യുദ്ധം തുടങ്ങിയോ? അതിര്‍ത്തി ലംഘിച്ച പാകിസ്ഥാന്റെ മൂന്നു വിമാനങ്ങളില്‍ ഒന്ന് വെടിവെച്ചിട്ടു; ഇന്ത്യയുടെ ഹെലികോപ്റ്റര്‍ അതിര്‍ത്തിയില്‍ തകര്‍ന്നുവീണു, തിരിച്ചടിച്ച് വ്യോമസേന

ശ്രീനഗര്‍: (www.kvartha.com 27.02.2019) അതിര്‍ത്തി ലംഘിച്ച് പാക് വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിയതോടെ കാശ്മീരില്‍ യുദ്ധസമാനമായ സാഹചര്യം ഉടലെടുക്കുന്നു. ബാലാക്കോട്ടിലെ ആക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ വ്യോമാര്‍തിര്‍ത്തിയില്‍ കടക്കാന്‍ ശ്രമിച്ച പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളാണ് വ്യോമസേന തുരത്തി.

ജമ്മു കശ്മീരിലെ രജൗറി ജില്ലയില്‍ നൗഷേറ സെക്ടറിന്റെ പരിധിയിലേക്ക് കടന്നുകയറിയ പാക്ക് വിമാനത്തെയാണ് ഇന്ത്യന്‍ വ്യോമസേന തുരത്തിയത്. വ്യോമാതിര്‍ത്തിയില്‍ പട്രോളിങ് നടത്തിയിരുന്ന വിമാനങ്ങളാണ് പാക്ക് വിമാനത്തെ തുരത്തിയത്.

Indian pilot captured, Pakistan F-16 plane shot down, Srinagar, News, Politics, Trending, Jammu, Pakistan, Flight, Militants, National.

ഭീകരകേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായതു മുതല്‍ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്ഥാന്‍ ഗ്രാമീണരെ മറയാക്കി ഷെല്ലാക്രമണം തുടരുന്നുണ്ട്.

അതേസമയം, ലേ, ജമ്മു, ശ്രീനഗര്‍, പഠാന്‍കോട്ട് വിമാനത്താവളങ്ങളില്‍ അതീവജാഗ്രത പുറപ്പെടുവിച്ചു. സുരക്ഷ കാരണങ്ങളാല്‍ ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യാത്രാവിമാനങ്ങള്‍ അടക്കമുള്ളവ ഇവിടെ തടഞ്ഞിരിക്കുകയാണ്. ഇവിടങ്ങള്‍ വ്യോമനിരോധന മേഖലയായി അനിശ്ചിതകാലത്തേക്ക് പ്രഖ്യാപിച്ചു. ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ക്ക് സുഗമമായി നീക്കം നടത്താനാണെന്നാണു വിശദീകരണം.

ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കണമെന്ന് പാക് പ്രധാനമന്ത്രി സൈന്യത്തിന് നിര്‍ദേശം നല്‍കിയതോടെ കാശ്മീരിലും പരിസരങ്ങളിലും വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കാശ്മീരിലേക്ക് തിരിച്ച എല്ലാ യാത്ര വിമാനങ്ങളും മറ്റ് സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, അതിര്‍ത്തിയില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.

പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ തിരിച്ചടിച്ചതിനു പിന്നാലെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടര്‍ന്നിരുന്നു. അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റവും പാക് ഭീകരര്‍ ശക്തമാക്കിയിട്ടുണ്ട്. ഷോപ്പിയാനിലെ മീമന്ദറില്‍ പുലര്‍ച്ചെ സംയുക്ത സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിന്റെ വിവിധ മേഖലകള്‍ കനത്ത സൈനിക നിരീക്ഷണത്തിലാണ്.

പാക്ക് ഭീകരകേന്ദ്രം ആക്രമിച്ചതോടെ അതിര്‍ത്തിയില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കിയിരുന്നു. തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍ കഴിഞ്ഞദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച വൈകിട്ടു മുതല്‍ അതിര്‍ത്തിയില്‍ പാക് സേന ഷെല്ലാക്രമണം നടത്തുന്നുണ്ട്. ഇതില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. തിരിച്ചടിയായി അഞ്ച് പാക് പോസ്റ്റുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തു. ഒട്ടേറെ പാക് സൈനികര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പുതിയ സാഹചര്യത്തില്‍ രാജ്യത്തിലെ തന്ത്രപ്രധാന മേഖലകളിലും പ്രമുഖ നഗരങ്ങളിലും സുരക്ഷ ശക്തമാക്കി.

അതിനിടെ, പാക്കിസ്ഥാനില്‍ നടത്തിയത് സൈനിക നടപടി അല്ലെന്ന നിലപാടാവര്‍ത്തിച്ച് ഇന്ത്യ. സ്ഥിതി സങ്കീര്‍ണമാക്കുന്ന നടപടികള്‍ക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. പാക്കിസ്ഥാന്‍ ഭീകരരെ തടയില്ലെന്ന് ഉറപ്പായതിനുശേഷമാണ് ഇന്ത്യ നടപടിയെടുത്തതെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സുഷമ സ്വരാജ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Indian pilot captured, Pakistan F-16 plane shot down, Srinagar, News, Politics, Trending, Jammu, Pakistan, Flight, Militants, National.
Previous Post Next Post