Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ സുധാകരന്‍ എ ഗ്രൂപ്പിനെ കക്ഷത്തിലാക്കി; ചെന്നിത്തലയെ വിട്ട് ഉമ്മന്‍ചാണ്ടി പുതിയ ദൈവം; കളമറിഞ്ഞ് കളിച്ച് ഉമ്മന്‍ചാണ്ടി, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭായി ഭായി

കണ്ണൂരില്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ ബഹുഭൂരിപക്ഷം പേരും ഐ ഗ്രൂപ്പ് വിടുന്നു. നിലവില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന ഗ്രൂപ്പിലാണ് കെ സുKerala, Kannur, Ramesh Chennithala, News, Congress, UDF, Lok Sabha, Election, Oommen Chandy group helps K Sudhakaran in LS Election
കണ്ണൂര്‍: (www.kvartha.com 15.06.2019) കണ്ണൂരില്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ ബഹുഭൂരിപക്ഷം പേരും ഐ ഗ്രൂപ്പ് വിടുന്നു. നിലവില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന ഗ്രൂപ്പിലാണ് കെ സുധാകരനും സംഘവും നിലകൊള്ളുന്നത്. എന്നാല്‍ ചെന്നിത്തലയോട് അനുഭാവം കാണിക്കുമ്പോഴും സ്വന്തമായി ഒരു ഗ്രൂപ്പ് പാര്‍ട്ടിക്കുള്ളില്‍ സുധാകരന്‍ സൃഷ്ടിച്ചിട്ടുണ്ട്.

ഐഎന്‍ടിയുസി നേതാവ് കെ സുരേന്ദ്രന്‍, സണ്ണിജോസഫ് എംഎല്‍എ, കെ പ്രമോദ്, റിജില്‍ മാക്കുറ്റി തുടങ്ങിയവരാണ് ഈ ഗ്രൂപ്പിലെ പ്രധാനികള്‍. എ ഗ്രൂപ്പില്‍ നിന്നും സതീശന്‍ പാച്ചേനിയെ അടര്‍ത്തിയെടുത്ത് ഡിസിസി അധ്യക്ഷനാക്കിയതോടെ കണ്ണൂരിലെ ഗ്രൂപ്പ് ബലാബലത്തില്‍ മേല്‍ കൈ നേടാന്‍ സുധാകരനായി.

പടനയിക്കാന്‍ കെ സി മാത്രം

മുന്‍മന്ത്രി കെ പി നൂറുദ്ദീന്റെ മരണത്തിനു ശേഷം കണ്ണൂരിലെ എ ഗ്രൂപ്പിനെ നയിച്ചത് കെപിസിസി ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണനായിരുന്നു. ഡിസിസി അധ്യക്ഷന്‍ കൂടിയായിരുന്ന പി ആറിനെ ഡിസിസി ഓഫിസില്‍ പോലും കയറാന്‍ സുധാകരവിഭാഗം അനുവദിച്ചില്ല. തുടര്‍ന്ന് ഡിസിസി പിടിച്ചെടുത്ത സുധാകരന്‍ തന്റെ വിശ്വസതനായ കെ സുരേന്ദ്രനെ പ്രസിഡന്റാക്കി. സുരേന്ദ്രനു ശേഷം എ ഗ്രൂപ്പില്‍ നിന്നും ചാടിച്ച സതീശന്‍ പാച്ചേനിയെ ഡിസിസി അധ്യക്ഷനാക്കുകയും ചെയ്തു.

പക്ഷാഘാതത്തെ തുടര്‍ന്ന് പി രാമകൃഷ്ണന്‍ ചികിത്സയിലായതോടെ കണ്ണൂരിലെ എ ഗ്രൂപ്പിന്റെ നട്ടെല്ലൊടിഞ്ഞു. സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇരിക്കൂര്‍ എംഎല്‍എ കെ സി ജോസഫിന് കണ്ണൂരിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ സമയവും ലഭിച്ചില്ല. ഇതോടെ സി രഘുനാഥിലും സോണി സെബാസ്റ്റിയനിലും എ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളൊതുങ്ങി.

