Follow KVARTHA on Google news Follow Us!
ad

പ്രവാസി മലയാളി ജീവനൊടുക്കിയതിന് പിന്നില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണും സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദന്റെ ഭാര്യയുമായ പി കെ ശ്യാമളയുടെ പ്രതികാരബുദ്ധി

പ്രവാസി വ്യവസായി ജീവനൊടുക്കിയതിനുപിന്നില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണും News, Kannur, Kerala, Bayern Munich,
തളിപ്പറമ്പ്:(www.kvartha.com 19/06/2019) പ്രവാസി വ്യവസായി ജീവനൊടുക്കിയതിനുപിന്നില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണും സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദന്റെ ഭാര്യയുമായ പി കെ ശ്യാമളയുമായുള്ള വ്യക്തി വൈരാഗ്യമാണെന്ന് ഭാര്യയും ബന്ധുക്കളും. കോടികള്‍ മുടക്കി പണിത കെട്ടിടത്തിന് അനുമതി കൊടുക്കാത്തതിന് പിന്നില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്റെ വൈരാഗ്യമാണെന്നാണ് ബീന ആരോപിക്കുന്നത്.

News, Kannur, Kerala, Bayern Munich, Expatriate's suicide: Wife against municipal chairperson


സാജന്‍ എന്നും സിപിഎം അനുഭാവിയായിട്ടാണ് ജീവിച്ചിരുന്നത്. സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിച്ചയാളെ പാര്‍ട്ടിക്കാര്‍ തന്നെ ചതിച്ചുവെന്ന് ഭാര്യയും ബന്ധുക്കളും ആരോപിച്ചു. ശ്യാമള ടീച്ചറുടെ വ്യക്തിവൈരാഗ്യം തന്റെ ജീവിതം തകര്‍ക്കുന്നുവെന്നാരോപിച്ച് സാജന്‍ അന്നത്തെ സിപിഎം ജില്ലാസെക്രട്ടറി പി ജയരാജന് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു. നഗരസഭ അനുമതി പേപ്പര്‍ നല്‍കില്ലെന്ന ആശങ്കയിലായിരുന്നു സാജന്‍. വെറുതേയൊരു സ്ഥാപനം ഉണ്ടാക്കിയിടേണ്ടി വരുമല്ലോയെന്ന ഭയം സാജനെ വേട്ടയാടിയിരുന്നു.

ഏറെ ദിവസങ്ങളായി പെര്‍മിറ്റ് പേപ്പറിന് വേണ്ടി സാജനെ നഗരസഭാധികൃതര്‍ കളിപ്പിച്ചുവെന്നും ഭാര്യ ആരോപിക്കുന്നു. സ്വന്തം പാര്‍ട്ടിക്കാരാണ് കൂടെ നിന്ന് ചതിച്ചതെന്നാണ് ഭാര്യ ബീനയുടെ പരാതി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോടികള്‍ മുടക്കി നിര്‍മിച്ച ഓഡിറ്റോറിയത്തിന് ആന്തൂര്‍ നഗരസഭ പ്രവര്‍ത്തനാനുമതി വൈകിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തത്.

15 കൊല്ലത്തിലേറെ കാലം നൈജീരിയയില്‍ ജോലി ചെയ്ത് സാജന്‍ മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണം തുടങ്ങിയത്. തുടക്കം മുതല്‍ കണ്‍വന്‍ഷന്‍ സെന്ററിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു.

ഇതേതുടര്‍ന്ന്, പരാതിയുമായി സജന്‍ ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസറെ സമീപിച്ചു. പരിശോധന നടത്തിയ ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ നിര്‍മാണം തുടരാന്‍ അനുമതി നല്‍കുകയായിരുന്നു. ഒടുവില്‍ നിര്‍മാണം പൂര്‍ത്തിയാക്കി കെട്ടിട നമ്പറിന് അപേക്ഷ നല്‍കിയപ്പോള്‍ ചെറിയ കാരണങ്ങള്‍ പറഞ്ഞ് നഗരസഭ നിരന്തരം അപേക്ഷ മടക്കിയെന്ന് പാര്‍ത്ഥ ബില്‍ഡേഴ്‌സ് മാനേജര്‍ സജീവന്‍ ആരോപിക്കുന്നു.

മൂന്ന് മാസം മുമ്പാണ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് കെട്ടിട നമ്പറിട്ട് നല്‍കാന്‍ നഗരസഭയെ സമീപിച്ചത്. പലതവണ നഗരസഭാ ഓഫീസ് കയറിയിറങ്ങിയിട്ടും പ്രത്യേകിച്ചൊരു കാരണവുമില്ലാതെ അനുമതി നീട്ടിക്കൊണ്ട് പോവുകയായിരുന്നു. നഗരസഭാ അധ്യക്ഷയെ കണ്ട് പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല. ജീവിതകാലത്തെ മുഴുന്‍ സമ്പാദ്യവും വെച്ച് തുടങ്ങിയ സംരഭം ഉദ്യോഗസ്ഥരുടെ നിസ്സഹകരണം കാരണം ഇല്ലാതാവുന്ന അവസ്ഥയായതോടെ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു കുറച്ചു നാളുകളായി സാജന്‍.

16 കോടി രൂപയാണ് ഓഡിറ്റോറിയത്തിനായി മുടക്കിയത്. തനിക്ക് മടുത്തുവെന്നും ഒന്നും നടക്കില്ലെന്നും കഴിഞ്ഞ ദിവസം സാജന്‍ ഫോണില്‍ പറഞ്ഞിരുന്നതായി കെട്ടിട്ടം നിര്‍മിച്ച പാര്‍ത്ഥാസ് ബില്‍ഡേഴ്‌സ് മാനേജര്‍ വെളിപ്പെടുത്തിയിരുന്നു. പരാതിയുമായി മേലുദ്യോഗസ്ഥനെ സമീപിച്ചതിന് പക പോക്കുകയാണ് നഗരസഭ ചെയ്‌തെന്നാണ് പരാതി. അതേസമയം, സ്വാഭാവികമായ കാലതാമസം മാത്രമാണുണ്ടായതെന്നും അനുമതി നിഷേധിച്ചിട്ടില്ല എന്നുമാണ് ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളയുടെ വിശദീകരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, Bayern Munich, Expatriate's suicide: Wife against municipal chairperson