Follow KVARTHA on Google news Follow Us!
ad

അമേരിക്കയിലെ മികച്ച 100 സിഇഒമാരുടെ പട്ടികയില്‍ മലയാളിയും

അമേരിക്കയിലെ മികച്ച 100 സിഇഒമാരുടെ പട്ടികയില്‍ മലയാളിയും. നിരവധി രാജ്യങ്ങളില്‍ നൂതന News, Thiruvananthapuram, Kerala, America,CEO,
തിരുവനന്തപുരം:(www.kvartha.com 30/06/2019) അമേരിക്കയിലെ മികച്ച 100 സിഇഒമാരുടെ പട്ടികയില്‍ മലയാളിയും. നിരവധി രാജ്യങ്ങളില്‍ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ സാമൂഹ്യമാറ്റത്തിന് വഴിയൊരുക്കിയ മലയാളിയായ സാജന്‍ പിള്ളയാണ് അമേരിക്കയിലെ ഇക്കൊല്ലത്തെ മികച്ച നൂറു സിഇഒമാരിലൊരാളായി തെരഞ്ഞെടുക്കപ്പെട്ടത്. തൊഴില്‍നിയമന മേഖലയില്‍ ലോകത്തെ ഏറ്റവും പ്രശസ്ത സ്ഥാപനങ്ങളിലൊന്നായ ഗ്ലാസ്‌ഡോര്‍ ആണ് മികച്ച സിഇഓമാരുടെ പട്ടിക തയ്യാറാക്കിയത്.

 News, Thiruvananthapuram, Kerala, America,CEO, UST Global’s Sajan Pillai among top 100 CEOs chosen for Glassdoor Award


കാലിഫോര്‍ണിയയിലെ അലിസോ വീയേഹോ ആസ്ഥാനവും കേരളത്തില്‍ ആഴത്തിലുള്ള വേരുകളുമുള്ള യുഎസ്ടി ഗ്ലോബല്‍ (യുഎസ്ടി) എന്ന ഐടി സ്ഥാപനത്തില്‍ നിന്ന് ഈയിടെ സ്ഥാനമൊഴിഞ്ഞ സിഇഒയാണ് സാജന്‍ പിള്ള. ഗ്ലാസ്‌ഡോര്‍ പട്ടികയില്‍ അന്‍പത്തിയാറാം സ്ഥാനത്താണ് അദ്ദേഹം. ലോകമെങ്ങും അറിയപ്പെടുന്ന മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ലിങ്ക്ഡ്ഇന്‍, അഡോബി, ലൊറിയല്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ഇന്ത്യന്‍ വംശജരടക്കമുള്ള സിഇഒമാരാണ് പട്ടികയിലുള്ളത്.

ഈ സ്ഥാപനങ്ങളിലെ വിവിധ മേഖലകളിലുള്ള ജീവനക്കാരാണ് നേതൃപാടവം, ഉള്‍ക്കാഴ്ച, തൊഴില്‍ അന്തരീക്ഷം തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തി ഗ്ലാസ്‌ഡോറിനുവേണ്ടി മികച്ച നൂറു സിഇഒമാരെ എംപ്ലോയീസ് ചോയ്‌സ് അവാര്‍ഡിനുവേണ്ടി തെരഞ്ഞെടുക്കുന്നത്. തങ്ങളുടെ പേരു പറയാതെയാണ് ജീവനക്കാര്‍ ഈ വിലയിരുത്തല്‍ നടത്തുന്നത്.
വിഎംവെയറിന്റെ സിഇഒ പാറ്റ് ഗെല്‍സിങര്‍ ആണ് ഒന്നാം സ്ഥാനത്ത്. മറ്റ് ആഗോള ബ്രാന്‍ഡുകളായ അഡോബിയുടെ ശന്തനു നാരായണ്‍, മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ല, മക്കന്‍സിയുടെ കെവിന്‍ സ്‌നീഡര്‍, ലിങ്ക്ഡ്ഇനിന്റെ ജെഫ് വീനര്‍, ബെസ്റ്റ് ബൈയുടെ ഹ്യൂബര്‍ട്ട് ജോളി തുടങ്ങിയവര്‍ ആദ്യ പത്ത് പേരില്‍ പെടുന്നു.

ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചായ് (46), ഏണസ്റ്റ് ആന്‍ഡ് യംഗ് സിഇഒ മാര്‍ക്ക് വൈന്‍ബെര്‍ജര്‍ (48), ടൊയോട്ട അമേരിക്കയുടെ അകിയോ ടൊയോഡ (50) തുടങ്ങിയ പ്രമുഖരാണ് സാജന്‍ പിള്ളയ്ക്ക് മുന്നിലുള്ളത്. ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തൊട്ടുമുകളിലുണ്ട്. പ്രശസ്ത ഹോട്ടല്‍ ശൃംഖലയായ ഹയാട്ടിന്റെ സിഇഒ മാര്‍ക്ക് എസ് ഹോപ്ലമാസിയന്‍, എന്‍ബിസി മേധാവി സ്റ്റീഫന്‍ ബി ബര്‍ക്ക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിഇഒ അലക്‌സ് ഗോര്‍സ്‌കി, ആപ്പിള്‍ സിഇഒ ടിം കുക്ക് തുടങ്ങിയവരെ പിന്തള്ളിയാണ് സാജന്‍ പിള്ള പട്ടികയില്‍ ഈ സ്ഥാനത്തെത്തിയത്. ബ്ലൂംബര്‍ഗ്, കെപിഎംജി, ഹില്‍ട്ടണ്‍, മെര്‍ക്ക്, വീസ, നൈക്കി, അമേരിക്കന്‍ എക്‌സ്പ്രസ് തുടങ്ങി ലോകമെങ്ങും അറിയപ്പെടുന്ന ബ്രാന്‍ഡുകളുടെ മേധാവിമാരില്‍ പലരും സാജന്‍ പിള്ളയ്ക്കു പിന്നിലാണ്.

