Follow KVARTHA on Google news Follow Us!
ad

സി ബി എസ് ഇ ചോദ്യപേപ്പര്‍ സ്വന്തമാക്കിയത് 5000 മുതല്‍ 35,000 രൂപ വരെ നല്‍കി; ചോദ്യക്കടലാസ് വിതരണത്തിനു ചുക്കാന്‍ പിടിച്ചത് യുവതി, കേസില്‍ ഗൂഗിളും

സി ബി എസ് ഇയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍.News, New Delhi, Trending, CBSE, Examination, Crime Branch, Secret, National,
ന്യൂഡല്‍ഹി: (www.kvartha.com 30.03.2018) സി ബി എസ് ഇയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷയുടെ കണക്ക് ചോദ്യപേപ്പറും, 12-ാംക്ലാസ് പരീക്ഷയുടെ ഇക്കണോമിക്‌സ് ചോദ്യപേപ്പറുമാണ് ചോര്‍ന്നത്. പലരും ചോദ്യക്കടലാസ് സ്വന്തമാക്കിയത് 5000 മുതല്‍ 35,000 രൂപ വരെ നല്‍കിയാണെന്നാണ് വിവരം. ഇതു വിതരണം ചെയ്ത വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിനായ യുവതിയും ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്.

ഡെല്‍ഹി നിവാസിയായ ഇവരാണ് ചോദ്യക്കടലാസ് വിതരണത്തിനു ചുക്കാന്‍ പിടിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ ചോദ്യക്കടലാസ് സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഡെല്‍ഹിക്കു പുറത്തേക്കും ചോദ്യക്കടലാസ് ചോര്‍ന്നതായി വിവരമുണ്ട്. ചിലരാകട്ടെ ഉയര്‍ന്ന വില കൊടുത്തു 'വാങ്ങിയ' ചോദ്യക്കടലാസ് മറിച്ചുവില്‍ക്കാനും ശ്രമിച്ചു.

CBSE paper leak: Crime branch writes to Google over email sent to board chairperson; 10 WhatsApp groups identified, News, New Delhi, Trending, CBSE, Examination, Crime Branch, Secret, National

വളരെ രഹസ്യമായാണ് ചോദ്യക്കടലാസ് തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഓരോ വിഷയത്തിനുമുള്ള സിബിഎസ്ഇയുടെ(സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍) ചോദ്യക്കടലാസ് തയാറാക്കുന്നത് മൂന്നോ നാലോ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതിയാണ്. ഇവരുടെ വിശദാംശങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കും.

ചോദ്യങ്ങള്‍ സൂക്ഷിക്കുന്നത് രഹസ്യകേന്ദ്രങ്ങളിലാണ്. പിന്നീട് മേഖലാ ഓഫീസുകളിലേക്ക് മാറ്റും. അവിടെ നിന്ന് ബാങ്കുകളിലേക്കും... ബാങ്കുകളില്‍ നിന്നു പരീക്ഷാദിവസം മാത്രമാണ് ചോദ്യക്കടലാസുകള്‍ സ്‌കൂളുകളില്‍ എത്തിക്കുക. കൂടു പൊട്ടിക്കുന്നത് പരീക്ഷാകേന്ദ്രത്തില്‍ എത്തിയതിനു ശേഷം മാത്രം. ഇത്രയേറെ രഹസ്യാത്മകമായി തയാറാക്കി, കനത്ത സുരക്ഷയില്‍ എത്തിക്കുന്ന ചോദ്യക്കടലാസ് എങ്ങനെയാണു ചോര്‍ന്നതെന്നാണ് ഇപ്പോഴത്തെ സംശയം.

അതുകൊണ്ടുതന്നെ കാര്യക്ഷമമായ അന്വേഷണമാണ് ഇക്കാര്യത്തില്‍ നടക്കുന്നത്. ഡെല്‍ഹിയിലെ ഒരു കോച്ചിങ് സെന്ററില്‍ തുടങ്ങി ഗൂഗിളില്‍ വരെ കയറിയിറങ്ങുകയാണ് അന്വേഷണ സംഘം. പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ളവര്‍ ചോര്‍ച്ചയില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കര്‍ രാജിവയ്ക്കണമെന്ന് വരെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളും രക്ഷിതാക്കളും സിബിഎസ്ഇ ആസ്ഥാനത്തേക്ക് വന്‍ പ്രതിഷേധ പ്രകടനവും നടത്തി.

അതേസമയം ചോദ്യക്കടലാസ് ചോര്‍ന്ന പത്താം ക്ലാസ് കണക്ക്, പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷകള്‍ എന്നു നടത്തുമെന്നും സിബിഎസ്ഇ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഡെല്‍ഹി പോലീസിനെ കൂടാതെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘവും അന്വേഷണത്തിനുണ്ട്.

