Follow KVARTHA on Google news Follow Us!
ad

ദുബൈ വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുടെ ബാഗേജുകള്‍ മോഷ്ടിക്കുന്ന സ്ത്രീ ഉള്‍പ്പെടുന്ന സംഘത്തെ അതിവിദഗ്ധമായി കുടുക്കി കസ്റ്റംസ്

ദുബൈ വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുടെ ബാഗേജുകള്‍ Dubai, News, Woman, Customs, Police, theft, Airport, UAE, Probe, Gulf, World,
ദുബൈ: (www.kvartha.com 16.01.2019) ദുബൈ വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുടെ ബാഗേജുകള്‍ മോഷ്ടിക്കുന്ന സ്ത്രീ ഉള്‍പ്പെടുന്ന സംഘത്തെ അതിവിദഗ്ധമായി കുടുക്കി ദുബൈ കസ്റ്റംസ്. 'മോഷണത്തിന്റെ മായാജാലം' എന്നു പേരിട്ട രഹസ്യ ഓപ്പറേഷനിലൂടെയാണ് സംഘത്തെ പിടികൂടിയത്. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയാണ് പുരുഷനെയും ഇയാളെ സഹായിക്കുന്ന സ്ത്രീയെയും കസ്റ്റംസ് കൈയ്യോടെ പിടികൂടിയത്.

പ്രതികളെ ദുബൈ പോലീസിന് കൈമാറി. ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുടെ ലഗേജുകള്‍ പതിവായി നഷ്ടപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസിന്റെ സ്റ്റിങ് ഓപ്പറേഷന്‍.

Passenger, woman arrested for stealing bags at Dubai airport, Dubai, News, Woman, Customs, Police, Theft, Airport, UAE, Probe, Gulf, World

സംഭവങ്ങളെ കുറിച്ച് സൂക്ഷ്മമായി പഠിച്ച ഉദ്യോഗസ്ഥര്‍ക്ക് ബാഗേജുകള്‍ ആഗമന ഹാളില്‍ നിന്നാണ് കാണാതാകുന്നതെന്നും ഇവ ആരോ മോഷ്ടിക്കുന്നതാണെന്നും വ്യക്തമായി. തുടര്‍ന്ന് ഒരു പ്രത്യേക സംഘത്തെ കേസ് അന്വേഷിക്കുന്നതിനു വേണ്ടി തയാറാക്കി. തുടര്‍ന്ന് വിമാനത്താവളത്തിലെത്തുന്ന എല്ലാ വിമാനങ്ങളിലെയും യാത്രക്കാരുടെ പട്ടിക പരിശോധിക്കുകയും ഇതില്‍ നിന്നും സംശയം തോന്നുന്നവരെ വീണ്ടും തരം തിരിക്കുകയും ചെയ്തു.

ഒടുവില്‍ ഈ പട്ടികയില്‍ 10 പേര്‍ ആയി. തുടര്‍ന്നുള്ള പരിശോധനയിലും അന്വേഷണത്തിലും ഈ പട്ടികയിലുള്ള ഒരു അറബ് പൗരനാണ് മോഷണങ്ങള്‍ക്ക് പിന്നിലെന്ന് മനസിലായി. ഇയാളെ സഹായിക്കാന്‍ ഒരു സ്ത്രീ ഉണ്ടെന്നും വ്യക്തമായി.

പ്രധാന പ്രതിയെ തിരിച്ചറിഞ്ഞതോടെ ഇയാളുടെ നീക്കങ്ങളെ കുറിച്ച് പഠിക്കുകയാണ് കസ്റ്റംസ് ചെയ്തത്. തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ സംഘടിപ്പിക്കുകയും എങ്ങോട്ടാണ് യാത്ര ചെയ്യുന്നതെന്നുമുള്ള കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തു. ഡിസംബര്‍ 30ന് ഇയാള്‍ തിരികെ യുഎഇയില്‍ എത്തുമെന്ന് കസ്റ്റംസ് അധികൃതര്‍ക്ക് മനസിലാവുകയും പ്രതിയെ കയ്യോടെ പിടികൂടാനുള്ള നീക്കങ്ങള്‍ നടത്തുകയും ചെയ്തു. പ്രതിയായ അറബ് പൗരന്‍ വിമാനത്താവളത്തില്‍ എത്തിയതു മുതല്‍ സിസിടിവിയിലൂടെയും നേരിട്ടും ഉദ്യോഗസ്ഥര്‍ ഇയാളെ പിന്തുടര്‍ന്നു.

