കൊല്ലം പ്രസ് ക്ലബ് അമ്പതിന്റെ നിറവില്‍; ആഘോഷങ്ങള്‍ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

കൊല്ലം: (www.kvartha.com 31.01.2019) സ്വദേശാഭിമാനി രാമകൃഷ്ണപിളളയുടെ നാമധേയത്തില്‍ നഗരഹൃദയമായ ചിന്നക്കടയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന കൊല്ലം പ്രസ് ക്ലബ് സൂവര്‍ണജൂബിലി ആഘോഷത്തിനൊരുങ്ങുന്നു. ഒരു വര്‍ഷത്തെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് ശനിയാഴ്ച ഉപരാഷ്ടപതി എം. വെങ്കയ്യനായിഡു തിരിതെളിക്കും.

മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ മാത്രമല്ല, ജില്ലയിലെ സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രിയ മേഖലകളിലെ സജീവമായ ഇടപെടലിന്റെ കേന്ദ്രം കൂടിയാണിവിടം. കൊല്ലം പ്രസ് ക്ലബ് 1960 കളുടെ ആദ്യമാണ് രൂപീകൃതമാകുന്നത്.

Kollam Press Club is now Fifty The Vice President will inaugurate the celebrations, Kollam, News, Celebration, Media, Press-Club, Inauguration, Kerala

പത്രസ്ഥാപനങ്ങളെ സംബന്ധിച്ചും പത്രപ്രവര്‍ത്തകരെ സംബന്ധിച്ചും കൊല്ലം ജില്ലക്കുളള സ്ഥാനം ഒന്നാമതാണ്. ഒരു കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ത്തമാനദിനപത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന രണ്ടു ജില്ലകളില്‍ ഒന്നുകൊല്ലമായിരുന്നു. മറ്റൊന്ന് കോട്ടയവും. കൊല്ലത്തുനിന്നും പ്രസിദ്ധീകരണമാരംഭിച്ച ആദ്യ മലയാള പത്രം മലയാളരാജ്യമായിരുന്നു.

ഏറെ കാലം കഴിഞ്ഞാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖ പത്രമായ ജനയുഗം കൊല്ലം കടപ്പാക്കടയില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിച്ചത്. പിന്നീട് തങ്ങള്‍ കുഞ്ഞു മുസിലിയാരുടെ ഉടമസ്ഥതയില്‍ പ്രഭാതം ദിനപത്രവും തടര്‍ന്ന് 1947 ല്‍ നവകേരളവും അതിനുശേഷം 1954 ല്‍ ആര്‍. ശങ്കറിന്റെ മുഖ്യ പത്രാധിപത്യത്തില്‍ ദിനമണി ദിനപത്രവും പ്രസിദ്ധീകരണം ആരംഭിച്ചു.

പി.ടി.ഐയുടെ ഒരു റീജിയണല്‍ ഓഫീസും കൊല്ലത്തു പ്രവര്‍ത്തനമാരംഭിച്ചു. പത്രപ്രവര്‍ത്തകര്‍ക്ക് അവരുടേതായ ഒരു സംഘടന വേണമെന്ന ആശയത്തെ തുടര്‍ന്നാണ് കൊല്ലം ജില്ലാ പത്രപ്രവര്‍ത്തക യൂണിയന്‍ ഉടലെടുത്തത്.

ആദ്യകാലത്ത് മലയാളരാജ്യത്തിലെ ഗോപാലപിളളയും ജനാര്‍ദനന്‍പിളളയും പി.ടി.ഐയിലെ രാമചന്ദ്രന്‍പിളള, കേരള പ്രസ് സര്‍വീസിലെ അസ്വ. സി.ജി കേശവന്‍, ജനയുഗത്തിലെ കാമ്പിശ്ശേരി കരുണാകരന്‍, തെങ്ങമം ബാലകൃഷ്ണന്‍, വി.ലക്ഷ്മണന്‍, കെ. ഗോവിന്ദപിളള, ആര്യാട് ഗോപി, ഇഗ്‌നേഷ്യസ് കാക്കനാടന്‍ എന്നിവരും കേരളകൗമുദിയിലെ കെ. ചന്ദ്രശേഖനും ദീപികയിലെ കെ.എസ് കുര്യനുമായിരുന്നു ഉണ്ടായിരുന്നത്.

കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റിന്റെ പതിനൊന്നാം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടന്നപ്പോള്‍ അതിന്റെ നടത്തിപ്പിന്റെ ചുമതല കൊല്ലം യൂണിയന്‍ ഏറ്റെടുത്തു. കൊല്ലത്തെ പത്രപ്രവര്‍ത്തകര്‍ക്ക് ഒത്തുചേരാനും യൂണിയന്‍ പ്രവര്‍ത്തനം നടത്താനും സ്വന്തമായി ഒരുകെട്ടിടം വേണമെന്ന ആവശ്യം ശക്തമായത് ഈ സംമ്മേളനത്തോടെയായിരുന്നു. ഇതിനായി ചിന്നക്കടയില്‍ ഇന്നു കാണുന്ന സ്ഥലം ചുണ്ടിക്കാണിച്ചത് 1965 ല്‍ നഗരസഭാധ്യക്ഷനായിരുന്ന ടി.കെ.ദിവാകരനായിരുന്നു.

1969 ഫെബ്രുവരി 22 ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ഇതിന്റെ തറക്കല്ലിട്ടു. നിര്‍മാണത്തിനായി അന്ന് ഒന്നരലക്ഷം രൂപയാണ് ചെലവായത്. എല്ലാ വിഭാഗം ജനങ്ങളും സംഭാവന നല്കി. കശുവണ്ടി തൊഴിലാളികള്‍ ഒരു രൂപ വീതമാണ് നല്‍കിയത്. സി. അച്യുതമേനോന്‍ സര്‍ക്കാരായിരുന്നു പട്ടയം അനുവദിച്ചു നല്‍കിയത്.

1970 ഏപ്രില്‍ 14 ന് കന്റോണ്‍മെന്റ് മൈതാനത്ത് കൂടിയ സമ്മേളനത്തില്‍ മുഖ്യമന്ത്രി അച്യുതമേനോന്‍ നാലുസെന്റ് ഭൂമിയുടെ പട്ടയം നല്കി. ആദ്യ സംഭാവനയായി സര്‍ക്കാര്‍ 25,000 രൂപയും നല്കി. 1972 ല്‍ കെട്ടിടം പണി പൂര്‍ത്തിയായി. വി. ലക്ഷ്മണന്‍, പി.കെ.തമ്പി, എന്‍. ജനാര്‍ദനന്‍പിളള തുടങ്ങിയവരുടെ അശ്രാന്ത പരിശ്രമങ്ങളാണ് രണ്ടു നില മന്ദിരത്തിന്റെ ഉയര്‍ച്ചയ്ക്ക് വഴിതെളിച്ചത്.

പത്രപ്രവര്‍ത്തനമേഖലയില്‍ ജില്ലയുടെ ഖ്യാതി കേരളത്തിലെമ്പാടും വ്യാപിപ്പിച്ച നേതാക്കളും ഇവിടെ നിന്നുണ്ടായി. സി.ആര്‍. രാമചന്ദ്രന്‍ തുടച്ചയായി 10 വര്‍ഷം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായി. കൊല്ലത്തു മാധ്യമപ്രവര്‍ത്തനം നടത്തിയ അനേകം പ്രതിഭകള്‍ പ്രസ് ക്ലബിന്റെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.

ഇപ്പോള്‍ ജയചന്ദ്രന്‍ ഇലങ്കത്ത് പ്രസിഡന്റും ജി. ബിജു സെക്രട്ടറിയും പി.എസ്.പ്രദീപ് ചന്ദ്രന്‍ ട്രഷററുമായ കമ്മിറ്റിയാണ് നേതൃത്വം വഹിക്കുന്നത്. ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങളുടെ ഭാഗമായി സെമിനാറുകള്‍ ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, സുവനീര്‍ പ്രകാശനം, ഭാവനനിര്‍മാണപദ്ധതി, കടുംബസംഗമം തുടങ്ങിയവ ആസൂത്രണം ചെയ്തിട്ടുണ്ട്.


Keywords: Kollam Press Club is now Fifty The Vice President will inaugurate the celebrations, Kollam, News, Celebration, Media, Press-Club, Inauguration, Kerala.
Previous Post Next Post