ഓസ്‌ട്രേലിയക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിനരികെ

മെല്‍ബണ്‍: (www.kvartha.com 29.12.2018) ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിനരികെ. വിജയത്തിലേക്ക് രണ്ട് വിക്കറ്റ് ദൂരം മാത്രമാണ് ഇന്ത്യ. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന നിലയിലാണ്. അഞ്ചാം ദിനത്തില്‍ രണ്ട് വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ഇന്ത്യക്ക് വിജയിക്കാനാകും. അതേസമയം ഓസ്‌ട്രേലിയക്ക് വിജയിക്കണമെങ്കില്‍ 141 റണ്‍സ് കൂടി അടിച്ചെടുക്കണം.

ഓസ്‌ട്രേലിയയ്ക്കായി മധ്യനിര പൊരുതി നോക്കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ പതറുകയായിരുന്നു. ആറ് റണ്‍സില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി തകര്‍ച്ചയോടെയായിരുന്നു ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സിന് തുടക്കമായത്. മൂന്ന് റണ്‍സ് മാത്രമെടുത്ത ആരോണ്‍ ഫിഞ്ചാണു പുറത്തായത്.

India vs Australia Highlights 3rd Test Day 4: India Need Two Wickets To Take 2-1 Series Lead, News, Cricket Test, Winner, Australia, Virat Kohli, Sports, World

മൂന്നു വിക്കറ്റെടുത്ത ജഡേജയും രണ്ട് വിക്കറ്റ് വീതമെടുത്ത ബുംറയും ഷമിയുമാണ് ഓസീസ് ബാറ്റ്‌സ്മാന്‍മാരെ കെട്ടുകെട്ടിച്ചത്. എന്നാല്‍ വാലറ്റത്ത് കമ്മിന്‍സ് പിടിച്ചുനിന്നതോടെ മത്സരം അഞ്ചാം ദിവസത്തിലേക്ക് നീണ്ടു. 103 പന്തില്‍ 61 റണ്‍സുമായി കമ്മിന്‍സും ആറു റണ്‍സുമായി നഥാന്‍ ലിയോണുമാണ് ക്രീസില്‍.

രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസീസിന് ആറു റണ്‍സ് സ്‌കോര്‍ ബോര്‍ഡിലെത്തിയപ്പോഴേക്കും ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ നഷ്ടമായി. മൂന്നു റണ്‍സായിരുന്നു ഫിഞ്ചിന്റെ സമ്പാദ്യം. തൊട്ടുപിന്നാലെ 13 റണ്‍സെടുത്ത ഹാരിസും പുറത്തായി. ഫിഞ്ചിനെ ബുംറ വീഴ്ത്തിയപ്പോള്‍ ജഡേജയ്ക്കാണ് ഹാരിസിന്റെ വിക്കറ്റ്. ഉസ്മാന്‍ ഖ്വാജ (33)യെ മുഹമ്മദ് ഷമിയും പുറത്താക്കി.

മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന ഷോണ്‍ മാര്‍ഷിന്റെ വിക്കറ്റായിരുന്നു അടുത്തത്. 72 പന്തില്‍ 44 റണ്‍സെടുത്ത മാര്‍ഷിനെ ബുംറ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. 10 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിനെ ജഡേജ കോഹ്ലിയുടെ കൈയിലെത്തിച്ചു. അടുത്തത് ട്രാവിസ് ഹെഡിന്റെ ഊഴമായിരുന്നു. 92 പന്തില്‍ 34 റണ്‍സ് നേടിയ ഹെഡിനെ ഇഷാന്ത് ശര്‍മ ബൗള്‍ഡാക്കുകയായിരുന്നു. ക്യാപ്റ്റന്‍ ടിം പെയ്‌നിനെ ജഡേജ ഋഷഭിന്റെ കൈകളിലെത്തിച്ചു. 67 പന്തില്‍ 26 റണ്‍സായിരുന്നു പെയ്‌നിന്റെ സമ്പാദ്യം.

പിന്നീട് എട്ടാം വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കും കമ്മിന്‍സും പിടിച്ചുനില്‍ക്കാന്‍ നോക്കി. ഇരുവരും 39 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി മുന്നേറവെ സ്റ്റാര്‍ക്കിനെ പുറത്താക്കി ഷമി ആ പ്രതീക്ഷയും ഇല്ലാതാക്കി. 18 റണ്‍സായിരുന്നു സ്റ്റാര്‍ക്കിന്റെ സമ്പാദ്യം.