കളമറിഞ്ഞ് കളിച്ച് ഉമ്മന്‍ചാണ്ടി

എ പി അബ്ദുല്ലക്കുട്ടിക്ക് സീറ്റു നല്‍കാത്ത വിഷയത്തില്‍ ചെന്നിലത്തലയുമായി തെറ്റിയ കെ സുധാകരന്‍  വിശാല ഐ ഗ്രൂപ്പിന്റെ അസ്ഥിവാരമിളക്കി. കണ്ണൂരില്‍ സ്വന്തമായൊരു ഐ ഗ്രൂപ്പിനു നേതൃത്വം നല്‍കിയ സുധാകരന്‍ ചെന്നിത്തലയുടെയും അഖിലേന്ത്യാനേതാവായ കെ സി വേണുഗോപാലിന്റെയും ഇടപെടല്‍ തടഞ്ഞു. ഇതോടെ ഉമ്മന്‍ചാണ്ടി അവസരം മണത്തറിഞ്ഞ് സുധാകരനുമായി ധാരണയിലെത്തി.

പഴയതുപോലെ ഗ്രൂപ്പ് വൈര്യം ഇപ്പോള്‍ സുധാകരനുമായി എ ഗ്രൂപ്പ് വെച്ചു പുലര്‍ത്തുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ പിന്‍തുണയോടെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റാവാനും സുധാകരനു കഴിഞ്ഞു. എന്നാല്‍ ബദ്ധശത്രുവായ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്റെ തലയ്ക്കു മീതേ കെപിസിസി പ്രസിഡന്റായതു സുധാകരന് ഇനിയും ദഹിച്ചിട്ടില്ല. ഈക്കാര്യത്തില്‍ ചെന്നിത്തല തന്നെ സഹായിച്ചില്ലെന്ന പരാതി ശക്തമായതോടെയാണ് എ വിഭാഗവുമായി മമത തുടങ്ങിയത്.


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭായി ഭായി

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് സുധാകരനു പാരപണിയാന്‍ തയാറാകാത്തത് ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക നിര്‍ദേശം കാരണമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ഗ്രൂപ്പുപോരിന് തടസമുണ്ടാക്കി. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയായ ഇരിക്കൂര്‍, ശ്രീകണ്ഠാപുരം, പയ്യാവൂര്‍, പേരാവൂര്‍, ഇരിട്ടി, മട്ടന്നൂര്‍ എന്നിവടങ്ങളില്‍ എ ഗ്രൂപ്പിനു കോണ്‍ഗ്രസിന്റെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കാനുള്ള കരുത്തുണ്ട്. എന്നാല്‍ ഇക്കുറി സുധാകരനു വേണ്ടി കളത്തിലിറങ്ങാനും വിയര്‍പ്പൊഴുക്കി പണിയെടുക്കാനും എ ഗ്രൂപ്പുകാര്‍ തയാറായി.

ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം കെ സി ജോസഫ് എംഎല്‍എയാണ് ഐക്യത്തിനായി പ്രവര്‍ത്തിച്ചത്. ഇതോടെ പഴയ എ ഗ്രൂപ്പുകാരുമായി ശത്രുതവേണ്ടെന്ന നിലപാടിലേക്ക് സുധാകരനും സംഘവും എത്തിച്ചേര്‍ന്നു. എന്നാല്‍ തങ്ങളുടെ പാളയം വിട്ടു മറുകണ്ടം ചാടിയ പാച്ചേനിയോടുള്ള അമര്‍ഷം ഇപ്പോഴും എ ഗ്രൂപ്പുകാര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഐ ഗ്രൂപ്പുകാരാവട്ടെ സതീശന്‍ പാച്ചേനിയെ തങ്ങളുടെ ഗ്രൂപ്പുയോഗങ്ങളില്‍ വിളിക്കാറുമില്ല. സുധാകരനോട് വിധേയത്വം കാണിക്കുന്ന പാച്ചേനി പാര്‍ട്ടിയില്‍ പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന് കണ്ണൂര്‍ കോണ്‍ഗ്രസില്‍ യാതൊരു പിടിയുമില്ല. സജീവ് മാറോളി, വി എ നാരായണന്‍ തുടങ്ങിയ തലശ്ശേരിയിലെ നേതാക്കള്‍ മാത്രമാണ് മുല്ലപ്പള്ളിയോട് അല്‍പമെങ്കിലും അനുഭാവം പുലര്‍ത്തുന്നത്.

Keywords: Kerala, Kannur, Ramesh Chennithala, News, Congress, UDF, Lok Sabha, Election, Oommen Chandy group helps K Sudhakaran in LS Election