Follow KVARTHA on Google news Follow Us!
ad

കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കുന്നത് ജനതാദള്‍ സ്വാതന്ത്ര്യം; പക്ഷേ, മാത്യു ടി തോമസിനെ അപമാനിച്ച് ഇറക്കിവിടുന്നതില്‍ സിപിഎമ്മിന് അതൃപ്തി

പിണറായി വിജയന്‍ സര്‍ക്കാരിലെ ജലവിഭവ മന്ത്രി മാത്യു ടി തോമസിനെ മാറ്റിThiruvananthapuram, News, Politics, Trending, CPM, Kerala,
തിരുവനന്തപുരം: (www.kvartha.com 24.11.2018) പിണറായി വിജയന്‍ സര്‍ക്കാരിലെ ജലവിഭവ മന്ത്രി മാത്യു ടി തോമസിനെ മാറ്റി കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാനുള്ള തീരുമാനം ജനതാദള്‍ (എസ്)ന്റെ സ്വാതന്ത്ര്യത്തില്‍ പെട്ടതാണെന്നു സമ്മതിക്കുന്നുണ്ടെങ്കിലും മാറ്റത്തില്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും അതൃപ്തി. കെ കൃഷ്ണന്‍ കുട്ടി മാത്യു ടി തോമസിനെപ്പോലെ സിപിഎം നേതൃത്വത്തിനു സ്വീകാര്യനല്ല എന്നതാണ് പ്രധാന കാരണം.

പിന്നെ, സര്‍ക്കാരിന്റെ ഇടയ്ക്കുവച്ച് പ്രധാനപ്പെട്ട ഒരു വകുപ്പിന്റെ മന്ത്രി മാറുന്നതും ഗുണകരമല്ല എന്നാണ് നിലപാട്. ജനതാദള്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക് കത്ത് കൊടുക്കുകയും ചെയ്ത സാഹചര്യത്തില്‍ തിങ്കളാഴ്ചതന്നെ സത്യപ്രതിജ്ഞ ഉണ്ടായേക്കും.


ചൊവ്വാഴ്ച മുതല്‍ നിയമസഭാ സമ്മേളനം തുടങ്ങുകയാണ്. മഞ്ചേശ്വരം എംഎല്‍എ ആയിരുന്ന പി ബി അബ്ദുറസാഖിന്റെ മരണത്തില്‍ അനുശോചിച്ചു പിരിയുന്ന ആദ്യ ദിവസം മാത്യു ടി തോമസ് മന്ത്രിയായി പങ്കെടുക്കുമെന്നും അന്നു വൈകുന്നേരമായിരിക്കും കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ എന്നും സൂചനയുണ്ട്.


2006ലെ വി എസ് സര്‍ക്കാരില്‍ കക്ഷിയായിരുന്ന ജനതാദള്‍ എസ് മുന്നണി വിട്ടപ്പോള്‍ മന്ത്രിയായിരുന്ന മാത്യു ടി തോമസ് രാജിവച്ചിരുന്നു. എന്നാല്‍ പിന്നീട് എം പി വീരേന്ദ്രകുമാറിനും മറ്റുമൊപ്പം യുഡിഎഫില്‍ പോകാന്‍ തയ്യാറായില്ല. അങ്ങനെയാണ് കേരളത്തില്‍ ജനതാദള്‍ എസ് പിളരുകയും മാത്യു ടി തോമസും മറ്റും എല്‍ഡിഎഫില്‍ തിരിച്ചെത്തുകയും ചെയ്തത്. അന്ന് വീരേന്ദ്രകുമാറിനൊപ്പമായിരുന്ന കൃഷ്ണന്‍ കുട്ടി പിന്നീട് ജനതാദള്‍ എസിലേക്ക് വരികയാണുണ്ടായത്.

2006ലെ തെരഞ്ഞെടുപ്പില്‍ ചിറ്റൂരില്‍ കൃഷ്ണന്‍ കുട്ടിയെ തോല്‍പ്പിക്കാന്‍ സിപിഎം ശ്രമിച്ചതായി രാഷ്ട്രീയവൃത്തങ്ങളില്‍ സംസാരമുണ്ടായിരുന്നു. അന്ന് ജയിച്ചിരുന്നെങ്കില്‍ മന്ത്രിയാകേണ്ടിയിരുന്ന കൃഷ്ണന്‍കുട്ടിയുടെ അഭാവത്തിലാണ് മാത്യു ടി തോമസിനു നറുക്കു വീണത്. ഇത്തവണ ജയിച്ചെങ്കിലും ദേശീയ നേതൃത്വം മാത്യു ടി തോമസിനെ മന്ത്രിയാക്കാനാണ് ആദ്യം തീരുമാനിച്ചത്.

വി എസ് സര്‍ക്കാരില്‍ നിന്ന് പാതിവഴിക്ക് രാജിവച്ചു പോകേണ്ടി വന്നതുകൂടി കണക്കിലെടുത്തായിരുന്നു അത്. എന്നാല്‍ രണ്ടര വര്‍ഷം കഴിഞ്ഞ് മന്ത്രി മാറ്റത്തിനു ധാരണയുണ്ടായിരുന്നു എന്ന് കൃഷ്ണന്‍കുട്ടിയും ഇല്ലായിരുന്നുവെന്ന് മാത്യു ടി തേമസും പറയുന്നു. മാത്യു ടി തോമസിന്റെ ഭാര്യ വീട്ടുവേലക്കാരിയെ മര്‍ദിച്ചു എന്നും ജാതി പറഞ്ഞ് ആക്ഷേപിച്ചുവെന്നും ആരോപണവും കേസുമുണ്ടാക്കിയതിനു പിന്നില്‍ കൃഷ്ണന്‍ കുട്ടിയും കൂട്ടരുമാണ് എന്നാണ് മാത്യു ടി പക്ഷം ആരോപിക്കുന്നത്.

മുന്നണി സര്‍ക്കാര്‍ എന്ന നിലയില്‍ ഘടക കക്ഷിയുടെ മന്ത്രി മാറ്റം ആ പാര്‍ട്ടിയുടെ കാര്യമാണ്. എന്നാല്‍ മാത്യു ടി തോമസിനെ അപമാനിച്ചും മുറിവേല്‍പ്പിച്ചും ഇറക്കിവിടുന്നു എന്ന വികാരം മുന്നണിക്കുള്ളിലും സിപിഎമ്മിലുമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Minister is JD-s Freedom; But CPM not favor on Matew T Thomas Quiting, Thiruvananthapuram, News, Politics, Trending, CPM, Kerala.