സൈബര്‍ ഭീകരവാദം മുതല്‍ വിദേശരാജ്യത്ത് ഇന്ത്യക്കാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ വരെ അന്വേഷിക്കാം; മുസ്ലിം ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് എന്‍ഐഎക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ടുള്ള അമിത് ഷായുടെ സ്വപ്‌ന ബില്‍ പാസായത് അന്വേഷണ ഏജന്‍സികള്‍ക്ക് മൂക്കുകയറിടുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞ കോണ്‍ഗ്രസിന്റെ പിന്തുണയോടെ, ബില്ലിനെതിരെ വ്യാപക പ്രതിഷേധം

സൈബര്‍ ഭീകരവാദം മുതല്‍ വിദേശരാജ്യത്ത് ഇന്ത്യക്കാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ വരെ അന്വേഷിക്കാം; മുസ്ലിം ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് എന്‍ഐഎക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ടുള്ള അമിത് ഷായുടെ സ്വപ്‌ന ബില്‍ പാസായത് അന്വേഷണ ഏജന്‍സികള്‍ക്ക് മൂക്കുകയറിടുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞ കോണ്‍ഗ്രസിന്റെ പിന്തുണയോടെ, ബില്ലിനെതിരെ വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: (www.kvartha.com 18.07.2019) സൈബര്‍ ഭീകരവാദം മുതല്‍ വിദേശരാജ്യത്ത് ഇന്ത്യക്കാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ വരെ എന്‍ഐഎയ്ക്ക് അന്വേഷിക്കാനുള്ള കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ഭേദഗതി ബില്‍ ഇരുസഭകളിലും പാസായി. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ ദുരുപയോഗം ചെയ്യപ്പെടുമെന്നു ഭയക്കുന്ന ബില്ലിലെ ഭേദഗതിക്കെതിരെ സഭയില്‍ ചൂടേറിയ ചര്‍ച്ച നടന്നെങ്കിലും വോട്ടെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഡിഎംകെയുമടക്കമുള്ള കക്ഷികള്‍ എതിര്‍പ്പ് രേഖപ്പെടുത്താന്‍ തയ്യാറായില്ല. മുസ്ലിം ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് എന്‍ഐഎക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് അമിത് ഷാ അവതരിപ്പിച്ച ബില്ലിന് കോണ്‍ഗ്രസ് പിന്തുണച്ച് വോട്ട് ചെയ്തു. അന്വേഷണ ഏജന്‍സികള്‍ക്ക് മൂക്കുകയറിടുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ബില്‍ പാസായതില്‍ നിന്നും കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് വെളിവായി.

മുസ്ലിം ലീഗ് എംപിമാരും ബില്ലിനെ എതിര്‍ത്തില്ല. കുഞ്ഞാലിക്കുട്ടിയും ഇടിയുമടക്കമുള്ള എംപിമാര്‍ വോട്ട് ചെയ്യാതെ മാറിനില്‍ക്കുകയായിരുന്നു. വെറും ആറുപേര്‍ മാത്രമാണ് ലോക്‌സഭയില്‍ പാസായപ്പോള്‍ എതിര്‍ത്തു വോട്ട് ചെയ്തത്. ആറിനെതിരേ 278 വോട്ടുകള്‍ക്കാണ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായിരുന്നത്. കേരളത്തില്‍ നിന്ന് സിപിഎം എംപി ആരിഫ് മാത്രമാണ് എതിര്‍ത്തു വോട്ട് ചെയ്തത്. അതേസമയം ബില്ലിനെതിരേ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതി ബില്ലുകളില്‍ സാധാരണഗതിയില്‍ വോട്ടെടുപ്പ് നടക്കാറില്ല. ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദില്‍ മുസ്ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടതോടെയാണ് വോട്ടെടുപ്പ് ആവാമെന്ന് അമിത് ഷാ വ്യക്തമാക്കിയത്. വോട്ടെടുപ്പ് നടന്നാല്‍ ആരൊക്കെ ഭീകരതക്കെതിരെ നിലപാടെടുക്കുന്നു, ആരൊക്കെ ഒപ്പം നില്‍ക്കുന്നു എന്ന് വ്യക്തമാകുമെന്നും അമിത് ഷാ പറഞ്ഞു. ഇതോടെയാണ് കോണ്‍ഗ്രസും ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസുമടക്കമുള്ള പാര്‍ട്ടികള്‍ മാറിനിന്നത്.

