Follow KVARTHA on Google news Follow Us!
ad

ഭീഷണിയില്‍ ഭയന്ന് വിറക്കുന്ന എഴുത്തുകാര്‍

ലോകത്തിലെ ഏറ്റവും വലീയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. രാജ്യത്തിലെ ഓരോ പൗരന്മാരും എങ്ങനെ ജീവിക്കണമെന്ന് അനുശാസിക്കുന്ന Article, Writer, Writers and his Fear, Anas Alangol, Attack, Fear
അനസ് ആലങ്കോള്‍

(www.kvartha.com 30.07.2018) ലോകത്തിലെ ഏറ്റവും വലീയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. രാജ്യത്തിലെ ഓരോ പൗരന്മാരും എങ്ങനെ ജീവിക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടന രാജ്യത്തുണ്ട്. ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വാതന്ത്ര്യം ലഭിക്കുന്നിലെങ്കില്‍ അത് രാജ്യത്തിന്റെ തകര്‍ച്ചയുടെ അടയാളമാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കുന്ന ഒന്നാണ്. എഴുത്ത് ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ ഭാഗമാണ്. എഴുത്തുകാര്‍ക്ക് അവരുടെ നിലപാടുകള്‍ തുറന്നെഴുതാനുള്ള അവസരങ്ങളെ ചോദ്യം ചെയ്യുന്നത് ആവിഷ്‌ക്കാര സ്വാതന്ത്രത്തില്‍ വിള്ളല്‍ വീണതിന്റെ അടയാളമാണ്.
 Article, Writer, Writers and his Fear, Anas Alangol, Attack, Fear

എഴുത്ത് ഒരു കലയാണ്. പുതു തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് എസ് ഹരീഷ്. മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന ഹരീഷിന്റെ മീശ എന്ന നോവല്‍ ഈയിടെ പിന്‍വലിച്ചത് ഫാസിസ്റ്റ് ശക്തികളുടെ ശക്തമായ സ്വാധീനം കൊണ്ടാണ്. പ്രസിദ്ധീകരണം ഇതേ നിലയില്‍ തുടര്‍ന്നാല്‍ സ്വന്തം നില നില്‍പ്പിന് ഭീഷണിയാണെന്ന് എഴുത്തുകാരന്‍ കരുതിയിരിക്കണം. അധികാരി വര്‍ഗത്തിന്റെ അക്രമങ്ങളെ ചോദ്യം ചെയ്ത് ആളുകളെ ഇല്ലാതാക്കുന്ന നമ്മുടെ നാടുകളില്‍ ഒരാള്‍ അങ്ങനെ ഭയപ്പെടുന്നില്ലങ്കില്ലല്ലേ അത്ഭുതമുള്ളൂ. മീശയുടെ രചയിതാവ് സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയാണെന്ന് ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കണം.

അരനൂറ്റാണ്ട് മുമ്പുള്ള കേരളത്തിലെ ജാതി ജീവിതത്തെ ദളിത് പശ്ചാതലത്തില്‍ രചിക്കപ്പെട്ടതാണ് മീശയെന്ന നോവല്‍. രണ്ട് കഥാപാത്രങ്ങളുടെ സംഭാഷണ ശകലം. ക്ഷേത്ര വിശ്വാസികള്‍ക്ക് എതിരാണെന്ന് തെറ്റായ വിവാദം ഉയര്‍ന്നതിനാല്‍ മൂന്ന് ലക്കങ്ങള്‍ പിന്നിട്ട നോവല്‍ നിര്‍ത്തിവെക്കുകയായിരുന്നു. 'അഞ്ചു വര്‍ഷത്തെ അധ്വാനം ഇതിന് പിന്നിലുണ്ടെങ്കിലും നിരന്തരം കേസുകളും ഭീഷണികളും ഉയരുമ്പോള്‍ നീതിന്യായ വ്യവസ്ഥിയില്‍ കുടുങ്ങി ജീവിതം കളയാനാവില്ല.

രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടാന്‍ തനിക്ക് കരുത്തുമില്ല' എന്നാണ് ഹരീഷ് നോവല്‍ പിന്‍വലിക്കുന്നതിനെ പറ്റി പറഞ്ഞത്. ഇത് ഒരു എഴുത്തുകാരന്റെ വിങ്ങലാണ്. കാലം ഏറെയായി അധ്വാനിച്ച് എഴുതിയതിനെ വെളിച്ചം കാണിക്കാന്‍ കഴിയാത്ത ഒരു പ്രതിഭയുടെ വിലാപമാണ്. സമൂഹത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശബ്ദിക്കുമ്പോഴാണ് ഒരു എഴുത്തുകാരന്‍ ഉടലെടുക്കുന്നത് എന്ന പ്രാഥമിക ബോധത്തിനു നേരെയുള്ള ചങ്ങലയിടലാണത്.കേരള സാംസ്‌കാരിക ചരിത്രത്തിലെ ഇരുണ്ട ദിനമാണിതെന്നും വെളിച്ചമില്ലാത്ത ദിനങ്ങളാണ്  ഇനി വരാന്‍ പോകുന്നതെന്നും മാതൃഭൂമിയുടെ എഡിറ്റര്‍ ട്വിറ്ററില്‍ പ്രതികരിച്ചത് അത് കൊണ്ടാണ്.

