Follow KVARTHA on Google news Follow Us!
ad

ആരോഗ്യവാനായി രാമേട്ടനെത്തി: മുന്നോട്ട് നോക്കുമ്പോള്‍ ഇരുട്ട് മാത്രമെന്ന് ചെറുവയല്‍ രാമന്‍

അവിചാരിതമായ ആശുപത്രി വാസത്തിനും ആശങ്കകള്‍ക്കും വിരാമമിട്ട് ദുബൈയിലെ ചികിത്സ കഴിഞ്ഞ് ചെറുവയല്‍ രാമന്‍ എന്ന പാരമ്പര്യ നെല്‍വിത്ത് കര്‍ഷകന്‍ നാട്ടില്‍ തിരിച്ചെത്തി. Kerala, News, hospital, Treatment, Dubai, Gulf, Ramettan reached native place after Treatment
കല്‍പ്പറ്റ: (www.kvartha.com 31.10.2018) അവിചാരിതമായ ആശുപത്രി വാസത്തിനും ആശങ്കകള്‍ക്കും വിരാമമിട്ട് ദുബൈയിലെ ചികിത്സ കഴിഞ്ഞ് ചെറുവയല്‍ രാമന്‍ എന്ന പാരമ്പര്യ നെല്‍വിത്ത് കര്‍ഷകന്‍ നാട്ടില്‍ തിരിച്ചെത്തി. ദുബൈയില്‍ നിന്നുള്ള വിമാനത്തില്‍ തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കരിപ്പൂരിലിറങ്ങിയ അദ്ദേഹവും മകന്‍ രാജേഷും രാത്രിയോടെയാണ് വയനാട്ടിലെ മാനന്തവാടിക്കടുത്ത കമ്മന ചെറു വയല്‍ തറവാട്ടിലെത്തിയത്.

ഒക്ടോബര്‍ അഞ്ചിന് ദുബൈയില്‍ ഒരു കൂട്ടം കൃഷി സ്നേഹികള്‍ സംഘടിപ്പിച്ച വയലും വീടും പരിപാടിയില്‍ പങ്കെടുക്കാനായി കഴിഞ്ഞ മൂന്നിനാണ് രാമേട്ടന്‍ ദുബൈയിലേക്ക് പോയത്. പരിപാടിക്ക് തൊട്ടു മുമ്പാണ് ഗുരുതരമായ ഹൃദയാഘാതമുണ്ടായത്. ഉടന്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഡിസ്ചാര്‍ജായ രാമേട്ടന്‍ പ്രവാസി മലയാളികളോടൊപ്പം രണ്ടാഴ്ച വിശ്രമിച്ചു. ചികിത്സക്കിടെ പ്രവാസി സുഹൃത്തുക്കള്‍ ചേര്‍ന്ന് രാമന്റെ മകന്‍ രാജേഷിനെയും ദുബായിലെത്തിച്ചിരുന്നു. പലരുടെയും സഹായത്താല്‍ പത്ത് ലക്ഷത്തിലധികം രൂപ ചിലവില്‍ ചികിത്സ നടത്തിയാണ് ഗുരുതരാവസ്ഥയിലായിരുന്ന രാമേട്ടനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്. നാട്ടിലേക്കുള്ള മടക്കയാത്രക്ക് മുമ്പ് വയലും വീടും പരിപാടിയില്‍ പങ്കെടുത്ത് ,പ്രതിസന്ധി ഘട്ടത്തില്‍ സഹായികളായ സംഘാടകരോടും സുഹൃത്തുക്കളോടും രാമന്‍ നന്ദി അറിയിച്ചു.

അഞ്ച് ഏക്കര്‍ ഭൂമിയും അമ്പതിലധികം പാരമ്പര്യ നെല്‍വിത്തുകളും നൂറ് കണക്കിന് സുഹൃത്തുക്കളും മാത്രമാണ് ഇതുവരെ രാമേട്ടനുള്ള സമ്പാദ്യം. വൈക്കോല്‍ കൊണ്ട് മേഞ്ഞ വര്‍ഷങ്ങള്‍ പഴക്കമുള്ള കൂരയാണ് രാമന്റെ ചെറുവയല്‍ തറവാട്. വയനാട്ടിലെ പ്രധാന പട്ടികവര്‍ഗവിഭാഗമായ കുറിച്യ സമുദായത്തിലെ 56 തറവാടുകളിലൊന്നാണിത്. രാമനും ഭാര്യയും രണ്ട് ആണ്‍മക്കളും ഭാര്യമാരും അവരുടെ മക്കളും അടങ്ങുന്ന കുടുംബം ഈ കൂരക്കുള്ളിലാണ് താമസം. ഒരു മുറി അറപ്പുരയായി ഉപയോഗിച്ച് അതിനുള്ളില്‍ തുമ്പയെന്ന മുള കൊണ്ടുള്ള കൂടകളിലും നെല്‍ കതിര്‍ കൂട്ടിക്കെട്ടി മൂടിക്കെട്ടിയുമാണ് നെല്‍വിത്തുകള്‍ സംരംക്ഷിച്ചു പോരുന്നത്.

സ്വന്തം വയലില്‍ അമ്പതിലധികം നെല്‍വിത്തുകള്‍ ജൈവ രീതിയില്‍ കൃഷി ചെയ്ത് പാരമ്പര്യ നെല്‍വിത്തിനങ്ങള്‍ സംരക്ഷിച്ചാണ് രാമന്‍ പ്രശസ്തനായത്. വിവിധ ലോകരാജ്യങ്ങളും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളും സന്ദര്‍ശിച്ച് കൃഷിയുടെ മഹത്വവും പാരമ്പര്യ വിത്ത് സംരംക്ഷണത്തിന്റെ പ്രാധാന്യവും ജനങ്ങളിലെത്തിച്ചു. 2014 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്ലാന്റ് ജീനോം സേവ്യര്‍ പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ രാമേട്ടനെ തേടിയെത്തി. മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് ചെറുവയല്‍ രാമനെ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ജനറല്‍ കൗണ്‍സില്‍ അംഗമാക്കി.

കൃഷിയും ഈ നെല്‍വിത്തുകളുമല്ലാതെ മറ്റൊരു സമ്പാദ്യവും രാമേട്ടനില്ല. പലയിടത്തും വാഹന കൂലി മാത്രം വാങ്ങിയും സ്വന്തം കൈയ്യില്‍ നിന്ന് ചിലവ് ചെയ്തു മായിരുന്നു കൃഷിക്ക് വേണ്ടി അദ്ദേഹം ലോകം ചുറ്റിയത്. ഇനി രാമേട്ടന് പഴയതുപോലെ കാര്‍ഷിക ജോലികളില്‍ ഏര്‍പ്പെടാനാവില്ല .വിശ്രമം വേണമെന്നും തുടര്‍ ചികിത്സ വേണമെന്നുമാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. അതിന് പണവും വേണം. എന്നാല്‍ ചില്ലി കാശ് കൈയ്യലില്ല .മുന്നോട്ട് നോക്കുമ്പോള്‍ ഒരു ഇരുട്ട് മാത്രമെ കാണുന്നുള്ളൂവെന്ന് രാമേട്ടന്‍ പറയുന്നു. രാമേട്ടന്റെ തുടര്‍ ചികില്‍ത്സയും ജീവിത ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വി.എസ്. അച്ചുതാന്ദന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, hospital, Treatment, Dubai, Gulf, Ramettan reached native place after Treatment
  < !- START disable copy paste -->