രാഹുലിന് തന്ത്രങ്ങള്‍ മെനഞ്ഞ 2 പേരുടെ തോല്‍വിക്ക് കരുനീക്കം നടത്തി; ഇടവും വലവും നിന്ന ജ്യോതിരാദിത്യ സിന്ധ്യയുടേയും സുഷ്മിത ദേവിന്റേയും തോല്‍വി മുന്‍കൂട്ടി ഉറപ്പിച്ചത് ബി ജെ പിയിലെ മുന്‍നിര നേതാക്കളുടെ ആസൂത്രണം

രാഹുലിന് തന്ത്രങ്ങള്‍ മെനഞ്ഞ 2 പേരുടെ തോല്‍വിക്ക് കരുനീക്കം നടത്തി; ഇടവും വലവും നിന്ന ജ്യോതിരാദിത്യ സിന്ധ്യയുടേയും സുഷ്മിത ദേവിന്റേയും തോല്‍വി മുന്‍കൂട്ടി ഉറപ്പിച്ചത് ബി ജെ പിയിലെ മുന്‍നിര നേതാക്കളുടെ ആസൂത്രണം

ന്യൂഡല്‍ഹി: (www.kvartha.com 27.05.2019) ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ രക്ഷയ്ക്കായി രാഹുല്‍ ഗാന്ധിക്ക് തന്ത്രങ്ങള്‍ മെനഞ്ഞ് ഇടവും വലവും നിന്ന ജ്യോതിരാദിത്യ സിന്ധ്യയുടേയും സുഷ്മിത ദേവിന്റേയും തോല്‍വി ബി ജെ പിയിലെ മുന്‍നിര നേതാക്കള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ഉറപ്പിച്ചതാണെന്ന് കണ്ടെത്തല്‍.

ബിജെപി മാസങ്ങളായി ആസൂത്രണം ചെയ്ത ഈ തന്ത്രം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തോടെ ഇപ്പോള്‍ ഫലം കണ്ടിരിക്കയാണ്. തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്കു പിന്നാലെ, ഇടത്തും വലത്തുമുള്ള ശക്തികള്‍ കൂടി നഷ്ടപ്പെട്ടതോടെ രാഹുല്‍ സഭയിലും നിരായുധനായിക്കഴിഞ്ഞു.

How BJP’s ruthless election strategy left Rahul Gandhi disarmed in the new Lok Sabha, New Delhi, News, Politics, Lok Sabha, Election, Rahul Gandhi, Congress, BJP, National

എന്നാല്‍ പൊതുതെരഞ്ഞെടുപ്പിനും മാസങ്ങള്‍ക്കു മുമ്പേ ബിജെപിയുടെ വാര്‍ റൂമില്‍ തയാറാക്കിയ ഈ യുദ്ധപദ്ധതി മുന്‍കൂട്ടി കാണാനോ തടയാനോ രാഹുലിനോ കോണ്‍ഗ്രസിനോ സാധിച്ചില്ല. രാഹുലിന്റെ ഇടം, വലം കൈകളായി പ്രവര്‍ത്തിച്ചിരുന്ന ജ്യോതിരാദിത്യ സിന്ധ്യയും അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവും ഇക്കുറി സഭ കാണാതിരിക്കാന്‍ മുതിര്‍ന്ന നേതാക്കളുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ ബിജെപി കൃത്യമായ തന്ത്രങ്ങള്‍ മെനഞ്ഞിരുന്നുവെന്നാണു റിപ്പോര്‍ട്ട്.

സൂചിമുന പോലെ കൃത്യതയോടെയാണു ബിജെപി പദ്ധതി നടപ്പാക്കിയത്. ഭരണപക്ഷത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരെ വെല്ലുവിളി ഉയര്‍ത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനെ എങ്ങനെ മെരുക്കാം എന്ന ചിന്തയിലായിരുന്നു ബി ജെ പി. സഭയിലും പുറത്തും മോഡിക്കെതിരായ പ്രസംഗങ്ങളുമായി രാഹുല്‍ അരങ്ങുതകര്‍ക്കുമ്പോള്‍ അത് ബി ജെ പിക്ക് ദോഷം ചെയ്യുമെന്ന് കണക്കുകൂട്ടിയിരുന്നു.