ആദ്യമായിട്ടല്ല ഒരു എഴുത്തുകാരന്‍ പഴി കേള്‍ക്കേണ്ടി  വരുന്നത്. ചരിത്രം സത്യസന്ധമായി അവതരിപ്പിച്ചതിനും നിലപാടുകള്‍ തുറന്ന് പറഞ്ഞതും കാരണമായി അനേകം തവണ ഒരു പാട് എഴുത്തുകാര്‍ക്ക് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. പെരുമാള്‍ മുരുകന്‍ അതിലൊന്നാണ്. എം.ടി വാസുദേവന്‍ നായരാണ് മറ്റൊന്ന്. ഒരു സുഹൃത്ത് മുസ് ലിമിനോടും ഹിന്ദുവിനോടും സ്‌നേഹത്തോടെ പറയുന്നുവെന്ന ശീര്‍ഷകത്തില്‍ ബെന്യാമിന്‍ മാധ്യമം പത്രത്തില്‍ എഴുതിയ ലേഖന പരമ്പര നിര്‍ത്താന്‍ വേണ്ടി വധഭീഷണി മുഴക്കിയ നമ്മുടെ നാട്ടില്‍ ജാതിയതയുടെ ചരിത്രം നോവലിലൂടെ തുറന്ന് കാണിച്ചപ്പോള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നതില്‍ അത്ഭുതമില്ലല്ലോ.

നോവല്‍ പിന്‍വലിക്കുന്നതിലൂടെ മുഴുവന്‍ എഴുത്തുകാരെയും അപമാനിച്ചുവെന്ന് വായനക്കാര്‍ക്ക് പറയാന്‍ അധികാരമുണ്ട്. എതിരാളികള്‍ക്ക് വിജയഭേരി മുഴക്കാനുള്ള അവസരമൊരുക്കിയെന്ന് ആക്രോശിക്കാന്‍ അര്‍ഹതയുണ്ട്. അരാഷ്ട്രീയ വാദമാണ് നോവല്‍ പിന്‍വലിക്കാന്‍ കാരണമെന്ന് പറഞ്ഞ് നടക്കാന്‍ സ്വാതന്ത്ര്യമുണ്ട്. തലയില്‍ ചാണകവും കൈയ്യില്‍ തോക്കുമായി നടക്കുന്ന ഒരു സമൂഹത്തിനു മുന്നില്‍ ഇനിയും ഏറെ കാലം ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ക്ക് നോവല്‍ പിന്‍വലിക്കുന്നതല്ലാതെ വേറെ നിവൃത്തിയില്ലെന്ന് ഓര്‍ക്കേണ്ടതുണ്ട്. ഫാസിസ്റ്റുകള്‍ ഭീഷണി മുഴക്കുമ്പോള്‍ നിങ്ങള്‍ നോവല്‍ പിന്‍വലിച്ച നേരത്ത് എല്ലാവരും നിങ്ങളെ ഭീരുവെന്ന് വിളിക്കുമ്പോള്‍ നിങ്ങളെ ധൈര്യശാലി എന്ന് വിശേഷപ്പിക്കാനായിരുന്നു എനിക്കിഷ്ടം. ഫാസിസത്തെ എതിര്‍ക്കുന്ന മനുഷ്യ മസ്തിഷ്‌കങ്ങളെ  ഉന്മൂലനം ചെയ്യാന്‍ ഒരു സമൂഹം മത്സരിക്കുന്ന ഇക്കാലത്ത് അവര്‍ക്കിഷ്ടമല്ലാത്തത് എഴുതാനും ധൈര്യം ആവശ്യമാണല്ലോ. വാരികയിലൂടെയുള്ള പ്രസിദ്ധീകരണം പിന്‍വലിച്ചുവെന്ന വാര്‍ത്ത വല്ലാതെ ദു:ഖിപ്പിക്കുന്നുണ്ടെങ്കിലും നോവല്‍ ഉടന്‍ പുസ്തക രൂപത്തില്‍ പുറത്തിറങ്ങുമെന്ന വാര്‍ത്ത വല്ലാത്ത സന്തോഷം സമ്മാനിക്കുന്നു.

