Follow KVARTHA on Google news Follow Us!
ad

ഡിസംബര്‍ ഒന്ന്: എയ്ഡ്‌സ് ദിനം; ഇവിടേയും സ്ത്രീകളാണ് ക്രൂശിക്കപ്പെടുന്നത്

ഡിസംബര്‍ ഒന്ന് ഒരു എയ്ഡ്‌സ്ദിനം കൂടികടന്നുവരുന്നു. ലോകത്ത് എയ്ഡ്‌സ് രോഗികളുടെ എണ്ണം വര്‍ഷം തോറും ഏറിവരികയാണ്. ഇന്ത്യയും അതില്‍ നിന്ന് വിഭിന്നമല്ല. പക്ഷേ നമ്മുടെ സംസ്ഥാനത്തില്‍ എയ്ഡ്‌സ് പ്രതിരോArticle, Kookanam-Rahman, AIDS, December 1, Women, Dec 1: World Aids Day
കൂക്കാനം റഹ് മാന്‍

(www.kvartha.com 30.11.2018) ഡിസംബര്‍ ഒന്ന് ഒരു എയ്ഡ്‌സ്ദിനം കൂടികടന്നുവരുന്നു. ലോകത്ത് എയ്ഡ്‌സ് രോഗികളുടെ എണ്ണം വര്‍ഷം തോറും ഏറിവരികയാണ്. ഇന്ത്യയും അതില്‍ നിന്ന് വിഭിന്നമല്ല. പക്ഷേ നമ്മുടെ സംസ്ഥാനത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനം ശക്തമായി നടക്കുന്നതിനാല്‍ ഈ രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ സുചിപ്പിക്കുന്നത്. പക്ഷേ എയ്ഡ്‌സ് രോഗ ബാധ ഏറെയും അലട്ടുന്നത് സ്ത്രീകളെയാണ്. രോഗബാധിതരില്‍ കുടുതലും സ്ത്രീകളുമാണ്.

വഴിവിട്ട ലൈംഗിക ബന്ധമാണ് എച്ച്‌ഐവി അണുബാധ പിടിപൊടാനുള്ള ഒരു കാരണം. ഒന്നില്‍ കുടുതല്‍ പുരുഷന്മാരുമായി ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളെയും സെക്‌സ് വര്‍ക്കേര്‍സായി കണക്കാക്കുന്ന സ്ത്രീകളെയും ലക്ഷ്യമിട്ട് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രത്യേക പ്രോജക്ടുകള്‍ നടപ്പാക്കി വരുന്നുണ്ട്. ഈ ലക്ഷ്യഗ്രൂപ്പില്‍ എച്ച്‌ഐവി അണുബാധ പിടിപെട്ടവര്‍ നന്നേ കുറവാണ്. അണുബാധ പകരാതിരിക്കാനുളള കരുതല്‍ പ്രവര്‍ത്തനങ്ങള്‍ അവര്‍ സ്വീകരിച്ചതാണ് ഇതിനു കാരണം.
Article, Kookanam-Rahman, AIDS, December 1, Women, Dec 1: World Aids Day

സാധാരണ കുടുംബിനികളെയാണ് എയ്ഡ്‌സ് ബാധിതരായി ഇന്ന് കണ്ടുവരുന്നത്. ഇവര്‍ തെറ്റായ വഴിക്ക് സഞ്ചരിക്കുന്നവരോ, അണുബാധ ഉണ്ടാവാന്‍ സാധ്യതയുള്ള ഇടപെടലുകള്‍ നടത്താത്തവരോ ആണ്. പിന്നെങ്ങനെയാണ് കുടുംബിനികളായ സ്ത്രീകളില്‍ ഈ രോഗാണുബാധ ഉണ്ടാകുന്നത്? വളരെയേറെ ശ്രദ്ധ പതിയേണ്ട ഒരു വസ്തുതയാണിത്. കേരളത്തിനുപുറത്തും, ഇന്ത്യയ്ക്ക് വെളിയിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനം ശക്തമായി നടക്കാത്തതാണ് ഒരു കാരണം. അവിടങ്ങളിലെ ലൈംഗിക തൊഴിലാളികള്‍ കര്‍ശനമായ രീതിയില്‍ എച്ച്‌ഐവി അണു വ്യാപനം തടയുന്നതില്‍ ശ്രദ്ധിക്കുന്നില്ല എന്ന് വേണം കരുതാന്‍.