നേരത്തെ രണ്ടാം ഇന്നിങ്‌സ് എട്ടു വിക്കറ്റിന് 106 എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. അഞ്ചു വിക്കറ്റിന് 54 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് മായങ്ക് അഗര്‍വാള്‍ (42), രവീന്ദ്ര ജഡേജ (5), ഋഷഭ് പന്ത് (33)എന്നിവരുടെ വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടു. ഋഷഭിന്റെ വിക്കറ്റ് പോയതിന് പിന്നാലെ കോഹ്ലി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 11 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ കമ്മിന്‍സിന് രണ്ടിന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റ് എടുത്തു.

ആദ്യ രണ്ടുദിവസം പത്തു വിക്കറ്റ് നഷ്ടത്തില്‍ 451 റണ്‍സ് പിറന്നിടത്ത് വെള്ളിയാഴ്ച 197 റണ്‍സിനിടെ 15 വിക്കറ്റുകള്‍ എറിഞ്ഞിട്ട് ബൗളര്‍മാര്‍ പിച്ചിന്റെ ഭരണം പിടിച്ചെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റിന് 443 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത്, ഓസ്‌ട്രേലിയയെ 151 റണ്‍സിനു പുറത്താക്കി 292 റണ്‍സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തകരുകയായിരുന്നു.

വെള്ളിയാഴ്ച വീണ പതിനഞ്ചില്‍ 13 വിക്കറ്റുകളും പേസര്‍മാര്‍ സ്വന്തമാക്കിയപ്പോള്‍ ഏറ്റവും വലിയ നേട്ടം 33 റണ്‍സിന് ആറു വിക്കറ്റെടുത്ത ഇന്ത്യയുടെ ജസ്പ്രീത് ബുംറയ്ക്ക്. കരിയറിലെ മികച്ച ബൗളിങ് പുറത്തെടുത്ത ബുംറ ടെസ്റ്റിന്റെ വിധി നിര്‍ണയിക്കുന്നതില്‍ പ്രധാനിയായേക്കും.

ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയതോടെയാണ് പിച്ചിലെ മാറ്റങ്ങള്‍ ശരിക്കും പ്രകടമായത്. ഇന്ത്യയ്ക്ക് ബുംറയായിരുന്നുവെങ്കില്‍ ഓസീസിന്റെ ആയുധം കമ്മിന്‍സായിരുന്നു എന്നു മാത്രം. പതിമൂന്നാം ഓവറിലെ അവസാനപന്തില്‍ ഹനുമ വിഹാരിയെ പുറത്താക്കി കമ്മിന്‍സ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. തന്റെ തൊട്ടടുത്ത ഓവറില്‍ പുജാരയെയും (0) തുടര്‍ന്നുള്ള ഓവറില്‍ കോഹ്ലിയെയും (0) പൂജ്യരാക്കി മടക്കി. പതിനഞ്ചാം ഓവറിലെ അവസാന പന്തിലാണ് കോഹ്ലിയെ പുറത്താക്കിയത്. പതിനേഴാം ഓവറിലെ ആദ്യ പന്തില്‍ രഹാനെയെ (1) മടക്കിയതോടെ കമ്മിന്‍സ് ഹാട്രിക്കിനരികിലെത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴിന് 443 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. കരിയറിലെ 17-ാം സെഞ്ച്വറി കുറിച്ച ചേതേശ്വര്‍ പൂജാരയുടെ മികവിലാണു ഒന്നാം ഇന്നിങ്‌സില്‍ വമ്പന്‍ സ്‌കോറിലേക്ക് ഇന്ത്യ എത്തിയത്. 280 പന്തുകളില്‍ നിന്നാണ് പൂജാര സെഞ്ച്വറി നേട്ടം കുറിച്ചത്. ഇന്ത്യയ്ക്കായി കന്നി മത്സരം കളിക്കുന്ന മായങ്ക് അഗര്‍വാള്‍, ക്യാപ്റ്റന്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ അര്‍ധസെഞ്ച്വറി നേടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India vs Australia Highlights 3rd Test Day 4: India Need Two Wickets To Take 2-1 Series Lead, News, Cricket Test, Winner, Australia, Virat Kohli, Sports, World.
Previous Post Next Post