» » » » » » » » » » » » » നെറ്റിപ്പട്ടം കെട്ടിയ ഗജരാജനെ സ്പര്‍ശിക്കാനിഷ്ടമല്ലേ, എന്നാല്‍ ഗജരാജന്‍ തിരിച്ച് സ്പര്‍ശിച്ച ആരെയെങ്കിലും കണ്ടിട്ടുണ്ടോ? ദോശക്കല്ല് പോലെ പരന്ന തലയോട്ടിക്കുള്ളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന തലച്ചോറും വാരിയെല്ലുകളും നട്ടെല്ലും പൊടിഞ്ഞ്, ശ്വാസകോശവും ഹൃദയവും കീറി, പതിഞ്ഞ നെഞ്ചിന്‍കൂടും കണ്ടിട്ടുണ്ടോ? ചതഞ്ഞരഞ്ഞ ജനനേന്ദ്രിയങ്ങള്‍ കണ്ടിട്ടുണ്ടോ? ഞാന്‍ കണ്ടിട്ടുണ്ട്, പോസ്റ്റ്‌മോര്‍ട്ടവും നടത്തിയിട്ടുണ്ട്; 13 പേരെ കൊന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വേണ്ടി വാദിക്കുന്നവര്‍ വായിക്കണം ഈ ഡോക്ടറുടെ കുറിപ്പ്

കോട്ടയം: (www.kvartha.com 09.05.2019) പൂരാവേശത്തിലാണ് മലയാളികളെല്ലാം. ഇത്തവണത്തെ തൃശൂര്‍ പൂരം പതിവിലും വിപരീതമായി വിവാദത്തിലായിരിക്കുകയാണ്. പൂരത്തിന് എഴുന്നള്ളിക്കേണ്ട ഗജരാജ വീരന്റെ പേരില്‍ ആനപ്രേമികള്‍ ശക്തമായ പ്രതിഷേധത്തിലാണ്. ഇതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലുമായി. പൂരത്തിന്റെ വിളമ്പരമായി അറിയപ്പെടുന്ന വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുര വാതില്‍ തുറക്കുന്ന ചടങ്ങില്‍ വര്‍ഷങ്ങളായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാറുള്ള ഗജരാജവീരന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ പൂരത്തില്‍ എഴിന്നള്ളിക്കാന്‍ അനുവദിക്കില്ലെന്ന് തൃശൂര്‍ ജില്ല കളക്ടര്‍ ടി വി അനുപമ വ്യക്തമാക്കിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം.

ആനപ്രേമികളുടെ ആരാധ്യനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനില്ലാതെ പൂരത്തിനില്ലെന്നാണ് അവരുടെ വാദം. രാമചന്ദ്രനില്ലെങ്കില്‍ തങ്ങളുടെ ആനകളെ പൂരത്തില്‍ പങ്കെടുപ്പിക്കില്ലെന്ന് സംഘടനകളും പറയുന്നു. ഇതോടെയാണ് സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുന്നത്. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയും തലയെടുപ്പുമൊക്കെയുള്ള ഈ ഗജരാജന്‍ എഴുന്നള്ളത്തിന് കോലം കയറ്റിക്കഴിഞ്ഞാല്‍ തിടമ്പിറക്കും വരെയും തലയെടുപ്പോടെ പിടിച്ചുനില്‍ക്കുമെന്നതാണ് പ്രത്യേകത. ഇതൊക്കെയുണ്ടെങ്കിലും അക്രമത്തിന്റെ കാര്യത്തില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡാണുള്ളത്.


ഇതുവരെ ആറ് പാപ്പാന്‍മാരും നാല് സ്ത്രീകളും ഒരു വിദ്യാര്‍ത്ഥിയും ഈയിടെ മരിച്ച രണ്ടുപേരുള്‍പ്പെടെ 13 പേരെ തെച്ചിക്കോട്ട് രാമചന്ദ്രന്‍ കൊന്നിട്ടുണ്ട്. 2013 ജനുവരി 27ന് പെരുമ്പാവൂരിലെ കുറുപ്പംപടി രായമംഗലം കൂട്ടുമഠം ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രന്റെ കുത്തേറ്റ് മൂന്നു സ്ത്രീകള്‍ മരിച്ചു. ജനുവരി 25ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകിട്ട് ആറു വരെയും രാത്രി 12 മുതല്‍ 26നു പുലര്‍ച്ചെ അഞ്ചുമണിവരെയും കുന്നംകുളത്തിനടുത്ത് ഈ ആനയെ എഴുന്നള്ളിച്ചിരുന്നു. അതിനു ശേഷം കോട്ടയത്തേക്കു കൊണ്ടുപോയ ഈ ആനയെ 26നു പകലും രാത്രിയും അവിടെയും വിശ്രമമില്ലാതെ എഴുന്നള്ളിച്ച ശേഷമാണ് 27നു പുലര്‍ച്ചെ പെരുമ്പാവൂരിലേക്കു കൊണ്ടുവരുന്നത്. 160 കിലോമീറ്ററിലേറെയാണ് ഈ ആന അന്ന് 48 മണിക്കൂറിനുള്ളില്‍ യാത്ര ചെയ്തത്.