അന്യനാടുകളില്‍ ചെന്ന് ഏറെനാള്‍ തൊഴിലെടുത്തുജിവിക്കുന്ന പുരുഷന്മാരാണ് ഈ അണുവാഹകരായി നാട്ടില്‍ എത്തുന്നത്. വേണ്ടത്ര ശ്രദ്ധയില്ലാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതാവാം ഇതിനുകാരണം.       പുരുഷന്മാര്‍ക്ക് അറിയില്ല തങ്ങള്‍ക്ക് അണുബാധ ഉണ്ടെന്ന കാര്യം. നാട്ടിലെത്തി സ്വന്തം ഭാര്യമാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുപ്പോള്‍ ഭാര്യമാരിലേക്ക് രോഗാണു പ്രവേശിക്കുകയും അവര്‍ രോഗബാധിതരാവുകയും ചെയ്യുന്നു. ഇത്തരം സ്ത്രീ സഹോദരിമാര്‍ കുടുതല്‍ ക്ലേശം അനുഭവിക്കേണ്ടിവരുന്നു. രോഗിയായ ഭര്‍ത്താവിനെ പരിചരിക്കണം, സ്വയം ചികിത്സയ്ക്കു വിധേയമാകണം. ഇതുവഴി കുടുംബം മുഴുവന്‍ ദുരിതാവസ്ഥയില്‍ അകപ്പെടുന്നു.

എച്ച്‌ഐവി അണുബാധിതരുടെ ഒരു സാന്ത്വന പരിപാടിയില്‍ പങ്കെടുത്തപ്പോഴുണ്ടായ അനുഭവമാണ് എന്നെ എറെ ദുഖിപ്പിച്ചത്. ആ കൂട്ടത്തില്‍ എന്റെ പഠിതാവായ ഒരു സ്ത്രീയെ കണ്ടു. നീ എന്തിന് ഇവിടെ വന്നു എന്ന ചോദ്യത്തിന് കരഞ്ഞു കൊണ്ട് അവള്‍ പറഞ്ഞ മറുപടി 'ഞാനും ഇതില്‍ പെട്ടുപോയി സാര്‍'. ബംഗളൂരുവില്‍ ജോലിചെയ്തിരുന്ന എന്റെ ഭര്‍ത്താവില്‍ നിന്നാണ് എനിക്കിത് കിട്ടിയത്. അദ്ദേഹം അത്യാസന്നനിലയില്‍ കിടക്കുകയാണ്. അവളുടെ കണ്ണുകളിലേക്ക് എനിക്കു നോക്കാന്‍ സാധിച്ചില്ല. തെറ്റുകാരിയല്ലാത്ത ആ പെണ്‍കുട്ടിയുടെ ദയനീയാവസ്ഥ ഒര്‍ത്തു നോക്കു. ഇങ്ങനെയാണ് പല സ്ത്രീകളും എയ്ഡ്‌സ് ബാധിതരായി ദുരിതമനുഭവിക്കുന്നത്.

രോഗം മൂര്‍ഛിച്ച് പെട്ടെന്ന് മരിക്കുന്നതും സ്ത്രീകളാണ്. ഭര്‍ത്താക്കന്മാരില്‍ നിന്ന് പകര്‍ന്നു കിട്ടിയ രോഗവുമായി അദ്ദേഹത്തെ പരിചരിക്കുന്നതില്‍ ശ്രദ്ധയൂന്നിയതിനാല്‍ തന്റെ കാര്യം ശ്രദ്ധിക്കാതെ പോകുന്നതിനാലാണ് ഇങ്ങിനെ സംഭവിക്കുന്നത്. പക്ഷേ കൃത്യമായി മരുന്ന് കഴിക്കുകയും ആരോഗ്യനില കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഭര്‍ത്താക്കന്മാര്‍ പിന്നിട് ദീര്‍ഘകാലം ജീവിക്കുകയും ചെയ്യും. ഇങ്ങിനെയും നിരപരാധികളായ സ്ത്രീകളാണ് പ്രയാസമനുഭവിച്ച് ജീവിതത്തോട് ചെറുപ്രായത്തിലേ വിടപറയേണ്ടി വരുന്നത്.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടി നടത്തുന്ന എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി എച്ച്‌ഐവി ടെസ്റ്റ് നടത്തിയപ്പോള്‍ നിരവധി പുരുഷന്മാര്‍ എയ്ഡ്‌സ് ബാധിതരാണെന്ന് കണ്ടെത്തുകയുണ്ടായി. ഇവര്‍ നാട്ടില്‍ ചെന്നാല്‍ സ്വന്തം ഭാര്യമാര്‍ക്ക് രോഗം സമ്മാനിച്ചു എന്നു വരാം. എന്തായാലും ഇത്തരം രോഗാണുവാഹകരായ പുരുഷന്മാരാല്‍ രോഗികളായിമാറുന്നത് സ്ത്രീകളാണ്.

ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകളില്‍ ആരോഗ്യവതികളാണെന്ന് തോന്നുന്ന എച്ച്‌ഐവി അണുബാധിതരുണ്ട്. അവരുടെ അടുത്ത് ചെല്ലുന്ന പുരുഷന്മാരോട് കോണ്ടം ഉപയോഗിച്ച് മാത്രമേ ബന്ധപ്പെടാവൂ എന്ന് സ്ത്രീകള്‍ നിര്‍ദ്ദേശിച്ചാലും അതിനുവഴങ്ങാത്തവരാണ് പുരുഷന്മാരെന്നു ചില സഹോദരിമാര്‍ സൂചിപ്പിക്കുകയുണ്ടായി. ലഹരിക്കടിമപ്പെട്ട സ്വബോധമില്ലാത്തവരാണ് രോഗം ചോദിച്ചു വാങ്ങുന്നത് എന്ന് കൂടി ശ്രദ്ധിക്കേണ്ടതാണ്.

സ്ത്രീകള്‍ ഈ രോഗത്തില്‍ പെട്ടുപോയാല്‍ അവര്‍ കുടുംബത്തില്‍ നിന്ന് നിഷ്‌ക്കാസിതരാവും. സമൂഹം വെറുക്കപ്പെടും. അതിനാല്‍ അണുബാധയുണ്ടായി പോസിറ്റാവാണെന്നറിഞ്ഞാല്‍ സ്വകാര്യമായി വെക്കാനാണ് സ്ത്രീകള്‍ ശ്രമിക്കുക. അതുകൊണ്ട് തന്നെ രോഗത്തെ പ്രതിരോധിക്കാനുള്ള മരുന്ന് വാങ്ങികഴിക്കാനും മരുന്ന് ലഭ്യമാവുന്ന കേന്ദ്രങ്ങളില്‍ പേര് റജിസ്റ്റര്‍ ചെയ്യാനും ഇവര്‍ വിമുഖത കാണിക്കുന്നു. ഇതുമൂലം രോഗബാധ മൂര്‍ഛിച്ച് വളരെ പെട്ടെന്നു തന്നെ മരണത്തിന് കീഴാടങ്ങുന്നതും സ്ത്രീകളാണ്.

തെരുവില്‍ കുടുംബസമേതം ജീവിച്ചുവരുന്ന ഒന്നുരണ്ടു എയ്ഡ്‌സ് ബാധിതരായ സ്ത്രീകള്‍ സര്‍ക്കാര്‍ ആശൂപത്രിയില്‍ വെച്ച് മരിക്കാനിടയായി. അവരുടെ ശവശരിരം ഏറ്റുവാങ്ങനോ, സംസ്‌ക്കരിക്കാനോ ബന്ധുകളാരും എത്തിയില്ല. അവസാനം സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കേണ്ടിവന്നു. അവരുടെ ആരോഗ്യമുള്ള കാലത്ത് അവരെ പലരും ഉപയോഗപ്പെടുത്തിയിട്ടുണ്ടാവാം. ആ ഒരു മനോഭാവം കാണിച്ച് പോലും എച്ച്‌ഐവി അണുബാധ മൂലം മരിച്ച സ്ത്രീകളെ മറവുചെയ്യന്‍ കരുണ കാണിക്കുന്നില്ല.

