Follow KVARTHA on Google news Follow Us!
ad

സുഡാനില്‍ ആഭ്യന്തര കലാപത്തിനിടെ സൈന്യം 70 സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കി; പുരുഷന്‍മാര്‍ക്കും രക്ഷയില്ല; കലാപത്തിനിടെ കൊല്ലപ്പെട്ടത് 100 ലേറെ പേര്‍, അരാജകത്വം കൊടികുത്തി വാണ് രാജ്യം

സുഡാനില്‍ ആഭ്യന്തര കലാപത്തിനിടെ സൈന്യം 70 സ്ത്രീകളെ കൂട്ട News, Military, Women, Molestation, Protesters, Killed, Injured, Military, attack, Crime, Criminal Case, World
ഖാര്‍ത്തും: (www.kvartha.com 15.06.2019) സുഡാനില്‍ ആഭ്യന്തര കലാപത്തിനിടെ സൈന്യം 70 സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കി. പുരുഷന്‍മാര്‍ക്കും രക്ഷയില്ല. ജനകീയ സര്‍ക്കാരിനു വേണ്ടി പ്രതിഷേധം തുടരുന്ന പ്രക്ഷോഭകരില്‍പ്പെട്ട എഴുപതിലേറെ വനിതകളെ ഉള്‍പ്പെടെയാണ് പാരാമിലിട്ടറി അംഗങ്ങള്‍ ബലാത്സംഗം ചെയ്തത്.

തലസ്ഥാനമായ ഖാര്‍ത്തുമിലെ സൈനിക കേന്ദ്രത്തിനു മുന്നില്‍ പ്രക്ഷോഭം തുടരുന്നതിനിടെ പ്രതിഷേധക്കാര്‍ക്കു നേരെ ജൂണ്‍ മൂന്നിനാണ് സൈന്യം അക്രമം അഴിച്ചുവിട്ടത്. തുടര്‍ന്നു നടന്ന അക്രമത്തില്‍ 120 പേര്‍ കൊല്ലപ്പെട്ടതായും 700ലേറെ പേര്‍ക്കു പരിക്കേറ്റതായും പ്രക്ഷോഭകരെ പിന്തുണയ്ക്കുന്ന ഡോക്ടര്‍മാരുടെ കൂട്ടായ്മ പറഞ്ഞു. മരിച്ചവരില്‍ 19 പേര്‍ കുട്ടികളാണെന്നും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ 40 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഉത്തരവ് നല്‍കിയതായും അക്കാര്യത്തില്‍ ചില 'തെറ്റുകള്‍' പറ്റിയതായും സൈന്യം സമ്മതിച്ചിട്ടുണ്ട്.

Molest and Sudan's revolution: 'They were crying and screaming', News, Military, Women, Molestation, Protesters, Killed, Injured, Military, attack, Crime, Criminal Case, World

അതിനിടെ പ്രക്ഷോഭകരെ ചികിത്സിച്ച ആശുപത്രി ജീവനക്കാര്‍ക്കു നേരെയും പീഡനമുണ്ടായി. മനുഷ്യാവകാശ പ്രവര്‍ത്തകരായ വനിതകളും പീഡനത്തിനിരയായെന്ന റിപ്പോര്‍ട്ട് ഐക്യരാഷ്ട്ര സംഘടയും (യുഎന്‍) പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സ്വതന്ത്രാന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.

സൈനിക ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് (ആര്‍എസ്എഫ്) എന്ന അര്‍ധസൈനിക വിഭാഗമാണ് കുത്തിയിരിപ്പു സമരം നടത്തുകയായിരുന്ന ആയിരക്കണക്കിനു പേര്‍ക്കു നേരെ അക്രമം അഴിച്ചു വിട്ടത്. സൈനിക കേന്ദ്രത്തിനു നേരെ നടന്ന അതിക്രമം തടയാനെന്ന പേരില്‍ നടത്തിയ തിരച്ചിലുകള്‍ക്കിടെയായിരുന്നു ബലാത്സംഗമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അതിനിടെ സുഡാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമായി. ജൂണ്‍ മൂന്നിലെ വെടിവയ്പിനിടെ കൊല്ലപ്പെട്ട മുഹമ്മദ് ഹാഷിം മാട്ടര്‍ എന്ന യുവാവിന്റെ ഓര്‍മയില്‍ പ്രൊഫൈല്‍ ചിത്രം നീലനിറമാക്കി മാറ്റിയാണ് ഒട്ടേറെ പേര്‍ 'ബ്ലൂ ഫോര്‍ സുഡാന്‍' ക്യാംപെയ്‌നില്‍ പങ്കെടുക്കുന്നത്.