എഴുത്തുകാര്‍ ജാഗ്രത പാലിക്കേണ്ട കാലമാണിത്. ഇലക്കും മുളളിനും കേടുവരാതെ മുളളിനെ എടുത്ത്  മാറ്റുന്നതായിരിക്കും ബുദ്ധി. ജീവിതത്തെ ബാധിക്കുന്ന ശക്തികളില്‍ ഒന്നാണ് സാഹിത്യമെന്ന് മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ ഒരു അഭിമുഖത്തിനിടയില്‍ നിര്‍വചിക്കുന്നുണ്ട്. ആ വീക്ഷണ പ്രകാരം രാഷ്ട്രീയക്കാരെ പോലെ സാംസ്‌കാരിക തലത്തില്‍  ഇടപ്പെടാന്‍ സാഹിത്യകാരന്മാര്‍ക്കും അവകാശമുണ്ട്. മതേതര കാഴ്ചപ്പാടുകള്‍ക്ക് മേല്‍ ഫാസിസം മങ്ങലേല്‍പ്പിക്കുമ്പോള്‍ അതിനെതിരെ ശബ്ദിക്കല്‍ എഴുത്തുകാരന്റെ ബാധ്യതയാണ്. എഴുത്തുകാര്‍ മുന്നിട്ടിറങ്ങിയാല്‍ കാര്യം നടക്കില്ലെന്ന് കരുതുന്നത് മൗഢ്യമാണ്. പശുവിന്റെ പേരില്‍ ആളുകളെ നിര്‍ദാക്ഷണ്യം കൊന്ന നേരത്ത് ഭരണാധികാരികള്‍ ഇത്തിരിയെങ്കിലും ശബ്ദിച്ചത് സാഹിത്യകാരന്മാരുടെ പ്രതിഷേധം കൊണ്ടാണ്.

അക്ഷരങ്ങളെയും ആശയങ്ങളെയും ആയുധം കൊണ്ട് നേരിടുന്നതാണ് ഫാസിസ്റ്റ് രീതി.അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ തന്റെ തൂലികയെ നിരന്തരം ചലിപ്പിച്ച ചിന്തകനായിരുന്ന പന്‍സാരയെ അക്രമികള്‍ കൊന്നത് ഇനിയും ഇദ്ദേഹത്തിന്റെ തൂലിക ചലച്ചാല്‍ ഞങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാവില്ലെന്ന ഭീതിയോടെയാണ്. ഫാസിസ്റ്റ് ശക്തികള്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ കാട്ടുന്ന അക്രമങ്ങള്‍ അക്ഷരങ്ങളാക്കിയപ്പോള്‍ അധികാരികള്‍ക്ക് കലി തുള്ളുകയായിരുന്നു. ഹിന്ദു സമൂഹത്തിലെ അയിത്ത ആചാരങ്ങള്‍ക്കെതിരെ ആഞഞ്ഞടിച്ച നരേന്ദ്രരഭാല്‍ക്കറുടെ ജീവന്‍ നഷ്ട്ടപ്പെട്ടതും സമാനമായ കാരണത്തിനു വേണ്ടിയാണ്. കര്‍ണാടകയിലെ പേരുകേട്ട സാഹിത്യകാരനായിരുന്ന കല്‍ ബുര്‍ഗിയുടെ കൊലയും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.കാഞ്ച ഐല്ലയയുടെ നാവ് പിഴുതെടുക്കുമെന്നും രാമചന്ദ്ര ഗുഹക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഫാസിസ്റ്റുകള്‍ ഈയിടെയാണ് പറഞ്ഞത്.

മതേതര എഴുത്തുകാര്‍ ജീവന്‍ നിലനിര്‍ത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ മൃത്യുഞ്ജയ  ഹോമം  നടത്തണമെന്നും ഫാസിസ്റ്റുകള്‍ പ്രസംഗിച്ച് നടന്നിട്ട് അധിക നാളുകളായിട്ടില്ല. ഹിംസയെ വെടിഞ്ഞ് നിര്‍ത്തി അഹിംസ പ്രചരിപ്പിച്ച മഹാരഥന്മാര്‍ ഭരിച്ച ഭാരതത്തിന്റെ തലപ്പത്തിരുന്ന് ഭരണകര്‍ത്താക്കള്‍ അക്രമങ്ങള്‍ക്ക് ആഹ്വാനം നല്‍കുകയും ചരിത്രങ്ങള്‍ തിരുത്തി എഴുതാന്‍ ശ്രമിക്കുകയും ചെയുമ്പോള്‍ എഴുത്തുകാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.രാജ്യത്തിന്റെ പരമോന്നത പദവിയില്‍ വിരാചിക്കുന്നവരുടെ അകത്തളങ്ങളില്‍ പതിയിരിക്കുന്ന വിഷത്തിനെ പൊതു സമൂഹത്തിനു മുന്നില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കേണ്ടത് എഴുത്തുകാരുടെ ബാധ്യതയാണ്. ഫാസിസ്റ്റുകളെ ഒറ്റക്ക് നേരിടുന്നത് ബുദ്ധിയല്ല. നിരന്തരമായ സമരങ്ങളിലൂടെയും കൂട്ടമായ സാഹിത്യ സംവാദങ്ങളിലൂടെയും ഫാഷിസ്റ്റ് ശക്തികള തോല്‍പ്പിക്കാന്‍ നമുക്ക് സാധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Writer, Writers and his Fear, Anas Alangol, Attack, Fear