അവയവങ്ങള്‍ ദാനം ചെയ്ത് സൂരജ് യാത്രയായി

തിരുവനന്തപുരം: (www.kvartha.com 31.12.2018) കരളും വൃക്കകളും ദാനം ചെയ്ത് സൂരജ് യാത്രയായി. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂര്‍ പിണറായി പഞ്ചായത്തില്‍ എരിവെട്ടി കുറ്റിയന്‍ ബസാറില്‍ വണ്ണാന്റെ വിള വീട്ടില്‍ രത്‌നാകരന്റേയും സാവിത്രിയുടേയും മകനായ സൂരജിന്റെ (25) മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറായത്.

കഴിഞ്ഞ ക്രിസ്മസ് രാത്രിയില്‍ ഒരു കല്യാണ ചടങ്ങിന് ശേഷം വീട്ടിലേക്ക് മടങ്ങവെ കൂത്തുപറമ്പിന് സമീപം ആറാം മൈലിലുണ്ടായ വാഹനാപകടത്തില്‍ സൂരജിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. പട്രോളിങ്ങ് നടത്തുകയായിരുന്ന പോലീസുകാര്‍ ഇയാളെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും കോഴിക്കോട് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു.

Sooraj donated organs after death, Thiruvananthapuram, News, Health, Health & Fitness, Injured, Hospital, Treatment, Accidental Death, Kerala.

പിണറായി പഞ്ചായത്തിലെ ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സൂരജിന്റെ അവയവദാനം നല്‍കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും സന്നദ്ധത അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സൂരജിന്റെ രണ്ട് വൃക്കകളും, കരളും ദാനം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ചീവനിയാണ് അവയവദാനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

ഈ വര്‍ഷത്തെ എട്ടാമത്തെ അവയവദാനമാണ് ഇത്. ആരോഗ്യമന്ത്രി കെ. കെ ശൈലജ ടീച്ചറിന്റെ ഓഫീസിന്റെ നേതൃത്വത്തില്‍, സംസ്ഥാന അവയവദാന സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. എം. കെ. വിജയകുമാര്‍, സ്‌റ്റേറ്റ് കണ്‍വീനറും തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളുമായ ഡോ. തോമസ് മാത്യു, നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് .

സഹോദരന്‍ : സുധീഷ്‌

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sooraj donated organs after death, Thiruvananthapuram, News, Health, Health & Fitness, Injured, Hospital, Treatment, Accidental Death, Kerala.
Previous Post Next Post