Follow KVARTHA on Google news Follow Us!
ad

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് സിപിഎം കൂടുതല്‍ ശ്രദ്ധിക്കുന്നത് 'ആയുധം താഴെവയ്പിക്കാന്‍'

ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിനു Thiruvananthapuram, News, Politics, CPM, Cancer, Patient, Murder, Criticism, Trending, Kerala,
തിരുവനന്തപുരം: (www.kvartha.com 28.02.2018) ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിനു പിന്നാലെ, പാര്‍ട്ടി പ്രവര്‍ത്തകരെ കൂടുതല്‍ ജീവകാരുണ്യാധിഷ്ഠിത സാമൂഹിക പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവിടാനുറച്ച് സിപിഎം. കാന്‍സര്‍ രോഗികളെ പരിചരിക്കുന്ന പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി 25,000 വോളണ്ടിയര്‍മാരുടെ സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചതും വീടില്ലാത്ത 2500 പേര്‍ക്ക് വീടുവച്ചു നല്‍കാന്‍ തീരുമാനിച്ചതും ഇതിന്റെ ഭാഗമായാണ്.

കുറച്ചുകാലമായി സിപിഎമ്മും അനുബന്ധ സഘടനകളും ജീവകാരുണ്യാധിഷ്ഠിത സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും ജൈവ പച്ചക്കറി കൃഷി പോലുള്ള കാര്യങ്ങള്‍ക്കും സിപിഎം കൂടുതല്‍ പരിഗണന നല്‍കുന്നുണ്ട്. എന്നാല്‍ കൊലപാതക രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി പാര്‍ട്ടി കൂടുതല്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രവര്‍ത്തകരായ യുവാക്കളുടെ ഊര്‍ജം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്കു കൂടി വഴിതിരിച്ചുവിടാനാണ് തീരുമാനം.

പരസ്യമായി പറയുന്നില്ലെങ്കിലും പാര്‍ട്ടിയെ വലിയ പ്രതിസന്ധികളിലേക്ക് തള്ളി വീഴ്ത്തുന്ന വിധത്തില്‍ പ്രവര്‍ത്തകരില്‍ ഒരു വിഭാഗം ആയുധം താഴെ വയ്ക്കാതെ വെല്ലുവിളി ഉയര്‍ത്തി നില്‍ക്കുന്ന സ്ഥിതി അവസാനിപ്പിക്കണം എന്നാണ് സിപിഎം നേതൃത്വം ആഗ്രഹിക്കുന്നത്. ശുഐബ് വധം സൃഷ്ടിച്ച സാമൂഹിക പ്രതികരണങ്ങളും വന്‍ഭൂരിപക്ഷത്തോടെ ഭരിക്കുന്ന സര്‍ക്കാര്‍ പാര്‍ട്ടിക്കാരുടെ അക്രമങ്ങളുടെ പേരില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടി വരുന്നതും മാറിച്ചിന്തിക്കാന്‍ പ്രേരണയായിട്ടുണ്ട്.

കേരളത്തിലെ പാര്‍ട്ടിയില്‍ സര്‍വാധിപതിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിര്‍ദേശിച്ചതനുസരിച്ചാണ് പ്രവര്‍ത്തകരെക്കൊണ്ട് 'ആയുധം താഴെ വയ്പിക്കല്‍' പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പാര്‍ട്ടി മുന്‍കൈയെടുത്തുള്ള അക്രമങ്ങള്‍ ഉണ്ടാകില്ലെന്ന് മുമ്പും തീരുമാനമെടുത്തിട്ടുണ്ടെങ്കിലും അത് നടപ്പാക്കാന്‍ സാധിക്കാത്തത് ഒരു വിഭാഗം പ്രവര്‍ത്തകര്‍ കടുത്ത അക്രമവാസന നിലനിര്‍ത്തുന്നതുകൊണ്ടാണെന്ന് നേതൃത്വം തിരിച്ചറിയുന്നു.

അതേസമയം വര്‍ഗീയ ശക്തികള്‍ അക്രമപ്രവര്‍ത്തനങ്ങള്‍ അഴിച്ചുവിട്ടാല്‍ സമാധാനത്തിന്റെ പേരില്‍ കൈയും കെട്ടി നോക്കി നില്‍ക്കുന്ന സമീപനം സിപിഎമ്മില്‍ നിന്ന് ഒരുകാലത്തും പ്രതീക്ഷിക്കേണ്ട എന്ന സന്ദേശവും പരോക്ഷമായി പാര്‍ട്ടി അകത്തും പുറത്തുമുള്ളവര്‍ക്ക് നല്‍കുന്നുമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CPM emphasized on non violence, Thiruvananthapuram, News, Politics, CPM, Cancer, Patient, Murder, Criticism, Trending, Kerala.