പതിനാലു ജീവനക്കാരുമായി തുടങ്ങി 19 വര്‍ഷത്തിനുള്ളില്‍ 21 രാജ്യങ്ങളിലായി പതിനയ്യായിരത്തിലേറെ ജീവനക്കാരുള്ള മഹത്തായ സ്ഥാപനമായി മാറിയ യുഎസ്ടി ഗ്ലോബലിന്റെ ഈ വളര്‍ച്ചയില്‍ പ്രമുഖ സ്ഥാനമാണ് സാജന്‍ പിള്ളയ്ക്കുള്ളത്. കേരളത്തിലെ ആദ്യ യൂണികോണ്‍ സ്ഥാപനമാണ് യുഎസ്ടി. ഈ ഉയര്‍ച്ചയ്‌ക്കൊപ്പം യുഎസ്ടിയില്‍ നൂതനത്വവും സുതാര്യതയും മികച്ച തൊഴില്‍ സംസ്‌കാരവും സാജന്‍ പിള്ളയ്ക്ക് കൊണ്ടുവരാന്‍ കഴിഞ്ഞുവെന്ന് ഗ്ലാസ്‌ഡോര്‍ വിലയിരുത്തുന്നു. സ്ഥാനമൊഴിഞ്ഞെങ്കിലും കമ്പനിയുടെ ഡയറക്ടറായി അദ്ദേഹം തുടരുന്നുണ്ട്. ഫോര്‍ച്യൂണ്‍ 500 ലെ സ്ഥാപനങ്ങളടക്കം ലോകത്തിലെ ആയിരത്തോളം പ്രമുഖ കമ്പനികള്‍ക്ക് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്ങും ഡിജിറ്റല്‍ സേവനവും നല്‍കുന്നത് യുഎസ്ടിയാണ്. തിരുവനന്തപുരമാണ് യുഎസ്ടിയുടെ ഇന്ത്യയിലെ പ്രധാന കേന്ദ്രം.

തിരുവനന്തപുരം ഗവ എന്‍ജിനീയറിംഗ് കോളജില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദമെടുത്ത സാജന്‍ ഇന്ത്യയില്‍ സോഫ്റ്റ്‌ടെക് സിസ്റ്റംസ് എന്ന സ്ഥാപനത്തിനു തുടക്കമിട്ടു. അമേരിക്കയിലെ പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനികളായ എംസിഐ ടെലികമ്യൂണിക്കേഷന്‍സ്, ടാനിങ് സിസ്റ്റംസ് എന്നിവയില്‍ പ്രധാന പദവികള്‍ വഹിച്ച ശേഷമാണ് യുഎസ്ടിയിലെത്തുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ അദ്ദേഹം കാലിഫോര്‍ണിയ സയന്‍സ് സെന്റര്‍, ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്ക്, മെക്‌സിക്കോയിലെ സെന്‍ട്രോ ഫോക്‌സ്, പീസ് വണ്‍ഡേ എന്നിവയുടെ ബോര്‍ഡംഗമാണ്. ഇന്റര്‍നെറ്റ് കമ്പ്യൂട്ടിങ്, ഡേറ്റാ സിസ്റ്റം എന്നിവയില്‍ നിരവധി പേറ്റന്റുകളും അദ്ദേഹത്തിന് സ്വന്തമായുണ്ട്. തൊഴില്‍ പരിശീലനത്തിനുള്ള സ്‌റ്റെം കണക്ടര്‍ എന്ന പ്രമുഖ അമേരിക്കന്‍ സ്ഥാപനം അദ്ദേഹത്തെ 100 മികച്ച സിഇഒമാരിലൊരാളായി തെരഞ്ഞെടുത്തിരുന്നു. സ്‌റ്റെം ഡൈവേഴ്‌സിറ്റി കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹം അമേരിക്കയിലെ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ആയിരം വനിതകള്‍ക്ക് ഐടി പരിശീലനം നല്‍കിയത് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു.

സ്ഥാപനങ്ങളെയും ജീവനക്കാരെയും വിലയിരുത്തി തൊഴില്‍ നേടാനും നിയമനം നടത്താനും സഹായിക്കുന്ന സ്ഥാപനമാണ് ഗ്ലാസ്‌ഡോര്‍. 190 രാജ്യങ്ങളിലെ പത്തു ലക്ഷത്തോളം കമ്പനികളാണ് ഗ്ലാസ്‌ഡോറിന്റെ ഈ പട്ടികയിലുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, America,CEO, UST Global’s Sajan Pillai among top 100 CEOs chosen for Glassdoor Award