ഇതിനു മുന്‍പും രാമചന്ദ്രന്‍ ഇടഞ്ഞു ആളുകളെ കൊന്നിട്ടുണ്ട്. 2009ല്‍ ഏറണാകുളത്തപ്പന്‍ ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രന്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തി. 2011ല്‍ ഒരു ബാലനെയും ഈ ആന കൊന്നിരുന്നു.

2019 ഫെബ്രുവരി എട്ടിന് തൃശൂരില്‍ ഗൃഹപ്രവേശത്തിന് മോടികൂട്ടാനായി കൊണ്ടുവന്ന രാമചന്ദ്രന്‍ ഇടഞ്ഞ് ഒരാളെ ചവിട്ടിക്കൊല്ലുകയുണ്ടായി. കാഴ്ചശക്തിയില്ലാത്ത അമ്പതുവയസ്സിനുമുകളില്‍ പ്രായമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ സമീപത്തുനിന്നും പടക്കം പൊട്ടിച്ചപ്പോള്‍ ശബ്ദം കേട്ട് വിരണ്ടോടുന്നതിനിടെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഇതുകൂടാതെ മറ്റാരു ആനയെയും രാമചന്ദ്രന്‍ ആക്രമിച്ചുകൊന്നിട്ടുണ്ട്. ചെറിയ അനക്കങ്ങള്‍ക്കുപോലും അക്രമാസക്തമാകുന്ന ആനയെ പൂരത്തിന് എഴുന്നള്ളിക്കേണ്ടെന്ന് തന്നെയാണ് ഭൂരിപക്ഷത്തിന്റെയും നിലപാട്. എന്നാല്‍ ചിലര്‍ ഇതൊന്നും വകവെക്കാതെ രാമചന്ദ്രന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുകയാണ്. ഇത്തരക്കാര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട കുറിപ്പാണ് കോട്ടം സ്വദേശിയായ ഡോ. ജിനേഷ് പി എസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ആന അക്രമിച്ചുകൊന്നവരെ പരിശോധിച്ച, മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത അനുഭവമാണ് അദ്ദേഹം വിവരിക്കുന്നത്.പോസ്റ്റിന്റെ പൂര്‍ണരൂപം: 

നെറ്റിപ്പട്ടം കെട്ടിയ ഗജരാജനെ നിങ്ങള്‍ക്കിഷ്ടമായിരിക്കും. അതിന്റെ തുമ്പിക്കയ്യില്‍ തൊടാനും വാലില്‍ പിടിക്കാനും ചാരിനിന്ന് ചിത്രമെടുക്കാനും നിങ്ങള്‍ക്ക് ഇഷ്ടം ആയിരിക്കും. പക്ഷേ ഗജരാജന്‍ സ്പര്‍ശിച്ചവരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

ഞാന്‍ കണ്ടിട്ടുണ്ട്. പരിശോധന നടത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയും നടത്തിയിട്ടുണ്ട്.

സാധാരണ അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പരിക്കുകള്‍ കാണാറ് ട്രെയിന്‍ ഇടിച്ച് പരിക്കേറ്റവരിലാണ്. ആനയുടെ സ്‌നേഹ സ്പര്‍ശം അനുഭവിച്ചാല്‍ പരിക്ക് അതിലും കൂടുതല്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.

നിങ്ങളുടെ സുഹൃത്തിന്റെ തല രണ്ട് ചെവിയുടെ ഭാഗത്തുനിന്നും ഏകദേശം ഒരു ആയിരം കിലോ മര്‍ദം ഏല്‍പ്പിച്ചാല്‍ ഏത് ആകൃതിയില്‍ ആവും? ദോശക്കല്ല് പോലെ പരന്നിരിക്കും. അങ്ങനെയുള്ള തലകള്‍ കണ്ടിട്ടുണ്ടോ? അവിടെ പൊട്ടിയ തലയോട്ടിക്ക് ഉള്ളില്‍ നിന്നും ഒലിച്ചിറങ്ങുന്ന തലച്ചോറ് കണ്ടിട്ടുണ്ടോ? വാരിയെല്ലുകളും നട്ടെല്ലും പൊടിഞ്ഞ്, ശ്വാസകോശവും ഹൃദയവും കീറി, പതിഞ്ഞ നെഞ്ചിന്‍കൂട് കണ്ടിട്ടുണ്ടോ? ആമാശയവും കുടലും വൃക്കകളും കരളും പൊട്ടി പിഞ്ചി പോയ വയര്‍ഭാഗം കണ്ടിട്ടുണ്ടോ? പൊട്ടിത്തകര്‍ന്ന തുടയെല്ല് കണ്ടിട്ടുണ്ടോ? അതിനുചുറ്റും ചതഞ്ഞരഞ്ഞ മാംസപേശികള്‍ കണ്ടിട്ടുണ്ടോ? ചതഞ്ഞരഞ്ഞ ജനനേന്ദ്രിയങ്ങള്‍ കണ്ടിട്ടുണ്ടോ ?

