായതോടെ സംഘം രക്ഷപ്പട്ടു. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന പോലീസ് സൂപ്രണ്ടും പോലീസ് ഉദ്യോഗസ്ഥരും നഗരചുമതലയുള്ള മറ്റ് പോലീസുകാരും സ്ഥലത്തെത്തി. സീനിയര്‍ പോലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ച് നഗരത്തിലും മറ്റും നിരീക്ഷണം ശക്തമാക്കുകയും നഗരത്തിലെ ആശുപത്രി, ഹോട്ടല്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി പരിശോധിക്കുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളിലെ പോലീസുമായി ടീം ആശയവിനിമയം നടത്തിയും അന്വേഷണം ഏകോപിപ്പിച്ചു.

മാക്‌സ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിച്ചപ്പോള്‍ നാല് യുവാക്കള്‍ ചേര്‍ന്ന് ഷുക്കൂറിനെ ക്രെറ്റ കാറില്‍ കൊണ്ടുവന്ന് മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെടുന്നതായി കണ്ടെത്തി. ആശുപത്രിയില്‍ അബ്ദുല്‍ ഷക്കൂര്‍ എന്‍, സുധോവാല ചൗക്ക്, പ്രേംനഗര്‍ എന്ന് നല്‍കിയതായി കണ്ടെത്തി.

തുടര്‍ന്ന് ആശുപത്രിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ക്രെറ്റ കാര്‍ പരിശോധിച്ചതോടെ ഒരു ഡയറിയും മറ്റ് രേഖകളും കണ്ടെത്തുകയായിരുന്നു. ഡയറിയില്‍ ഷുക്കൂറിന്റെ ഫോട്ടോയും അഡ്രസും ഉണ്ടായിരുന്നു. പിന്നീട് മലപ്പുറം പോലീസുമായി ബന്ധപ്പെട്ട ഡെറാഡൂണ്‍ പോലീസ് അഡ്രസും ഫോട്ടോയും കൈമാറുകയും മലപ്പുറം പോലീസ് ബന്ധുക്കളുമായി ബന്ധപ്പെട്ട് ഫോട്ടോയിലുള്ളത് ഷുക്കൂര്‍ ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്ത് ആശുപത്രിയില്‍ നല്‍കിയ വിലാസത്തില്‍ പ്രേംനഗര്‍ പോലീസിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുകയും മറ്റു പോലീസ് സ്റ്റേഷനുകളില്‍ വിവരം നല്‍കുകയുമായിരുന്നു. ജില്ലയിലെ എല്ലാ പോലീസ് സേനയെയും പ്രധാന സ്ഥലങ്ങളില്‍ വിന്യസിക്കുകയും തുടര്‍ന്ന് ഐഎസ്ബിടിയിലെയും റെയില്‍വേ സ്‌റ്റേഷനിലെയും സിസിടിവി വിശദമായി പരിശോധന നടത്തുകയുമായിരുന്നു. ഇതിനിടെ ഐഎസ്ബിടി ബസ് സ്റ്റാന്‍ഡിന് സമീപം പ്രതികളിലൊരാളുടെ ദൃശ്യങ്ങള്‍ പോലീസ് സംഘത്തിന് ലഭിച്ചു. ഇവര്‍ സഹാറന്‍പൂര്‍ - റുഡ്കി ഭാഗത്തേക്കുള്ള ബസില്‍ കയറി പോകുന്നതായും സിസിടിവിയില്‍ വ്യക്തമായി. പിന്നീട് പ്രതിയെ പോലീസ് സംഘം നിരന്തരം നിരീക്ഷിക്കുകയും ഈ ബസ് ചുത്മാല്‍പൂര്‍ കഴിഞ്ഞ് റുഡ്കിയിലെത്താന്‍ പോകുന്നുവെന്ന വിവരം ലഭിച്ചതോടെ റൂഡ്കി പോലീസുമായി ബന്ധപ്പെട്ട് ഹരിദ്വാര്‍ പോലീസും ഡെറാഡൂണ്‍ പോലീസും ചേര്‍ന്ന് ബസ് തടഞ്ഞുനിര്‍ത്തുകയും ഭാഷ മനസിലാക്കി മലയാളികളായ അഞ്ച് പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലില്‍, മലപ്പുറം മഞ്ചേരി സ്വദേശികളാണ് തങ്ങളെന്നും മഞ്ചേരി, പാണ്ടിക്കാട്, മമ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി ആളുകളില്‍ നിന്ന് ബിറ്റ്‌കോയിനില്‍ നിക്ഷേപത്തിലൂടെ ഏകദേശം 485 കോടി രൂപ അബ്ദുല്‍ ഷക്കൂര്‍ തട്ടിപ്പ് നടത്തിയതായി പ്രതികള്‍ വെളിപ്പെടുത്തി. ഇതിനായി ആസിഫ്, അര്‍ഷാദ്, മുനിഫ് എന്നിവരെ ഉള്‍പ്പെടുത്തി അബ്ദുല്‍ ഷക്കൂര്‍ ഒരു കോര്‍ ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഈ കോര്‍ ഗ്രൂപ്പിലെ ഓരോരുത്തരും തങ്ങളുടെ കീഴില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ചു.

