മലയാളികളടക്കമുള്ള വ്യാപാരികള്‍ക്ക് സന്തോഷ വാര്‍ത്ത; യു എ ഇയില്‍ ട്രേഡ് മാര്‍ക്ക്, പേറ്റന്റ്, കോപ്പിറൈറ്റ് രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ക്കായി ഒടുക്കേണ്ട തുക ഒഴിവാക്കി, ചിലതില്‍ കുറവ് വരുത്തി

സുബൈര്‍ പള്ളിക്കാല്‍, ഷാര്‍ജ

അബൂദാബി: (www.kvartha.com 31.07.2019) യു എ ഇയിലെ മലയാളികളക്കമുള്ള വ്യാപാരികള്‍ക്കൊരു സന്തോഷവാര്‍ത്ത. യു എ ഇ സാമ്പത്തിക മന്ത്രാലയത്തിന് കീഴില്‍ വരുന്ന ട്രേഡ് മാര്‍ക്ക്, പേറ്റന്റ്, കോപ്പിറൈറ്റ് എന്നീ രജിസ്‌ട്രേഷന്‍ സേവനങ്ങളുടെ ഫീസുകളില്‍ ഇളവ് വരുത്തുകയും പല സേവനങ്ങളുടെയും ഫീസുകള്‍ ഒഴിവാക്കുകയും ചെയ്തു. യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയുമായ ഹിസ് ഹൈനസ് ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഒപ്പുവെച്ച ഉത്തരവിലൂടെയാണ് പുതുതായി കുറച്ചിട്ടുള്ള ഫീസുകളും ഒഴിവാക്കിയ ഫീസുകളും നിലവില്‍ വന്നത്.

115 സേവനങ്ങള്‍ക്കാണ് ഇത് ബാധകമാവുക. ഇതില്‍ 61 പേറ്റന്റ് രജിസ്‌ട്രേഷന്‍, 15 ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍, 14 ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സ്, ഒമ്പത് കൊമേഴ്ഷിയല്‍ രജിസ്‌ട്രേഷന്‍, ഒമ്പത് ഓഡിറ്റിംഗ് അക്കൗണ്ട്, അഞ്ച് കൊമേഴ്ഷിയല്‍ ഏജന്‍സീസ്, രണ്ട് ഇന്റലെക്ച്വല്‍ പ്രോപര്‍ട്ടി സര്‍വീസസ് എന്നീ സേവനങ്ങളുടെ ഫീസുകളാണ് ഉള്‍പ്പെടുന്നത്. റദ്ദാക്കിയ സേവനങ്ങളുടെ ഫീസ് 100 മുതല്‍ 5000 ദിര്‍ഹംസ് വരെയാണ്.

ചെറുകിട വ്യാപാരികള്‍ പോലും ബ്രാന്‍ഡിംഗ് ബിസിനസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയത്താണ് ബ്രാന്‍ഡ് നെയിം രജിസ്‌ട്രേഷന്‍ നടത്താന്‍ ഉണ്ടായിരുന്ന ഫീസില്‍ 33 ശതമാനത്തോളം കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫീസിളവ് മുതലെടുത്ത് കൂടുതല്‍ പേര്‍ സ്വന്തം ബ്രാന്‍ഡ് നെയിം രജിസ്‌ട്രേഷന്‍ നടത്താന്‍ മുന്നോട്ട് വരികയും ബിസിനസിന് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വലിയ- ഇടത്തരം വ്യാപാരങ്ങളും ചെറുകിട സംരഭങ്ങളും നടത്തുന്ന തദ്ദേശീയര്‍ക്കും വിദേശീയരായ വ്യാപാര ഉടമകള്‍ക്കും വ്യാപാര, നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ചെലവ് കുറയുമെന്നതിനാല്‍ പുതിയ ഭേദഗതികള്‍ രാജ്യത്തെ ബിസിനസ് സമൂഹത്തിന് ഉത്തേജനം നല്‍കുമെന്ന് സാമ്പത്തിക കാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, യു എ ഇയെ പ്രിയപ്പെട്ട നിക്ഷേപ രാഷ്ട്രമായി പ്രോത്സാഹിപ്പിക്കുന്നതിനും, ഫെഡറല്‍, പ്രാദേശിക സര്‍ക്കാരുകള്‍ തീരുമാനിച്ച നയങ്ങളുടെയും തീരുമാനങ്ങളുടെയും ഭാഗമായിട്ടാണ് പുതിയ തീരുമാനം. അതുവഴി സാമ്പത്തിക വളര്‍ച്ചയെ പിന്തുണക്കുകയും ആഗോള മത്സര സൂചികകളില്‍ റാങ്കിംഗ് മുന്നേറ്റമുണ്ടാക്കുകയുമാണ് യു എ ഇ യുടെ ലക്ഷ്യം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gulf, Trending, World, UAE, Business, List of business service fees cancelled by UAE's Ministry of Economy
  < !- START disable copy paste -->
Previous Post Next Post