മാതൃഭൂമിയിലെ കാര്‍ട്ടൂണ്‍ വിവാദമായി; പത്രത്തിനും കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണനുമെതിരെ സിപിഎം നേതാവ് വി പി പി മുസ്തഫ നിയമ നടപടിക്ക്, ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചര്‍ച്ചയും കൊഴുക്കുന്നു

മാതൃഭൂമിയിലെ കാര്‍ട്ടൂണ്‍ വിവാദമായി; പത്രത്തിനും കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണനുമെതിരെ സിപിഎം നേതാവ് വി പി പി മുസ്തഫ നിയമ നടപടിക്ക്, ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചര്‍ച്ചയും കൊഴുക്കുന്നു

കാസര്‍ക്കേട്: (www.kvartha.com 24.02.2019) മാതൃഭൂമി പത്രത്തിനും കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണനുമെതിരെ സിപിഎം നേതാവ് വി പി പി മുസ്തഫ നിയമ നടപടിക്ക്. ഞായറാഴച പുറത്തിറങ്ങിയ പത്രത്തില്‍ അപകീര്‍ത്തികരമായ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെതിരെയാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും ജില്ലാ പഞ്ചായത്തംഗവുമായ വി പി പി മുസ്തഫ നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പെരിയ കല്യോട്ട് സിപിഎം ഓഫീസിന് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ പൊതുയോഗത്തിനിടെ മുസ്തഫ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ കൊലവിളി പ്രസംഗം നടത്തിയിരുന്നു.

ഇതിന് ശേഷം കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂരമായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഈ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ പുറത്ത് വരികയും സംഭവം വന്‍ വിവാദമാകുകയും ചെയ്തിരുന്നു. ചിതയില്‍ വെക്കാന്‍ പോലും കഴിയാത്ത വിധം ചിന്നിച്ചിതറുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പേരെടുത്ത് പറഞ്ഞ് മുസ്തഫ ഭീഷണിപ്പെടുത്തിയത്. ഈ പ്രസംഗത്തിന്റെ പേരില്‍ മുസ്തഫയ്‌ക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് കൊലവിളി പ്രസംഗം പശ്ചാത്തലമാക്കി ഗോപീകൃഷ്ണന്‍ മാതൃഭൂമി പത്രത്തില്‍ കാര്‍ട്ടൂണ്‍ വരച്ചത്. വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലുള്ള മാര്‍ക്‌സിന്റെ ചിത്രം മുസ്തഫ ഓരോ വാക്കുകള്‍ പറയുമ്പോഴും മാറി ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അക്തറിന്റെ ചിത്രമായി മാറുന്നതിന്റെ കാര്‍ട്ടൂണാണ് പ്രസിദ്ധീകരിച്ചത്. ജെയ്‌ഷെ മുസ്തഫ എന്നാണ് കാര്‍ട്ടൂണിന്റെ തലക്കെട്ട്.

മുസ്തഫ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിനെ അനുകൂലിച്ചും എതിര്‍ത്തും പലരും രംഗത്ത് വന്നിട്ടുണ്ട്. ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന് ഒരു വിഭാഗം ഉയര്‍ത്തി കാട്ടുമ്പോള്‍ മുസ്തഫയെ പോലുള്ള മതേതര വാദിയായ ഒരാളെ ജെയ്‌ഷെ മുസ്തഫയായി ചാപ്പകുത്തുന്നത് എന്ത് ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്നാണ് എതിര്‍ക്കുന്നവര്‍ ചോദിക്കുന്നത്. മാത്യഭൂമി ആഴ്ചപതിപ്പില്‍ മാസങ്ങള്‍ക്ക് മുമ്പ് വന്ന മീശ നോവലിനെതിരെ ഹിന്ദു സംഘടനകള്‍ വന്‍ വിമര്‍ശനവുമായി രംഗത്ത് വന്നപ്പോള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്ന് പറഞ്ഞ് അനുകൂലിച്ച ഇടത്പക്ഷ സംഘടനകള്‍ ഇപ്പോള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെ തിരിയുന്നതും പലരും സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്യുന്നു.


Keywords: Kerala, kasaragod, News, Mathrubhumi, Controversy, Cartoon, CPM, Murder, Mathrubhumi cartoon in controversy.
< !- START disable copy paste -->
ad