Follow KVARTHA on Google news Follow Us!
ad

ഭായിമാരെ മലയാളം പഠിപ്പിക്കാന്‍ ചങ്ങാതി; മാതൃകയായി സാക്ഷരത മിഷന്റെ മുന്നേറ്റം

സമൂഹത്തില്‍ മികച്ച മാതൃക സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ പെരുമ്പാവൂരില്‍ നടപ്പിലാക്കുന്ന ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പരിപാടി. Kerala, Kochi, News, Local-News, Malayalam, Study, literacy mission's project for study Malayalam for Other state employees
കൊച്ചി: (www.kvartha.com 29.04.2018) സമൂഹത്തില്‍ മികച്ച മാതൃക സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ പെരുമ്പാവൂരില്‍ നടപ്പിലാക്കുന്ന ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പരിപാടി. വിജയകരമായ ഈ മുന്നേറ്റമാണ് ഇതര സംസ്ഥാനക്കാരെ മലയാളം പഠിപ്പിക്കുന്ന 'ചങ്ങാതി' പദ്ധതി കേരളമെമ്പാടും വ്യാപിപ്പിക്കാന്‍ സാക്ഷരതാ മിഷനെ പ്രേരിപ്പിച്ച ഘടകം.

ആയിരത്തി അഞ്ഞൂറിലധികം ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങളാണ് പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ ഭൂരിഭാഗം ജോലിക്കാരും ഇതര സംസ്ഥാനക്കാരാണ്. കാസര്‍കോട് ജില്ലയിലെ തീരദേശത്ത് നടപ്പിലാക്കിയിരുന്ന 'അക്ഷര സാഗരം' സാക്ഷരതാ പരിപാടിയുടെ വന്‍വിജയത്തിനു ശേഷമാണ് ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പരിപാടി എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ 2017 ജൂലൈ 22 ന് തുടക്കം കുറിക്കുന്നത്.

മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ ഇന്‍സ്ട്രക്ടര്‍മാരുടെ പരിശീലനത്തോടെ ആയിരുന്നു തുടക്കം. മാറമ്പിള്ളി എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇന്‍സ്ട്രക്ടര്‍മാരായി എത്തിയത്. നഗരസഭയിലെ 27 വാര്‍ഡുകളില്‍ 21 എണ്ണത്തിലും ഇതര സംസ്ഥാനക്കാര്‍ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടര്‍മാരെ വാര്‍ഡ് തിരിച്ച് ചുമതലപ്പെടുത്തി കൗണ്‍സിലര്‍മാരുടെ സഹായത്തോടെ 21 വാര്‍ഡുകളിലും ക്ലാസ് ആരംഭിക്കാനായിരുന്നു ഉദ്ദേശം. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൗണ്‍സിലര്‍മാരുടെ സഹായത്തോടെ ആരംഭിക്കുകയും ചെയ്തു. 2017 ഓഗസ്റ്റ് 15 ന് ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന വല്ലത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പദ്ധതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല ഹിന്ദിയില്‍ തന്നെ സംസാരിച്ച് മലയാള ഭാഷാ പഠനത്തിന്റെ പ്രസക്തി ഇതര സംസ്ഥാനക്കാര്‍ക്ക് വിശദീകരിച്ച് നല്‍കി.

തൊഴില്‍ശാലകളിലും താമസ സ്ഥലങ്ങളിലും പഠനകേന്ദ്രങ്ങള്‍ ആരംഭിച്ച് 'ഹമാരി മലയാളം ചങ്ങാതി' പദ്ധതി നടപ്പിലാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ താമസ സ്ഥലങ്ങള്‍ അനുകൂല സാഹചര്യങ്ങളുള്ളവയല്ല എന്നു ബോധ്യമായി. കൂടാതെ പെരുമ്പാവൂര്‍ ടൗണിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്നത് നഗരസഭയ്ക്ക് പുറത്തായിരുന്നു. സാക്ഷരതാ മിഷന്‍ എറണാകുളം ജില്ല അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍ ശ്രീജന്‍ ടി.വി, പ്രേരക്മാരായ രജനി, സുനില്‍, പ്രിയ എന്നിവര്‍ പണിശാലകള്‍ കണ്ടു പിടിച്ചു. വല്ലത്തുള്ള എവറസ്റ്റ് പ്ലൈവുഡ് കമ്പനിയിലായിരുന്നു തുടക്കം. അധ്യാപന ജീവിതത്തില്‍ നിന്നും വിരമിച്ച വി.ജി. രാജേശ്വരി ടീച്ചര്‍ ആയിരുന്നു ക്ലാസിനു തുടക്കം കുറിച്ചത്. ആരംഭം മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിലെ മുടങ്ങാതെയുള്ള പഠനം ഇന്നും തുടരുന്നു.

