മോഡിയുടെ ഉറക്കം കെടുത്തി രാഹുല്‍; കോണ്‍ഗ്രസിനെ തറപറ്റിക്കാനുള്ള മറുതന്ത്രം മെനഞ്ഞ് സര്‍ക്കാര്‍

ന്യൂഡല്‍ഹി: (www.kvartha.com 31.12.2018) രാജ്യത്തെ കര്‍ഷക പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വെല്ലുവിളികളെ ചെറുത്തുനില്‍ക്കാന്‍ മറുതന്ത്രം മെനഞ്ഞ് മോഡി സര്‍ക്കാര്‍. പൊതുതെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെ രാജ്യത്തുയരുന്ന കര്‍ഷക രോഷം കോണ്‍ഗ്രസ് ആയുധമാക്കുന്നതാണ് മോഡി സര്‍ക്കാരിന്റെ ഏറ്റവും വലിയ വെല്ലുവിളി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണു ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലേറി ദിവസങ്ങള്‍ക്കുള്ളില്‍തന്നെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ കടങ്ങള്‍ എഴുതിത്തള്ളാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇതാണ് അടിയന്തര നടപടികളിലേക്കു കടക്കാന്‍ കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയത്.

Cash Handout To Farmers Among 3 Options For PM Before 2019, News, New Delhi, Politics, BJP, Congress, Narendra Modi, Rahul Gandhi, Meeting, Farmers, National, Election

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാതെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്നറിയിപ്പു നല്‍കിയിരുന്നു. ഇക്കാര്യം ഉറപ്പു വരുത്താന്‍ മറ്റു പ്രതിപക്ഷ കക്ഷികളുമായി കൈകോര്‍ത്ത് കോണ്‍ഗ്രസ് നീങ്ങും. മോഡി ഇതു നടപ്പാക്കുന്നില്ലെങ്കില്‍ 2019ല്‍ അധികാരത്തിലേറ്റിയാല്‍ തങ്ങള്‍ കടങ്ങള്‍ എഴുതിത്തള്ളുമെന്നും രാഹുല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ഷകരെ അനുകൂലമാക്കുന്നതിനായി പ്രധാനമായും മൂന്ന് വഴികളാണു പ്രധാനമന്ത്രിയുടെ പരിഗണനയിലുള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കര്‍ഷകരുടെ പ്രതിമാസ വരുമാനത്തെ പിന്തുണയ്ക്കുന്നതിനായി പദ്ധതി, വിളകളുടെ യഥാര്‍ത്ഥ വിലയും സര്‍ക്കാരിന്റെ സംഭരണ വിലയും തമ്മിലെ ന്യൂനത പരിഹരിക്കുന്നതിനു പദ്ധതി, പുതിയ വിള ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയാണു പ്രധാനമന്ത്രിയുടെ പരിഗണനയിലുള്ളതെന്നാണു വിവരം.

ഇതില്‍ ഏതെങ്കിലും ഒന്നോ, അല്ലെങ്കില്‍ മൂന്നും ചേര്‍ത്തുള്ള മാര്‍ഗങ്ങളോ ആയിരിക്കും പ്രഖ്യാപിക്കുകയെന്നാണു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അടുത്തിടെ നടന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകളിലേറ്റ കനത്ത തോല്‍വിയും കര്‍ഷകര്‍ക്കു പിന്തുണയേകുന്ന പദ്ധതികള്‍ക്കു പ്രധാന്യം നല്‍കാന്‍ കേന്ദ്രത്തിന് പ്രേരണയായി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഇതു നടപ്പാക്കാനാണു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കര്‍ഷകരുടെ വരുമാന വര്‍ധന ലക്ഷ്യമാക്കി പ്രതിമാസം നിശ്ചിത തുക വിനിയോഗിക്കുന്നതിലൂടെ 150 മില്യന്‍ കര്‍ഷക കുടുംബങ്ങള്‍ക്ക് ആശ്വാസം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതു തെരഞ്ഞെടുപ്പിന് അനുകൂല വികാരമാക്കി മാറ്റാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി കണക്കു കൂട്ടുന്നു.

അരി, സോയബീന്‍, പരുത്തി എന്നിവയുടെ താങ്ങുവില സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈയില്‍ ഉയര്‍ത്തിയിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച തുക പ്രകാരം വിളകള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ തയാറാകുമ്പോള്‍ കര്‍ഷകര്‍ക്കു സര്‍ക്കാര്‍ പണം നല്‍കാനാണ് ആലോചിക്കുന്നത്.

കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി നവീകരിക്കുകയെന്നതാണു മറ്റൊരു മാര്‍ഗം. അതേസമയം കേന്ദ്ര ധന, കാര്‍ഷിക മന്ത്രാലയങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ തയാറായിട്ടില്ല. രണ്ടാം തവണയും പ്രധാനമന്ത്രിയാകുന്നതിന് മോഡിക്കു കര്‍ഷക വികാരം അനുകൂലമാക്കിയേ തീരൂ. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുകയെന്ന ആവശ്യം നിരവധി കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനോട് ഉന്നയിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cash Handout To Farmers Among 3 Options For PM Before 2019, News, New Delhi, Politics, BJP, Congress, Narendra Modi, Rahul Gandhi, Meeting, Farmers, National, Election.
Previous Post Next Post