ഇതില്‍ ആഷിക് തന്റെ അടുത്ത സുഹൃത്തുക്കളായ അഫ്താബ്, അന്‍സിഫ്, ഫറാസി, സുഹൈല്‍, അരവിന്ദ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് ടീം രൂപീകരിച്ചത്. ഇതിലൂടെ ഈ ടീം നിരവധി ആളുകളില്‍ നിന്ന് ബിറ്റ്‌കോയിനില്‍ നിക്ഷേപം നടത്താന്‍ പണം സ്വരൂപിച്ചിരുന്നു. നിക്ഷേപിച്ച പണം മുഴുവന്‍ പറഞ്ഞ ആളുകളിലൂടെ ശേഖരിച്ച് അബ്ദുല്‍ ഷുക്കൂറിലെത്തി. ഷുക്കൂറിന് ബിറ്റ്‌കോയിനില്‍ നഷ്ടം വന്നതോടെ നിക്ഷേപകരുടെ ചോദ്യങ്ങല്‍ സഹിക്കവയ്യാതെ അബ്ദുല്‍ ഷുക്കൂറും കമ്പനിയുടെ നാല് സഹകാരികളായ ആഷിക്, അര്‍ഷാദ്, മുനിഫ്, റെഹാബ് എന്നിവരും കേരളത്തില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്പ് മുങ്ങുകയും പലയിടങ്ങളിലായി താമസിച്ച് വരികയുമായിരുന്നു. ബിറ്റ്‌കോയിനില്‍ പണം നിക്ഷേപിച്ചവര്‍ കേരളത്തിലും പുറത്തുമായി കഴിഞ്ഞ കുറേ മാസങ്ങളായി ഷുക്കൂറിനെയും സംഘത്തെയും തേടിക്കൊണ്ടിരിക്കുകയായിരുന്നു.

ഇതിനിടെ ഷുക്കൂര്‍ ആഷിഖുമായി ബന്ധപ്പെട്ട് തന്റെ ബിറ്റ്‌കോയിന്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും സ്വന്തമായി ക്രിപ്‌റ്റോ കറന്‍സി സംരംഭം തുടങ്ങാനുള്ള പദ്ധതിയിലാണെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇത് തങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ഷുക്കൂര്‍ പറഞ്ഞതാണെന്നാണ് ചോദ്യം ചെയ്യലിനിടെ ആഷിഖ് വെളിപ്പെടുത്തിയത്.

ഷുക്കൂറിന് ബിറ്റ്‌കോയിന്‍ ബിസിനസില്‍ നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴും നൂറിലേറെ കോടിയുടെ ബിറ്റ്‌കോയിനുകള്‍ ഉണ്ടെന്ന് ആഷിഖിന് അറിയാമായിരുന്നു. ഇതേതുടര്‍ന്ന് ഷുക്കൂറിന്റെ കയ്യില്‍ നിന്നും എങ്ങനെയെങ്കിലും ബിറ്റ്‌കോയിന്റെ പാസ് വേഡ് സ്വന്തമാക്കാന്‍ ആഷിക്കും തന്റെ ഏജന്റുമാരായ അഫ്താബ്, അന്‍സിഫ്, ഫറാസി, സുഹൈല്‍, അരവിന്ദ് എന്നിവരും പദ്ധതിയിടുകയായിരുന്നു. പാസ് വേഡ് ലഭിച്ചാല്‍ ബിറ്റ്‌കോയിന്‍ രൂപത്തില്‍ നൂറുകണക്കിന് കോടി രൂപ തങ്ങളുടെ പക്കലാകുമെന്നും തങ്ങളുടെ പണം ഇതിലൂടെ ലഭിക്കുമെന്നും ഇവര്‍ കരുതി. ഇതിന് വേണ്ടി ഷുക്കൂറിനെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു.

