ക്ലിന്റ് രാജ്യാന്തര പെയിന്റിംഗ് മത്സരം: 116 രാജ്യങ്ങളില്‍ നിന്ന് എന്‍ട്രികളെത്തി

തിരുവനന്തപുരം: (www.kvartha.com 30.12.2018) ചുരുങ്ങിയ ആയുസിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കാല്‍ ലക്ഷത്തോളം സൃഷ്ടികളിലൂടെ ചിത്രകലയിലെ അത്ഭുതമായി മാറിയ ബാലപ്രതിഭ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ സ്മരണയ്ക്ക് സംസ്ഥാന ടൂറിസം വകുപ്പ് കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന രാജ്യാന്തര ഓണ്‍ലൈന്‍ പെയിന്റിംഗ് മത്സരത്തിലേക്ക് ഇതുവരെ 116 രാജ്യങ്ങളില്‍ നിന്ന് എന്‍ട്രികളെത്തി.

ക്രിസ്മസ്, നവവത്സര തിരക്ക് കണക്കിലെടുത്ത് ടൂറിസം വകുപ്പ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജനുവരി 31 വരെ നീട്ടി. ജേതാക്കള്‍ക്ക് 60 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ ലഭ്യമാകുന്ന മത്സരത്തിനായി 30,000 കുട്ടികളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രിസ്തുമസ് പുതുവത്സര സീസണിലെ ഓണ്‍ലൈന്‍ തിരക്കും ചില സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യതയുടെ പരിമിതിയും കാരണം ഇവരില്‍ 15,000 കുട്ടികള്‍ക്കേ എന്‍ട്രികള്‍ അയക്കാന്‍ സാധിച്ചിട്ടുള്ളൂ. ഇതുകാരണമാണ് രജിസ്റ്റര്‍ ചെയ്തവരുടെ അപേക്ഷപ്രകാരം എന്‍ട്രികള്‍ അയക്കേണ്ട അവസാന തിയതി 2019 ജനുവരി 31 വരെ നീട്ടിയത്. https://www.keralatourism.org/clint/ എന്ന വെബ്‌സൈറ്റില്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ക്ലിന്റിനെക്കുറിച്ചുള്ള ചെറുവിവരണം 23 ഭാഷകളില്‍ ഈ വെബ്‌സൈറ്റില്‍ ലഭിക്കും.നാലു മുതല്‍ 16 വയസു വരെയുള്ള കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഓരോ കുട്ടിക്കും അഞ്ചു എന്‍ട്രികള്‍ വരെ അയക്കാവുന്നതാണ്. 18 കഴിഞ്ഞവര്‍ക്ക് മത്സരത്തിന്റെ പ്രൊമോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. എന്‍ട്രികള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.

15 ജേതാക്കള്‍ക്ക് കുടുംബത്തോടൊപ്പവും പത്ത് പ്രൊമോട്ടര്‍മാര്‍ക്ക് വ്യക്തിഗതമായും  അഞ്ചുദിവസത്തേയ്ക്ക് കേരളത്തിലേക്കുള്ള സൗജന്യയാത്രയ്ക്ക് അവസരം ലഭിക്കും. 65 പേര്‍ക്ക് പതിനായിരം രൂപ വീതം സമ്മാനം നല്‍കും. വിദേശത്തുനിന്നുള്ള 20 ജേതാക്കള്‍ക്ക് ഉപഹാരം നല്‍കും.  കേരളത്തില്‍ നിന്നുള്ള 40 വിജയികള്‍ക്ക് ഓരോരുത്തര്‍ക്കും പതിനായിരം രൂപയുടെ പ്രത്യേക സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കൊച്ചിയില്‍ ജനിച്ച ക്ലിന്റ് 2,522 ദിവസത്തെ ജീവിത കാലയളവിനുള്ളില്‍ അസാമാന്യമായ സര്‍ഗ്ഗശേഷി വിളിച്ചോതുന്ന ഇരുപത്തി അയ്യായിരത്തോളം ചിത്രങ്ങളാണ് ലോകത്തിനു സമ്മാനിച്ചത്. ദീര്‍ഘനാളത്തെ വൃക്കരോഗത്തെത്തുടര്‍ന്ന് ഏഴു വയസ്സാകുന്നതിന് ഒരുമാസം മുമ്പ് കാലയവനികയില്‍ മറയുകയായിരുന്നു. കുഞ്ഞുപ്രതിഭയുടെ സര്‍ഗ്ഗശേഷി അനാവരണമായിരുന്നു ചുരുങ്ങിയ കാലം കൊണ്ടു വരച്ചു തീര്‍ത്ത ചിത്രങ്ങളെല്ലാം. കുട്ടികള്‍ക്കു സാധാരണ വഴങ്ങാത്ത ജലച്ചായം മുതല്‍ പെന്‍സില്‍ വരെ ഉപയോഗിച്ച് പ്രകൃതി, വൃക്ഷം, പൂക്കള്‍, പക്ഷികള്‍, മൃഗാദികള്‍ എന്നിവ വിഷയമാക്കിയാണ് ക്ലിന്റ് തന്റേതായ ലോകം തീര്‍ത്തത്. 1983 ല്‍ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ താന്‍ കണ്ട തിറയുടെ ദൃശ്യമാണ് ക്ലിന്റിന്റെ അവസാന സൃഷ്ടി.

ഇന്ത്യന്‍ സമകാലീന കലയുടെ നേര്‍ക്കാഴ്ചയായ കൊച്ചി മുസ്സിരിസ് ബിനാലെയുടെ സംഘാടകര്‍ 2014 ല്‍ നടന്ന ബിനാലെയുടെ രണ്ടാം പതിപ്പില്‍ ക്ലിന്റിന്റെ തെരഞ്ഞെടുത്ത സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് കുഞ്ഞുപ്രതിഭയ്ക്ക് ആദരമര്‍പ്പിച്ചിരുന്നു.

ക്ലിന്റിന്റെ ജീവിതവും സൃഷ്ടികളും ആഗോള പ്രശസ്തി നേടിയിട്ടുണ്ട്. ക്ലിന്റിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഏഴ് പുസ്തകങ്ങളും രണ്ട് ഡോക്യുമെന്ററികളും പുറത്തിറങ്ങിയിട്ടുണ്ട്.

Keywords: Kerala, Thiruvananthapuram, News, Painter, Kerala Tourism’s International Children’s Online Painting Competition in memory of Clint evokes huge global response

Previous Post Next Post