സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് 12 വയസുകാരന് ദാരുണാന്ത്യം, അപകടം ചാര്‍ജ് ചെയ്തുകൊണ്ട് ഗെയിം കളിക്കുന്നതിനിടെയെന്ന് വിവരം

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് 12 വയസുകാരന് ദാരുണാന്ത്യം, അപകടം ചാര്‍ജ് ചെയ്തുകൊണ്ട് ഗെയിം കളിക്കുന്നതിനിടെയെന്ന് വിവരം

ഭോപ്പാല്‍: (www.kvartha.com 06.05.2019) സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് 12 വയസുകാരന്‍ ദാരുണമായി മരിച്ചു. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ബദ്‌നാവാറില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ലിഖേദി ഗ്രാമത്തിലാണ് സംഭവം. നന്ദു സിങ്കര്‍ എന്നയാളുടെ മകന്‍ ലേഖന്‍ (12) ആണ് മരിച്ചത്.

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ട് കുട്ടി ഗെയിം കളിക്കുകയായിരുന്നുവെന്നാണ് വിവരം. മൊബൈല്‍ ഫോണിന്റെ ബാറ്ററിയും ചാര്‍ജറും സ്വിച്ച് ബോര്‍ഡും പൊട്ടിത്തെറിച്ച നിലയിലായിരുന്നു. പൊട്ടിത്തെറിക്ക് ശേഷം കുട്ടി ബോധരഹിതനായി കിടക്കുകയായിരുന്നു. ഫോണിന്റെയും ചാര്‍ജറിന്റെയും സ്വിച്ച് ബോര്‍ഡിന്റെയും അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറി കിടക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

ഞങ്ങള്‍ പെട്ടെന്ന് ഒരു ഉഗ്രശബ്ദം കേട്ടു. ഇത് സ്‌ഫോടനമാണെന്ന് ചിലര്‍ പറഞ്ഞു. ഞങ്ങള്‍ ഉടനെ വീട്ടിനകത്തേക്ക് കയറി നോക്കിയപ്പോള്‍ കുട്ടി ബോധരഹിതനായി താഴെ വീണുകിടക്കുന്നതാണ് കണ്ടത്. സ്വിച്ച് ബോര്‍ഡിന്റെ അവശിഷ്ടങ്ങളും സമീപത്ത് ചിതറിക്കിടക്കുന്നുണ്ടായിരുന്നു. കുട്ടിയുടെ ഒരു ബന്ധു പറഞ്ഞു.

കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണം സ്ഥിരീകരിച്ചതോടെ തുടര്‍ നടപടികള്‍ക്ക് ശേഷം ലേഖന്റെ മൃതദ്ദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.Keywords: India, News, Bhoppal, Madhya pradesh, National, Smart Phone, Smartphone battery explodes while charging in Madhya Pradesh, kills 12-year old

ad