» » » » » » » » » » » » എസ്എസ്എല്‍സി - പ്ലസ് ടു ഫലം വന്നപ്പോള്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചവരില്‍ ഏറിയ പങ്കും പെണ്‍കുട്ടികളാണ്, പ്ലസ്ടുവിനോ ഡിഗ്രിക്കോ അപ്പുറം ഇതില്‍ എത്ര പേരുണ്ടാകും പഠിക്കാന്‍? 'ഓള് പഠിച്ചതൊക്കെ മതി, ഇനി ഓന്‍ക്ക് വേണേല്‍ ഓന്‍ പഠിപ്പിച്ചോട്ടെ' എന്ന രീതി മാറണം, കല്യാണ മാര്‍ക്കറ്റിലെ ചരക്കാവരുത് പെണ്‍മക്കള്‍, അവള്‍ പഠിച്ചുയരട്ടെ; ശ്രദ്ധേയമായി മലപ്പുറത്തെ വിദ്യാര്‍ത്ഥിനിയുടെ കുറിപ്പ്

മലപ്പുറം: (www.kvartha.com 09.05.2019) എസ്എസ്എല്‍സി - പ്ലസ് ടു ഫലം പുറത്തുവന്നു. ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചവരില്‍ ഏറിയ പങ്കും പെണ്‍കുട്ടികളാണ്. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കിട്ടിയവരും 1200ല്‍ 1200 മാര്‍ക്ക് നേടിയവരുമുണ്ടിതില്‍. ഉയര്‍ന്ന മാര്‍ക്ക് നേടിയ സന്തോഷത്തിലാണ് മാതാപിതാക്കളും രക്ഷിതാക്കളും ബന്ധുക്കളുമെല്ലാം. നാട്ടുകാരും പള്ളിക്കമ്മിറ്റികളും സന്നദ്ധ സംഘടനകളുമെല്ലാം എ പ്ലസ് നേടിയവരുടെ ബാനറുകള്‍ കെട്ടാനും അവര്‍ക്ക് ഉപഹാരം നല്‍കാനും അനുമോദന ചടങ്ങ് സംഘടിപ്പിക്കാനുമൊക്കെയുള്ള തിരക്കിലാണ്.

ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച പെണ്‍കുട്ടികള്‍ നാടിന്റെ അഭിമാനമായി വാഴ്ത്തപ്പെടുമ്പോഴും ഇതില്‍ പ്ലസ്ടുവിനോ അതല്ലെങ്കില്‍ ഡിഗ്രിക്കോ അപ്പുറം പഠനം തുടരുന്നവര്‍ എത്ര പേരുണ്ടാകും?. വളരെ ചുരുക്കം ചിലര്‍ മാത്രമെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയും. കാരണം, 'പെണ്ണല്ലേ, ഓള് പഠിച്ചിട്ടെന്തിനാ.. നാളെ കെട്ടിയോന്റെ വീട്ടിലെ അടുക്കളയിലോട്ട് കയറിച്ചെല്ലേണ്ടതല്ലേ' എന്ന പൊതുബോധം മാറിയിട്ടില്ല പലര്‍ക്കിടയിലും. പരമോന്നത നീതി പീഠത്തില്‍ വരെ വളയിട്ട കൈകള്‍ വിധി പറഞ്ഞിട്ടും ഇപ്പോഴും 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്ന മട്ടിലാണ്, അല്ലെങ്കില്‍ അങ്ങനെ നടിക്കുകയാണ് സമൂഹം.

പെണ്‍കുട്ടികളെ പഠിക്കാനയച്ചാല്‍ വഴിതെറ്റിപ്പോകുമെന്നാണ് എതിര്‍ക്കുന്നവരുടെ ന്യായവാദം. ഇത്തരക്കാര്‍ക്ക് തങ്ങളുടെ ആണ്‍മക്കളെ എവിടെ അയച്ച് പഠിപ്പിക്കാനും യാതൊരു മടിയുമില്ല. ഇത്തരം വാദമുന്നയിക്കുന്നവര്‍ക്ക് ഇത് സ്ഥാപിക്കാനായി ചില ഉദാഹരണങ്ങളുമുണ്ടാകും. എന്നാല്‍ പഠിച്ച് മുന്നേറി സുപ്രീം കോടതി ജഡ്ജിയായ മലയാളി ജസ്റ്റീസ് ഫാത്വിമ ബീവിയും ബഹിരാകാശം കീഴടക്കിയ കല്‍പ്പന ചൗളയും പെണ്ണായിരുന്നുവെന്ന വസ്തുത അവര്‍ മനപ്പൂര്‍വം മറച്ചുവെക്കുന്നു.

