Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്തമഴ, നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ഇടുക്കി ഡാം തുറക്കുമ്പോള്‍ ആശങ്കയോടെ നിരവധി ജില്ലകള്‍; ജാഗ്രത നിര്‍ദേശം നല്‍കി

സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്തമഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിനെ തുടര്‍ന്ന് തലസ്ഥാനത്ത് പ്രൊഫഷKerala, Thiruvananthapuram, News, Rain, Dam, Idukki, Kannur, kasaragod, Kozhikode, Wayanad, palakkad, Ernakulam, Kottayam, Kollam, Alappuzha, Pathanamthitta, Malappuram, Thrissur, Heavy rain will be continued till Wednesday
തിരുവനന്തപുരം: (www.kvartha.com 31.07.2018) സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്തമഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിനെ തുടര്‍ന്ന് തലസ്ഥാനത്ത് പ്രൊഫഷണല്‍ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.

കനത്ത മഴ തുടരുന്ന മലയോരമേഖലകളില്‍ കൃഷിക്ക് വലിയ തോതില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് തിങ്കളാഴ്ച ആരംഭിച്ച മഴയ്ക്ക് ഇതുവരെ ശമനമില്ല. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുത കമ്പിയില്‍ ചവിട്ടി ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു.


ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധിയാണ്. ചമ്പക്കുളം, കൈനകരി, പുളിങ്കുന്ന്, നെടുമുടി പഞ്ചായത്തുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി.
ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് പരമാവധി ഉയര്‍ന്ന ഇടുക്കി അണക്കെട്ട് ഏത് നിമിഷവും തുറന്നുവിട്ടേക്കാം. ഇത്തരം സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ രക്ഷാ പ്രവര്‍ത്തനം നടത്താനായി കരസേന, നാവിക സേന, വായു സേന, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയവരെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കിക്കഴിഞ്ഞു. അണക്കെട്ടിന്റെ ജലനിരപ്പ് തിങ്കളാഴ്ച രാത്രിയോടെ 2,395 അടി കവിഞ്ഞു. 2400 അടിയാണ് പരമാവധി സംഭരണ ശേഷി. ജാഗ്രതാ നിര്‍ദേശമായി തിങ്കളാഴ്ച ഉച്ചയോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി അണക്കെട്ട് തുറക്കുന്നതിന്റെ മുന്നോടിയായി ചൊവ്വാഴ്ച ട്രയല്‍ റണ്‍ നടത്തും. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളാണ് 40 സെന്റീമീറ്റര്‍ നാല് മണിക്കൂര്‍ നേരത്തേക്ക് ട്രയല്‍ റണ്ണിനായി ചൊവ്വാഴ്ച ഉച്ചയോടെ തുറക്കുക.



വടക്കന്‍ കേരളത്തിലും കനത്ത മഴ തുടരുകയാണ്. കണ്ണൂരിലെ ചിലയിടങ്ങളിലെ സ്‌കൂളുകള്‍ക്ക് കളക്ടര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, തില്ലങ്കേരി, മുഴക്കുന്ന്, കോളയാട്, ചിറ്റാരിപ്പറമ്പ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയിട്ടുള്ളത്. ഇതിനു പകരമായി അടുത്ത അവധിദിനം പ്രവൃത്തിദിവസമായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്ട് ജില്ലാ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കൃഷിയിടങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്. തീരമേഖലയില്‍ കടല്‍ക്ഷോഭവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ കാസര്‍കോട്ട് ചൊവ്വാഴ്ച മഴയ്ക്ക് അല്‍പം ശമനമുണ്ട്.


Keywords: Kerala, Thiruvananthapuram, News, Rain, Dam, Idukki, Kannur, kasaragod, Kozhikode, Wayanad, palakkad, Ernakulam, Kottayam, Kollam, Alappuzha, Pathanamthitta, Malappuram, Thrissur, Heavy rain will be continued till Wednesday