Follow KVARTHA on Google news Follow Us!
ad

പോര്‍ക്കളത്തില്‍ എതിരാളികളായി; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നു; 4 മണ്ഡലങ്ങളില്‍ പിടിവലി തുടരുന്നു, കാസര്‍കോട്ട് ഉണ്ണിത്താന്‍, കെ വി തോമസിന് സീറ്റില്ല

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി. സോണിയ ഗാന്ധിയുടെ വീട്ടില്‍ ചേര്‍ന്നKerala, Congress, News, Election, Lok Sabha, Sonia Gandhi, New Delhi, National, Thiruvananthapuram, Politics, Thiruvananthapuram, P Jayarajan, K.Sudhakaran, Wayanad, kasaragod, Kannur, Malappuram, Kozhikode, palakkad, Alappuzha, Idukki, Kollam, Kottayam, Pathanamthitta, Ernakulam, Thrissur, Congress candidate list announced.
തിരുവനന്തപുരം: (www.kvartha.com 16.03.2019) ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി. സോണിയ ഗാന്ധിയുടെ വീട്ടില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിനൊടുവിലാണ് സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് അന്തിമ രൂപമായത്. ശനിയാഴ്ച 6.30ന് ചേര്‍ന്ന യോഗം ഏറെ നേരം നീണ്ടുനിന്നു. ഗ്രൂപ്പുകളുടെ പിടിവലിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകാന്‍ കാരണമായതെന്നാണ് വിവരം. അതേസമയം വനിതാപ്രാതിനിധ്യം പേരിന് മാത്രമാണെന്നും ആക്ഷേപമുണ്ട്. ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയുമടക്കമുള്ള വമ്പന്മാര്‍ ഇത്തവണ മത്സരിക്കുന്നില്ല. കെ സി വേണുഗോപാലും മത്സരിക്കില്ല.

ആകെ 16 മണ്ഡലങ്ങളിലാണ് കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. 12 മണ്ഡലങ്ങളിലേക്കുള്ള പട്ടിക മാത്രമാണ് പൂര്‍ത്തിയായത്. ആലപ്പുഴ, ആറ്റിങ്ങല്‍, വയനാട്, വടകര മണ്ഡലങ്ങള്‍ തര്‍ക്കത്തെ തുടര്‍ന്ന് തീരുമാനമാകാതെ കിടക്കുകയാണ്. ചില മണ്ഡലങ്ങളില്‍ തര്‍ക്കമുള്ളതിനാല്‍ ഔദ്യോഗികപ്രഖ്യാപനം ഞായറാഴ്ച വൈകീട്ടോടെ മാത്രമേ ഉണ്ടാവികയുള്ളൂ.

ശബരിമല വിഷയത്തെ തുടര്‍ന്ന് ദേശീയശ്രദ്ധ നേടിയ പത്തനംതിട്ടയില്‍ ആന്റോ ആന്റണി മത്സരിക്കും. അതേസമയം എറണാകുളത്ത് രണ്ടാമൂഴം പ്രതീക്ഷിച്ചിരുന്ന സിറ്റിംഗ് എംപി കെ വി തോമസിന് സീറ്റില്ല. പകരം ഹൈബി ഈഡന്‍ മത്സരിക്കും. കെ വി തോമസിനായി ചുവരെഴുത്തടക്കമുള്ള പ്രചരണങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു. തീരുമാനത്തില്‍ ദുഖമുണ്ടെന്നും നല്ലൊരു സാമാജികനായാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രായമായത് തെറ്റല്ലെന്നും ആകാശത്ത് നിന്ന് പൊട്ടിവീണതല്ലെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.

പാലക്കാട്ട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠനാണ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ ഏറെ സ്വാധീനമുള്ള നേതാവാണ് ശ്രീകണ്ഠന്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ജയ്‌ഹോ പദയാത്ര ഏറെ ചലനം സൃഷ്ടിച്ചിരുന്നു. അത് തന്നെയാണ് സ്ഥാനാര്‍ത്ഥിപട്ടികയില്‍ അദ്ദേഹത്തിന്റെ പേര് വരാനുള്ള കാരണവും.

കണ്ണൂരില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനാണ് മത്സരിക്കുന്നത്. ഈ സീറ്റ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നുണ്ട്. അതേസമയം കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇടതുപക്ഷം കയ്യടക്കിവാണുന്ന കാസര്‍കോട് മണ്ഡലത്തില്‍ കെ പി സി സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താനെയാണ് കോണ്‍ഗ്രസ് ഇറക്കുന്നത്. കഴിഞ്ഞ മൂന്ന് തവണ പി കരുണാകരന്‍ ജയിച്ച കാസര്‍കോട് ഇത്തവണ പിടിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് യുഡിഎഫ് കരുതുന്നത്. തിരുവനന്തപുരത്ത് സിറ്റിംഗ് എംപി ശശി തരൂര്‍ തന്നെ മത്സരിക്കും.

ബെന്നി ബെഹനാന്‍ (ചാലക്കുടി), യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് (ഇടുക്കി), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ടി എന്‍ പ്രതാപന്‍ (തൃശൂര്‍), രമ്യാ ഹരിദാസ് (ആലത്തൂര്‍), എം കെ രാഘവന്‍ (കോഴിക്കോട്) എന്നിവരും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങും.

തര്‍ക്കമുള്ള കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വയനാട്ട് അഡ്വ. ടി സിദ്ദീഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഉമ്മന്‍ ചാണ്ടി പക്ഷം ആവശ്യപ്പെടുന്നത്. എംപിയായിരുന്ന എം ഐ ഷാനവാസ് മരിച്ചതിനെ തുടര്‍ന്ന് മാസങ്ങളായി ഒഴിവുള്ള മണഡലമാണ് വയനാട്. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന്റെ പേരാണ് ഉയര്‍ന്നിരുന്നത്. വടകരയില്‍ ശക്തനായ ഇടതുസ്ഥാനാര്‍ത്ഥി പി ജയരാജനെ നേരിടാന്‍ കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പരിഗണനയിലുണ്ടായിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തെ കാസര്‍കോട്ടേക്ക് മാറ്റി.

അതേസമയം നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ച ഇടതുപക്ഷം മണ്ഡലങ്ങളില്‍ പ്രചരണവും തുടങ്ങിക്കഴിഞ്ഞു. എല്ലായിടത്തും മണ്ഡലകണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഒന്നാം ഘട്ട പര്യടനം അവസാനിച്ചു. ചുമരെഴുത്തും ബാനറും പോസ്റ്ററും നാടാകെ നിരന്നുകഴിഞ്ഞു.


Keywords: Kerala, Congress, News, Election, Lok Sabha, Sonia Gandhi, New Delhi, National, Thiruvananthapuram, Politics, Thiruvananthapuram, P Jayarajan, K.Sudhakaran, Wayanad, kasaragod, Kannur, Malappuram, Kozhikode, palakkad, Alappuzha, Idukki, Kollam, Kottayam, Pathanamthitta, Ernakulam, Thrissur, Congress candidate list announced.