പാലാ ജംപ്‌സ് അക്കാദമിക്ക് അന്തര്‍ദേശീയ നിലവാരത്തിലുള്ള ആധുനിക പരിശീലന ഉപകരണങ്ങള്‍ നല്‍കി കായികവകുപ്പ്

പാലാ: (www.kvartha.com 30.12.2018) പോള്‍വോട്ടില്‍ നിരവധി ദേശീയ താരങ്ങളെ വാര്‍ത്തെടുത്ത കായിക പരിശീലന കേന്ദ്രമായ പാലാ ജപ്‌സ് അക്കാദമിക്ക് കായികവകുപ്പ് അന്തര്‍ദേശീയ നിലവാരത്തിലുള്ള പോളി യൂറിത്തീന്‍ നിര്‍മ്മിതമായ ജംപിംങ് മാറ്റും ഫൈബര്‍ഗ്ലാസ് ഉപകരണങ്ങളും നല്‍കി. മന്ത്രി ഇ പി ജയരാജന്റെ ഇടപെടലിനെ തുടര്‍ന്നാണ് പന്ത്രണ്ട് ലക്ഷത്തോളം രൂപ വിലപിടിപ്പുള്ള പരിശീലന ഉപകരണങ്ങള്‍ പാലാ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലെ പരിശീലന കേന്ദ്രത്തില്‍ എത്തിച്ചത്.

എട്ടടി നീളവും ആറടി വീതിയുമുള്ള 83 സെന്റീമീറ്റര്‍ ഉയരത്തിലുള്ളതാണ് ജംപിംങ് മാറ്റ്. ഇന്ത്യയില്‍ നിലവില്‍ കിട്ടാവുന്നതില്‍ ഏറ്റവും മെച്ചപ്പെട്ട മാറ്റിനൊപ്പം അമേരിക്കന്‍ നിര്‍മിത ബാര്‍ സ്റ്റാന്‍ഡും നാല് ഫൈബര്‍ ഗ്ലാസ് പോളും ഉള്‍പ്പെടെയുള്ള ഉപകരണങ്ങളാണ് അക്കാദമിക്ക് സ്വന്തമായി ലഭിച്ചത്. പുതിയ പരിശീലന ഉപകരണങ്ങള്‍ എത്തിയതിന്റെ ആവേശത്തിലാണ് സംസ്ഥാന പോലീസ് ടീമംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജംപ്‌സ് അകാദമിയില്‍ പരിശീലനം നടത്തി വരുന്ന താരങ്ങള്‍.

കേരളത്തിന്റെ ആദ്യകാല പോള്‍വോള്‍ട്ട് ചാമ്പ്യനും പ്രശസ്ത താരവുമായിരുന്ന തോമസ് കാപ്പന്റെ സ്മരണാര്‍ഥം 18 വര്‍ഷമായി പാലായില്‍ പ്രവര്‍ത്തിക്കുന്നതാണ് ജംപ്‌സ് അക്കാദമി. പോള്‍വോള്‍ട്ടില്‍ അന്തര്‍ദേശീയ, ദേശീയ താരങ്ങള്‍ ഉള്‍പ്പെടെ അറുപത്തിയഞ്ചോളം ചാമ്പ്യന്മാരെ സംഭാവന ചെയ്ത സ്ഥാപനം സ്‌കൂള്‍, കോളജ്, താരങ്ങള്‍ക്കൊപ്പം സംസ്ഥാന പോലീസ് താരങ്ങളുടെയും പരിശീലന കേന്ദ്രമാണ്.

ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ ജംപ്‌സിന്റെ താരങ്ങള്‍ 121 സ്വര്‍ണ മെഡലുകള്‍ ഉള്‍പ്പെടെ മുന്നൂറോളം മെഡലുകള്‍ ഇതിനകം വാരിക്കൂട്ടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലായില്‍ നടന്ന സംസ്ഥാന യൂവജന കായികമേളക്ക് എത്തിച്ച ജംപിംങ് മാറ്റും ഉപകരണങ്ങളും ഉപയോഗിച്ചാണ് ജംപ്‌സിലെ താരങ്ങള്‍ പരിശീലനം നടത്തിയിരുന്നത്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ മാസങ്ങള്‍ക്ക് മുമ്പേ കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ നടപടിക്രമങ്ങളിലെ കാലതാമസം നടപടി വൈകിപ്പിച്ചു.

തോമസ് കാപ്പന്റെ ശിഷ്യനും പോള്‍വോള്‍ട്ടില്‍ മുന്‍ ദേശീയ ചാമ്പ്യനുമായ കെ പി സതീഷ്‌കുമാറിന്റെ ശിക്ഷണത്തിലാണ് ജംപ്‌സിലെ താരങ്ങള്‍ പരിശീലനം നടത്തുന്നത്.Keywords: Kerala, Kottayam, News, Sports, Minister, Athletes, New practice equipment allowed for Pala jumps academy

Previous Post Next Post