രാഹുലിന് തന്ത്രങ്ങള്‍ മെനഞ്ഞുകൊടുക്കുന്നവരെ ചുറ്റിപറ്റിയായി പിന്നീട് ബി ജെ പിയുടെ അന്വേഷണം. ഈ അന്വേഷണത്തിനൊടുവില്‍ അതിനു പിന്നിലുള്ള കരങ്ങളെ കുറിച്ച് മനസിലാക്കുകയും ചെയ്തു. ജ്യോതിരാദിത്യ സിന്ധ്യയും സുഷ്മിത ദേവും. തുടര്‍ന്ന് ആ കരങ്ങളെ എങ്ങനെ വേരോടെ പിഴുതെറിയാം എന്നായി ചിന്ത.

2002 മുതല്‍ മധ്യപ്രദേശിലെ ഗുണയില്‍ നിന്നുള്ള എംപിയാണു ജ്യോതിരാദിത്യ സിന്ധ്യ. യുപിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രി. എഐസിസി ജനറല്‍സെക്രട്ടറി. രാഹുല്‍ സംഘത്തിലെ പ്രധാനിയും ഊര്‍ജസ്വലനുമായ നേതാവ്.

എന്നാല്‍ അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായ സുഷ്മിത ദേവ് അസമിലെ സില്‍ച്ചറില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്. രാഹുലിന്റെ അതേ പ്രായമാണ് ഇരുവര്‍ക്കും. കളമറിയാനും കരുനീക്കാനും ജാഗരൂകരായി ഇരുവരും നിലകൊണ്ടു. ഈ ത്രിമൂര്‍ത്തി സഖ്യത്തെ തകര്‍ക്കേണ്ടത് അത്യാവശ്യമാണെന്നു ബിജെപി മനസ്സിലാക്കി.

സഭയില്‍ രാഹുലിന്റെ തൊട്ടടുത്തായിരുന്നു സിന്ധ്യയുടെ ഇരിപ്പ്. എന്‍ഡിഎ അംഗങ്ങളുമായി രാഹുല്‍ സഭയില്‍ ശക്തമായ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ സിന്ധ്യ തൊട്ടടുത്തുണ്ടാവും. ആവശ്യമായ രേഖകളും കടലാസുകളും രാഹുലിന്റെ കൈകളിലേക്ക് എത്തിക്കും. 2014ല്‍ മോഡി തരംഗത്തിലും കടപുഴകാതെ നിന്നതാണു സിന്ധ്യയുടെ ബലം.

അന്നേ കരുതിവച്ചതാണ് ഗുണയില്‍ സിന്ധ്യയ്‌ക്കെതിരെയുള്ള കരുക്കള്‍. രാഹുല്‍ ശക്തനാവുക കൂടി ചെയ്തതോടെ സിന്ധ്യയെന്ന ചിറക് അരിയാനുള്ള ശ്രമങ്ങളാരംഭിച്ചു. വലിയ തോതില്‍ നേതാക്കളെയും പ്രവര്‍ത്തകരെയും ഗുണയിലേക്കു ബിജെപി നിയോഗിച്ചു.

ജ്യോതിരാദിത്യ സിന്ധ്യയുടെ തോല്‍വിക്കായി ബിജെപി മനഃപൂര്‍വം ശ്രമിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാക്കളും പരാതിപ്പെടുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള താരപ്രചാരകര്‍ പലവട്ടം ഗുണയിലെത്തി.

ഇതോടെ പതിറ്റാണ്ടുകളായി സിന്ധ്യ കുടുംബാംഗങ്ങള്‍ കൈവശം വച്ചിരുന്ന ഗുണ ഇത്തവണ കുടുംബത്തിനു പുറത്തേക്കു പോയി. ബിജെപി സ്ഥാനാര്‍ഥി കൃഷ്ണ പാല്‍ സിങ് യാദവ് 1.25 ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് സിന്ധ്യയെ തോല്‍പിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവറാവു സിന്ധ്യ (കോണ്‍ഗ്രസ്), മാധവറാവുവിന്റെ മാതാവ് രാജമാത വിജയരാജ സിന്ധ്യ (കോണ്‍ഗ്രസ്, സ്വതന്ത്ര പാര്‍ട്ടി, ബിജെപി) എന്നിവരാണു കൂടുതല്‍ തവണ ഇവിടെ ജയിച്ചിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: How BJP’s ruthless election strategy left Rahul Gandhi disarmed in the new Lok Sabha, New Delhi, News, Politics, Lok Sabha, Election, Rahul Gandhi, Congress, BJP, National.
ad