Follow KVARTHA on Google news Follow Us!
ad

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സി ഒ ടി നസീറിന് നേരെയുണ്ടായ വധശ്രമം; സിപിഎം യുവനേതാവിനെ പോലീസ് ചോദ്യം ചെയ്യും, നസീറിനെ പാര്‍ട്ടിയില്‍ നിന്നും പുകച്ച് പുറത്തു ചാടിച്ചതും ക്വട്ടേഷന്‍ നല്‍കിയതും യുവനേതാവും പ്രദേശിക നേതാക്കളുമാണെന്നും വെളിപ്പടുത്തല്‍

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും സിപിഎം വിമതനുമായ തലശ്ശേരിയിലെ സി ഒ ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ രണ്ടുKannur, News, Kerala, Politics, Murder, CPM, Police
കണ്ണൂര്‍: (www.kvartha.com 27.05.2019) വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും സിപിഎം വിമതനുമായ തലശ്ശേരിയിലെ സി ഒ ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ രണ്ടു പ്രതികളില്‍ നിന്നും ലഭിച്ച സൂചനപ്രകാരം സിപിഎം യുവ നേതാവിനെ ചോദ്യം ചെയ്യാന്‍ പോലിസ് നീക്കം. തലശ്ശേരിയിലെ യുവനേതാവ് നസീറിനെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

എന്നാല്‍ മൊഴിയുടെ അടിസ്ഥാനത്തിലല്ലാതെ വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ മാത്രമെ കേസെടുക്കുകയുള്ളൂവെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഈക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് ശക്തമായി സമ്മര്‍ദ്ദം ചെലുത്തുണ്ടെന്നാണ് സൂചന. എന്നാല്‍ സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും പിടിയിലായവര്‍ക്ക് സിപിഎം ബന്ധമുണ്ടെങ്കില്‍ അവര്‍ക്കെതിരെ സംഘടനാതലത്തില്‍ നടപടിയുണ്ടാകുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഎം കണ്ണൂര്‍ ജില്ലാനേതൃത്വം.

ഈക്കാര്യം നസീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ സന്ദര്‍ശിക്കവെ ജില്ലാസെക്രട്ടറി എം വി ജയരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം വിമതനായി പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തുപോയ സി ഒ ടി നസീറിനെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴും തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോഴും ആരോപണ വിധേയനായ യുവനേതാവ് പലപ്പോഴായി ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായി നസീര്‍ ആശുപത്രിയില്‍വെച്ച് മൊഴി നല്‍കിയിട്ടുണ്ട്.

ഈ കോള്‍ ലിസ്റ്റ് പോലീസിനു കൈമാറിയിട്ടും നടപടിയെടുക്കുന്നില്ലെന്ന പരാതിയും നസീര്‍ ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ വടകരയില്‍ പി ജയരാജനെതിരെ മത്സരിച്ച നിന്നെ വെറുതെ വിടില്ലെന്നും കനത്ത തിരിച്ചടി അനുഭവിക്കേണ്ടി വരുമെന്നും ഈ യുവനേതാവ് ഭീഷണിമുഴക്കിയതായി നസീര്‍ പറയുന്നു. ഇദ്ദേഹത്തിന്റെ സില്‍ബന്ധികളായ തലശ്ശേരിയിലെ ചില പ്രാദേശിക നേതാക്കളും ഈക്കാര്യം പലയിടങ്ങളിലും ആവര്‍ത്തിച്ചു. നേരത്തെ രണ്ടു തവണ നസീറിനെതിരെ വധശ്രമത്തിന് പദ്ധതിയിട്ടിരുന്നെങ്കിലും ചില കാരണങ്ങളാല്‍ നടന്നില്ല. തലശ്ശേരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളെയാണ് നസീറിനെ അപായപ്പെടുത്താന്‍ ചുമതലപ്പെടുത്തിയത്.

തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ തലശ്ശേരിയില്‍ നടന്ന ഒരു ഇഫ്താര്‍ സംഗമത്തിനിടെ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത യുവനേതാവും സി ഒ ടി നസീറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായും നേതാവ് പരസ്യമായി ഭീഷണിമുഴക്കിയതായും നസീര്‍ പറയുന്നു. സി ഒ ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജനെതിരെയാണ് സംശയത്തിന്റെ വാള്‍മുന നീണ്ടത്. വടകരയില്‍ ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ ജയരാജനെ വീണ്ടും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ മത്സരിച്ചു. എന്നാല്‍ വടകരയില്‍ ദയനീയമായി തോറ്റു നില്‍ക്കുന്ന പി ജയരാജനെ പ്രതിരോധിക്കാന്‍ സിപിഎം രംഗത്തുവരാത്തത് ജയരാജനെ സ്വന്തം നിരപരാധിത്വം താനെ തെളിയിക്കാന്‍ പ്രേരിപ്പിച്ചു.

നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് തനിക്കോ പാര്‍ട്ടിക്കോ ഈക്കാര്യത്തില്‍ പങ്കില്ലെന്നു ജയരാജന്‍ പറഞ്ഞതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. തന്റെ അക്കൗണ്ടില്‍ ഈ കുറ്റക്യത്യം കൂടി സമര്‍ഥമായി തന്റെ തലയില്‍ വച്ച് കൃത്യം ചെയ്തവര്‍ രക്ഷപ്പെടാന്‍ നോക്കേണ്ട എന്ന സന്ദേശം നല്‍കുകയായിരുന്നു ജയരാജന്‍. ഇതോടെ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, സംസ്ഥാന സമിതിയംഗം എ എന്‍ ഷംസീര്‍ എന്നിവര്‍ വ്യത്യസ്ത ഘട്ടങ്ങളിലായി ആശുപത്രി സന്ദര്‍ശിക്കുകയും സംഭവത്തിനു പിന്നില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന കാര്യം നസീറിനോട് പറയുകയുമുണ്ടായി.

പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും വധശ്രമത്തില്‍ പങ്കുണ്ടെങ്കില്‍ കര്‍ശനനടപടിയെടുക്കുമെന്ന് എം വി ജയരാജന്‍ ഉറപ്പു നല്‍കിയതായി സി ഒ ടി നസീര്‍ തന്നെ വ്യക്തമാക്കിയത്. ഇതിനിടെ അക്രമം നടന്ന കായ്യത്ത് റോഡിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ വച്ച ക്യാമറയില്‍ നിന്നും പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചന പോലീസിനു ലഭിച്ചത്. ഇവര്‍ സിപിഎം പ്രവര്‍ത്തകരാണെന്നു തെളിഞ്ഞതോടെ മൗനം പാലിക്കുകയാണ് പാര്‍ട്ടി. പിടിയിലായവര്‍ നല്‍കിയ മൊഴി പ്രകാരം സിപിഎം പ്രാദേശിക നേതൃത്വവും ഉന്നത നേതാവും നല്‍കിയ ക്വട്ടേഷനാണ് നസീര്‍ വധശ്രമമെന്നു തെളിഞ്ഞതോടെ സിപിഎം നേരത്തെയുയര്‍ത്തിയ നിരപരാധിത്വ നാടകം പാടെ പൊളിഞ്ഞിരിക്കുകയാണ്.

സി ഒ ടി നസീറിന്റെ സഹോദരന്‍ തലശ്ശേരി ലോക്കലിലെ ഒരു പ്രധാനനേതാവും ബ്രാഞ്ച് സെക്രട്ടറിയുമാണ്. വര്‍ഷങ്ങളായി സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമായ പാര്‍ട്ടി കുടുംബമാണ് നസീറിന്റെത്. അക്രമം നടന്നതിനു ശേഷം ഇവരും ബന്ധുക്കളും പാര്‍ട്ടിയോട് അകന്നിരിക്കുകയാണ്. ഇതു സിപിഎമ്മിനെ പൂര്‍ണമായി വെട്ടിലാക്കിയിരിക്കുകയാണ്.

നസീറിനെതിരെയുള്ള വധശ്രമത്തിനു പിന്നില്‍ രാഷ്ട്രീയത്തിലുപരിയായി വ്യക്തിവൈരാഗ്യവും ഇഴുകി ചേര്‍ന്നിട്ടുണ്ടെന്നാണ് പോലീസ് അന്വേഷണത്തില്‍ നിന്നും വ്യക്തമായത്. തലശ്ശേരിയിലെ സിപിഎമ്മിന്റെ ഉന്നത സ്ഥാനങ്ങളില്‍ വിരാജിക്കുന്ന യുവനേതാവും സി ഒ ടി നസീറും തമ്മില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രവര്‍ത്തിക്കുമ്പോഴെ വ്യക്തിവൈരാഗ്യവും മൂപ്പിളമ തകര്‍ക്കവുമുണ്ടായിരുന്നു. നഗരസഭാ കൗണ്‍സിലറായി പ്രവര്‍ത്തിക്കുമ്പോള്‍ തുറന്ന ഇടപെടലിലൂടെ ഏറെ ജനകീയ അംഗീകാരം നേടിയ നസീറിനെ പാര്‍ട്ടിക്കുള്ളില്‍ നിന്നും പുകച്ചു പുറത്തു ചാടിക്കാന്‍ കരുക്കള്‍ നീക്കിയതും ഈ യുവനേതാവാണെന്നാണ് ആരോപണം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: C O T Naseer murder, Kannur, News, Kerala, Politics, Murder, CPM, Police