ചോദ്യപേപ്പറുകള്‍ ചോര്‍ന്നവിവരം അറിഞ്ഞിട്ടും പരീക്ഷ നടത്തിയതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ തലേന്നു തന്നെ, അതായത്, മാര്‍ച്ച് 28ന് പുലര്‍ച്ചെ 1.40ന്, ചോദ്യക്കടലാസ് ചോര്‍ന്നതായി കാണിച്ച് ഒരു ഇമെയില്‍ സിബിഎസ്ഇ അധികൃതര്‍ക്കു ലഭിച്ചിരുന്നു. സിബിഎസ്ഇ ചെയര്‍പേഴ്‌സന്റെ ജി-മെയിലിലേക്കാണു ചോദ്യക്കടലാസിലെ വിവരങ്ങള്‍ പകര്‍ത്തിയെഴുതിയ നിലയില്‍ 12 ഫോട്ടോകളായി അയച്ചത്. ഇത് എവിടെ നിന്നാണ് അയച്ചതെന്ന് അറിയാന്‍ ക്രൈംബ്രാഞ്ച് സംഘം ഗൂഗിളിന്റെ സഹായം തേടിയിരിക്കുകയാണ്. പോലീസിന് കണ്‍ട്രോള്‍ റൂമിലേക്കും ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച ഒരു ഫോണ്‍ സന്ദേശമെത്തിയിരുന്നു.

പരീക്ഷയ്ക്കു രണ്ടു ദിവസം മുന്‍പു തന്നെ സിബിഎസ്ഇ അധികൃതര്‍ക്കും പോലീസിനും ചോദ്യക്കടലാസ് ചോര്‍ച്ചയെപ്പറ്റി വിവരമുണ്ടായിരുന്നതായി പ്രഥമ വിവര റിപ്പോര്‍ട്ടും (എഫ്‌ഐആര്‍) വ്യക്തമാക്കുന്നുണ്ട്. ഇക്കണോമിക്‌സ് പരീക്ഷയ്ക്ക് രണ്ടു ദിവസം മുന്‍പ്, മാര്‍ച്ച് 23നു തന്നെ, ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച ഫാക്‌സ് സന്ദേശം ബോര്‍ഡ് അധികൃതര്‍ക്കു ലഭിച്ചിരുന്നു. പിറ്റേന്നു തന്നെ വിവരം പോലീസിനെ അറിയിച്ചു. എന്നാല്‍ പരീക്ഷ മാറ്റിവച്ചില്ല. കേസ് രജിസ്റ്റര്‍ ചെയ്തതാകട്ടെ മാര്‍ച്ച് 27ന് ഇക്കണോമിക്‌സ് പരീക്ഷ കഴിഞ്ഞ് ഒരു ദിവസത്തിനും ശേഷവും. പിന്നാലെയാണ് രണ്ടു പരീക്ഷകള്‍ റദ്ദാക്കാനും സിബിഎസ്ഇ നിര്‍ദേശിച്ചത്. ചോര്‍ന്നെന്ന് അറിഞ്ഞിട്ടും പരീക്ഷ നടത്തിയത് എന്തിനായിരുന്നുവെന്നാണ് ബോര്‍ഡ് ഇപ്പോള്‍ നേരിടുന്ന പ്രധാന വിമര്‍ശനം.

സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഇതുവരെ മുപ്പതിലേറെ പേരെയാണ് ചോദ്യം ചെയ്തത്. വിവിധ കോച്ചിങ് സെന്ററുകളിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയുമാണ് ഇതുവരെ ചോദ്യം ചെയ്തത്. ഇവരില്‍ പത്തോളം പേരില്‍ നിന്ന് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഡെല്‍ഹി രജീന്ദര്‍ നഗറിലെ 'വിദ്യ' കോച്ചിങ് സെന്റര്‍ തലവന്‍ വിക്കി വാദ്വ(40)യെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ ഫോണിലെ വാട്‌സാപ്പില്‍ നിന്ന് ചോദ്യപേപ്പറിന്റെ 'എഴുതിയ പകര്‍പ്പുകള്‍' കണ്ടെടുത്തിട്ടുണ്ട്.

ഡെല്‍ഹിയിലെ 11 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, ഏഴു കോളജ് വിദ്യാര്‍ഥികള്‍, അഞ്ച് അധ്യാപകര്‍, ഇവരെക്കൂടാതെ മറ്റു രണ്ടു പേര്‍ എന്നിങ്ങനെയാണു പോലീസിന്റെ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ ഇരുപതോളം വിദ്യാര്‍ഥികളെ ഇതിനോടകം തിരിച്ചറിഞ്ഞു ചോദ്യം ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും വാട്‌സാപ്പിലൂടെയാണു ചോദ്യപേപ്പര്‍ ചോര്‍ന്നുകിട്ടിയത്.

അതേസമയം സിബിഎസ്ഇ ഉദ്യോഗസ്ഥര്‍ക്കു നേരെയും അന്വേഷണം നീളുന്നുണ്ട്. പരീക്ഷയ്ക്കു മേല്‍നോട്ടം വഹിച്ചവരെയും സ്‌കൂള്‍ അധികൃതരെയും കോച്ചിങ് സെന്ററുകളെയും ചോദ്യപേപ്പര്‍ പ്രിന്റ് ചെയ്തയിടങ്ങളും കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. അതിനിടെ അന്വേഷണ സംഘത്തിന് ആവശ്യമായ വിവരങ്ങള്‍ നല്‍കി സഹായിക്കാനായി സിബിഎസ് മൂന്ന് ഉന്നത ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CBSE paper leak: Crime branch writes to Google over email sent to board chairperson; 10 WhatsApp groups identified, News, New Delhi, Trending, CBSE, Examination, Crime Branch, Secret, National.