വിദ്യാര്‍ത്ഥികളായ ഇന്‍സ്ട്രക്ടര്‍മാര്‍ മാറി വന്നത് പ്രാരംഭ ദിശയില്‍ പ്രയാസങ്ങള്‍ സൃഷ്ടിച്ചെങ്കിലും പിന്നീട് വന്ന 50 പേര്‍ സ്ഥിരമായതോടെ കൂടുതല്‍ ക്ലാസുകള്‍ ആരംഭിക്കുവാനും സജീവമാകാനും തുടങ്ങി. പണിശാലകള്‍ക്ക് പുറമെ വായനശാലകളും മദ്രസകളും പഠനകേന്ദ്രങ്ങളായി മാറി. തുടക്കത്തില്‍ ഏറെ സജീവമായത് സൗത്ത് വല്ലം മദ്രസയിലെ അല്‍ത്താഫും ഹസ്നയും നടത്തിയ ക്ലാസുകള്‍ ആയിരുന്നു. ഞായറാഴ്ചകളില്‍ മദ്രസയില്‍ ഖുറാന്‍ പഠനം ആരംഭിച്ചതോടെ തൊട്ടടുത്ത അങ്കണവാടിയിലേക്ക് ക്ലാസ് മാറ്റി. ഞായറാഴ്ചകള്‍ പോലും അവധി ഇല്ലാത്ത പ്രവര്‍ത്തി ദിവസങ്ങള്‍ ആയപ്പോള്‍ കമ്പനിക്കുള്ളില്‍ പോയി ക്ലാസ് തുടര്‍ന്നു.

എവറസ്റ്റ് പ്ലൈവുഡില്‍ മൂന്ന് ക്ലാസുകള്‍ കൂടി ആരംഭിച്ചു. വൈകീട്ട് 3 മുതല്‍ 6 വരെ ആയിരുന്നു ക്ലാസ്. ആശയ വിനിമയ സംവാദങ്ങളെല്ലാം നിറഞ്ഞ ക്ലാസ് സജീവമായിരുന്നു. തുടക്കം മുതല്‍ ക്ലാസ്സിന് എത്തിയിരുന്ന ചന്ദന്‍ കുമാര്‍ എന്ന പതിനേഴുകാരന്‍ തുടര്‍വിദ്യാഭ്യസം ആഗ്രഹിക്കുന്ന ആളാണ്. നാട്ടില്‍ ഏഴാം ക്ലാസ് വരെ പഠിച്ച ചന്ദന്‍ നന്നായി മലയാളം പഠിച്ചു കഴിഞ്ഞാല്‍ ഇവിടെ നിന്നും പത്താംതരം തുല്യത എഴുതി പാസാകാന്‍ ആഗ്രഹിക്കുന്നു.