ഈ സാഹചര്യത്തില്‍ മലപ്പുറം സ്വദേശിനിയും എറണാകുളം ഗവ. ലോ കോളജിലെ വിദ്യാര്‍ത്ഥിനിയുമായ സഹലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തില്‍ സമൂഹത്തിന്റെ പൊതുബോധത്തെ ചോദ്യം ചെയ്തുള്ള കുറിപ്പില്‍ പെണ്‍കുട്ടികളെന്നാല്‍ കെട്ടിച്ചു വിടാനുള്ള ഉപകരണങ്ങള്‍ മാത്രമല്ലെന്നും അവള്‍ സ്വയം പര്യാപ്തയാവേണ്ടതുണ്ടെന്നും ഓര്‍മിപ്പിക്കുന്നു. 'ഓള് പഠിച്ചതൊക്കെ മതി, ഇനി ഓന്‍ക്ക് വേണേല്‍ ഓന്‍ പഠിപ്പിച്ചോട്ടെ' എന്ന രീതി മാറണം. കല്യാണ മാര്‍ക്കറ്റിലെ ചരക്കാവരുത് പെണ്‍മക്കള്‍. അവള്‍ പഠിച്ചുയരട്ടെ. കുറിപ്പില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം

രണ്ട് ദിവസം മുന്നേ പത്താം ക്ലാസ്സിന്റെയും ഇന്നിപ്പോ പ്ലസ് ടുവിന്റേയും റിസള്‍ട്ട് പുറത്ത് വന്നു. കുടുംബത്തിലും നാട്ടിലുമൊക്കെ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ചവരില്‍ ഏറിയ പങ്കും പെണ്‍കുട്ടികളാണ്. പത്രങ്ങളില്‍ കാണുന്ന ഫോട്ടോസും അത് സാക്ഷ്യപ്പെടുത്തുന്നു. ചിന്തിപ്പിക്കുന്ന അതിലേറെ സങ്കടപ്പെടുത്തുന്നൊരു കാര്യം പ്ലസ്ടുവിനോ ഡിഗ്രിക്കോ അപ്പുറം ഇതില്‍ പകുതിയെയെങ്കിലും കാണാന്‍ കഴിയുമോ എന്നതാണ്.

വീട്ടില്‍ പേരക്കുട്ടിയുടെ കല്യാണം പറയാന്‍ വന്ന അകന്ന ബന്ധുവിനോട് അവള്‍ പ്ലസ് ടു അല്ലെ ആയിട്ടുള്ളൂ, കുറച്ചു കഴിഞ്ഞിട്ട് പോരെ കല്യാണമൊക്കെ എന്ന് ചോദിച്ച എന്നെ എന്തോ വലിയ അപരാധം ചെയ്‌തെന്ന മട്ടിലാണ് അവര്‍ നോക്കിയത്. കൂട്ടത്തില്‍ ഉമ്മാക്ക് ഫ്രീ ആയി ഒരു ഉപദേശവും, 'പെങ്കുട്ട്യോളെയൊക്കെ കൂടുതല്‍ പഠിപ്പിച്ചാല്‍ അഹങ്കാരികള്‍ ആയിത്തീരുമെന്ന്.. പോരാത്തേയ്‌നു കല്യാണ മാര്‍ക്കറ്റില്‍ വിലയും ഇണ്ടാവൂല്ലത്രേ!!! ആ.. ഇവള്‍ക്ക് പിന്നെ അതൊന്നും വിഷയമല്ലല്ലോ എന്ന് നമ്മക്കിട്ട് ഒരു കൊട്ടും! അതോടെ ഞാന്‍ മൂപ്പത്ത്യേരോട് സലാം പറഞ്ഞു കയ്ച്ചിലായി.

എത്രയൊക്കെ അല്ലെന്ന് പറഞ്ഞെതിര്‍ത്താലും ഇവിടെ ഇപ്പോഴും ഇങ്ങനൊക്കെത്തന്നെ ആണ്. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകത ഒന്നും ഇനിയും പലര്‍ക്കും ബോധ്യമായിട്ടില്ല . പലരെയും പഠിപ്പിക്കാന്‍ വിടുന്നത് തന്നെ കല്യാണം ശരിയാവും വരെയുള്ള ഗ്യാപ്പിലേക്കാണ്. അഥവാ മക്കളുടെ ഇഷ്ടത്തിന് പഠിച്ചോട്ടെ എന്ന് വയ്ക്കുന്ന രക്ഷിതാക്കള്‍ക്ക് ചുറ്റും ഇത് പോലോത്ത ഉപദേശകരുടെ സൗജന്യ ക്ലാസും ഉണ്ട്. 