നിലവിലെ അന്വേഷണ പരിധിയിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് പുറമെ മനുഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിത ആയുധങ്ങളുടെ വില്‍പന, സൈബര്‍ ഭീകരവാദം തുടങ്ങിയ സംഭവങ്ങള്‍ കൂടി അന്വേഷിക്കാനുള്ള അധികാരവും നിലവിലെ നിയമസംവിധാനങ്ങളെ മറികടന്ന് പ്രത്യേക വിചാരണാ കോടതികളെ നേരിട്ട് നിയമിക്കാനുള്ള സംവിധാനവും എന്‍ഐഎക്ക് നല്‍കുന്നതാണ് പുതിയ ഭേദഗതി. പുറംരാഷ്ട്രങ്ങളില്‍ ഇന്ത്യക്കാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനുള്ള അധികാരവും ബില്‍ നിയമമാവുന്നതിലൂടെ എന്‍ഐഎക്ക് കൈവരും. ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരെ പ്രത്യേകിച്ചും മുസ്ലിംകളെ വ്യാജകേസുകളില്‍ കുടുക്കുകയും വിചാരണാ തടവുകാരായി ജയിലിലടച്ച് വര്‍ഷങ്ങള്‍ പാഴാക്കുകയും ചെയ്യുന്നു എന്ന ആരോപണം എന്‍ഐഎക്കെതിരെ നിലനില്‍ക്കുമ്പോഴാണ് അമിത് ഷാ പുതിയ ഭേദഗതിയുമായി രംഗത്തുവന്നത്.

വ്യക്തിസ്വാതന്ത്ര്യവും പൗരന്റെ അന്തസും ഹനിക്കുന്ന നിയമങ്ങള്‍ റദ്ദാക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യുമെന്നായിരുന്നു ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് പുറത്തിറക്കിയ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിരുന്നത്. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന നിയമങ്ങള്‍ ഇല്ലാതാക്കുമെന്ന് പറഞ്ഞാണ് ന്യൂനപക്ഷങ്ങളോട് വോട്ട് ചോദിച്ചത്.

അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനുമടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ സ്വതന്ത്രാധികാരങ്ങള്‍ സിആര്‍പിസി നിയമത്തിനും ഇന്ത്യന്‍ തെളിവ് നിയമത്തിനും അധിഷ്ഠതമാക്കി നിയന്ത്രിക്കും. ഇവയിലൂടെ അനധികൃത തടവ് ഇല്ലാതെക്കുമെന്നും പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. എന്നാല്‍ മുസ്ലിംകളെ വേട്ടയാടാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൂടുതല്‍ അധികാരം നല്‍കുന്ന ഭേദഗതി ബില്‍ ലോക്‌സഭയില്‍ വോട്ടിനിട്ടപ്പോള്‍ ബില്ലിനെ എതിര്‍ക്കാതെ പിന്തുണച്ച കോണ്‍ഗ്രസ് നിലപാടിലെ ഇരട്ടത്താപ്പും സോഷ്യല്‍ മീഡിയയിലടക്കം വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം എന്‍ഐഎ ഭേദഗതി ബില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയോ വിട്ടുനില്‍ക്കുകയോ വേണമെന്ന് എംപിമാരില്‍ ഒരു വിഭാഗം വാദിച്ചപ്പോള്‍, ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്യണമെന്നായിരുന്നു കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ നിലപാട്. കെ മുരളീധരന്‍, ബെന്നി ബെഹനാന്‍ തുടങ്ങി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ എതിര്‍ത്തെങ്കിലും കോണ്‍ഗ്രസ് അതൊന്നും വകവെച്ചില്ല. തുടര്‍ന്ന് വോട്ടെടുപ്പിനു തൊട്ടുമുമ്പ് കേരളത്തില്‍ നിന്നുള്ള കെ മുരളീധരനും ആന്റോ ആന്റണിയും അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് പുറത്തുപോവുകയായിരുന്നു.Keywords: Kerala, New Delhi, News, NIA, CPM, Congress, BJP, Lok Sabha, Adhir Ranjan Chowdhury prevails over Kerala MPs’ objections on NIA voting

ad