എയ്ഡ്‌സ് എന്ന രോഗാവസ്ഥ സ്ത്രീകളാണ് വ്യാപനം നടത്തുന്നത് എന്ന തെറ്റായ ധാരണ ചിലര്‍ക്കുണ്ട്. ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ ബോധവല്‍ക്കരണം വഴി കരുതലോടെ കൈകാര്യം ചെയ്യുന്നതിനാല്‍ അവര്‍ വഴി രോഗം പകരാന്‍ സാധ്യത കുറവാണ്. പക്ഷേ പൊതുസമൂഹത്തില്‍ മള്‍ട്ടി പാര്‍ട്‌ണേര്‍സുള്ള സ്ത്രീകളില്‍ എച്ച്‌ഐവി അണുബാധ ഉണ്ടാവന്‍ സാധ്യത കുടുതലാണ്. കാരണം അവരെ ലൈംഗികാവശ്യത്തിനായി ഉപയോഗപ്പെടുത്തുന്നവര്‍ രോഗവിമുക്തരാണെന്ന പൂര്‍ണ്ണ വിശ്വാസമാണ് അതിന് നിദാനം. എന്നാല്‍ അത്തരം വ്യക്തികള്‍ രോഗാണു വാഹകരായിരിക്കാന്‍ സാധ്യതയുണ്ട്.

ഇതിനൊക്കെ പുറമേ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തെ നഖശിഖാന്തം എതിര്‍ക്കുന്നതും ചില വനിതാ സംഘടനാ നേതാക്കളാണ്. അവര്‍ ഈ സ്ത്രീകള്‍ക്ക് മറ്റ് വല്ല തൊഴിലും ചെയ്തു ജിവിച്ചുകൂടെ എന്ന് വാദിക്കുന്നു. ലൈംഗിക രോഗവിമുക്തിക്ക് വേണ്ടി കോണ്ടം വിതരണം ചെയ്യുന്നതിനെയും അവര്‍ക്ക് പിടിപെട്ടേക്കാവുന്ന ലൈംഗിക രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനെയും മുകളില്‍ സൂചിപ്പിച്ച വനിതാ നേതാക്കള്‍ മോശമായാണ് കാണുന്നത്. ഇതൊക്കെ അവരെ ലൈംഗിക വ്യത്തിചെയ്യാന്‍ പ്രോത്സാപ്പിക്കലല്ലേയെന്ന് അവര്‍ വാദിക്കുന്നു. സര്‍ക്കാര്‍ ചെലവില്‍  വേശ്യാലയം എന്ന് പ്രചരിപ്പിക്കാനും ഇക്കുട്ടര്‍ മടികാണിക്കുന്നില്ല. സ്ത്രീകള്‍ സ്ത്രീകള്‍ക്ക് തന്നെ പാരയാകുന്ന ഒരു സ്ഥിതി വിശേഷമാണിത്.

ഇത്തരം തൊഴിലില്‍ ഏര്‍പ്പെടാന്‍ അവരെ ഇടയാക്കയ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാതെയും, 'ലൈംഗിക തൊഴിലാളി' എന്ന മുദ്രകുത്തപ്പെട്ട സഹോദരിമാരെ കപട സദാചാരക്കാരായ വ്യക്തികള്‍ എന്തെങ്കിലും തൊഴില്‍ നല്‍കി സഹായിക്കാന്‍ വിമുഖത കാണിക്കുമെന്ന് മനസ്സിലാക്കാതെയുമാണ് ചിലര്‍ ഇങ്ങിനെ പ്രതികരിക്കുന്നത്.

ഈ വര്‍ഷത്തെ എയ്ഡ്‌സ് ദിനത്തിലെങ്കിലും ഇത്തരം വസ്തുതകള്‍ ചര്‍ച്ചക്ക് വിധേയമാക്കാനും ഇവരെ മനുഷ്യരായി കണ്ട് സഹായിക്കാനും, സഹകരിക്കാനും എല്ലാവരും തയ്യാറാവണം. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ മോശക്കാരായി ചിത്രകരിക്കാതെ അവര്‍ ചെയ്യുന്ന നന്മ കാണാനുള്ള മനസ്സ് സമൂഹം കാണിക്കണം...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, AIDS, December 1, Women, Dec 1: World Aids Day