ഹാഷിമിന് ഏറ്റവും ഇഷ്ടപ്പെട്ട നിറം നീലയായിരുന്നെന്നു കാണിച്ച് കുടുംബാംഗങ്ങള്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയതോടെയാണ് ഇതു സമരമേഖലയിലേക്കും നീണ്ടത്. ഒട്ടേറെ സമുന്നത രാജ്യാന്തര നേതാക്കള്‍ ഉള്‍പ്പെടെ 'ബ്ലൂ ഫോര്‍ സുഡാനില്‍' അംഗമായതോടെ വിഷയത്തിന്മേലുള്ള ചര്‍ച്ചകളും ശക്തമായി.

അതിനിടെ സുഡാനിലെ ഡാര്‍ഫുര്‍ മേഖലയിലേക്കും കലാപം വ്യാപിച്ചു. ഇവിടെ 17 പേര്‍ കൊല്ലപ്പെട്ടതായി യുഎന്‍ സ്ഥിരീകരിച്ചു. ദെലെയ്ജ് ഗ്രാമത്തില്‍ നൂറിലേറെ വീടുകള്‍ക്കും അക്രമികള്‍ തീയിട്ടു. വിപണിയില്‍ സാധനസാമഗ്രികള്‍ക്കു പെട്ടെന്നുണ്ടായ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചെത്തിയവരും എതിര്‍വിഭാഗക്കാരും തമ്മിലുള്ള ഏറ്റുമുട്ടലോടെയായിരുന്നു കലാപത്തിനു തുടക്കമായത്. തുടര്‍ന്ന് ജാന്‍ജവീഡ് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ചന്തയില്‍ നടന്ന ജാന്‍ജവീഡ് വെടിവയ്പില്‍ 11 പേര്‍ മരിച്ചു. 20 പേര്‍ക്കു പരിക്കേറ്റു.

അതേസമയം സൈനിക ഭരണകൂടത്തെ പുറത്താക്കാനുള്ള നീക്കവുമായി പ്രക്ഷോഭക സംഘടനകളിലൊന്നായ സുഡാനീസ് പ്രൊഫഷനല്‍ അസോസിയേഷന്‍ (എസ്പിഎ) ഉള്‍പ്പെടെ ശക്തമായി നിലകൊള്ളുകയാണ്. സമാധാനപരമായ സമരമാണു തങ്ങള്‍ നടത്തുന്നതെന്നും ഇതിലേക്കു കൂടുതല്‍ ആളുകളെത്തുന്നതില്‍ അസ്വസ്ഥരായ സൈനിക ഭരണകൂടമാണു പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതെന്നും എസ്പിഎ പറയുന്നു.

രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രക്ഷോഭത്തിനു നേരെ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് സുഡാനിലെ സൈനിക നേതൃത്വം. പൊതുജീവിതം തടസ്സപ്പെടുത്തുംവിധം റോഡുകളടച്ച് ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിലൂടെ പ്രക്ഷോഭകര്‍ രാജ്യസുരക്ഷയെ വെല്ലുവിളിക്കുകയാണെന്ന് ടിഎംസി തലവന്‍ ലഫ്. ജനറല്‍ ജമാലെദ്ദിന്‍ ഒമര്‍ പറയുന്നു. ജനങ്ങളുടെ സുരക്ഷയ്ക്ക് തടസ്സമായ നിലയില്‍ പ്രക്ഷോഭം ശക്തമായതിനാലാണ് സൈന്യം ഇടപെട്ടതെന്നും ആര്‍എസ്എഫിനെ പിന്‍വലിക്കില്ലെന്നും ജമാലെദ്ദിന്‍ പറഞ്ഞു.

ആര്‍എസ്എഫിനെ പ്രതിരോധിക്കാന്‍ പ്രധാന റോഡുകളില്‍ ബാരിക്കേഡുകള്‍ ശക്തമാക്കണമെന്നും അസോസിയേഷന്‍ ആഹ്വാനം ചെയ്തു. സമരത്തെ തകര്‍ക്കുന്നതിന്റെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സ്റ്റാഫംഗങ്ങള്‍, പൈലറ്റുമാര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാര്‍, സാമ്പത്തിക വിദഗ്ധര്‍ തുടങ്ങിയവരെ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ച് സൈന്യം പിടികൂടി ആക്രമിക്കുകയാണെന്നും പ്രക്ഷോഭകര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Molest and Sudan's revolution: 'They were crying and screaming', News, Military, Women, Molestation, Protesters, Killed, Injured, Military, attack, Crime, Criminal Case, World.