Follow KVARTHA on Google news Follow Us!
ad

വിടവാങ്ങിയത് കേരള രാഷ്ട്രീയത്തില്‍ പരാജയമറിയാത്ത അതികായന്‍, നിയമസഭാംഗമായി തുടര്‍ന്നത് 54 വര്‍ഷക്കാലം

Kerala, News, Trending, Death, Obituary, Ex minister, K.M.Mani, KM Mani No more
കോട്ടയം: (www.kvartha.com 09.04.2019) കേരള രാഷ്ട്രീയത്തിലെ അതികായനാണ് അന്തരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. അര നൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന കെ എം മാണിയുടെ പ്രവര്‍ത്തനം ഏറെ കൗതുകത്തോടെയാണ് ഉറ്റുനോക്കിയിരുന്നത്. മുന്നണികള്‍ എല്ലാ കാലത്തും കേരള കോണ്‍ഗ്രസിന്റെ നിലപാടുകളെ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചിരുന്നു.

കേരള നിയമസഭയെ ഏറ്റവും കൂടുതല്‍ കാലം പ്രതിനീധികരിച്ച സാമാജികനായിരുന്നു മാണി. മരിക്കുമ്പോഴും അദ്ദേഹം പാലായുടെ എംഎല്‍എയായിരുന്നു. 12ാം തവണയാണ് പാലാ നിയമസഭ മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

കേരള സംസ്ഥാനത്ത് കൂടുതല്‍ കാലം ധനമന്ത്രിയായി പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ്. കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് മാണി കൊണ്ടുവന്ന കാരുണ്യ ലോട്ടറി ഇന്ന് ഒട്ടേറ രോഗികള്‍ക്ക് ആശ്വാസമായി തീര്‍ന്നിട്ടുണ്ട്. ജനപക്ഷത്ത് നിന്ന് എന്നും പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് വേണ്ടി പ്രത്യേകിച്ച് റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി നിയമസഭയ്ക്കകത്തും പുറത്തും പോരാടിയിരുന്നു.

1975 ഡിസംബര്‍ 26 നാണ് ആദ്യമായി മന്ത്രിസഭയില്‍ അംഗമാകുന്നത്. തുടര്‍ന്നങ്ങോട്ട് മാണിയുടെ കളരിയായിരുന്നു കേരള രാഷ്ട്രീയം. കേരളത്തില്‍ ഏറ്റവും കൂടുത കാലം മന്ത്രിയായിരുന്ന ബേബി ജോണിന്റെ റെക്കോര്‍ഡ് 2003 ജൂണ്‍ 22 ന് അദ്ദേഹം മറികടന്നു.


പത്ത് മന്ത്രിസഭകളില്‍ അംഗമായിരുന്ന മാണിക്കാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നതിന്റെ റെക്കോര്‍ഡും. അച്ചുതമേനൊന്റെ ഒരു മന്തിസഭയിലും (455 ദിവസം), കെ കരുണാകരന്റെ നാല് മന്ത്രിസഭകളിലും (3229 ദിവസം), ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി കെ വാസുദേവന്‍ നായരുടെ മന്ത്രിസഭയിലും (270 ദിവസം), ഇ കെ നായനാരുടെ ഒരു മന്ത്രിസഭയിലും (635 ദിവസം) അദ്ദേഹം അംഗമായിരുന്നു.

ഏറ്റവും കൂടുതല്‍ നിയമ സഭകളില്‍ മന്ത്രിയായിട്ടുള്ളതും മാണിയാണ്. തുടര്‍ച്ചയായി 11 നിയമസഭകളില്‍ അംഗമായ അദ്ദേഹം നാല്, അഞ്ച്, ആറ്, ഏഴ്, ഒമ്പത്, 11, 13 എന്നീ ഏഴ് നിയമസഭകളില്‍ മന്തിയായി. സത്യപ്രതിജ്ഞയിലും മാണി ഒന്നാം സ്ഥാനത്താണ്. 11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1977 - 78 ല്‍ മന്ത്രിയായിരിക്കെ രാജി വെക്കുകയും പിന്നീട് അതേ മന്ത്രിസഭയില്‍ തിരിച്ച് വന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ കൂടുതലായി വന്നത്.

1964 ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ നിന്ന് 1965 മുതല്‍ പതിമൂന്ന് തവണ അവിടെ ജയിച്ച മാണി ഒരിക്കല്‍ പോലും പരാജയം നുണഞ്ഞിട്ടില്ല.

അതിനിടെ 2014ല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളുടെ സംഘടന ഒരു കോടി രൂപ കൈക്കൂലി കൊടുത്തു എന്ന ബിജു രമേശിന്റെ ആരോപണത്തെ തുടര്‍ന്ന് 2015 നവംബര്‍ 10 ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. എന്നാല്‍ 2016ലെ അടുത്ത തെരഞ്ഞെടുപ്പില്‍ പാലാക്കാര്‍ വിശ്വസിച്ച് നിയമസഭയിലേക്ക് അയച്ചത് മാണിയെ തന്നെയായിരുന്നു. കോടതി വിധിയെ തുടര്‍ന്ന് രാജിവെച്ച അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജിവെച്ചിരുന്നു.

കരിങ്ങോഴക്കല്‍ മാണി മാണി എന്നാണ് മുഴുവന്‍ പേര്. 1933 ജനുവരി 30 ന്  2019 ഏപ്രില്‍ 09ന് മരിച്ചു. കേരള കോണ്‍ഗ്രസ് (എം) എന്ന പാര്‍ട്ടിയുടെ നേതാവാണ് ഇദ്ദേഹം. ഇപ്പോള്‍ പാലാ നിയോജകമണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധീകരിക്കുന്നു. ഏറ്റവുമധികം തവണ (12 പ്രാവശ്യം) ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോര്‍ഡ് മാണിക്കാണ്.

കോട്ടയം മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപള്ളിയില്‍ കര്‍ഷക ദമ്പതികളായിരുന്ന തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടേയും മകനായി 1933 ജനുവരി 30ന് ജനിച്ച മാണി 1959 ല്‍ കെപിസിസിയില്‍ അംഗമായി. മദ്രാസ് ലോ കോളജില്‍ നിന്ന് നിയമ ബിരുദം നേടിയ അദ്ദേഹം 1955 ല്‍ ഹൈക്കോടതി ജഡ്ജി പി ഗോവിന്ദ മേനോന്റെ കീഴില്‍ കോഴിക്കോട് അഭിഭാഷകനായി ചേര്‍ന്നു. 1964 ലാണ് കേരള കോണ്‍ഗ്രസിലെത്തുന്നത്. പാലാ നഗരസഭാ പരിധിയിലാണ് ഇപ്പോള്‍ താമസം.







(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Trending, Death, Obituary, Ex minister, K.M.Mani, KM Mani No more.