ആഷിക്കിന്റെയും സഹപ്രവര്‍ത്തകരുടെയും പഴയ പരിചയക്കാരനും ഡെറാഡൂണില്‍ വിദ്യാര്‍ത്ഥിയുമായ യാസീനുമായി ഗൂഡാലോചന നടത്തിയ സംഘം ഷുക്കൂറിനെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു സ്ഥലം ഡെറാഡൂണില്‍ കണ്ടെത്താന്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഓഗസ്റ്റ് 12 നോ 13 നോ ആഷിക് അബ്ദുല്‍ ഷുക്കൂറിനെയും കൂട്ടി ഡെറാഡൂണിലെത്തി. കൂടെ റിഹാബ്, അര്‍ഷാദ്, മുനിഫ് എന്നിവരും ഉണ്ടായിരുന്നു. പദ്ധതി പ്രകാരം, യാസിന്‍ സുധോവാല പ്രേംനഗറില്‍ സ്ഥിതിചെയ്യുന്ന പങ്കജ് ഉനിയാല്‍ എന്നയാളുടെ വീട് ഇതിനായി കണ്ടെത്തി. ഓഗസ്റ്റ് 20ന് ഷുക്കൂറിനെ സംഘം ഈ വീട്ടിലെത്തിച്ചു. പിന്നീട് പദ്ധതിയെ കുറിച്ച് ഷുക്കൂറിന്റെ മറ്റ് മൂന്ന് കൂട്ടാളികളായ അര്‍ഷാദ്, മുനിഫ്, റിഹാബ് എന്നിവരെ അറിയിക്കുന്നത് സംബന്ധിച്ച് യാസീനുമായും മറ്റ് കൂട്ടാളികളായ അഫ്താബ്, ആസിഫ്, ഫറാസി, സുഹൈല്‍, അരവിന്ദ് എന്നിവരുമായി ആഷിക് ചര്‍ച്ച ചെയ്തു.

നേരത്തെയുള്ള പദ്ധതി പ്രകാരം ഷുക്കൂര്‍ കസ്റ്റഡിയിലായതോടെ ആഷിക്കിന്റെ മറ്റു കൂട്ടാളികളായ അഫ്താബ്, അന്‍സിഫ്, ഫറാസി, സൗഹൈല്‍, അരവിന്ദ് എന്നിവര്‍ 26ന് ഡല്‍ഹിയില്‍ നിന്നും ഡെറാഡൂണിലെത്തി. ഇതിനുശേഷം, യാസീനും ആസിഫും മറ്റു ടീമംഗങ്ങളും ചേര്‍ന്ന് ഷുക്കൂറിന്റെ കൂട്ടാളികളായ അര്‍ഷാദ്, മുനിഫ്, റിഹാബ് എന്നിവരോട് പദ്ധതിയെ കുറിച്ച് വിശദീകരിക്കുകയും എതിര്‍ക്കാതെ തങ്ങളോടൊപ്പം നില്‍ക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവരും സംഘത്തോടൊപ്പം ചേര്‍ന്നു.

ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട പാസ്‌വേഡ് ഷുക്കൂറില്‍ നിന്ന് സ്വന്തമാക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിന് വേണ്ടി എല്ലാവരും ചേര്‍ന്ന് അബ്ദുല്‍ ഷുക്കൂറിനെ മര്‍ദിക്കുകയും പാസ് വേഡ് ആവശ്യപ്പെടുകയും ചെയ്തു. ഇവരുടെ ക്രൂരമായ പീഡനത്തിനിരയായതോടെയാണ് ഷുക്കൂര്‍ മരിച്ചത്. ഈ സമയം പാസ് വേഡ് ഷുക്കൂര്‍ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഷുക്കൂറിന്റെ ജീവന്‍ നിലനിര്‍ത്തിയാലെ ബിറ്റ്‌കോയിന്‍ പാസ് വേഡ് ലഭിക്കൂവെന്ന് മനസിലായ സംഘം ഉടന്‍ തന്നെ ഷുക്കൂറിനെയും കൊണ്ട് ആദ്യം സിനര്‍ജി ആശുപത്രിയിലേക്കും പിന്നീട് മാക്‌സ് ഹോസ്പിറ്റലിലേക്കും കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ രണ്ട് ആശുപത്രികളില്‍ നിന്നും ചികിത്സിക്കാതെ തന്നെ ഷുക്കൂര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതുകയായിരുന്നു. ഇതോടെ ഷുക്കൂറിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു.

പോലീസ് നഗരം മുഴുവന്‍ വലവിരിച്ചതോടെ ഏതുനിമിഷവും തങ്ങള്‍ പിടിക്കപ്പെടും എന്ന ഭയം പ്രതികള്‍ക്കുണ്ടായിരുന്നു. പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാവരും റെയില്‍വേ ട്രാക്കിലൂടെ നടന്നാണ് ഐഎസ്ബിടി ബസ് സ്റ്റാന്‍ഡിലെത്തിയത്. യാസീന് ഈ വഴികളൊക്കെ നന്നായി അറിയാമായിരുന്നതിനാല്‍ ഇരുട്ടത്തും അധികം പ്രയാസപ്പെടാതെ ഊടുവഴിയിലൂടെ ബസ് സ്റ്റാന്‍ഡിലെത്താനായി. തുടര്‍ന്ന് ഇവിടെ നിന്ന് സഹാറന്‍പൂര്‍ വഴി ഡല്‍ഹിയിലേക്ക് പോകാനായി ബസില്‍ കയറുകയായിരുന്നു. ഇതിനിടെയാണ് ബസ് തടഞ്ഞ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Police, Student, Arrest, Hospital, CCTV,100 crores of cryptocurrencies were killed by the companions Abdul Shukoor; 5 Malappuram natives arrested