ഇല്ലെങ്കില്‍ കാണണം. ഞാന്‍ കണ്ടിട്ടുണ്ട്. പരിശോധന നടത്തി റിപ്പോര്‍ട്ടും അയച്ചിട്ടുണ്ട്. ഒരിക്കലെങ്കിലും കണ്ടിട്ട് വേണം നിങ്ങള്‍ മറുപടി പറയാന്‍...

ഒരു കണ്ണിന് പൂര്‍ണ്ണമായ കാഴ്ച ശക്തിയില്ലാത്ത, മറ്റേ കണ്ണിന് ഭാഗികമായി മാത്രം കാഴ്ചശക്തിയുള്ള, ഇതുവരെ 13 പേരുടെ മരണത്തിന് കാരണക്കാരനായുള്ള, പ്രായാധിക്യം ബാധിച്ച ഒരു ആനയെ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ തിങ്ങിനിറഞ്ഞിരിക്കുന്ന തൃശൂര്‍ പൂരത്തിന് പങ്കെടുക്കണോ എന്ന് പറയുന്നതിനു മുമ്പ് നിങ്ങള്‍ ഈ കാഴ്ചകള്‍ കൂടി കാണണം.

കാട്ടിലെ ഏറ്റവും അപകടകാരിയായ മൃഗം ഏതാണെന്നാണ് നിങ്ങള്‍ കരുതുന്നത്? പലര്‍ക്കും പല അഭിപ്രായങ്ങള്‍ ഉണ്ടാകാം. കടുവ, പുലി, സിംഹം, കരടി അങ്ങനെ പല അഭിപ്രായങ്ങളും ഉണ്ടാവാം.നമ്മുടെ നാട്ടില്‍ എന്റെ അഭിപ്രായത്തില്‍ അത് ആനയാണ്. കടുവയും പുലിയും സിംഹവും ഒക്കെ ആഹാരത്തിനുവേണ്ടി മാത്രമേ മറ്റു ജീവികളെ കൊല്ലുകയുള്ളൂ. കരടി അല്ലാതെയും ആക്രമിക്കും എന്ന് കേട്ടിട്ടുണ്ട്. കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഒരു രോഗിയെ കണ്ടിട്ടുമുണ്ട്. മുഖം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിരുന്നു. ഒരു കണ്ണ് താടിയെല്ല് വരെ തൂങ്ങിക്കിടക്കുന്ന അവസ്ഥയില്‍... മെഡിക്കല്‍ കോളജിലെ ചികിത്സയില്‍ ആള്‍ രക്ഷപ്പെട്ടു എന്നാണ് ഓര്‍മ്മ.

പകരം ആനയുടെ കാര്യം എടുക്കാം. ടണ്‍ കണക്കിനു ഭാരമുള്ള ഒരു ജീവിയാണ്. ആ ജീവി പോലും അറിയണമെന്നില്ല, സമീപത്തു നില്‍ക്കുന്ന ഒരാള്‍ക്ക് പരിക്ക് പറ്റാന്‍. ശക്തിയായി ആക്രമിക്കണമെന്നില്ല, തുമ്പിക്കൈ കൊണ്ട് ഒരാള്‍ തെറിച്ചു വീഴാന്‍. ആ സാധുമൃഗം ഒന്നു വെട്ടി തിരിയുമ്പോള്‍ നിങ്ങള്‍ക്കു പരിക്കുപറ്റാം. പരിക്കുകള്‍ ഗുരുതരവും ആകാം.

ആന മൂലമുണ്ടാകുന്ന ബഹുഭൂരിപക്ഷം അപകടങ്ങളും കാട്ടില്‍ സ്വച്ഛമായ ജീവിക്കേണ്ട ജീവിയെ പിടിച്ചുകൊണ്ടുവന്ന് ക്രൂരത ചെയ്യിപ്പിക്കുന്നതിനാല്‍ ഉണ്ടാവുന്നതാണ്. ഈ അപകടങ്ങള്‍ ആ ജീവിയുടെ കുറ്റമല്ല. അതിനെ ഉപയോഗിക്കുന്ന വിഡ്ഢികളുടെ, പണക്കൊതിയന്മാരുടെ കുറ്റമാണ്.

അതുകൊണ്ട് ഇനിയെങ്കിലും ചിന്തിക്കൂ... ആറ് പാപ്പന്മാരെയും നാല് സ്ത്രീകളെയും കുട്ടികളെയും അടക്കം 13 പേരുടെ മരണത്തിന് കാരണക്കാരനായ ഒരു ആനയെ ലക്ഷക്കണക്കിന് പേര്‍ പങ്കെടുക്കുന്ന ആഘോഷത്തിന് നടുവിലേക്ക് ആനയിക്കണോ എന്ന്... തലയോട്ടിക്കുള്ളിലെ തലച്ചോറിന്റെ സ്ഥാനത്ത് ചാണകം അല്ലെങ്കില്‍ ചിന്തിച്ചാല്‍ മതി.

മറ്റൊന്നും പറയാനില്ല.

Keywords: Kerala, Thrissur, Kottayam, News, Elephant attack, Death, Animals, Facebook, Social Network, Doctor, Doctor's Facebook post on Elephant attacks 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal