Follow KVARTHA on Google news Follow Us!
ad

സ്‌നേഹം കിട്ടുന്നിടത്തേക്ക് കുട്ടികള്‍ പോകും

യാത്രകള്‍ പുറം കാഴ്ചകള്‍ കണ്ട് ആസ്വദിക്കുന്നതോടൊപ്പം സഹയാത്രികരുമായി പരിചയപ്പെടുന്നതിനും അവരുടെ അനുഭവങ്ങള്‍ പങ്കിട്ടറിയുന്നതിനും Child, Train, Journey, Kookkanam Rahman, Article, Children go for love
കൂക്കാനം റഹ് മാന്‍

(www.kvartha.com 30.08.2018) യാത്രകള്‍ പുറം കാഴ്ചകള്‍ കണ്ട് ആസ്വദിക്കുന്നതോടൊപ്പം സഹയാത്രികരുമായി പരിചയപ്പെടുന്നതിനും അവരുടെ അനുഭവങ്ങള്‍ പങ്കിട്ടറിയുന്നതിനും അവസരമൊരുക്കാറുണ്ട്. ചെറുവത്തൂരില്‍ നിന്നും കോഴിക്കോട്ടെക്കുള്ള ട്രെയിന്‍ യാത്രയിലുണ്ടായ അനുഭവമാണ് ഇവിടെ പങ്കുവെക്കുന്നത്. അണ്‍റിസര്‍വ്ഡ് കോച്ചിലാണ് യാത്ര ചെയ്തിരുന്നത്. നാലു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ പതിനേഴ് വയസ്സ് പ്രായം തോന്നിക്കുന്ന ചെറുപ്പക്കാരന്‍ ജനാലക്കരികിലിരിക്കുന്നുണ്ട്. അവന്റെ അരികിലായി ഞാനും ഇരുന്നു. കമ്പാര്‍ട്ടുമെന്റില്‍ ആരും പരിചയക്കാരില്ലായിരുന്നു. മറ്റുള്ളവരൊക്കെ തമാശ പറഞ്ഞും ചിരിച്ചും നാട്ടുവര്‍ത്താനം പരസ്പരം പങ്കുവെച്ചും ഇരിക്കുന്നുണ്ട്.
Child, Train, Journey, Kookkanam Rahman, Article, Children go for love

ട്രെയിന്‍യാത്ര വായനക്കു പറ്റിയ അവസരമാണ്. കയ്യില്‍ കരുതിയ 'മീശ' പുസ്തകം തുറന്നുവച്ചു വായിക്കാന്‍ തുടങ്ങി. ഇടയ്ക്ക് എന്റെ തൊട്ടരികിലിരിക്കുന്ന മീശ കിളിര്‍ത്തു വരാന്‍ തുടങ്ങിയ ചെറുപ്പക്കാരനെ ഞാന്‍ ശ്രദ്ധിച്ചു. അവനും യാത്രക്കാരൊടൊന്നും സംസാരിക്കാതെ മൊബൈല്‍ നോക്കിയും ഇടയ്ക്ക് മൊബൈലില്‍ സംസാരിച്ചും പുറം കാഴ്ചകള്‍ കണ്ടും സമയം പോക്കുകയാണ്.

ട്രെയിന്‍ വളപട്ടണം പുഴക്കു മുകളിലൂടെ കടന്നു പോകുമ്പോള്‍ വെള്ളം നിറഞ്ഞൊഴുകുന്നത് കണ്ടു. ഞാന്‍ ചെറുപ്പക്കാരനോടായി പറഞ്ഞു. 'കണ്ടോ പുഴ നിറഞ്ഞു കവിഞ്ഞല്ലോ? കണ്ണൂര്‍ - കാസര്‍കോട് ജില്ലയില്‍  പ്രളയദുരിതം അത്ര ബാധിച്ചില്ല. എത്ര പേരാണ് ഈ ദുരിതത്തില്‍ മരിച്ചു പോയത്. എത്രയോ വീടുകള്‍ നശിച്ചില്ലേ? ദുരിതാശ്വാസ ക്യാമ്പുകളില്‍ ആയിരക്കണക്കിനാളുകളല്ലേ അഭയം തേടിയിരിക്കുന്നത്. ഇത്രയും പറഞ്ഞത് അവന്‍ ശ്രദ്ധയോടെ കേട്ടു.

പക്ഷേ അവന്‍ ഇടയ്ക്കിടയ്ക്ക് ഫോണില്‍ സംസാരിക്കുന്നുണ്ട്. അത് കഴിഞ്ഞ് മൊബൈലില്‍ തന്നെ നോക്കിയിരിക്കുന്നുണ്ട്. ഇടയ്ക്ക് കണ്ണ് തുടക്കുന്നതും കാണുന്നുണ്ട്. 'മോന്‍ എവിടേക്കാണ് പോകുന്നത്?' 'ലക്ഷ്യമില്ലാത്ത പോക്കാണ് സര്‍. ഏതെങ്കിലും ഒരു ദുരിതാശ്വാസ കേന്ദ്രത്തില്‍ എത്തി അവിടെ താമസിക്കണമെന്നാണ് ആഗ്രഹം. ഹിന്ദുവും ക്രിസ്ത്യനും, മുസല്‍മാനും ഒന്നിച്ചു സ്‌നേഹത്തോടെയും, സഹകരണത്തോടെയും കഴിഞ്ഞു കൂടുന്നത് എനിക്കു നേരിട്ടറിയണം',

'മോന്‍ അതിന് പ്രളയക്കെടുതിയില്‍ പെട്ടുപോയിട്ടൊന്നുമില്ലല്ലോ?

'പലര്‍ക്കും പ്രളയക്കെടുതിയില്‍ വീടു വിട്ടിറങ്ങേണ്ടി വന്നു. എന്നാല്‍ ഞാന്‍ സ്‌നേഹക്കെടുതിയില്‍ വീടു വിട്ടിറങ്ങേണ്ടി വന്നവനാണ്.

'മോന്റെ മുഖം കണ്ട മാത്രയില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയിരുന്നു. പിന്നെ ആരോടാണ് മൊബൈലില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത്?. മൊബൈലില്‍ നീ നോക്കിക്കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രവും ഞാന്‍ ഇടയ്ക്ക് ശ്രദ്ധിച്ചു. ചിത്രം നോക്കി കരയുന്നതും കണ്ടു.'

'അതെന്റെ ചേച്ചിയാണ് സര്‍, അവളോടാണ് ഞാന്‍ സംസാരിച്ചുകൊണ്ടിരുന്നതും, മറ്റാരുമില്ല എനിക്ക് എന്റെ സങ്കടം പങ്കുവെക്കാന്‍'

'ഇത്ര നല്ലൊരു ചേച്ചിയുണ്ടായിട്ട് മോനെന്തിനാ സ്‌നേഹം കിട്ടുന്നില്ലായെന്നു പറഞ്ഞത്.? സ്‌നേഹം കിട്ടാത്തതുകൊണ്ട് വീടുവിട്ടിറങ്ങിയത്.?'

'അതൊരു കഥയാണ് സര്‍, സാറിനോടായതുകൊണ്ട് ഞാനത് പറയാം. ഞാന്‍ ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി വിജയിച്ചവനാണ്. എന്റെ അച്ഛന്‍ സ്വകാര്യമേഖലയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. അമ്മ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവിയാണ്. അച്ഛനുമമ്മയ്ക്കും ഞങ്ങള്‍ രണ്ടു ആണ്‍മക്കളാണ്. എന്റെ മൂത്ത ചേട്ടന്‍ ഡിഗ്രിക്കു പഠിക്കുന്നു.'

'ഇത്ര നല്ല സാമ്പത്തിക ശേഷിയും, വിദ്യാഭ്യാസ ഉയര്‍ച്ചയും ഉള്ള മാതാപിതാക്കളില്‍ നിന്ന് സ്‌നേഹം കിട്ടുന്നില്ല എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. പോരാത്തതിന് അംഗസംഖ്യ കുറഞ്ഞ ചെറിയൊരു കുടുംബവും.'

'പ്രശ്‌നം അതല്ല സര്‍. എന്റെ ഹൈസ്‌കൂള്‍ പഠനകാലത്ത് ഒരു ഇന്റിമേറ്റ് ഫ്രണ്ട് ഉണ്ടായിരുന്നു എനിക്ക്. ആന്റണി എന്നാണവന്റെ പേര്. ഞാന്‍ അവന്റെ വീടും അവന്‍ എന്റെ വീടും സന്ദര്‍ശിക്കാറുണ്ട്. ഇരുകുടുംബങ്ങളും സ്‌നേഹത്തിലായിരുന്നു. അവര്‍ക്ക് സോഫ്റ്റ് ഡ്രിങ്ക്‌സ് ഉണ്ടാക്കുന്ന കമ്പനിയുണ്ട്. കടകളില്‍ സപ്ലൈ ചെയ്യാന്‍ വാഹനമുണ്ട്. കടകളില്‍ നിന്ന് ക്യാഷ് പിരിവിന് ആന്റണി അവധി ദിവസങ്ങളിലൊക്കെ ബൈക്കില്‍ പോവും. ഞാനും അവന്റെ കൂടെ പോകും. ഒരു ദിവസം ബൈക്ക് അപകടത്തില്‍ പെട്ടു. ആന്റണിയുടെ തുടയെല്ല് പൊട്ടി. ആ കുടുംബത്തില്‍ ആന്റണി മാത്രമേ ആണ്‍തരിയായിട്ടുള്ളൂ. അവന്‍ ആശുപത്രിയാലയപ്പോള്‍ ഞാന്‍ ക്യാഷ് കളക്ഷന് വീട്ടുകാരെ സഹായിച്ചു.

വീട്ടുകാരുമായുള്ള ബന്ധം കൂടുതല്‍ അടുപ്പത്തിലായി. ഞാന്‍ ആ വീട്ടിലെ ഒരംഗത്തെപ്പോലെയായി മാറി. ആന്റണിയുടെ അമ്മയും, പപ്പയും എന്നെ സ്വന്തം മകനെക്കാളേറെ സ്‌നേഹിച്ചു. അവിടുത്തെ ഏച്ചി എന്റെ സ്വന്തം ഏച്ചിയെപ്പോലെ ഇടപഴകി. എന്നെ ഉപദേശിക്കാനും, നന്മയുടെ വഴി പറഞ്ഞു തരാനും ചേച്ചി എന്നും ഒപ്പമുണ്ടാവും. ആ ചേച്ചിയുടെ ഫോട്ടോയാണിത് സര്‍. അവരെ വിട്ടു പിരിയാന്‍ എനിക്കാവുന്നില്ല. ആ ചേച്ചിയുടെ സ്‌നേഹത്തിനു മുമ്പില്‍ ഞാന്‍ എന്നെ തന്നെ സമര്‍പ്പിക്കും.

ഈ സമീപനം എന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാതായി. ഞങ്ങളുടെ കുടുംബം ഹിന്ദുമത വിശ്വാസികളാണ്. അച്ഛനില്‍ നിന്നോ, അമ്മയില്‍ നിന്നോ ചേട്ടനില്‍ നിന്നോ കിട്ടാത്ത സ്‌നേഹം എനിക്ക് എന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും കിട്ടുന്നു. സ്‌നേഹത്തോടെ 'മോനേ' എന്നൊരു വാക്കുപോലും എന്റെ വീട്ടില്‍ നിന്ന് ഞാന്‍ കേട്ടിട്ടില്ല. എന്നിട്ടും ഞാന്‍ വീട്ടില്‍ നിന്ന് മാറിനിന്നിട്ടില്ല. എന്നെ പ്ലസ്‌വണ്ണിന് ചേര്‍ത്തു. വീട്ടില്‍ നിന്നു തന്നെയാണ് സ്‌കൂളില്‍ പോവുകയും വരികയും ചെയ്യുന്നത്. പക്ഷേ സമയം കിട്ടുമ്പോഴും അവധി ദിവസങ്ങളിലും ഞാന്‍ സുഹൃത്തിന്റെ വീട്ടില്‍ പോകും.