എന്നാല്‍ വിമിനമിറങ്ങി കഴിഞ്ഞ് അറബ് പൗരന്‍ നിരവധി ബാഗുകള്‍ എടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. കസ്റ്റംസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ഇയാള്‍ ബാഗിലെ തിരിച്ചറിയാനുള്ള സ്റ്റിക്കറുകള്‍ മാറ്റുന്നതും കണ്ടു. ഒരു ഉദ്യോഗസ്ഥന്‍ ഇയാളെ തടഞ്ഞു നിര്‍ത്തി കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ വളരെ മോശമായാണ് പ്രതികരിച്ചത്. ഉദ്യോഗസ്ഥനോട് തട്ടിക്കയറുകയും ചെയ്തു.

എന്നാല്‍, അടുത്ത ഘട്ടത്തില്‍ പ്രതി ശരിക്കും കുടുങ്ങി. എക്‌സറെ മെഷിനിലൂടെ ബാഗുകള്‍ കടത്തിവിടുമ്പോള്‍ അറബ് പൗരന്‍ സ്റ്റിക്കറുകള്‍ മാറ്റാന്‍ ശ്രമിച്ചു. അതേസമയം ഇയാളുടെ കൈവശമുണ്ടായിരുന്ന മൂന്നു ബാഗുകളിലും സ്റ്റിക്കര്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നുള്ള പരിശോധനയില്‍ ആഗമന ഹാളിലെ ഒരു കസേരയുടെ ചുവട്ടില്‍ ഈ മൂന്നു ബാഗുകളുടെയും സ്റ്റിക്കറുകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ബാഗില്‍ എന്താണെന്നു ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ വസ്ത്രങ്ങളും കുങ്കുമപ്പൂവും ആണെന്നായിരുന്നു അറബ് സ്വദേശിയുടെ മറുപടി . എന്നാല്‍, ബാഗ് തുറന്നു പരിശോധിച്ചപ്പോള്‍ അതിനകത്ത് ക്രിസ്മസ് സമ്മാനങ്ങളും മറ്റും ആയിരുന്നു. അതില്‍ കൊടുത്തിരിക്കുന്ന വ്യക്തിയുടെ പേരും പാസ്‌പോര്‍ട്ടിലെ പേരും തമ്മിലും വ്യത്യാസമുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ ബാഗ് തന്റെ ഭാര്യയുടേതാണെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്തതോടെ പിന്നീട്, ഇതുമാറ്റി തന്റെ സുഹൃത്തിന്റേതാണെന്നും പറഞ്ഞു.

ഈ അവസരത്തില്‍ വിമാനത്താവളത്തിന്റെ മറ്റൊരു ഭാഗത്ത് പ്രതിയുടെ സഹായിയായ യുവതിയെയും പിടികൂടിയിരുന്നു. അവരെ പരിശോധിച്ചപ്പോള്‍ ഷൂസിനുള്ളില്‍ ഒരു സ്റ്റിക്കര്‍ കണ്ടെത്തി. എന്താണു കാര്യമെന്ന് ചോദിച്ചപ്പോള്‍ തനിക്കൊപ്പമുള്ള പുരുഷന്‍ പറഞ്ഞിട്ടാണ് ഇങ്ങനെ ചെയ്തതെന്നും കസ്റ്റംസ് ടാക്‌സ് ഒഴിവാക്കാനാണെന്നുമാണ് യുവതി പറഞ്ഞത്.

വിശദമായ ചോദ്യം ചെയ്യലില്‍ യുവതി പുരുഷനൊപ്പമുള്ളതാണെന്നും ബാഗുകള്‍ മോഷ്ടിക്കാന്‍ സഹായിക്കുമെന്നും സമ്മതിച്ചു. ഇതിന് പണവും നല്‍കുമെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ കേസ് ഫയല്‍ ചെയ്യുകയും ഇരുവരെയും ദുബൈ പോലീസിന് കൈമാറുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Passenger, woman arrested for stealing bags at Dubai airport, Dubai, News, Woman, Customs, Police, Theft, Airport, UAE, Probe, Gulf, World.