Follow KVARTHA on Google news Follow Us!
ad

ശബരിമല സ്ത്രീ പ്രവേശന കേസ്: സംഘ്പരിവാര്‍ ആശയക്കുഴപ്പത്തില്‍

ശബരിമല സ്ത്രീ പ്രവേശന വിഷയം ആര്‍എസ്എസ് കേരള ഘടകത്തെ കുടുതല്‍ വെട്ടിലാക്കി. ഭാരതത്തിലെ ഒരു ക്ഷേത്രത്തിലും സ്ത്രീകളെ വിലക്കാന്‍ പാടില്ലെന്ന ആര്‍എസ്എസ് Kerala, Pathanamthitta, RSS, Trending, Shabarimala, Shabarimala issues; Kerala RSS in Trouble
പത്തനംതിട്ട: (www.kvartha.com 31.07.2018) ശബരിമല സ്ത്രീ പ്രവേശന വിഷയം സംഘ്പരിവാറിനെ കുടുതല്‍ വെട്ടിലാക്കി. ഭാരതത്തിലെ ഒരു ക്ഷേത്രത്തിലും സ്ത്രീകളെ വിലക്കാന്‍ പാടില്ലെന്ന സംഘ്പരിവാറിന്റെ നിലപാടാണ് സ്ത്രീ പ്രവേശന കേസിന്റ അവസാന ഘട്ടത്തില്‍പ്പോലും കേരള ഘടകങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നത്. തിങ്കളാഴ്ച സംസ്ഥാനത്ത് ചില ഹൈന്ദവ സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതും ഈ ആശയക്കുഴപ്പം കാരണമാണെന്നാണ് സൂചന.

2009 ല്‍ ആണ് ശബരിമല സ്ത്രീ പ്രവേശന കേസ് സുപ്രീം കോടതിയില്‍ എത്തിയത്. അതിനു ശേഷം നടന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയില്‍ ശബരിമല സ്ത്രീ പ്രവേശന വിഷയം ചര്‍ച്ച ചെയ്തിരുന്നു. ശബരിമലയില്‍ അടക്കം ഭാരതത്തിലെ ഒരു ക്ഷേത്രത്തിലും സ്ത്രീകളെ വിലക്കാന്‍ പാടില്ലെന്നാണ് പ്രതിനിധി സഭ അഭിപ്രായപ്പെട്ടത്. ഇത് കേരള ഘടകത്തെ ധര്‍മ്മസങ്കടത്തിലാക്കി. തുടര്‍ന്ന് ആര്‍എസ്എസ് അഖിലേന്ത്യാ ജോയിന്റ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയും സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തി. ഇതോടെയാണ് ശബരിമല സ്ത്രീ പ്രവേശന കേസിന്റെ അവസാന ഘട്ടത്തിലും വ്യക്തമായ നിലപാട് പറയാന്‍ കേരള ഘടകത്തിന് കഴിയാതെ വന്നിരിക്കുന്നത്.

അതിനിടെ ആര്‍എസ്എസ്സിന്റെ മുതിര്‍ന്ന പ്രചാരകനും ബാലഗോകുലത്തിന്റെ മാര്‍ഗദര്‍ശിയുമായ എം.എ. കൃഷ്ണന്‍ ആര്‍എസ്എസ് വാരികയായ കേസരിയില്‍ ശബരിമലയെക്കുറിച്ച് എഴുതിയ ലേഖനത്തിലെ പരാമര്‍ശങ്ങളും കേരള ഘടകത്തെ കൂടുതല്‍ വെട്ടിലാക്കി. ശബരിമലയില്‍ സ്ത്രീകളെ വിലക്കുന്നത് നീതിയല്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പതിനാല് ദിവസത്തെ വ്രതം പാലിക്കുന്ന ഏത് പ്രായത്തിലുമുള്ള സ്ത്രീകളേയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നും ലേഖനത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്. ശബരിമല ദര്‍ശനത്തിന് 41 ദിവസത്തെ വ്രതം പാലിക്കണമെന്ന പരമ്പരാഗത ആചാരത്തെയാണ് ഖണ്ഡിച്ചതെന്നും വാദമുയര്‍ന്നു. ആര്‍ എസ് എസ്സിന്റെ നയങ്ങള്‍ക്കെതിരായ പരാമര്‍ശം അടങ്ങിയ ലേഖനങ്ങള്‍ കേസരിയില്‍ പ്രസിദ്ധീകരിക്കാറില്ല. അതിനാല്‍ ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞ് ഒഴിയാനും സാധിക്കാത്ത സ്ഥിതിയാണ്.

ശബരിമലയിലെ ആചാരങ്ങള്‍ക്ക് വിരുദ്ധമായ നിലപാടെടുത്ത കേരള സര്‍ക്കാരിന്റെ നയത്തിനെതിരെ ഏഴ് ഹൈന്ദവ സംഘടനകള്‍ ചേര്‍ന്ന് തിങ്കളാഴ്ച നടത്തിയ ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് (സംസ്ഥാന സെക്രട്ടറി) പി .ഗോപാലന്‍ കുട്ടി മാസ്റ്റര്‍ പരസ്യമായി പ്രഖ്യാപിച്ചത് ശബരിമല വിഷയത്തിലുള്ള ആശയക്കുഴപ്പം കൊണ്ടാണെന്നും സൂചനയുണ്ട്. ഹര്‍ത്താല്‍ നടത്തിയ അയ്യപ്പധര്‍മ്മ സേന, വിശാല വിശ്വകര്‍മ്മ ഐക്യവേദി, ഹനുമാന്‍ സേന ഭാരത്, തിയ്യ മഹാസഭ ,സാധുജന പരിഷത്ത്, സംസ്ഥാന മാതൃ ശക്തി, ശ്രീരാമ സേന എന്നീ ഹൈന്ദവ സംഘടനകളെറിച്ച് അന്വേഷിക്കണമെന്ന ആര്‍എസ്എസ് സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയ്ക്കെതിരെയും ഹര്‍ത്താല്‍ സിപിഎം സ്പോണ്‍സേഡ് ആണെന്ന ബിജെപി നേതാവ് ടി.ജി മോഹന്‍ദാസിന്റെ ആരോപണത്തിനെതിരെയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പോലും സമൂഹ മാധ്യമത്തിലൂടെ വിമര്‍ശനം ഉയര്‍ത്തുണ്ട്. ഹര്‍ത്താല്‍ സിപിഎം സ്പോണ്‍സേഡ് ആണെന്ന് ആക്ഷേപിക്കുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലെണെന്നും അവര്‍ ചോദിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Pathanamthitta, RSS, Trending, Shabarimala, Shabarimala issues; Kerala RSS in Trouble
  < !- START disable copy paste -->