Follow KVARTHA on Google news Follow Us!
ad

സ്വവര്‍ഗാനുരാഗികള്‍ക്ക് ലഭിച്ചിരിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം; സുപ്രീംകോടതി വിധിയെ അനുകൂലിച്ച് പ്രമുഖര്‍, ലൈംഗിക വൈകൃതത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനവും ശക്തം

സ്വവര്‍ഗരതി കുറ്റകരമല്ലെന്ന സുപ്രീംകോടതി വിധി പുറത്തുവന്നതോടെ വിധിയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തി. 377 വകുപ്പ് National, News, Court, For and against of SC Verdict on Section 377
ന്യൂഡല്‍ഹി: (www.kvartha.com 06.09.2018) സ്വവര്‍ഗരതി കുറ്റകരമല്ലെന്ന സുപ്രീംകോടതി വിധി പുറത്തുവന്നതോടെ വിധിയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തി. 377 വകുപ്പ് അസാധുവാക്കിയതോടെ സ്വവര്‍ഗാനുരാഗികള്‍ക്ക് ലഭിച്ചിരിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണെന്ന് നിയമരംഗത്തെയും രാഷ്ട്രീയ - സിനിമാ രംഗത്തെയും പ്രമുഖര്‍ വിലയിരുത്തുന്നു. 157 വര്‍ഷമായി ആട്ടിയകറ്റിനിര്‍ത്തിയ ഒരു ജനതയ്ക്ക് വലിയ ഊര്‍ജമാണ് കോടതി വിധിയിലൂടെ ലഭിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഒരു വനിതാ ജഡ്ജ് കൂടി ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ചരിത്ര വിധിയില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്നാണ് വിധി പറഞ്ഞ ജഡ്ജിമാരുടെ സംഘത്തിലുണ്ടായ വനിതാ ജഡ്ജ് ഹിന്ദു മല്‍ഹോത്ര അഭിപ്രായപ്പെട്ടത്. ഐപിസി 377 വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെട്ട സ്വവര്‍ഗാനുരാഗികളോട് ചരിത്രം മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
National, News, Court, For and against of SC Verdict on Section 377

ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പരമപ്രധാനമെന്നും മറ്റു പൗരന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും എല്‍ജിബിടി സമൂഹത്തിനുണ്ടെന്നും സാമൂഹിക ധാര്‍മികതയുടെ പേരില്‍ വ്യക്തിയുടെ അവകാശം ഇല്ലാതാക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിന്യായത്തില്‍ പറഞ്ഞു.

ബ്രിട്ടീഷ് ഭരണകാലത്ത് 1861 ലാണ് സ്വവര്‍ഗ ലൈംഗികത ക്രമിനല്‍ കുറ്റമാക്കി നിയമം കൊണ്ടുവന്നത്. പിന്നീട് രാജ്യം സ്വതന്ത്രമായെങ്കിലും നിയമം ഐപിസി 377 ാം വകുപ്പിന്റെ ഭാഗമായി നിലനില്‍ക്കുകയായിരുന്നു. 377ലെ 16ാം അധ്യായം ഭരണഘടനാ വിരുദ്ധമായി സുപ്രീംകോടതി പ്രഖ്യാപിച്ചതോടെ നിയമം ഭാഗികമായാണ് ഇല്ലാതായത്. മൃഗങ്ങളുമായുള്ള ഏതെങ്കിലും തരത്തിലുള്ള ലൈംഗിക വേഴ്ച കുറ്റകരമായി തുടരുമെന്നും സുപ്രീംകോടതിയുടെ വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍, മുന്‍ കേന്ദ്ര മന്ത്രി മിലിന്ദ് ദിയോറ, ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍, സിനിമാ താരങ്ങളായ അമീര്‍ ഖാന്‍, അനുഷ്‌ക ശര്‍മ, രണ്‍വീര്‍ സിംഗ്, സോനം കെ അഹൂജ, ഫര്‍ഹാന്‍ അക്തര്‍, സ്വര ഭാസ്‌കര്‍ തുടങ്ങി നിരവധി പേരാണ് വിധിയെ അനുകൂലിച്ച് കൊണ്ട് രംഗത്ത് വന്നത്.

എന്നാല്‍ വിവിധ മതസംഘടനകളും നേതാക്കളും വിധിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. വരുംദിവസങ്ങളില്‍ വിധിയെ കുറിച്ചുള്ള കൂടുതല്‍ വിലയിരുത്തലുകള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. സ്വവര്‍ഗ ലൈംഗികത സ്വഭാവ വൈകൃതമാണെന്നും അതിനെ സ്വാതന്ത്ര്യമായി കാണാനാവില്ലെന്നുമാണ് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല അഭിപ്രായപ്പെട്ടത്. നാടിന്റെ പാരമ്പര്യവും പൈതൃകവും പരിഗണിച്ചാണ് ഭരണഘടനാ ശില്‍പ്പികള്‍ നിയമം കൊണ്ടുവന്നതെന്നും ശശികല പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Court, For and against of SC Verdict on Section 377