ആ വീട്ടിലേക്ക് ചെല്ലരുത് എന്നാണ് എന്റെ രക്ഷിതാക്കള്‍ പറയുന്നത്. അതെനിക്കാവില്ല. എന്നെ വീട്ടുതടങ്കലില്‍ വെച്ചാലും ഞാന്‍ അവിടേക്ക് ചെല്ലുക തന്നെ ചെയ്യും. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ചെയ്യുകയുമില്ല. സ്‌നേഹത്തിന് വില കല്‍പിക്കുന്നവനാണ് ഞാന്‍. വ്യത്യസ്ത മതക്കാരയതിനാലാണോ അച്ഛനും അമ്മയും അവിടേക്കുള്ള പോക്ക് വിലക്കുന്നത് എന്നറിയില്ല. ഞാന്‍ പഠിക്കും. എനിക്ക് ജീവിതലക്ഷ്യമുണ്ട്. വഴി തെറ്റി സഞ്ചരിക്കില്ല. സ്‌നേഹം കിട്ടുന്നിടത്ത് ചെല്ലും. അത് എവിടുന്നായാലും. ജാതിയും മതവുമൊന്നും സ്‌നേഹത്തിന് അതിര്‍വരമ്പുകളാവരുത്. ഇതാണെന്റെ പക്ഷം.'

അവന്റെ കൈത്തണ്ടയില്‍ 'N' എന്ന ഇംഗ്ലീഷ് അക്ഷരം തൊലികീറി മുറിച്ച് എഴുതി പിടിപ്പിച്ചിട്ടുണ്ട്. 'നിമ്യ ജോര്‍ജ്ജ്' എന്ന ആ ചേച്ചിയുടെ പേരിന്റെ ആദ്യക്ഷരമാണത്. അത്രയും ഇഷ്ടമാണവന് ആ ചേച്ചിയെ. സ്‌നേഹം സ്വന്തം വീട്ടില്‍ നിന്ന് കിട്ടിയില്ലെങ്കില്‍ സ്‌നേഹം കിട്ടുന്നിടത്തേക്ക് അവനോ അവളോ പോകും.

വീട്ടില്‍ സ്വസ്ഥത കൊടുക്കുന്നില്ല. അവന് ഇഷ്ടപ്പെട്ട സുഹൃത്തിന്റെ വീട്ടിലേക്ക് പോകാന്‍ തടസ്സം സൃഷ്ടിക്കുന്നു. ഇതില്‍ നിന്നൊക്കെ രക്ഷപ്പെടാനുള്ള യാത്രയിലാണവന്‍. എറണകുളം വരെ അവന്‍ ടിക്കറ്റെടുത്തിട്ടുണ്ട്. വെള്ളപ്പൊക്ക കെടുതി കൊണ്ട് ട്രെയിന്‍ കോഴിക്കോട് യാത്ര അവസാനിപ്പിക്കുമെന്നും, കോഴിക്കോട്ടിറങ്ങി തിരിച്ചു നാട്ടിലേക്കു തന്നെ പോകണമെന്നും അവനെ ഉപദേശിച്ചു. അവന്‍ തിരിച്ചു വീട്ടിലെത്തിക്കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നീണ്ടുമെലിഞ്ഞ ആ ചെറുപ്പക്കാരന്റെ രൂപം മനസ്സില്‍ മായാതെ നില്‍ക്കുന്നു. മതാന്ധതയ്ക്ക് അറുതി വരുത്താന്‍ ഇനിയെങ്കിലും നാം തയ്യാറാവണ്ടേ? പണവും പ്രതാപവും ഉണ്ടായാല്‍ മാത്രം പോരാ, സ്‌നേഹ വാത്സല്യവും മക്കളുമായി പങ്കിടണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Child, Train, Journey, Kookkanam Rahman, Article, Children go for love