പെണ്‍കുട്ടികളെന്നാല്‍ കെട്ടിച്ചു വിടാനുള്ള ഉപകരണങ്ങള്‍ മാത്രമാണ്, അതിനു വേണ്ടി മോള്‍ഡ് ചെയ്‌തെടുക്കുക മാത്രമാണ് രക്ഷിതാക്കളുടെ കടമ എന്നാണ് ഇവരൊക്കെ ധരിച്ചു വെച്ചിരിക്കുന്നത്. ഓള് പഠിച്ചതൊക്കെ മതി ഇനി ഓന്‍ക്ക് വേണേല്‍ ഓന്‍ പഠിപ്പിച്ചോട്ടെ എന്നതാണ് ലൈന്‍. ആ 'ഓന്റെ' സമ്മതവും വാങ്ങി പഠിച്ചു തുടങ്ങി രണ്ടോ മൂന്നോ വര്‍ഷം കഴിയുമ്പോഴേക്കും നാട്ടുകാരും വീട്ടുകാരും വീണ്ടും മുറുമുറുപ്പ് തുടങ്ങും... 'ഇനീം പഠിച്ചു നടക്കാണോ ഓള്‍.. കല്യാണം കഴിഞ്ഞിട്ടിപ്പോ എത്ര കാലായി..' കഴിഞ്ഞു കഥ. ഇതിനൊന്നും ചെവി കൊടുക്കാതെ struggle ചെയ്ത് പഠനം തുടരുന്നവരുമുണ്ട് കേട്ടോ.. അവരെ മറന്നിട്ടില്ല. എന്നിരുന്നാലും ഭൂരിപക്ഷത്തിന്റെ അവസ്ഥയും മറിച്ചാണ്.

ഓര്‍മ്മവെക്കുമ്പോ തൊട്ട് മറ്റൊരു വീട്ടില്‍ ചെന്ന് കേറുമ്പോ ചെയ്യേണ്ടതും ചെയ്യരുതാത്തതും എന്തെല്ലാമെന്ന വേദാന്തം കേട്ടാണ് പെണ്‍കുട്ടികള്‍ വളരുന്നത്. അതിലപ്പുറം അവള്‍ സ്വയം പര്യാപ്തയാവേണ്ടതുണ്ടെന്നോ അവള്‍ക്കൊരു വ്യക്തിത്വമുണ്ടാവേണ്ടതുണ്ടെന്നോ ആരുമവരെ പഠിപ്പിക്കാറില്ല. വിവാഹമെന്നത് ജീവിതത്തിലെ മാന്‍ഡേറ്ററി കാര്യമൊന്നും അല്ലെന്നും അതിനേക്കാള്‍ പ്രാധാന്യമുള്ളതാണ് പഠനം എന്നും നമ്മളെന്നാണിനി മനസിലാക്കുക. കഷ്ടപ്പെടേണ്ടത്, അധ്വാനിക്കേണ്ടത് ഒന്നും മകളെ കെട്ടിച്ചയക്കാനെന്ന ഒരൊറ്റ ലക്ഷ്യത്തിന്റെ പുറത്താവരുത്, മറിച്ചു അവളെ പഠിപ്പിച്ചു ഒരു നിലയിലെത്തിക്കാനും കൂടിയായിരിക്കണം. മകളുടെ സ്വപ്നങ്ങള്‍ക്ക് കൂട്ടായി അവള്‍ക്കൊപ്പം നടന്നു നോക്കൂ... അവള്‍ അഹങ്കാരിയാവുന്നതല്ല മറിച്ചു അവളെക്കുറിച്ചു ബോധ്യമുള്ള, അഭിമാനിയായ ഒരു പെണ്ണായി മാറുന്നത്, ചിറകടിച്ചുയരുന്നത്, നിങ്ങള്‍ക്ക് കാണാനാകും. തീര്‍ച്ച!!


Keywords: Kerala, Malappuram, News, Ernakulam, Facebook, Women, Girl students, Education, Social Network, Facebook post on women empowerment, Sahala Kadambodan, Ernakulam Govt. Law College.

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal