Follow KVARTHA on Google news Follow Us!
ad

കാസര്‍കോട് ഇരട്ടക്കൊല: പ്രാദേശികതലത്തില്‍ ഒതുക്കാന്‍ അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദമുണ്ടെന്ന് ആക്ഷേപം, എല്ലാവരുടെയും മൊഴികള്‍ പറഞ്ഞ് പഠിപ്പിച്ചതുപോലെ

കാസര്‍കോട് ഇരട്ടക്കൊലക്കേസില്‍ അന്വേഷണ സംഘത്തിന് മേല്‍ ഉന്നതതലങ്ങളില്‍ നിന്ന് സമ്മര്‍ദമെന്ന് News, Kasaragod, Kerala, Investigates, Arrest, Police, CPM, Murder case, Trending,
കാസര്‍കോട്:(www.kvartha.com 20/02/2019) കാസര്‍കോട് ഇരട്ടക്കൊലക്കേസില്‍ അന്വേഷണ സംഘത്തിന് മേല്‍ ഉന്നതതലങ്ങളില്‍ നിന്ന് സമ്മര്‍ദമെന്ന് വിവരം. പെരിയ കല്ല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ പുറത്തുനിന്നുള്ളവരുടെ പങ്ക് മറച്ചുവയ്ക്കാനുള്ള ശ്രമം പിടിയിലായവരുടെ ഭാഗത്തുനിന്ന് ഉള്‍പ്പെടെ സജീവമാണെന്ന സംശയമാണ് ഉയരുന്നത്. ശക്തമായ അന്വേഷണം നടത്തി കൊലയാളികളെ പിടികൂടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴാണ് അന്വേഷണത്തില്‍ ഉന്നതതല ഇടപെടല്‍ ഉണ്ടാകുന്നുവെന്ന ആക്ഷേപമുയരുന്നത്.

 News, Kasaragod, Kerala, Investigates, Arrest, Police, CPM, Murder case, Trending,  Kasargod twin murder: allegation on Investigation


കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് പ്രാദേശികതലത്തില്‍ ആണെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കം സജീവമായി നടക്കുന്നുണ്ടെന്നാണ് ആക്ഷേപം. കൊലപാതകം നടന്ന ദിവസത്തെ ആദ്യനിലപാടുകളില്‍ നിന്ന് പോലീസ് മലക്കം മറിയുകയാണ്. കണ്ണൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘം കൊലപാതകം നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന വിവരം ആദ്യം പുറത്തുവിട്ട പോലീസ്, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്റെ അറസ്‌റ്റോടെ നിലപാടുകള്‍ മാറ്റുകയായിരുന്നുവെന്ന ആരോപണമാണ് ഉയരുന്നത്.

പാര്‍ട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയ സിപിഎം, പാര്‍ട്ടിക്കാരായ ആരെങ്കിലും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പുറത്താക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ അറസ്റ്റിലായതിന് പിന്നാലെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ രാഷ്ട്രീയ കൊലപാതകമാണെന്നായിരുന്നു പോലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഇത് പ്രാദേശികതലത്തിലുള്ള കൊലയാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ് ആക്ഷേപമുയരുന്നത്.

ഞായറാഴ്ച രാത്രിയോടെയാണ് കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. പീതാംബരന് പുറമെ ആറുപേരെ കൂടി അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇവരുടെയെല്ലാം മൊഴി പറഞ്ഞുപഠിപ്പിച്ചതിന് സമാനമാണെന്ന വിവരവും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. കൊലപാതകം നടത്തിയത് തങ്ങള്‍ തന്നെയാണെന്നും കൊല നടത്താനുള്ള വടിവാള്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ സംഘടിപ്പിച്ചത് തങ്ങള്‍ മാത്രമാണെന്നുമാണ് പ്രതികള്‍ മൊഴി നല്‍കിയതെന്നാണ് സൂചന.

വെട്ടിയത് താനാണെന്നാണ് പീതാംബരന്റെ മൊഴി. കഞ്ചാവ് ലഹരിയിലാണ് കൊല നടത്തിയതെന്നും പിടിയിലായ ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂടുതലൊന്നും വെളിപ്പെടുത്താനോ അന്വേഷണവുമായി സഹകരിക്കാനോ ഇവര്‍ തയ്യാറാകുന്നില്ലെന്നും പോലീസ് പറയുന്നു. ഇത് കൊലപാതകത്തിലെ പുറത്തുനിന്നെത്തിയവരുടെ പങ്ക് മറച്ചുവയ്ക്കാനാണോയെന്ന സംശയമാണ് ഉയരുന്നത്.

കണ്ണൂര്‍ പയ്യന്നൂര്‍ ഭാഗത്തു നിന്നുള്ള ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേര്‍ കൊലയാളികള്‍ സഞ്ചരിച്ച വാഹനത്തില്‍ ഉണ്ടായിരുന്നുവെന്ന വിവരം നേരത്തെ അന്വേഷണ സംഘത്തിന് ലഭിച്ചതായി അറിയുന്നു. എന്നാല്‍ അതൊന്നും ഇപ്പോള്‍ അന്വേഷണത്തില്‍ വിഷയമേയല്ലെന്നാണ് ആരോപണം ഉയരുന്നത്. കാറില്‍ എത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയാണ് കൊലപാതകം നടത്തിയതെന്ന വിവരങ്ങള്‍ നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Investigates, Arrest, Police, CPM, Murder case, Trending,
Kasargod twin murder: allegation on Investigation