Follow KVARTHA on Google news Follow Us!
ad

കുരങ്ങുപനി പ്രതിരോധ സംവിധാനങ്ങള്‍ വയനാട്ടില്‍ സുശക്തമെന്ന് മെഡിക്കല്‍ ഓഫീസര്‍

വയനാട് ജില്ലയില്‍ കുരങ്ങുപനിയുടെ ആറ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും അതില്‍ രണ്ട് Kerala, News, Health, diseased, Monkey, Dead, Patient, Monkey fever: preventional efforts going on.
മാനന്തവാടി: (www.kvartha.com 30.04.2019) വയനാട് ജില്ലയില്‍ കുരങ്ങുപനിയുടെ ആറ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും അതില്‍ രണ്ട് മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ടന്ന് ഡി എം ഒ പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ കുരങ്ങുപനി പിടിപെടുവാന്‍ സാദ്ധ്യതയുളള സ്ഥലങ്ങളിലും മറ്റ് പ്രദേശങ്ങളിലും ബോധവല്‍ക്കരണ ക്ലാസുകള്‍, ഐ ഇ സി ബോര്‍ഡുകള്‍, ലഘുലേഖകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുവാന്‍ സാധിച്ചിട്ടുണ്ട്. കൂടാതെ രോഗപ്രതിരോധ ചികിത്സകളുടെ ഭാഗമായി ഇതുവരെ 1231 ആളുകള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കുവാന്‍ സാധിച്ചിട്ടുണ്ട്. അപ്പപ്പാറ, ബേഗൂര്‍, മേഖലകളില്‍ മാത്രമായി 986 പേര്‍ക്ക് പ്രതിരോധകുത്തിവെയ്പ് നല്‍കിയിട്ടുണ്ട്.


വനവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരില്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതിനുളള വിമുഖത പൂര്‍ണ്ണമായ പ്രതിരോധ കുത്തിവെയ്പിനായി ഒരു തടസ്സമായി നിലനില്‍ക്കുന്നുണ്ട്. ജില്ലയില്‍ കുരങ്ങുപനി തുടയുന്നതിന്റെ ഭാഗമായി കുരങ്ങ് ചത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ ഡസ്റ്റിംഗ് അടക്കമുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി ജില്ലാ ആരോഗ്യവകുപ്പ് പൂര്‍ണ്ണമായും സുസജ്ജമാണ്. എങ്കിലും അപ്പപ്പാറ മേഖലയില്‍ കര്‍ണ്ണാടകയില്‍ കൂലിവേലയ്ക്ക് പോകുന്നവരും, നിത്യ സന്ദര്‍ശകരുമായ ആളുകള്‍ക്കാണ് കുരങ്ങുപനി അധികവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നത് ജില്ലാ ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്.

കര്‍ണ്ണാടക ആരോഗ്യവകുപ്പുമായി യോജിച്ച് പ്രവര്‍ത്തിച്ചുകൊണ്ട് കര്‍ണ്ണാടകയില്‍ ആവശ്യമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനുളള അവലോകനങ്ങള്‍ നടത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം ഇതുവരെ 10 സംശയാസ്പദമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ആറ് കേസുകള്‍ സ്ഥിരീകരിക്കുകയും രണ്ട് മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. 28 ന് മരണപ്പെട്ട വ്യക്തി തിരുനെല്ലി, അപ്പപ്പാറ അത്തംകുന്ന് കോളനി നിവാസിയും കര്‍ണ്ണാടകയിലെ ബൈരക്കുപ്പയില്‍ കല്യാണം കഴിച്ച് താമസിക്കുന്നയാളുമാണ്. ഇയാള്‍ ഏപ്രില്‍ 14,15 തിയ്യതികളില്‍ അപ്പപ്പാറയില്‍ തന്റെ വീട് സന്ദര്‍ശിക്കുകയും 16ന് തിരികെ കുടകില്‍ ജോലിക്കായി പോവുകയും ചെയ്തിരുന്നു. ആ സമയം കര്‍ണ്ണടകയില്‍ ചികിത്സ തേടുകയും അസുഖം ഭേദമാകാത്തതിനാല്‍ 28ന് രാവിലെ 10.30 മണിക്ക് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിക്കുകയും ഉടന്‍ തന്നെ ഇയാളെ ഐ സി യുവില്‍ പ്രവേശിക്കുകയുണ്ടായെങ്കിലും 11 മണിക്ക് മരണപ്പെടുകയാണുണ്ടായത്.

 ഇയാളുടെ രക്തസാമ്പിള്‍ പരിശോധനയില്‍ കുരങ്ങുപനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ കര്‍ണ്ണാടക ഉള്‍പ്പെടെയുളള കുരങ്ങുപനി സാദ്ധ്യതയുളള സ്ഥലങ്ങളില്‍ വനവുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ പ്രതിരോധ കുത്തിവെയ്പ് സ്വീകരിക്കുക, ചെള്ള്, ഉണ്ണി, വട്ടുണ്ണി മുതലായവ ശരീരത്തില്‍ കടിക്കാത്ത വിധം ശരീരം മുഴുവന്‍ മറയുന്ന വസ്ത്രം ധരിക്കുക, ചെള്ള്, ഉണ്ണി മുതലായവയെ അകറ്റുന്നതിനായുളള ലേപനങ്ങള്‍ ഉപയോഗിക്കുക, ഗംബൂട്ട് ധരിക്കുക മുതലായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.


Keywords: Kerala, News, Health, diseased, Monkey, Dead, Patient, Monkey fever: preventional efforts going on.