Follow KVARTHA on Google news Follow Us!
ad

രാഹുല്‍ ഗാന്ധി വയനാട്ടിലും പ്രിയങ്ക ഗാന്ധി വാരണാസിയിലും മത്സരിക്കും; ചര്‍ച്ചകള്‍ സജീവം

രാഹുല്‍ ഗാന്ധി വയനാട്ടിലും പ്രിയങ്ക ഗാന്ധി വാരണാസിയിലും New Delhi, News, Politics, Trending, Lok Sabha, Election, Congress, BJP, Rahul Gandhi, Priyanka Gandhi, National,
ന്യൂഡല്‍ഹി: (www.kvartha.com 30.03.2019) രാഹുല്‍ ഗാന്ധി വയനാട്ടിലും പ്രിയങ്ക ഗാന്ധി വാരണാസിയിലും മത്സരിക്കും, ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി നടക്കുന്നു.

ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന കാര്യത്തില്‍ ഏതാണ്ട് തീരുമാനമായത്. ദക്ഷിണേന്ത്യയില്‍ താന്‍ മത്സരിക്കുമെന്ന സൂചന കഴിഞ്ഞ ദിവസം തന്നെ രാഹുല്‍ ഗാന്ധി നല്‍കിയിരുന്നു.

Campaigning picks up pace as PM Modi, Priyanka and Rahul Gandhi raise pitch, New Delhi, News, Politics, Trending, Lok Sabha, Election, Congress, BJP, Rahul Gandhi, Priyanka Gandhi, National

ഇത് കര്‍ണാടകയിലെ ഏതെങ്കിലും മണ്ഡലമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കര്‍ണാടകയിലെ രണ്ടുമണ്ഡലങ്ങളാണ് രാഹുല്‍ ഗാന്ധിക്കായി കണ്ടുവെച്ചിരുന്നത്. ഈ രണ്ടുമണ്ഡലങ്ങളിലെ ജയസാധ്യത സംബന്ധിച്ചും നേരിയ ആശങ്ക കോണ്‍ഗ്രസിനുണ്ട്. ഈയൊരു ഘട്ടത്തിലാണ് വയനാട് എന്ന സാധ്യതയിലേക്ക് വീണ്ടും ചര്‍ച്ചകള്‍ എത്തുന്നത്.

അങ്ങനെയെങ്കില്‍ ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള മണ്ഡലമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ വിജയിക്കാന്‍ വേണ്ടി തെരഞ്ഞെടുത്തത് എന്ന് ബിജെപി വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തും. മറ്റൊന്ന് ബിജെപിയെ നേരിടാന്‍ സാധിക്കാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒളിച്ചോടിയെന്ന പ്രചാരണവും അവര്‍ നടത്തും.

കഴിഞ്ഞ ദിവസം ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയ രാഹുല്‍ രാത്രിയോടെ തന്നെ ഡെല്‍ഹിയില്‍ തിരിച്ചെത്തിയിരുന്നു. ശനിയാഴ്ച പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന നടത്തി രണ്ടാം സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

അതേസമയം, രാഹുല്‍ പരാജയ ഭീതി മൂലമാണ് രണ്ടാം മണ്ഡലം തേടുന്നതെന്ന ബി.ജെ.പി ആരോപണം നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മത്സരിക്കുന്ന വാരണാസിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ ഇറക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ബി.ജെ.പിയെ അതിശക്തമായി നേരിടാന്‍ തങ്ങളുണ്ടെന്ന സന്ദേശം നല്‍കുകയും ഒപ്പം കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് കരുതുന്ന രാഹുല്‍ ഗാന്ധിക്ക് വിജയം ഉറപ്പിക്കാനും കഴിയുമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കരുതുന്നത്.

ഇതോടെ രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി വാരണാസി മാറുകയും ചെയ്യും. ഇനി പ്രിയങ്ക മത്സരിച്ച് തോറ്റാല്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഉത്തര്‍പ്രദേശില്‍ തങ്ങളുടെ ഏറ്റവും ശക്തയായ നേതാവായി പ്രിയങ്കയെ കോണ്‍ഗ്രസിന് ഉയര്‍ത്തിക്കാട്ടുകയും ചെയ്യാം. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി ഒരുങ്ങാന്‍ കഴിഞ്ഞ ദിവസം പ്രിയങ്ക പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം മുതലാണ് പ്രിയങ്ക വാരണാസിയില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇതിന് കാരണമായത് പ്രിയങ്കയുടെതന്നെ ഒരു പ്രതികരണത്തിലാണ്. കഴിഞ്ഞ ദിവസം അമ്മ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രചാരണത്തിനെത്തിയ പ്രിയങ്കയോട് ഇവിടെ നിന്ന് മത്സരിക്കുമോ എന്ന് പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വാരണാസിയില്‍ ആയാലോ? എന്ന മറുചോദ്യമാണ് പ്രിയങ്കയില്‍ നിന്നുണ്ടായത്. 

അതോടെയാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. അഭ്യൂഹം പഞ്ഞമില്ലാതെ പരക്കാനും തുടങ്ങി. വാരണാസിയില്‍ പ്രിയങ്ക മോഡിയുടെ എതിരാളിയാകുമോ? അതോ മോഡിയ്ക്കുനേരെ ഉണ്ടായ പരിഹാസ മുനയായിരുന്നോ അത്? ചര്‍ച്ചകളും അവലോകനങ്ങളും പൊടിപൊടിക്കുകയാണ്. ഇതിനിടയിലാണ് പ്രിയങ്ക വാരണാസിയില്‍ ഇറങ്ങിയേക്കുമെന്ന തരത്തില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ സൂചന നല്‍കിയത്.

വയനാട്ടില്‍ രാഹുല്‍ വന്നില്ലെങ്കില്‍ പ്രിയങ്ക മത്സരിക്കുമെന്ന് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുമ്പോഴാണ് ഈ പ്രതികരണം പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും മത്സരിക്കുമെന്ന് സഹോദരന്‍ രാഹുലിന്റെ മണ്ഡലമായ അമേതിയിലെ പ്രചാരണത്തിനിടെ പ്രിയങ്ക പറഞ്ഞിരുന്നു. അതുകൂടി ചേര്‍ത്തുവായിച്ചാണ് പ്രിയങ്ക മത്സരിക്കുമെന്ന തരത്തിലുള്ള സൂചനകള്‍ നേതാക്കന്മാര്‍ നല്‍കുന്നത്.

കോണ്‍ഗ്രസ് പരിപാടികളില്‍ അതിഥി വേഷം മാത്രമായിരുന്ന പ്രിയങ്ക ജനുവരിയിലാണ് പൂര്‍ണ സമയ പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയത്. കിഴക്കന്‍ യു.പിയുടെ ചുമതല ലഭിച്ചപ്പോള്‍ തന്നെ പ്രിയങ്ക സോണിയയ്ക്കുപകരം റായ്ബറേലിയില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ സോണിയാ ഗാന്ധിയുടെ പേര് ഉള്‍പ്പെട്ടതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Campaigning picks up pace as PM Modi, Priyanka and Rahul Gandhi raise pitch, New Delhi, News, Politics, Trending, Lok Sabha, Election, Congress, BJP, Rahul Gandhi, Priyanka Gandhi, National.