ക്ലാസില്‍ പോകാത്തതിനെ മാതാപിതാക്കള്‍ ചോദ്യം ചെയ്തു; മനംനൊന്ത വിദ്യാര്‍ത്ഥിയെ പിന്നീട് കണ്ടെത്തിയത് റെയില്‍വെ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ക്ലാസില്‍ പോകാത്തതിനെ മാതാപിതാക്കള്‍ ചോദ്യം ചെയ്തു; മനംനൊന്ത വിദ്യാര്‍ത്ഥിയെ പിന്നീട് കണ്ടെത്തിയത് റെയില്‍വെ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കോന്നി: (www.kvartha.com 13.06.2019) ക്ലാസില്‍ പോകാത്തതിനെ മാതാപിതാക്കള്‍ ചോദ്യം ചെയ്തതില്‍ മനംനൊന്ത വിദ്യാര്‍ത്ഥിയെ പിന്നീട് റെയില്‍വെ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ഇളകൊള്ളൂര്‍ പുത്തന്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പയ്യനാമണ്‍ അടവിക്കുഴി വടക്കേക്കര വീട്ടില്‍ ഷാജി-സുധാമണി ദമ്പതികളുടെ മകന്‍ ഹിരണ്‍ ഷാജി (ആരോമല്‍-18) യെയാണ് കോട്ടയത്ത് റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇളകൊള്ളൂര്‍ മന്നം മെമ്മോറിയല്‍ ഐ.ടി.ഐയില്‍ ഇലക്ട്രോണിക്സ് വിദ്യാര്‍ഥിയാണ് ഹിരണ്‍. ചൊവ്വാഴ്ച വൈകുന്നേരം ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ ഹിരണിനെ വീട്ടുകാര്‍ ശാസിച്ചിരുന്നു. അന്ന് ഹിരണ്‍ ഐ.ടി.ഐയില്‍ പോയിരുന്നില്ലെന്നു പറഞ്ഞായിരുന്നു വീട്ടുകാര്‍ ശകാരിച്ചത്. എന്നാല്‍ താന്‍ ഐ.ടി. ഐ യില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് ഹിരണ്‍ വാശിപിടിച്ചു.

Students dead body found in railway track, News, Local-News, Railway Track, Dead Body, Parents, Police, Kerala

തുടര്‍ന്ന് വൈകിട്ട് നാലുമണിയോടെ വീട്ടിലെത്തിയ ഹിരണ്‍ ബാഗും, മൊബൈല്‍ ഫോണും വീട്ടില്‍ വച്ച ശേഷം പുറത്തേക്ക് പോയി. പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ വീട്ടുകാര്‍ ഹിരണിനെ കാണാതായതായി കാണിച്ച് പോലീസില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് ഹിരണിന്റെ ഫോട്ടോ ഉള്‍പ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് സന്ദേശം കൈമാറി. രാത്രി 11.30 മണിയോടെയാണ് കോട്ടയം-ഏറ്റുമാനൂര്‍ പാതയില്‍ ഒരു കിലോമീറ്റര്‍ ദൂരത്തായുള്ള തേക്കുപാലത്ത് ട്രാക്കില്‍ ഹിരണിന്റെ മൃതദേഹം റെയില്‍വേ പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസില്‍ വിവരം അറിയിച്ചു.

ഇവിടെ നിന്ന് അറിയിച്ചതനുസരിച്ച് കോന്നിയില്‍ നിന്നും എത്തിയ പോലീസ് സംഘവും, ബന്ധുക്കളും മൃതദേഹം തിരിച്ചറിയുകയായിരുന്നു. പോലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി പത്തനംതിട്ടയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്ക് പയ്യനാമണ്‍ വടക്കേക്കര വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തും. സഹോദരി: ഹരിത (ഡെല്‍ഹി).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Students dead body found in railway track, News, Local-News, Railway Track, Dead Body, Parents, Police, Kerala.
ad