മൂന്നിലധികം പ്ലൈവുഡ് കമ്പനികളുടെ അടുത്തുള്ള സാധു സംരക്ഷണ സമിതിയിലും ക്ലാസുകള്‍ നടക്കുനുണ്ട്. ആദില്‍ റഹ്മാന്‍, മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍, നാസില്‍ കെ.റഷീദ്, ഇര്‍ഫാന ഷാഹുല്‍ ഹമീദ്, അബ്ദുല്‍ അഹദ് ബഷീര്‍, അബ്ദുല്‍ സമദ് ബഷീര്‍, നബീല്‍ ഇ. ജമാല്‍, ഷിയാസ്, മുഹമ്മദ് വസീം അബ്ദുള്ള, ഹസനത് കെ.എ എന്നിവരാണ് ക്ലാസുകള്‍ നയിക്കുന്നത്. ഇവിടെ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ അല്‍പം പ്രയാസമാണെങ്കിലും ഇന്‍സ്ട്രക്ടര്‍മാര്‍ മുടങ്ങാതെ എത്തും. താമസിക്കുന്നിടത്തും കമ്പനികള്‍ക്കുള്ളിലും കയറി ഇറങ്ങിയാണ് പഠിതാക്കളെ ക്ലാസില്‍ എത്തിക്കുന്നത്. പെരുമ്പാവൂര്‍ നഗരസഭയിലെ ഇ.എം.എസ് വായനശാലയിലും നല്ല രീതിയില്‍ ക്ലാസ് നടക്കുന്നുണ്ട്. ഫിദ അബൂബക്കര്‍, ഫാത്തിമ നസ്റിന്‍, തന്‍സില ഫാത്തിമ, മുഹമ്മദ് റാഷിദ്, ശേഹ പ്രവീണ്‍, ഫാത്തിമ രൈഹാനത്, ഫേഹ മര്‍സൂക്ക്, മുര്‍ഷിധ കെ.എ എന്നിവരാണ് ഇവിടെ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.

മാനേജ്മെന്റിന്റെ പൂര്‍ണ സഹായത്തോടെ നടപ്പിലാക്കുന്ന ഗ്രീന്‍ലാന്‍ഡ് പാര്‍ട്ടിക്കിള്‍സ് ബോര്‍ഡിലെ ക്ലാസുകള്‍ ഏറെ ആഹ്ലാദം നല്‍കുന്നതാണെന്ന് കമ്പനി മാനേജര്‍ നന്ദകുമാര്‍ മേനോന്‍ പറഞ്ഞു. ശീതീകരിച്ച കാന്റീന്‍ ആണ് ക്ലാസ് മുറിയായി എല്ലാ ചൊവ്വാഴ്ചയും ഒരുക്കിയിട്ടുള്ളത്. എ.പി.കെ പ്ലൈവുഡ്, മോഡേണ്‍ പ്ലൈവുഡ്, എം.എ.എം പ്ലൈവുഡ് എന്നിവയാണ് മറ്റു പഠന കേന്ദ്രങ്ങള്‍.
സര്‍വ്വേ പ്രകാരം 1701 പഠിതാക്കളെ കണ്ടെത്തിയിരുന്നെങ്കിലും ചിലര്‍ നാട്ടില്‍ പോയതുകൊണ്ടും കമ്പനികള്‍ മാറി ജോലി ചെയ്യുന്നതു കൊണ്ടും മുഴുവന്‍ പഠിതാക്കളേയും ക്ലാസില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. 604 പേരാണ് ക്ലാസില്‍ എത്തിയത്. അതില്‍ 568 പഠിതാക്കള്‍ പരീക്ഷ എഴുതും എന്നാണ് 21042018 ന് മുനിസിപ്പല്‍ തലത്തില്‍ നടന്ന ഇന്‍സ്ട്രക്ടര്‍മാരുടെ അവലോകന യോഗത്തില്‍ നിന്നും കണ്ടെത്തിയത്. എ.പി.കെ പ്ലൈവുഡ് റയോണ്‍പുരം, സാധു സംരക്ഷണ സമിതി ഓഫീസ് വല്ലം, എവറസ്റ്റ് പ്ലൈവുഡ് വല്ലം, ഇ.എം.എസ് വായനശാല കഞ്ഞിരക്കാട്, ടി.ആര്‍.ഇ.യു ഓഫീസ് റയോണ്‍പുരം, ഗ്രീന്‍ലാന്‍ഡ് പാര്‍ട്ടിക്കിള്‍സ് ബോര്‍ഡ്, സൗത്ത് വല്ലം മദ്രസ, എം.എ.എം പ്ലൈവുഡ് കാത്തിരക്കാട് , ഗോള്‍ഡന്‍ ടിമ്പര്‍ പെരുമ്പാവൂര്‍, മോഡേണ്‍ പ്ലൈവുഡ് വല്ലം എന്നിങ്ങനെ 10 പരീക്ഷാ കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, News, Local-News, Malayalam, Study, literacy mission's project for study Malayalam for Other state employees
< !- START disable copy paste -->