Follow KVARTHA on Google news Follow Us!
ad

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഐ അനുഭാവികളായ അഞ്ചു പേര്‍ അറസ്റ്റില്‍, ശരീരത്തിലേറ്റത് 6 കുത്തുകള്‍

കുന്തിപ്പുഴയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിനെ (22) കൊലപ്പെടുത്തിയ കേസില്‍ Police, Arrested, Crime, Criminal Case, Dead Body, Media, Trending, CPI, News, Kerala,
മണ്ണാര്‍ക്കാട്: (www.kvartha.com 27.02.2018) കുന്തിപ്പുഴയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിനെ (22) കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സിപിഐ അനുഭാവികളാണെന്നു പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെയാണു സഫീറിനെ സ്വന്തം തുണിക്കടയില്‍ കയറി അക്രമി സംഘം കുത്തിയത്. കടയ്ക്കുള്ളില്‍ രക്തം തളം കെട്ടി നില്‍ക്കുകയാണ്. മുറ്റത്തും രക്തത്തിന്റെ പാടുകളുണ്ട്.

സിഐ ഹിദായത്തുല്ല മാമ്പ്ര, എസ്‌ഐ റോയ് തോമസ്, സിപിഒമാരായ ഷാഫി, അഭിലാഷ്, ശ്യാം, പ്രവീണ്‍, അനീസ് എന്നിവരുടെ സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. കുന്തിപ്പുഴ തച്ചംകുന്നന്‍ അബ്ദുല്‍ ബഷീര്‍ എന്ന പൊടി ബഷീര്‍ (24), കച്ചേരിപ്പറമ്പ് മേലേ പീടിയേക്കല്‍ മുഹമ്മദ് ഷര്‍ജീല്‍ (റിച്ചു-20), മണ്ണാര്‍ക്കാട് കോളജ് പരിസരത്തെ മുളയങ്കായി എം.കെ.റാഷിദ് (24), മണ്ണാര്‍ക്കാട് ചോമേരി കോലോത്തൊടി മുഹമ്മദ് സുബ് ഹാന്‍ (20) മണ്ണാര്‍ക്കാട് കുന്തിപ്പുഴ പാണ്ടിക്കാട്ടില്‍ പി.അജീഷ് (അപ്പുട്ടന്‍-24) എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ടു കോടതിപ്പടി ചോമേരി ഭാഗത്തു നിന്ന് പേലീസ് അറസ്റ്റ് ചെയ്തത്.

Five CPI workers arrested over Youth League worker's murder, Police, Arrested, Crime, Criminal Case, Dead Body, Media, Trending, CPI, News, Kerala

അതിനിടെ സഫീറിന്റെ മൃതദേഹം തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കുന്തിപ്പുഴ ജുമാ മസ്ജിദില്‍ കബറടക്കി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടത്തും അക്രമ സംഭവങ്ങളുണ്ടായി. അലനല്ലൂരില്‍ സിപിഐ ഓഫീസ് അക്രമികള്‍ തല്ലിത്തകര്‍ത്തു. കരിമ്പയില്‍ അമൃത ടിവി ചാനലിന്റെ വാന്‍ തകര്‍ക്കുകയും മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തു. രാത്രി വീണ്ടും സംഘടിച്ചെത്തിയ സംഘം സിപിഐ ഓഫീസ് പരിസരത്തേക്കു നീങ്ങിയെങ്കിലും പോലീസ് ലാത്തി വീശി ഓടിച്ചു. അതേസമയം, പ്രതികളാരും സിപിഐ പ്രവര്‍ത്തകരല്ലെന്നും അക്രമ രാഷ്ട്രീയത്തെ ഒരു കാലത്തും പാര്‍ട്ടി ന്യായീകരിക്കില്ലെന്നും ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് വ്യക്തമാക്കി.

പ്രതികള്‍ വെട്ടാന്‍ ഉപയോഗിച്ച കത്തിയുടെ ഉറ കണ്ടെത്തി. സയന്റിഫിക് അസി. റിനി തോമസ്, വിരലടയാള വിദഗ്ധന്‍ രാജേഷ് കുമാര്‍ എന്നിവര്‍ പരിശോധന നടത്തി. ഡിവൈഎസ്പി മുരളിധരന്‍, സിഐമാരായ ഹിദായത്തുല്ല മാമ്പ്ര, ദീപകുമാര്‍, എസ്‌ഐ വിപിന്‍ കെ.വേണുഗോപാല്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

അതിനിടെ സഫീറിന്റെ പോസ്റ്റുമോര്‍ടം റിപ്പോര്‍ട്ടും പുറത്തുവന്നു. ശരീരത്തില്‍ ആറു കുത്തേറ്റിട്ടുള്ളതായി പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമാക്കുന്നുണ്ട്. പിന്നില്‍ നിന്നേറ്റ ആഴത്തിലുള്ള കുത്താണു മരണത്തിലേക്കു നയിച്ചതെന്നു ഫോറന്‍സിക് വിദഗ്ധര്‍ നിരീക്ഷിക്കുന്നു. നെഞ്ചില്‍ രണ്ടും തുടയില്‍ ഒന്നും ഇടതും വലതും വാരിയെല്ലുകളില്‍ ഒന്നു വീതവും ശരീരത്തിന്റെ പിന്‍ഭാഗത്ത് ഒന്നും കുത്തുകളാണുള്ളത്. മെഡിക്കല്‍ കോളജ് ഫോറന്‍സിക് സര്‍ജന്‍ ഡോ.ടി.പി. ആനന്ദാണ് മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയത്.

Keywords: Five CPI workers arrested over Youth League worker's murder, Police, Arrested, Crime, Criminal Case, Dead Body, Media, Trending, CPI, News, Kerala.